മക്കബായവിപ്‌ളവം
1 മക്കബേയൂസ് എന്നൂകൂടി വിളിക്കപ്പെടുന്ന യൂദാസ് തന്റെ സ്‌നേഹിതന്‍മാരോടുകൂടെ ആരുമറിയാതെ ഗ്രാമങ്ങളില്‍ പ്രവേശിച്ച് ചാര്‍ച്ചക്കാരെയും യഹൂദവിശ്വാസത്തില്‍ തുടര്‍ന്നുപോന്നവരെയും വിളിച്ചുകൂട്ടി, ആറായിരത്തോളം പേരുടെ ഒരു സൈന്യമുണ്ടാക്കി.2 എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന ജനത്തെ കടാക്ഷിക്കണമെന്നും അധര്‍മികള്‍ അശുദ്ധമാക്കിയ ദേവാലയത്തിന്റെ മേല്‍ കരുണ കാണിക്കണമെന്നും അവര്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.3 നശിച്ചു നിലംപതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും4 നിഷ്‌കളങ്കരായ പൈതങ്ങളുടെ ക്രൂരവധവും അവിടുത്തെനാമത്തിനെതിരായ ദൂഷണവും അനുസ്മരിക്കണമെന്നും, തിന്‍മയോടുള്ള അവിടുത്തെ വിദ്വേഷം തെളിയിക്കണമെന്നും അവര്‍ തുടര്‍ന്നു പ്രാര്‍ഥിച്ചു.5 മക്കബേയൂസ് സൈന്യം ശേഖരിച്ചതോടെ വിജാതീയര്‍ക്ക് അജയ്യനായിക്കഴിഞ്ഞു. കാരണം, കര്‍ത്താവിന്റെ കോപം കരുണയായി മാറിയിരുന്നു.6 മുന്നറിയിപ്പുകൂടാതെ അവന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടന്നുചെന്ന് അവ അഗ്‌നിക്കിരയാക്കി. തന്ത്രപ്രധാനങ്ങളായ സ്ഥലങ്ങള്‍ പിടിച്ചടക്കി, ഒട്ടേറെ ശത്രുക്കളെ തുരത്തിയോടിച്ചു.7 രാത്രികാലമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുകൂലമായി അവന്‍ കണ്ടത്. അവന്റെ വീരപരാക്രമങ്ങള്‍ എവിടെയും സംസാരവിഷയമായി.
നിക്കാനോറിന്റെ മേല്‍ വിജയം
8 യൂദാസ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു മുന്നേറുന്നതു മനസ്‌സിലാക്കിയ ഫിലിപ്പ്, രാജപക്ഷത്തേക്കു സഹായമഭ്യര്‍ഥിച്ചുകൊണ്ട്, ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനായ ടോളമിക്കു കത്തെഴുതി.9 യഹൂദവംശത്തെ ഉന്‍മൂലനം ചെയ്യാന്‍ ടോളമി ഉടനെ നിക്കാനോറിനെ നിയോഗിച്ചു. അവന്‍ പത്രോക്ലസിന്റെ പുത്രനും രാജാവിന്റെ മുഖ്യമിത്രങ്ങളിലൊരുവനുമായിരുന്നു. വിവിധ രാജ്യക്കാരായ ഇരുപതിനായിരത്തില്‍പരം പടയാളികളെയും, പട്ടാളസേവനത്തില്‍ പരിചയസമ്പന്നനും സൈന്യാധിപനുമായ ഗോര്‍ജിയാസിനെയും ടോളമി അവനോടുകൂടെ അയച്ചു.10 കപ്പമായി റോമാക്കാര്‍ക്കു കൊടുക്കേണ്ടിയിരുന്ന രണ്ടായിരം താലന്ത്,യുദ്ധത്തടവുകാരായ യഹൂദരെ അടിമകളായി വിറ്റുശേഖരിക്കാന്‍ നിക്കാനോര്‍ തീരുമാനിച്ചു.11 ഒരു താലന്തിനു യഹൂദരായ തൊണ്ണൂറ് അടിമകള്‍ വില്‍ക്കപ്പെടുമെന്ന് അവന്‍ തീരദേശനഗരങ്ങളില്‍ ആളയച്ചു പരസ്യപ്പെടുത്തി. സര്‍വ ശക്തന്റെ ശിക്ഷാവിധി തന്റെ മേല്‍ പതിക്കാറായെന്ന് അവന്‍ അറിഞ്ഞില്ല.12 നിക്കാനോറിന്റെ പടയേറ്റത്തെക്കുറിച്ച് അറിവുകിട്ടിയ ഉടനെ യൂദാസ് അനുയായികളെ വിവരം ധരിപ്പിച്ചു.13 അവരില്‍ ഭീരുക്കളും ദൈവത്തിന്റെ നീതിനിര്‍വഹണത്തില്‍ പ്രത്യാശയില്ലാത്തവരുമായവര്‍ പലായനം ചെയ്തു.14 മറ്റുള്ളവര്‍ തങ്ങള്‍ക്ക് അവശേഷിച്ചിരുന്ന വസ്തുവകകള്‍ വിറ്റു;യുദ്ധത്തിനു മുന്‍പുതന്നെ, തങ്ങളെവിറ്റുകഴിഞ്ഞഅധര്‍മിയായ നിക്കാനോറില്‍ നിന്നു രക്ഷിക്കണമേ എന്ന് അവര്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.15 തങ്ങളെപ്രതിയല്ലെങ്കിലും കര്‍ത്താവു പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടിയും തങ്ങള്‍ ധരിക്കുന്ന അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമവും ഓര്‍ത്തെങ്കിലും ഇതു ചെയ്യണമെന്ന് അവര്‍ പ്രാര്‍ഥിച്ചു.16 മക്കബേയൂസ് ആറായിരത്തോളംവരുന്നതന്റെ സൈന്യത്തെ വിളിച്ചുകൂട്ടി, ശത്രുക്കളെ ഭയപ്പെടുകയോ തങ്ങള്‍ക്കെതിരേ ദുരുദ്‌ദേശ്യത്തോടെ വരുന്ന വിജായതീയരുടെ സൈന്യബാഹുല്യം കണ്ടു പരിഭ്രമിക്കുകയോ ചെയ്യരുതെന്നും17 വിജാതീയര്‍ വിശുദ്ധ സ്ഥലത്തെ കഠിനമായി അവഹേളിച്ചതും നിന്ദിതമായ നഗരത്തെ പീഡിപ്പിച്ചതും തങ്ങളുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളെ തകിടംമറിച്ചതും ഓര്‍ത്തുകൊണ്ടു ധൈര്യപൂര്‍വം പോരാടണമെന്നും അവരെ ഉപദേശിച്ചു.18 അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.19 ദൈവം തങ്ങളുടെ പൂര്‍വികരെ തുണച്ച സന്ദര്‍ഭങ്ങളെയും യൂദാസ് പരാമര്‍ശിച്ചു; സെന്നാക്കെരിബിന്റെ കാലത്ത് ശത്രുക്കളില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേര്‍ കൊല്ലപ്പെട്ടു.20 ബാബിലോണില്‍ വച്ച് ഗലാത്യരുമായുണ്ടായയുദ്ധത്തില്‍ മക്കദോനിയരുടെ നാലായിരം പേരുള്‍പ്പെടെ എണ്ണായിരം പേരടങ്ങുന്ന യഹൂദസൈന്യം അണിനിരന്നു. മക്കദോനിയര്‍ക്കെതിരേ ആക്രമണം ശക്തമായപ്പോള്‍ ഉന്നതത്തില്‍നിന്നു ലഭിച്ച സഹായത്താല്‍ അവര്‍ ഒരു ലക്ഷത്തിയിരുപതിനായിരം പേരെ വധിച്ചു, ധാരാളം കൊള്ളമുതല്‍ കരസ്ഥമാക്കി.21 യൂദാസിന്റെ വാക്കുകള്‍ സൈന്യത്തിനു ധൈര്യം പകര്‍ന്നു; തങ്ങളുടെ നിയമത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവന്‍ സൈന്യത്തെനാലു ഗണമായി തിരിച്ചു.22 ആയിരത്തിയഞ്ഞൂറു പേര്‍ അടങ്ങുന്ന ഓരോ ഗണത്തിന്റെ ചുമതല തന്റെ സഹോദരന്‍മാരായ ശിമയോന്‍, ജോസഫ്, ജോനാഥാന്‍, എന്നിവരെ ഏല്‍പിച്ചു.23 വിശുദ്ധഗ്രന്ഥം ഉച്ചത്തില്‍ വായിക്കാന്‍ എലെയാസറിനെയും നിയമിച്ചു; സഹായം ദൈവത്തില്‍ നിന്ന് എന്ന അടയാളവാക്കും നല്‍കി. അതിനുശേഷം അവന്‍ തന്നെ ആദ്യഗണത്തെനയിച്ചുകൊണ്ടു നിക്കാനോറിനോടു പൊരുതി.24 സര്‍വശക്തന്റെ സഹായത്തോടെ അവര്‍ ശത്രുക്കളില്‍ ഒന്‍പതിനായിരത്തിലധികം പേരെ കൊന്നൊടുക്കി; നിക്കാനോറിന്റെ പടയാളികളില്‍ ഒട്ടേറെപേരെ മുറിവേല്‍പിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ ശത്രുക്കളെ തുരത്തി.25 തങ്ങളെ അടിമകളായി വാങ്ങാന്‍ വന്നവരുടെ പണം അവര്‍ പിടിച്ചെടുത്തു. ശത്രുക്കളെ കുറെദൂരം പിന്‍തുടര്‍ന്നതിനുശേഷം നേരം വൈകിയതിനാല്‍ അവര്‍ മടങ്ങിപ്പോന്നു.26 അത് സാബത്തിന്റെ തലേനാളായിരുന്നതിനാല്‍ അവര്‍ അനുധാവനം തുടര്‍ന്നില്ല.27 ശത്രുക്കളുടെ ആയുധങ്ങളും വസ്തുവകകളും ശേഖരിച്ചതിനു ശേഷം അവര്‍ സാബത്ത് ആചരിച്ചു. ആദിവസത്തിനുവേണ്ടി തങ്ങളെ കാത്തുരക്ഷിക്കുകയും കരുണയുടെ ആരംഭമായി അതിനെ നിശ്ചയിക്കുകയും ചെയ്ത കര്‍ത്താവിന് അവര്‍ കൃതജ്ഞതയും സ്തുതിയും അര്‍പ്പിച്ചു.28 സാബത്തു കഴിഞ്ഞപ്പോള്‍ കൊള്ളമുതലില്‍ ഒരുഭാഗം പീഡനങ്ങള്‍ക്കു വിധേയരായവര്‍ക്കും വിധ വകള്‍ക്കും അനാഥര്‍ക്കും അവര്‍ നല്‍കി. ബാക്കി തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കുമായി വിഭജിച്ചെടുത്തു.29 അനന്തരം, അവര്‍ പൊതുപ്രാര്‍ഥന നടത്തി, കൃപാലുവായ കര്‍ത്താവ് തന്റെ ദാസരോടു പൂര്‍ണമായി അനുരഞ്ജനപ്പെടണമെന്നുയാചിച്ചു.30 അവര്‍ തിമോത്തേയോസിന്റെയും ബക്കിദസിന്റെയും സേനകളോടുള്ള സംഘട്ടനങ്ങളില്‍ ഇരുപതിനായിരത്തിലധികം പേരെ കൊല്ലുകയും ചില ഉയര്‍ന്ന ശക്തിദുര്‍ഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. വളരെയധികം കൊള്ളമുതല്‍കൈവശപ്പെടുത്തി. പീഡനങ്ങളേറ്റവര്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വൃദ്ധര്‍ക്കും തങ്ങളുടേതിനു തുല്യമായ ഓഹരി നല്‍കി.31 ശത്രുവിന്റെ ആയുധങ്ങള്‍ ശേഖരിച്ച് തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ സൂക്ഷിക്കുകയും ബാക്കിയുള്ള കൊള്ളമുതല്‍ ജറുസലെമിലേക്കു കൊണ്ടുപോവുകയും ചെയ്തു.32 തിമോത്തേയോസിന്റെ സേനാനായകനെ അവര്‍ വധിച്ചു, അവന്‍ അതിനീചനും യഹൂദരെ വളരെയധികം പീഡിപ്പിച്ചവനുമാണ്.33 വിശുദ്ധ കവാടങ്ങള്‍ക്കു തീവച്ച കലിസ്‌തേ നസും മറ്റു ചിലരും ചെറിയൊരു വീടിനുള്ളില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു; അവരെ, യഹൂദര്‍ തങ്ങളുടെ പിതാക്കന്‍മാരുടെ നഗരത്തില്‍ വിജയോത്‌സവം ആഘോഷിക്കുന്ന വേളയില്‍, അഗ്‌നിക്കിരയാക്കി.34 അവര്‍ക്കു തങ്ങളുടെ അധര്‍മത്തിനു തക്ക പ്രതിഫലം കിട്ടി. അഭിശപ്തനായ നിക്കാനോര്‍ യഹൂദരെ വാങ്ങാന്‍ ആയിരം വണിക്കുകളെ വരുത്തിയിരുന്നു.35 എന്നാല്‍, താന്‍ പുച്ഛിച്ചുതള്ളിയ യഹൂദര്‍തന്നെ കര്‍ത്താ വിന്റെ സഹായത്താല്‍ അവനെ പരാജിതനാക്കി. സ്ഥാനവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഒളിച്ചോടുന്ന അടിമയെപ്പോലെ പലായനം ചെയ്ത് അവന്‍ അന്ത്യോക്യായിലെത്തി. സ്വന്തം സൈന്യത്തെനശിപ്പിക്കുന്നതില്‍ മാത്രമേ അവന്‍ വിജയിച്ചുള്ളു.36 ജറുസലെം ജനതയെ അടിമകളാക്കി റോമാക്കാര്‍ക്കുകൊടുക്കാനുള്ള കപ്പം ശേഖരിക്കാമെന്ന് ഏറ്റിരുന്ന അവന്‍ , യഹൂദര്‍ക്ക് ഒരു സംരക്ഷ കനുണ്ടെന്നും അവിടുത്തെനിയമം അനുസ രിക്കുന്നതിനാല്‍ അവര്‍ അജയ്യരാണെന്നും ഏറ്റുപറഞ്ഞു.


Leave a comment