Job, Chapter 6 | ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation

ജോബിന്റെ മറുപടി

1 ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!
2 എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍!
3 അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍വിവേകശൂന്യമായിപ്പോയി.
4 സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷംപാനം ചെയ്യുന്നു; ദൈവത്തിന്റെ ഭീകരതകള്‍എനിക്കെതിരായി അണിനിരന്നിരിക്കുന്നു.
5 തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ? തീറ്റി മുന്‍പിലുള്ളപ്പോള്‍ കാള മുക്രയിടുമോ?
6 രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ തിന്നാനാകുമോ? മുട്ടയുടെ വെള്ളയ്ക്കു വല്ല രുചിയുമുണ്ടോ?
7 എനിക്കു തിന്നാന്‍പറ്റാത്ത ഇവയാണ് ഇപ്പോള്‍ എന്റെ ആഹാരം.
8 ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്റെ ആഗ്രഹം സഫലമാക്കിയിരുന്നെങ്കില്‍!
9 അവിടുന്ന് എന്നെതകര്‍ക്കാന്‍കനിഞ്ഞിരുന്നെങ്കില്‍! കരംനീട്ടി എന്നെ വിച്‌ഛേദിച്ചിരുന്നെങ്കില്‍!
10 അത് എനിക്ക് ആശ്വാസമാകുമായിരുന്നു; വേദനയുടെ നടുവില്‍പോലും ഞാന്‍ ആര്‍ത്തുല്ലസിക്കുമായിരുന്നു; പരിശുദ്ധനായവന്റെ വചനത്തെ ഞാന്‍ തിരസ്‌കരിച്ചിട്ടില്ല.
11 കാത്തിരിക്കാന്‍ എനിക്കു ശക്തിയുണ്ടോ? എന്തിനുവേണ്ടിയാണ് ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്?
12 എന്റെ ശക്തി കല്ലുകളുടെ ബലമാണോ? എന്റെ മാംസം പിച്ചളയാണോ?
13 എന്റെ ശക്തി വാര്‍ന്നുപോയിരിക്കുന്നു; എനിക്ക് ആശ്രയമറ്റിരിക്കുന്നു.
14 സ്‌നേഹിതനോടു ദയ കാണിക്കാത്തവന്‍ സര്‍വശക്തനോടുള്ള ഭക്തിയാണ് ഉപേക്ഷിക്കുന്നത്.
15 എന്റെ സഹോദരന്‍മാര്‍ മലവെള്ളച്ചാലുപോലെചതിയന്‍മാരാണ്. അവര്‍ വേഗം വരണ്ടുപോകുന്നഅരുവികള്‍പോലെയാണ്.
16 അവയിലെ ഇരുണ്ട ജലത്തിനു പോഷണം മഞ്ഞുകട്ടയാണ്. മഞ്ഞുപെയ്യുമ്പോള്‍ അവയില്‍ ജലം പെരുകുന്നു.
17 വേനലില്‍ അവ വറ്റിപ്പോകുന്നു; ചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു.
18 കച്ചവടസംഘം അവയെത്തേടി വഴിവിട്ടുപോകുന്നു. അവര്‍ മരുഭൂമിയില്‍ചെന്നു നാശമടയുന്നു.
19 തേമാന്യരുടെ കച്ചവടസംഘം അവയെ തേടുന്നു. ഷേബായരുടെയാത്രാസംഘം അവയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
20 വരണ്ട അരുവിയുടെ കരയില്‍ അവരുടെപ്രതീക്ഷ കൊഴിഞ്ഞുവീഴുന്നു.
21 നിങ്ങള്‍ എനിക്ക് അതുപോലെയായിത്തീര്‍ന്നിരിക്കുന്നു; എന്റെ വിപത്തു കണ്ടു നിങ്ങള്‍ ഭയപ്പെടുന്നു.
22 എനിക്കൊരു സമ്മാനം നല്‍കാനോ നിങ്ങളുടെ ധനത്തില്‍നിന്ന്എനിക്കുവേണ്ടി കോഴ കൊടുക്കാനോ ഞാന്‍ ആവശ്യപ്പെട്ടോ?
23 ശത്രുകരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാനോ, മര്‍ദകരില്‍നിന്ന് എന്നെ മോചിക്കാനോഞാന്‍ അഭ്യര്‍ഥിച്ചോ?
24 ഉപദേശിച്ചുകൊള്ളുക, ഞാന്‍ നിശ്ശബ്ദം കേള്‍ക്കാം. ഞാന്‍ എന്തു തെറ്റു ചെയ്തുവെന്നുമനസ്‌സിലാക്കിത്തരുക.
25 ആത്മാര്‍ഥമായ വാക്കുകള്‍ സ്വീകാര്യമാണ്; എന്നാല്‍, നിങ്ങളുടെ ശാസനയ്ക്ക്അടിസ്ഥാനമെന്ത്?
26 കാറ്റു മായ്ക്കുന്ന നിരാശപൂണ്ടവാക്കുകളെ ശാസിക്കാന്‍ നിങ്ങള്‍ തുനിയുന്നുവോ?
27 അനാഥനുവേണ്ടി നിങ്ങള്‍ കുറിയിടുന്നു. സ്വന്തം സ്‌നേഹിതനു നിങ്ങള്‍ വിലപേശുന്നു.
28 എന്നാല്‍, ഇപ്പോള്‍ എന്നെ കരുണാപൂര്‍വം നോക്കുക; നിങ്ങളോടു ഞാന്‍ കള്ളം പറയുകയില്ല.
29 നില്‍ക്കണേ, എന്നോടു നീതി കാട്ടണമേ! എന്റെ ന്യായവാദം കേട്ടില്ലല്ലോ!
30 ഞാന്‍ പറഞ്ഞതു തെറ്റായിരുന്നോ? വിപത്തുകള്‍ വിവേചിച്ചറിയാന്‍ എനിക്കു കഴിവില്ലേ?

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment