Job, Chapter 18 | ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation

ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.

1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:
2 എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.
3 എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു.
4 കോപാവേശത്താല്‍ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ?
5 ദുഷ്ടന്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്റെ അഗ്‌നി ജ്വലിക്കുന്നില്ല.
6 അവന്റെ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
7 ദൃഢമായിരുന്ന അവന്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്റെ പദ്ധതികള്‍തന്നെ അവനെ നശിപ്പിക്കുന്നു.
8 അവന്‍ നടന്നുചെന്ന് വലയില്‍ കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്.
9 കുരുക്ക് അവന്റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.
10 അവനെ കുടുക്കാന്‍ തറയില്‍ കയര്‍ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും.
11 എല്ലാവശത്തുംനിന്നു കൊടുംഭീതികള്‍അവനെ ഭയപ്പെടുത്തുകയുംവേട്ടയാടുകയും ചെയ്യുന്നു.
12 വിശപ്പുകൊണ്ട് അവന്റെ ശക്തിക്ഷയിച്ചിരിക്കുന്നു; വിനാശം അവന്റെ ഇടര്‍ച്ച കാത്തിരിക്കുന്നു.
13 രോഗം അവന്റെ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു; മൃത്യു അവന്റെ അവയവങ്ങളെയും.
14 അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന്അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിന്റെ അടുത്തേക്ക്അവന്‍ നയിക്കപ്പെടും.
15 അന്യര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ ഭവനത്തിന്‍മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും.
16 അവന്റെ വേരുകള്‍ ഉണങ്ങിപ്പോകും; അവന്റെ ശാഖകള്‍ വാടിയുണങ്ങും.
17 ഭൂമിയില്‍നിന്ന് അവന്റെ സ്മരണമാഞ്ഞുപോകും. തെരുവീഥിയില്‍ അവന്റെ പേര് ഇല്ലാതാകും.
18 പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍നിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും.
19 സ്വജനത്തിന്റെ യിടയില്‍ അവനുസന്തതികളോ പിന്‍ഗാമികളോഉണ്ടായിരിക്കുകയില്ല; അവന്റെ പാര്‍പ്പിടത്തില്‍ ആരും അവശേഷിക്കുകയില്ല.
20 അവന്റെ ദിനം കണ്ടു പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.
21 അധര്‍മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്.ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment