മകന് വേണ്ടി മടുത്തു പോകാതെ പ്രാർത്ഥിച്ച ഒരമ്മ…
മോനിക്ക….
അമ്മയുടെ പ്രാർത്ഥന ലോകത്തിന്റെ ഉന്നതിയിൽ മകൻ എത്താൻ ആയിരുന്നില്ല…
മകൻ നിത്യതയോളം ദൈവത്തോടൊപ്പം ആയിരിക്കുവാൻ ആയിരുന്നു.
തന്റെ മകൻ ലോകത്തിന്റേത് ആകാതെ ദൈവത്തിന്റേത് മാത്രം ആകാൻ ആയിരുന്നു.
മകനോട് വാദിച്ചു ജയിക്കുവാനോ മകനെ താൻ പറയുന്ന ആത്മീയ കാര്യങ്ങൾ കാര്യകാരണ സഹിതം ബോധ്യപ്പെടുത്താനോ അമ്മയ്ക്ക് കഴിയുമായിരുന്നില്ല…
പകരം അമ്മ സർവജ്ഞാനത്തിന്റെയും ഉറവിടമായ ദൈവത്തിലേയ്ക്ക് നോക്കി മകന് വേണ്ടി നിന്നു…
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)
കണ്ണീരിന്റെ ബലിയുടെ പൂർത്തീകരണത്തിന്റെ തക്ക സമയമെത്തിയപ്പോൾ തന്റെ മകനിലേയ്ക്ക് യഥാർത്ഥ ആത്മീയ ജ്ഞാനം ഒഴുകി നിറഞ്ഞു കവിയും വരെ…
ദൈവത്തിൽ വിലയം പ്രാപിക്കുവോളം എന്റെ ആത്മാവ് അസ്വസ്ഥമാണ് എന്ന് മകനായ അഗസ്റ്റിൻ പറയും വരെ…
ഈശോ എന്ന നാമത്തിന്റെ മാധുര്യം മകൻ അറിയും വരെ…
പരിശുദ്ധ ത്രിത്വത്തിന്റെ അഗാധ സ്നേഹത്തിൽ മകൻ ആഴ്ന്നിറങ്ങും വരെ…
തന്റെ പാപങ്ങളെ കുറിച്ചും താൻ സ്വീകരിച്ച പാപക്ഷമയെ കുറിച്ചും ദൈവത്തിന്റെ അവാച്യകരുണയെ കുറിച്ചും ലോകത്തോട് വിളിച്ചു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്താനും മാത്രം തന്റെ മകൻ ചെറുതായി തീരും വരെ…
മാത്രമല്ല….
ഭൂമിയിലെ തന്റെ അവസാന നിമിഷം വരെയും മോനിക്ക ദൈവസന്നിധേ നിന്നു…
മകന് വേണ്ടി…
അമ്മയ്ക്ക് അറിയാമായിരുന്നു….
തന്നേക്കാളും തന്റെ മകനെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന്…
ഇന്നിന്റെ അമ്മമാർ തങ്ങളെക്കാളും അറിവുള്ള തങ്ങളുടെ മക്കളോട് തങ്ങൾ അറിഞ്ഞ ഈശോയെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെടുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ തന്റെ ദൈവത്തിലേയ്ക്ക് മാത്രം നോക്കി ഹൃദയം ഉയർത്തി നിന്ന് മകനെ ദൈവത്തിനായി നേടിയ മോനിക്കയെ ഓർക്കാം.
കാരണം നമ്മളെക്കാളേറെ നമ്മുടെ മക്കളെ സ്നേഹിക്കുന്ന നല്ല ദൈവം നമുക്കും ഉണ്ടല്ലോ.
ആത്മാക്കളിലേയ്ക്ക് ചൊരിയപ്പെടുന്ന അവർണനീയമായ ദൈവകൃപയുടെ പാരംഗതനായി തീർന്ന അഗസ്റ്റിനെ പോലെ നമ്മുടെ നല്ല ദൈവത്തെ കുറിച്ച് നമ്മുടെ മക്കൾക്ക് മനസിലാക്കി കൊടുക്കാൻ കർത്താവിനെ തന്നെ ഏല്പിച്ചു കൊടുക്കാം.
അവിടുന്ന് അവരെ പഠിപ്പിക്കും.
“കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും.”
(ഏശയ്യാ 54 : 13)
ആമേൻ.
പിൽക്കാലങ്ങളിൽ നമ്മുടെ മക്കളിൽ നിന്നും അവർക്ക് വെളിപ്പെടുത്തപ്പെട്ട ദൈവിക രഹസ്യങ്ങളെ കുറിച്ചുള്ള പുതു കാര്യങ്ങൾ അവരിൽ നിന്നും കേൾക്കാനും അതിൽ നിന്ന് പഠിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും മോനിക്കയെ പോലെ ഇന്നിന്റെ അമ്മമാർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.
വിശുദ്ധ മോനിക്ക പുണ്യവതിയുടെ തിരുനാൾ ആശംസകൾ!


Leave a comment