Job, Chapter 19 | ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation

ജോബിന്റെ മറുപടി

1 ജോബ് പറഞ്ഞു:
2 എത്രകാലം നിങ്ങള്‍ എന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?
3 ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങള്‍എന്റെ മേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു.എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?
4 ഞാന്‍ തെറ്റുചെയ്‌തെങ്കില്‍ത്തന്നെ അത് എന്നോടുകൂടെ ഇരുന്നുകൊള്ളും.
5 നിങ്ങള്‍ എന്നെക്കാള്‍ വലിയവരെന്നു ഭാവിക്കുന്നെങ്കില്‍, എന്റെ ദൈന്യം എനിക്കെതിരേ തെളിവായിനിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍,
6 ദൈവമാണ് എന്നോട് ഇതു ചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നുംനിങ്ങള്‍ മനസ്‌സിലാക്കണം.
7 അതിക്രമം എന്ന് ഉറക്കെവിളിച്ചുപറഞ്ഞാലും എനിക്കു മറുപടി ലഭിക്കുന്നില്ല. മുറവിളികൂട്ടിയാലും എനിക്കു നീതി ലഭിക്കുന്നില്ല.
8 കടന്നുപോകാന്‍ ആവാത്തവിധം അവിടുന്ന് എന്റെ വഴി മതില്‍കെട്ടി അടച്ചു. എന്റെ മാര്‍ഗങ്ങളെ അന്ധകാരപൂര്‍ണമാക്കുകയും ചെയ്തു.
9 എന്റെ മഹത്വം അവിടുന്ന് ഉരിഞ്ഞുമാറ്റിയിരിക്കുന്നു; എന്റെ കിരീടം അവിടുന്ന് എടുത്തുകളഞ്ഞു.
10 എല്ലാവശത്തുനിന്നും അവിടുന്ന് എന്നെതകര്‍ക്കുന്നു. ഞാനിതാ പൊയ്ക്കഴിഞ്ഞു. അവിടുന്ന് എന്റെ പ്രത്യാശയെവൃക്ഷത്തെയെന്നപോലെ പിഴുതുകളഞ്ഞിരിക്കുന്നു.
11 എനിക്കെതിരേ അവിടുന്ന് ക്രോധം ജ്വലിപ്പിക്കുന്നു. അവിടുന്ന് എന്നെ ശത്രുവായി എണ്ണിയിരിക്കുന്നു.
12 അവിടുത്തെ സൈന്യങ്ങള്‍ എനിക്കെതിരേഉപരോധമുയര്‍ത്തിയിരിക്കുന്നു. എന്റെ കൂടാരത്തിനു ചുറ്റുംഅവര്‍ പാളയം അടിച്ചിരിക്കുന്നു.
13 അവിടുന്ന് എന്റെ സഹോദരന്‍മാരെഅകറ്റിയിരിക്കുന്നു. എന്റെ പരിചയക്കാരുംഅപരിചിതരായിത്തീര്‍ന്നു.
14 ബന്ധുജനങ്ങളും ഉറ്റസ്‌നേഹിതരുംഎന്നെ ഉപേക്ഷിച്ചു.
15 എന്റെ ഭവനത്തിലെ അതിഥികളും എന്നെ വിസ്മരിച്ചിരിക്കുന്നു. എന്റെ ദാസിമാര്‍ എന്നെ അന്യനായി കരുതുന്നു. ഞാന്‍ അവരുടെ ദൃഷ്ടിയില്‍ പരദേശിയായിത്തീര്‍ന്നിരിക്കുന്നു.
16 ഞാന്‍ ദാസനെ വിളിച്ചാല്‍ അവന്‍ കേള്‍ക്കുന്നില്ല. ഞാന്‍ അവനോടുയാചിക്കേണ്ടിവരുന്നു.
17 എന്റെ ഭാര്യ എന്നോട് അറപ്പു കാട്ടുന്നു. എന്റെ സഹോദരന്‍മാര്‍ക്കും ഞാന്‍ നിന്ദാപാത്രമായി.
18 കൊച്ചുകുട്ടികള്‍പോലും എന്നെ പുച്ഛിക്കുന്നു. എന്നെ കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു.
19 എന്റെ ഉറ്റ സ്‌നേഹിതന്‍മാര്‍എന്നില്‍നിന്ന് അറപ്പോടെ അകലുന്നു. ഞാന്‍ സ്‌നേഹിച്ചവര്‍ എനിക്കെതിരേ തിരിഞ്ഞു.
20 എന്റെ അസ്ഥി ത്വക്കിനോടുംമാംസത്തോടും ഒട്ടിയിരിക്കുന്നു. ജീവന്‍ പോയിട്ടില്ലെന്നേയുള്ളു.
21 എന്റെ പ്രിയ സ്‌നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിന്റെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു.
22 ദൈവത്തെപ്പോലെ നിങ്ങളും എന്നെഅനുധാവനം ചെയ്യുന്നതെന്ത്? എന്റെ മാംസംകൊണ്ടു നിങ്ങള്‍ക്കുതൃപ്തിവരാത്തതെന്ത്?
23 എന്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍രേഖപ്പെടുത്തിയിരുന്നെങ്കില്‍!
24 ഇരുമ്പുനാരായവും ഈയവും കൊണ്ട്അവ എന്നേക്കുമായി പാറയില്‍ആലേഖനം ചെയ്തിരുന്നെങ്കില്‍!
25 എനിക്കുന്യായം നടത്തിത്തരുന്നവന്‍ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നുംഞാന്‍ അറിയുന്നു.
26 എന്റെ ചര്‍മം അഴുകി ഇല്ലാതായാലുംഎന്റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും.
27 അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും.എന്റെ ഹൃദയം തളരുന്നു.
28 നാം എങ്ങനെ അവനെ അനുധാവനം ചെയ്യും, അവനില്‍ കുറ്റം കണ്ടെണ്ടത്തിയിരിക്കുന്നുഎന്നു നിങ്ങള്‍ പറയുന്നെങ്കില്‍!
29 വാളിനെ ഭയപ്പെടുക,ക്രോധം വാള്‍ അയയ്ക്കും.അങ്ങനെന്യായവിധിയുണ്ടെന്ന് നിങ്ങള്‍ മനസ്‌സിലാക്കും.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment