Job, Chapter 12 | ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation

ജോബിന്റെ മറുപടി

1 ജോബ് പറഞ്ഞു:
2 നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.
3 എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
4 ഞാന്‍ എന്റെ സ്‌നേഹിതന്‍മാര്‍ക്കുപരിഹാസപാത്രമാണ്. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് എനിക്കുത്തരമരുളി; ഞാന്‍ നിഷ്‌കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.
5 സ്വസ്ഥത അനുഭവിക്കുന്നവന്‍ നിര്‍ഭാഗ്യത്തെഅവജ്ഞയോടെ നോക്കുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു.
6 കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍സമാധാനപൂര്‍ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്നുവിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്.
7 വന്യമൃഗങ്ങളോടു ചോദിക്കുവിന്‍,അവനിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിന്‍,അവനിങ്ങള്‍ക്കു പറഞ്ഞുതരും.
8 ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിന്‍,അവനിങ്ങളെ ഉപദേശിക്കും. ആഴിയിലെ മത്‌സ്യങ്ങളുംനിങ്ങളോടു പ്രഖ്യാപിക്കും
9 കര്‍ത്താവിന്റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയില്‍ ഏതിനാണ് അറിഞ്ഞുകൂടാത്തത്?
10 മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്.
11 നാവ് ഭക്ഷണത്തിന്റെ സ്വാദ്പരിശോധിക്കുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കയില്ലേ?
12 വൃദ്ധരിലാണു വിജ്ഞാനം;വയോധികനിലാണു വിവേകം.
13 വിജ്ഞാനവും ശക്തിയും ദൈവത്തോടു കൂടെയാണ്. അവിടുത്തേക്ക് ആലോചനയും വിവേകവും ഉണ്ട്.
14 അവിടുന്ന് നശിപ്പിച്ചാല്‍ ആര്‍ക്കുംപുനരുദ്ധരിക്കാന്‍ കഴിയുകയില്ല. അവിടുന്ന് ബന്ധിച്ചാല്‍ ആര്‍ക്കുംമോചിപ്പിക്കാന്‍ കഴിയുകയില്ല.
15 അവിടുന്ന് ജലത്തെ തടഞ്ഞുനിര്‍ത്തിയാല്‍ അതു വറ്റിപ്പോകുന്നു. അവിടുന്ന് അവയെ തുറന്നുവിടുമ്പോള്‍അവ ഭൂമിയെ മൂടിക്കളയുന്നു.
16 ശക്തിയും ജ്ഞാനവുംഅവിടുത്തോടുകൂടെയാണ്. വഞ്ചിതനും വഞ്ചകനും അവിടുത്തേക്ക് അധീനര്‍.
17 അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനംഉരിഞ്ഞുകളയുന്നു. ന്യായാധിപന്‍മാരെ ഭോഷന്‍മാരാക്കുന്നു.
18 രാജാക്കന്‍മാരുടെ അരപ്പട്ട അവിടുന്ന് അഴിക്കുകയും അവരെ കച്ചയുടുപ്പിക്കുകയും ചെയ്യുന്നു.
19 അവിടുന്ന് പുരോഹിതന്‍മാരുടെഅങ്കി ഉരിഞ്ഞുകളയുന്നു; ശക്തരെ മറിച്ചിടുന്നു.
20 അവിടുന്നു വിദഗ്ധരായ ഉപദേഷ്ടാക്കളെ മൂകരാക്കുന്നു; അവിടുന്ന് വൃദ്ധരുടെ വിവേകംഎടുത്തുകളയുന്നു.
21 അവിടുന്ന് പ്രഭുക്കളുടെമേല്‍ നിന്ദചൊരിയുകയും ശക്തരുടെ അരപ്പട്ട അയയ്ക്കുകയും ചെയ്യുന്നു.
22 അന്ധകാരത്തിലാണ്ട ആഴങ്ങളെഅവിടുന്ന് അനാവരണം ചെയ്യുന്നു; സാന്ദ്രമായ തമസ്‌സിനെപ്രകാശത്തിലേക്കു നയിക്കുന്നു.
23 അവിടുന്ന് രാജ്യങ്ങളെ ബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് അവയെ വിസ്തൃതമാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു.
24 അവിടുന്ന് ജനപ്രമാണികളുടെ വിവേകം എടുത്തുകളയുകയും വഴിയില്ലാത്ത വിജനതയില്‍ അലയാന്‍അവര്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.
25 അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്നു. ഉന്‍മത്തനെപ്പോലെ കാലുറയ്ക്കാതെനടക്കാന്‍ അവര്‍ക്ക് ഇടയാക്കുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment