Job, Chapter 22 | ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation

എലിഫാസ് മൂന്നാമതും സംസാരിക്കുന്നു

1 തേമാന്യനായ എലിഫാസ് പറഞ്ഞു:
2 ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്ത് ഉപകാരം? ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്പ്രയോജനം അവനുതന്നെ.
3 നീ നീതിമാനായിരിക്കുന്നതുകൊണ്ട്‌സര്‍വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗം കുറ്റമറ്റതെങ്കില്‍അവിടുത്തേക്ക് എന്തെങ്കിലും ലാഭമുണ്ടോ?
4 നിന്റെ ഭക്തിനിമിത്തമാണോ അവിടുന്ന് നിന്നെ ശാസിക്കുകയും നിന്റെ മേല്‍ന്യായവിധി നടത്തുകയും ചെയ്യുന്നത്?
5 നിന്റെ ദുഷ്ടത വലുതല്ലേ? നിന്റെ അകൃത്യങ്ങള്‍ക്കതിരില്ല.
6 നീ സഹോദരരില്‍നിന്ന് അകാരണമായി പണം ഈടാക്കി. വസ്ത്രം ഊരിയെടുത്ത് നീ അവരെ നഗ്‌നരാക്കി.
7 ക്ഷീണിച്ചവനു നീ ദാഹജലം നല്‍കിയില്ല; വിശക്കുന്നവന്റെ അപ്പം പിടിച്ചുവയ്ക്കുകയും ചെയ്തു.
8 ബലവാന്‍ ഭൂമി കൈവശപ്പെടുത്തുകയുംസമ്പന്നന്‍ അവിടെ പാര്‍ക്കുകയും ചെയ്തു.
9 വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു. അനാഥരുടെ ഭുജങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
10 അതുകൊണ്ട്, നിന്നെ കെണികള്‍ വലയം ചെയ്തിരിക്കുന്നു. ക്ഷിപ്രഭീതി നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
11 നിനക്കു കാണാന്‍ കഴിയാത്തവിധം നിന്റെ പ്രകാശം അന്ധകാരമായിരിക്കുന്നു; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.
12 ദൈവം ആകാശങ്ങളില്‍ ഉന്നതനല്ലേ? ഏറ്റവും ഉയരത്തിലെ നക്ഷത്രങ്ങളെ നോക്കുക, അവ എത്ര ഉയരത്തിലാണ്!
13 അതിനാല്‍ നീ പറയുന്നു: ദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവിടുത്തേക്ക് വിധിക്കാന്‍ കഴിയുമോ?
14 കാണാന്‍ സാധിക്കാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ വലയം ചെയ്തിരിക്കുന്നു. ആകാശവിതാനത്തില്‍ അവിടുന്ന് സഞ്ചരിക്കുകയും ചെയ്യുന്നു.
15 ദുഷ്ടന്‍മാര്‍ സഞ്ചരിച്ചപഴയമാര്‍ഗങ്ങളില്‍ നീ ഉറച്ചു നില്‍ക്കുമോ?
16 കാലം തികയുന്നതിനു മുന്‍പേ അവര്‍അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി.
17 അവര്‍ ദൈവത്തോടു പറഞ്ഞു: ഞങ്ങളെ വിട്ടകന്നുപോവുക. സര്‍വശക്തന് ഞങ്ങളോട് എന്തുചെയ്യാന്‍ കഴിയും?
18 എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങളെ നന്‍മകള്‍കൊണ്ടു നിറച്ചു. എന്നാല്‍, ദുഷ്ടന്റെ ആലോചനഎന്നില്‍നിന്ന് അകലെയാണ്.
19 നീതിമാന്‍മാര്‍ അവരുടെ അവസാനം കണ്ട് സന്തോഷിക്കുന്നു. നിഷ്‌കളങ്കര്‍ അവരെ നോക്കിപരിഹസിച്ചു പറയുന്നു:
20 തീര്‍ച്ചയായും ഞങ്ങളുടെ ശത്രുക്കള്‍പിഴുതെറിയപ്പെട്ടിരിക്കുന്നു. അവര്‍ അവശേഷിപ്പിച്ചത്അഗ്‌നിക്കിരയാവുകയും ചെയ്തു.
21 ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്‍മ വരും.
22 അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
23 സര്‍വശക്തന്റെ സന്നിധിയിലേക്കു തിരിച്ചു വരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍നിന്ന് അനീതിയെനീ അകറ്റിക്കളയുമെങ്കില്‍,
24 സ്വര്‍ണത്തെ പൊടിയിലുംഓഫീര്‍പ്പൊന്നിനെ നദീതടത്തിലെകല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍,
25 സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവുംവിലപിടിച്ച വെള്ളിയും ആകുമെങ്കില്‍,
26 നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേമുഖമുയര്‍ത്തുകയും ചെയ്യും.
27 നീ അവിടുത്തോടു പ്രാര്‍ഥിക്കുകയുംഅവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
28 നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
29 എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
30 നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്റെ കരങ്ങളുടെ നൈര്‍മല്യംമൂലംനീ രക്ഷിക്കപ്പെടും.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment