Maccabees, Introduction | മക്കബായർ, ആമുഖം | Malayalam Bible | POC Translation

യവനാചാരങ്ങള്‍ യഹൂദരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ഗ്രീക്കുകാര്‍ ശ്രമിച്ചു. ഒരുകൂട്ടം യഹൂദര്‍ അവര്‍ക്കു പിന്തുണ നല്‍കി. ചെറുത്തുനിന്നവര്‍ മതപീഡനങ്ങള്‍ക്കു വിധേയരായി. ബി.സി. 175-ല്‍ സെല്യൂക്കസ് വംശജനായ അന്തിയോക്കസ് എപ്പിഫാനസ് നാലാമന്‍ രാജാവായതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. വിഗ്രഹാരാധന നടത്തുന്നതിനും പന്നിമാംസം ഭക്ഷിക്കുന്നതിനും യഹൂദര്‍ നിര്‍ബന്ധിതരായി. അനേകം യഹൂദര്‍ മതമര്‍ദനത്തില്‍ ജീവാര്‍പ്പണം ചെയ്തു. എന്നാല്‍ ആയുധമെടുത്ത് മര്‍ദനത്തെ നേരിടാന്‍ കുറെപ്പേര്‍ തയ്യാറായി. അവര്‍ക്കു നേതൃത്വം നല്‍കിയത് പുരോഹിതനായ മത്താത്തിയാസിന്റെ പുത്രന്‍ യൂദാസാണ്. മക്കബായന്‍ എന്നറിയപ്പെട്ടിരുന്ന യൂദാസിന്റെ കൂടെ ചേര്‍ന്നവര്‍ക്കെല്ലാം മക്കബായര്‍ എന്ന പേരുകിട്ടി. യവനാധിപത്യത്തിനെതിരായുള്ള യഹൂദരുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങളില്‍ വിവരിക്കുന്നത്. മത്താത്തിയാസിന്റെ മക്കളായ യൂദാസ്, ജോനാഥാന്‍, ശിമയോന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും അവരുടെ വിജയങ്ങളും പരാജയങ്ങളുമാണ് ഒന്നാംപുസ്തകത്തില്‍ വിവരിക്കുന്നത്; രണ്ടാംപുസ്തകത്തില്‍ നിയമത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടു വീരചരമമടയേണ്ടിവന്ന രക്തസാക്ഷികളുടെ ചരിത്രവും. മര്‍ദനകാലത്ത് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള ഉത്തേജനം നല്‍കുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം. വീരചരമമടഞ്ഞവര്‍ നിത്യമായി ജീവിക്കും എന്ന് ഈ ഗ്രന്ഥം ഉറപ്പിച്ചു പ്രസ്താവിക്കുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ബൈബിളില്‍ ആദ്യമായിട്ടാണ് ഇത്രയധികം പ്രകടമാകുന്നത്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായി സൂചനകള്‍ കാണുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളുടെ ഹീബ്രുമൂലം ലഭ്യമല്ല. ഗ്രീക്കുവിവര്‍ത്തനമാണ് നമുക്കു ലഭിച്ചിട്ടുള്ളത്.

ഘടന

1 മക്കബായര്‍

1, 1-9: മഹാനായ അലക്‌സാണ്ടര്‍

1, 10 – 2, 70: മക്കബായവിപ്ലവം

3, 1-9, 22: യൂദാസ് മക്കബായന്‍

9, 23-12, 54: ജോനാഥാന്‍

13, 1-16, 24: ശിമയോന്‍

2 മക്കബായര്‍

1, 1-2, 18: ഈജിപ്തിലെ യഹൂദര്‍ക്കുള്ള കത്തുകള്‍

2, 19-32: പ്രസാധകക്കുറിപ്പ്

3, 1-40: ഹെലിയോദോറസ് ദേവാലയം അശുദ്ധമാക്കാന്‍ ശ്രമിക്കുന്നു.

4, 1-7, 42: മതമര്‍ദനം, ദേവാലയം അശുദ്ധമാക്കുന്നു.

8, 1-10, 8: യൂദാസിന്റെ വിജയം, ദേവാലയശുദ്ധീകരണം.

10, 9-15, 39: മതമര്‍ദനം തുടരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment