Job, Introduction | ജോബ്, ആമുഖം | Malayalam Bible | POC Translation

നീതിമാന്‍ എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്ന സങ്കീര്‍ണമായ പ്രശ്‌നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമാണു ജോബിന്റെ പുസ്തകത്തില്‍ കാണുന്നത്. ദൈവത്തിന്റെ വിശ്വസ്തദാസനായ ജോബ്, സമ്പത്തിലും സന്താനങ്ങളിലും അനുഗൃഹീതനായിരുന്നു. അദ്‌ദേഹത്തെ പരീക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിക്കുന്നു. സമ്പത്തും സന്താനങ്ങളും നഷ്ടപ്പെട്ടപ്പോഴും ജോബ് ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നു. അദ്‌ദേഹത്തിന്റെ ശരീരത്തില്‍ വ്രണങ്ങള്‍ നിറഞ്ഞു. ഭാര്യപോലും അദ്‌ദേഹത്തെ പഴിക്കുകയും ദൈവത്തെ ശപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (1-2). മൂന്നു സ്‌നേഹിതന്‍മാര്‍ – എലിഫാസ്, ബില്‍ദാദ്, സോഫാര്‍ – ജോബിനെ ആശ്വസിപ്പിക്കാന്‍ എത്തി. ഇവരും ജോബും തമ്മിലുള്ള സംഭാഷണം പദ്യരൂപത്തില്‍ നാടകീയമായി ആവിഷ്‌കരിച്ചിരിക്കുന്നതാണു ഗ്രന്ഥത്തിന്റെ ഏറിയഭാഗവും (3-32). ദൈവനീതിയെക്കുറിച്ചാണ് ജോബും കൂട്ടുകാരും സംസാരിക്കുന്നത്. സ്വന്തം പാപം നിമിത്തമാണ് ജോബ് ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നതെന്ന് അവര്‍ സമര്‍ഥിക്കുന്നു, അതായിരുന്നു പരമ്പരാഗതമായ ചിന്താഗതി. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ശ്രമത്തില്‍ ജോബിനു ദൈവനീതി മനസ്‌സിലാക്കാന്‍ സാധിക്കുന്നില്ല. എലീഹു എന്ന പുതിയൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്റെ മാര്‍ഗങ്ങളെ അദ്‌ദേഹം നീതീകരിക്കുന്നു (33-37). തുടര്‍ന്ന് ദൈവംതന്നെ ജോബിന് ഉത്തരം നല്‍കുന്നു. ജോബ് തന്റെ ഭോഷത്തം മനസ്‌സിലാക്കുന്നു (38-42). ജോബിനു ലഭിക്കുന്ന ഉത്തരം അപൂര്‍ണമാണ്. പ്രപഞ്ചനിയന്താവായ ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് എന്ന ഉത്തരമാണ് ജോബിനു ലഭിക്കുന്നത്. നീതിമാന്റെ സഹനം അവന്റെ വിശ്വാസം പരീക്ഷിക്കുന്നതിനാണ്. മരണാനന്തരമുള്ള ശിക്ഷയെക്കുറിച്ചോ പുനരുത്ഥാനത്തെക്കുറിച്ചോ വ്യക്തമായ ആശയങ്ങള്‍ ഇവിടെ കാണുന്നില്ല. ജോബ് ദൈവത്തിലുള്ള വിശ്വസ്തതയുടെയും സുകൃതജീവിതത്തിന്റെയും മാതൃകയായി പ്രശോഭിക്കുന്നു. കഠിനമായ പ്രലോഭനങ്ങള്‍ക്കിടയിലും ജോബ് അചഞ്ചലനായി നിലകൊണ്ടു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് നമുക്ക് അറിവൊന്നും ലഭിച്ചിട്ടില്ല. ബി.സി. ഏഴും അഞ്ചും നൂറ്റാണ്ടുകള്‍ക്കിടയ്ക്കാണ് ഗ്രന്ഥം രചിക്കപ്പെട്ടത് എന്നാണു കരുതപ്പെടുന്നത്. അവതരണം നാടകീയമാണ്; ലക്ഷ്യം പ്രബോധനാത്മകവും.

ഘടന

1, 1-2, 13: ജോബിനു സന്താനങ്ങളും സമ്പത്തും നഷ്ടപ്പെടുന്നു

3, 1-31, 40: ജോബും കൂട്ടുകാരും തമ്മിലുള്ള സംഭാഷണം (ജോബിന്റെ പരാതി)

3, 1-26: ആദ്യസംഭാഷണം

4, 1-14, 22: രണ്ടാം സംഭാഷണം

15, 1-21, 34: മൂന്നാംസംഭാഷണം

22, 1-27, 23: വിജ്ഞാനകീര്‍ത്തനം

28, 1-28: ജോബ് തന്റെ നില വിശദമാക്കുന്നു

29, 1-31, 37 – 32, 1-37, 24: എലീഹുവിന്റെ പ്രഭാഷണം

38, 1-42, 6: കര്‍ത്താവ് സംസാരിക്കുന്നു

42, 7-17: ഉപസംഹാരം

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment