ദിവ്യകാരുണ്യ സന്നിധിയിൽ…

അൾത്താരയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ നമുക്ക് കാണാം. പരിശുദ്ധകുർബാനയുടെ സമയത്തു നമ്മിൽ അവിടുന്ന് എഴുന്നള്ളി വരുമ്പോൾ അവിടുത്തെ നമുക്ക് തൊടാം. നമ്മുടെ നാവിൽ അവിടുന്ന് സദയം കുറച്ചു നേരത്തേക്ക് ആയിരിക്കുമ്പോൾ ദിവ്യകാരുണ്യ ഈശോയെ നമുക്ക് രുചിച്ചറിയാം. പരിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞു ഈശോയുടെ മുൻപിൽ നന്ദിയോടെ ആയിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഈശോയെ നമുക്ക് ശ്രവിക്കാം.

സാധാരണയായി ദിവസത്തിൽ ഒരു തവണ നേരിട്ടും ഓർക്കുമ്പോൾ ഒക്കെയും അരൂപിയിലും ഉൾക്കൊള്ളാനും ദിവ്യകാരുണ്യ ഈശോയിൽ വസിക്കാനും നമുക്ക് സാധിക്കും.

എന്നാൽ ഓർമ വച്ച നാൾ മുതൽ ചിരപരിചിതമായ ദൈവവചനമായ ഈശോയോടൊത്തുള്ള എന്റെ ജീവിതം എങ്ങനെയാണ്‌ എന്നുള്ള കാര്യം കഴിഞ്ഞ ദിവസം എന്റെ ചിന്തയിലേയ്ക്ക് വന്നു.

“ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല.”
(യോഹന്നാന്‍ 21 : 4)

ചില സമയത്തെങ്കിലും നമ്മുടെ സമീപേ നമ്മുടെ ഹൃദയത്തിൽ വസിക്കാൻ സ്നേഹത്തോടെ വരുന്ന ദൈവവചനത്തെ വേണ്ടത് പോലെ ഹൃദയത്തിൽ നാം സ്വീകരിക്കാറുണ്ടോ!

അവിടുത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ?

ഓരോ ദിവസവും നമുക്കായി അവിടുന്ന് എത്രയോ വചനങ്ങളിലൂടെ പല സാഹചര്യങ്ങളിൽ പല വഴികളിലൂടെ നമ്മിലേയ്ക്ക് കടന്നു വരുന്നു.

ചിലപ്പോൾ യൂട്യൂബിലോ മറ്റു സാമൂഹിക മാധ്യമങ്ങളിലോ കൂടി ഒരു ബൈബിൾ പ്രഭാഷണം കേൾക്കുന്നതിലൂടെ ആയിരിക്കാം.

ചിലപ്പോൾ ഒരു ധ്യാനം കൂടുമ്പോൾ വചനം ശ്രവിക്കുന്നതിലൂടെ ആയിരിക്കാം.

ചിലപ്പോൾ ഒരു ധ്യാനത്തിന്റെ പോസ്റ്ററിലൂടെ ആയിരിക്കാം.

ചിലപ്പോൾ ഒരു പുസ്തകത്തിൽ നിന്നായിരിക്കാം.

ചിലപ്പോൾ മറ്റുള്ളവരുടെ സംസാരമദ്ധ്യേയോ പരിശുദ്ധ കുർബാനയ്ക്കിടയിൽ കേൾക്കുന്ന വചന ഭാഗമോ ആയിരിക്കാം.

ചിലപ്പോൾ നാം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ എന്നോ കേട്ട് സംഗ്രഹിച്ചിരിക്കുന്ന ദൈവവചനം നമ്മുടെ അധരത്തിലൂടെ പുറത്ത്‌ വരുന്നത് ആശ്ചര്യത്തോടെ നാം തന്നെ കേൾക്കുന്നത് ആയിരിക്കാം.

ഒരു പക്ഷെ ബൈബിൾ തുറന്നു വായിക്കുന്നതിലൂടെ ആയിരിക്കാം.

ഇങ്ങനെ ഓരോരുത്തരിലേക്കും ദൈവവചനം കടന്നു വരുന്നത് വ്യത്യസ്ത വഴികളിലൂടെ ആണ്.

ഒന്നാലോചിച്ചു നോക്കിയാൽ ജീവിതത്തിന്റെ വഴി മുഴുവനും പൊടുന്നനെ അടഞ്ഞു പോയി എന്നുള്ള ഭയത്തിന്റെ ഇരുളിൽ ആയിരുന്ന സമയത്തു പ്രകാശമായി കടന്നു വന്നു നമ്മെ ആശ്വസിപ്പിച്ച ഏതോ ഒരു വചനമില്ലേ?

മരണത്തിന്റെ താഴ്‌വരയിലൂടെ സഹനത്തിന്റെ നേരങ്ങളിലൂടെ കടന്നു പോയ ഏതോ നാളുകളിൽ ധൈര്യപ്പെടുത്തിയ ഏതോ വചനമില്ലേ?

ഒറ്റയ്ക്കായി പോയി എന്നുള്ള ചിന്തയിൽ ഏതോ നാളിൽ കണ്ണു നിറഞ്ഞപ്പോൾ നിനക്ക് ഞാനുണ്ട് എന്നരുളി തൊട്ടു തലോടിയ ഏതോ വചനമില്ലേ?

ആത്മാവിൽ വിശന്നും ദാഹിച്ചും ഇരുന്ന ഏതോ സമയത്തു നിറവിന്റെ വിരുന്നൂട്ടിയ ഏതോ വചനമില്ലേ?

എന്നെ സ്നേഹത്തോടെ സമീപിച്ചു എന്നിലേയ്ക്ക് കടന്നു വന്നു എന്നിൽ ആയിരുന്നു എന്റെ കൂടെ വസിക്കുന്ന ദൈവവചനത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അവിടുന്ന് എന്റെ ദൈവവും സൃഷ്ടാവും പരിപാലകനും എന്റെ രക്ഷയ്ക്കായി ഈശോയായി, മനുഷ്യനായി പിറന്നു, എന്നെ ഏറ്റവും സ്നേഹിച്ചു എനിക്കായി സഹിച്ചു കുരിശിൽ മരിച്ചു ഉയർത്തു എനിക്കായി പരിശുദ്ധ കുർബാനയാകുവോളം എന്നെ സ്നേഹിച്ചു എന്ന് ഞാൻ ഓർത്തു.

എന്നാൽ എനിക്ക് ദാനമായി ലഭിക്കുന്ന ഓരോ വചനത്തിന്റെയും, വചനം സ്വീകരിക്കാനായി എന്റെ ഹൃദയത്തിന്റെയും വാതിൽ പരിശുദ്ധാരൂപി ദയവോടെ എനിക്ക് തുറന്നു തന്നാലേ എനിക്ക് ഓരോന്നിന്റെയും അർത്ഥം അതാതു സമയങ്ങളിൽ ഗ്രഹിക്കാനാവൂ.

ദിവ്യ കാരുണ്യ സന്നിധിയിൽ ഇരുന്നു കൊണ്ട് ദൈവവചനരൂപനായ ഈശോയെ കുറിച്ച് ഞാൻ ഓർത്തു കൊണ്ടിരുന്നപ്പോൾ ദൈവവചനത്തിൽ വസിക്കുന്നതും അതിൽ ജീവിക്കുന്നതും എങ്ങനെയാണ്‌ എന്നതിലേക്ക് ചിന്ത പോയി.

ദൈവവചനം ഈശോ തന്നെയാണല്ലോ. അവിടുന്ന് നമ്മോടു ദൈവവചന രൂപനായി സംസാരിക്കുമ്പോൾ ഒരു വ്യക്തി സംസാരിക്കുന്നത് എന്നത് പോലെ ശ്രദ്ധയോടെ കേൾക്കുകയും ആമേൻ എന്ന് ഓരോ ദൈവവചനത്തിനും മറുപടി കൊടുക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും വേണം എന്ന് ഹൃദയത്തിൽ തോന്നൽ വന്നു.

നമ്മോടു പറയപ്പെടുന്ന ഓരോ വചനത്തിനും ആത്മാവിൽ കൃപകൾ നേടാൻ വലിയ സാധ്യതകൾ ആണുള്ളത്.

ഉദാഹരണത്തിന്….

“എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.”
(ജറെമിയാ 33 : 3)

എന്തിനും ഏതിനും ഏതു സമയത്തും നമുക്ക് ഈശോയെ വിളിക്കാം. അവിടുന്ന് മറുപടി നൽകും.

ഇനി മുതലെങ്കിലും പെട്ടെന്ന് ഒരു കാര്യം ചെയ്യാനായി നമ്മുടെ മുന്നിൽ വരുമ്പോൾ എന്ത്‌ ചെയ്യും എന്നറിയാതെ നാം നിസ്സഹായരായി മനുഷ്യരെ നോക്കും മുൻപേ ഹൃദയത്തിൽ വസിക്കുന്ന ഈശോയെ നോക്കാനും അവിടുത്തോട് സംസാരിക്കാനും സഹായം ചോദിക്കാനും ഒപ്പം അപ്പോഴപ്പോൾ കിട്ടുന്ന സഹായത്തിനു നന്ദി പറയാനും പഠിച്ചു പരിശീലിച്ചു തുടങ്ങണം.

ഈശോ കൂടെയുണ്ടെങ്കിൽ ഏതു കാര്യം ചെയ്യുന്നതിനും നമ്മുടെ കഴിവ് പ്രശ്നമല്ല, ബുദ്ധി പ്രശ്നമല്ല, പ്രായമോ സമയമോ പ്രശ്നമല്ല, ഈശോ നമ്മുടെ സൃഷ്ടാവാണല്ലോ. അവിടുത്തേയ്ക്ക് നമ്മെ നന്നായി അറിയാം.

ഭൗതിക കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, ആത്മീയ കാര്യങ്ങളിലുള്ള സംശയങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നിസ്സഹായതകൾക്കും ഈശോയെ തന്നെ സമീപിക്കാം. അവിടുത്തെ സഹായം തേടാം.

പ്രത്യേകിച്ച് കുമ്പസാരത്തിനു ഒരുങ്ങുന്ന സമയത്തു പലപ്പോഴും നമ്മുടെ പല പാപങ്ങളും കുറവുകളും നാം ഓർത്തില്ല എന്ന് വന്നേക്കാം. എന്നാൽ ഈശോയുടെ സഹായം തേടി കുമ്പസാരത്തിനൊരുങ്ങുമ്പോൾ നമ്മുടെ ആത്മാവ് പരിശുദ്ധാത്മാഭിഷേകത്താൽ ദീപ്തമാകും. അതോടൊപ്പം ദൈവപിതാവിന്റെ അളവില്ലാത്ത സ്നേഹം നമ്മുടെ ആത്മാവിൽ കര കവിഞ്ഞൊഴുകും.

ആ സ്നേഹനിറവിൽ കുമ്പസാരത്തിനൊരുങ്ങുമ്പോൾ ദൈവസ്നേഹത്തിനെതിരായി ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ ആത്മീയ കണ്ണുകളിൽ കാണാനായി സാധിക്കും.

ദൈവസ്നേഹനിരസനമാണല്ലോ പാപം.

നമ്മുടെ ആത്മാവിൽ നിറയുന്ന ദൈവസ്നേഹമാണ് നമ്മിൽ പശ്ചാത്താപം ജനിപ്പിക്കേണ്ടത്.

എപ്പോഴും കൂടെയുള്ള ഈശോയുടെ വാക്കുകളും ഇത്രയധികം സ്നേഹവും നിരസിക്കുന്നതിലൂടെ എത്ര തവണ അവിടുത്തെ ഞാൻ വേദനിപ്പിച്ചു എന്ന ചിന്ത വരണമെങ്കിൽ ഈ ഈശോ എന്നെ എത്രയോ പണ്ടേ സ്നേഹിച്ചിരുന്ന ഈ നിമിഷവും സ്നേഹിക്കുന്ന നിത്യത വരെയും സ്നേഹിക്കാൻ പോകുന്ന യഥാർത്ഥത്തിലുള്ള ഒരു വ്യക്തിയാണ് എന്ന ബോധ്യം ആത്മാവിൽ വരണം.

നമ്മിൽ പലരും അവിടുത്തെ ദിവ്യകാരുണ്യത്തിൽ അല്ലാതെ ദൈവവചനമാകുന്ന അക്ഷരങ്ങളിൽ അല്ലാതെ നേരിട്ട് കണ്ടിട്ടില്ല.

നമ്മിൽ പലരും ദൈവവചനം വായിച്ചു കേൾക്കുമ്പോൾ അല്ലാതെ ഈശോയുടെ സ്വരം നേരിട്ട് കേട്ടിട്ടില്ല.

നമ്മിൽ പലരും ദിവ്യകാരുണ്യ സ്വീകരണത്തിൽ അല്ലാതെ ഈശോയെ തൊട്ടിട്ടില്ല. രുചിച്ചിട്ടില്ല.

എന്നാൽ ദൈവവചനത്തിനും സ്വർഗീയമായ രുചിയുണ്ട്. അപാര മായ സ്നേഹശക്തിയുണ്ട്. മൃതമായെന്നു തോന്നിക്കും വിധം തളർന്നു തകർന്ന്‌ പോയ ഒരാത്മാവിനെ ഉണർത്താൻ വചനം പര്യാപ്തമാണ്. അത് മനസിലാകുന്നത് ആത്മീയമായി വിശന്നു ദാഹിച്ചു ഏകാന്തതയിൽ നിസ്സഹായമായി ഇരിക്കുമ്പോൾ ഈശോ ദയവോടെ ദൈവവചനത്തിലൂടെ സംസാരിക്കുമ്പോൾ ആണ്. അങ്ങനെ കേൾക്കുമ്പോൾ ദൈവവചനമായ ഈശോ ഹൃദയത്തിൽ തൊടും പോലെ, നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞു തൊട്ടാശ്വസിപ്പിക്കും പോലെ അനുഭവപ്പെടും.

ഉദാഹരണത്തിന്….

വളരെ വർഷങ്ങളായി, എത്ര ശ്രമിച്ചിട്ടും മുന്നോട്ടു പോകാനാവാതെ, ഭൗതികമായും ആത്മീയമായും ഏറ്റവും എളിയ നിലയിൽ നിൽക്കുന്ന ഒരാത്മാവ് സങ്കടപ്പെട്ടിരിക്കുന്ന ഒരു സമയത്തു കിട്ടുന്ന ഒരു വചനം….

“നിരന്തരം അധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ത്ഥികളും അതീവ ദരിദ്രരുമാണ്‌;
എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്‌ഷിച്ച്‌ ദയനീയാവസ്‌ഥയില്‍ നിന്ന്‌ ഉയര്‍ത്തുന്നു.അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്‌ഥാനം നല്‍കുന്നു.”
(പ്രഭാഷകന്‍ 11 : 11-13)

എന്നാണെങ്കിലോ!

എന്ത്‌ മാത്രം ആനന്ദം ആ ആത്മാവിന് ഉണ്ടാകും.

പിന്നെ തന്റെ എളിയ സ്ഥിതിയോ കുറവുകളോ ഒന്നും അതിനു ഒരു പ്രശ്നമായിരിക്കില്ല. ഈശോ കൂടെ ഉണ്ടല്ലോ. അവിടുന്ന് തന്നെ നോക്കിക്കൊള്ളുമല്ലോ

ദിവ്യകാരുണ്യ സന്നിധിയിൽ ആയിരുന്നു കൊണ്ട് ഈശോയെ ചിന്തിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഈശോയോടുള്ള സ്നേഹം ഈശോയുടെ സാന്നിധ്യത്തിൽ നിന്നും സ്വാഭാവികമായി ഹൃദയത്തിൽ ഒഴുകിനിറയുമ്പോഴും….

“അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട്‌ അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്‌മാവിന്റെ രക്‌ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.”
(1 പത്രോസ് 1 : 8-9)

എന്ന വചനം ഈശോയിലുള്ള ശിശുസഹജമായ വിശ്വാസം എത്രയോ പ്രാധാന്യമുള്ളത് ആണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഓരോ വചനവും നമുക്ക് മനസോടെ സ്വീകരിക്കാനായി നല്കപ്പെടുന്നു.

പരിശുദ്ധ അമ്മയ്ക്ക് വചനം കിട്ടിയപ്പോൾ അമ്മ അത് പൂർണ മനസോടെ സ്വീകരിച്ചു.

“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!”
(ലൂക്കാ 1 : 38)

നാമും ഇത് പോലെ നമുക്കായി ഓരോരോ സന്ദേശവാഹകരിലൂടെ അനുദിനം ലഭിക്കുന്ന ഓരോ വചനത്തിനും മറുപടിയായി
“ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!” എന്ന് പറഞ്ഞു തുടങ്ങാം.

ഉദാഹരണത്തിന്…

“മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍.”
(മത്തായി 7 : 12)

ഏതൊരു ചെറിയ കാര്യവും വലിയ കാര്യവും ആ കാര്യം മറ്റുള്ളവർ എത്ര നന്നായി നിങ്ങൾക്ക് ചെയ്തു തരണം എന്ന് നാം ആഗ്രഹിക്കുന്ന രീതിയിൽ, അതിലും ഉപരിയായി ചിന്തിച്ചാൽ ഈശോയ്ക്ക് വേണ്ടി എന്നത് പോലെ ചെയ്യണം.

കാരണം ഈശോ ഏവരിലും വസിക്കുന്നുണ്ടല്ലോ.

എന്നാൽ ചില സമയത്തെങ്കിലും മാനുഷിക പരിമിതികളാൽ ഇത് പ്രയാസമായി തോന്നിയാലും നമ്മുടെ സേവനം സ്വീകരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചു അവരെ അനുഗ്രഹിച്ചു കൊണ്ട് നമ്മിൽ വസിക്കുന്ന ഈശോയോടൊപ്പം ഓരോ കാര്യങ്ങളും ചെയ്യാം. അപ്പോൾ നമ്മുടെ വാക്കുകളിൽ കൃപ നിറയും, പ്രവൃത്തികളിൽ കരുണ നിറയും. കണ്ണുകളിൽ ഈശോയുടെ സ്നേഹം നിറയും.

അത് വീട്ടു ജോലികൾ ആകാം. നമുക്കൊരോരുത്തർക്കും കിട്ടിയിരിക്കുന്ന ആത്മീയവും ഭൗതികവുമായ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ജോലികൾ ആകാം.

നാം ഓരോരുത്തരും വ്യത്യസ്തരാണ്. ചിലർക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ നൂറു മേനി നേടാൻ ആയേക്കും. എന്നാൽ ചിലർക്ക് അത്രയും സാധിച്ചു എന്ന് വരികയില്ല.

എന്നാൽ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ ലിസ്റ്റ് അല്ല, എങ്ങനെ ഓരോന്നും ചെയ്തു അത് സ്നേഹത്തിൽ / ഈശോയിൽ അധിഷ്ഠിതമായിരുന്നോ എന്നതാണ് ഓരോ പ്രവൃത്തിയുടെയും മാറ്റുരയ്‌ക്കുമ്പോൾ നോക്കുന്ന മാനദണ്ഡം.

ദിവ്യകാരുണ്യ സന്നിധിയിൽ ദൈവകൃപയാൽ പോകാൻ ഇടയാകുമ്പോൾ ഈശോയ്ക്ക് കാഴ്ചയായി കൊടുക്കാൻ വളരെ ശ്രമിച്ചിട്ടും കയ്യിൽ കുറച്ചു മാത്രം കൊണ്ട് പോകേണ്ടി വരുന്ന സമയത്തു അവിടുന്ന് ദയവോടെ പറഞ്ഞത് ഓർക്കാം.

“അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയും കാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യത്തില്‍ നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.”
(മര്‍ക്കോസ്‌ 12 : 43-44)

ഈശോ ആഗ്രഹിക്കുന്നത് നാം അവിടുത്തെ അടുത്തു ചെല്ലണം എന്നാണ്. അവിടുന്ന് ആഗ്രഹിക്കുന്നത് നമ്മെയാണ്. നാം എത്ര മാത്രം അവിടുത്തേയ്ക്കായി കൊണ്ട് വരുന്നു എന്നതിനേക്കാളും നാം നമ്മെ തന്നെ എത്ര പ്രാവശ്യം അവിടുത്തെ സാന്നിധ്യഅവബോധത്തിലേയ്ക്ക് സ്വയം ഉയർത്തുന്നു എന്ന വ്യക്തിപരമായ പരസ്പരസ്നേഹ അനുഭവമാണ് ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നത്.

ഇത് ദൈവവചനത്തിന്റെ കാര്യത്തിലും സാധുവാണ്.

ഓരോ വചനം ലഭിയ്ക്കുമ്പോഴും നാം ആത്മാവിൽ അവിടുത്തെ ചാരെ ചെല്ലണം. ആ വചനം മനസിലാകുവാൻ ദൈവരൂപിയോട് സഹായം ചോദിക്കണം. ഓരോ വചനവും എങ്ങനെ നമ്മിൽ കടന്നു വന്നു ഹൃദയത്തിൽ വസിച്ചു ജീവിതത്തിൽ ഫലം പുറപ്പെടുവിക്കും എന്ന നമ്മുടെ സ്വയം ചോദ്യത്തിന് ഉത്തരം ഗബ്രിയേൽ മാലാഖ നമ്മുടെ അമ്മയായ മറിയത്തോട് പറഞ്ഞത് തന്നെയാണ്.

“ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.”
(ലൂക്കാ 1 : 35)

ഓരോ വചനവും ഏതെങ്കിലും സന്ദേശവാഹകരിലൂടെ നമ്മിലേയ്ക്ക് എത്തുമ്പോൾ തന്നെ നമ്മുടെ നിത്യ സഹായകനായ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കാനായി കാത്തു നിൽപ്പുണ്ട്. അവിടുന്ന് കരുണയോടും സ്നേഹത്തോടും ക്ഷമയോടും കൂടെ നമ്മെ നമുക്ക് ലഭിച്ചിരിക്കുന്ന വചനപൊരുളഴിക്കാൻ സഹായിക്കും.

ഉദാഹരണത്തിന്….

“ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ്‌ 10 : 14-15)

ഏതു പ്രായത്തിലുള്ളവർക്കും ഈ വചനം രണ്ടു തരത്തിൽ മനസിലാക്കാം.

ഒന്നാമതായി….

നാം എത്ര പ്രായമുള്ള ആളാണെങ്കിലും ഈശോയ്ക്ക് ചെറിയ കുഞ്ഞു തന്നെയാണ്. അത്രയധികം വാത്സല്യവും കരുതലും അവിടുന്ന് ഓരോ ആത്മാവിനോടും കാണിക്കുന്നു.

ഈശോയുടെ അടുത്തു എന്റെ ഏതവസ്ഥയിലും കടന്നു ചെല്ലാൻ ഞാൻ ഭയപ്പെടേണ്ട.

കുഞ്ഞുങ്ങൾ / ശിശുക്കൾ അവരുടെ അപ്പോഴത്തെ അവസ്ഥയെ കുറിച്ചോ കുറവുകളെ കുറിച്ചോ ഭയപ്പെടുന്നില്ല. ഒരു കുഞ്ഞിന് അതിന്റെ അമ്മയുടെ ചാരെ ആയിരുന്നാൽ അതിനു വേണ്ടതൊക്കെയും ലഭിയ്ക്കും എന്നുള്ള ആന്തരിക അറിവുണ്ട്. ആ അടിസ്ഥാന അറിവ് നമുക്ക് ആത്മീയ കാര്യത്തിലും ഉണ്ടാകണം.
നമ്മളും ആത്മീയമായി ഈശോയുടെ സന്നിധേ ആയിരിക്കണം. ഈശോയുടെ സാന്നിധ്യപരിധിയിൽ നിന്നു കൊണ്ട് അനുദിനകാര്യങ്ങളിൽ വ്യാപൃതരാകണം.

ഇടയ്ക്ക് ആത്മീയമായി വിശക്കുമ്പോൾ ദാഹിക്കുമ്പോൾ അവിടുത്തെ ചാരെ ചെല്ലണം. ഒരു ശിശുവിനു സ്വന്തമായി ഒന്നുമില്ല. അതിന്റെ കൈകൾ ശൂന്യമാണ്. എന്നാൽ അതിന്റെ കൂടെയുള്ള അമ്മയുടെ കയ്യിൽ അതിനു അപ്പഴപ്പോൾ കൊടുക്കാൻ വേണ്ടത് ഒക്കെയുണ്ട്. ഇത് പോലെ നാം ഈശോയുടെ ചാരെ ആയിരുന്നു കൊണ്ട് അവിടുത്തെ പരിപാലനയിൽ മാത്രം ശരണപ്പെട്ടു കൊണ്ട് ജീവിക്കുമ്പോൾ ഈശോ സ്നേഹത്തോടെ വേണ്ടതൊക്കെ അപ്പോഴപ്പോൾ നൽകും.

ഒരമ്മയുടെ ഹിതം കുഞ്ഞ് ചാരെ കാണണം എന്നാണ്. ഈശോയുടെ ഹിതവും മറിച്ചല്ലല്ലോ.

ഒരു ശിശുവായിരിക്കുക എന്നതിന്റെ വേറൊരർത്ഥം ലഭിക്കുന്നതിൽ എപ്പോഴും സന്തോഷിക്കുക, നന്ദിയോടെ ആയിരിക്കുക എന്നതും കൂടെയാണ്.

നമുക്ക് ഈശോ ഓരോ കൃപകളും നൽകുമ്പോൾ പോരാ എന്നുള്ള ചിന്ത കൈവെടിഞ്ഞു നിസാരയായ എന്നെ,ഈശോയെ അങ്ങ് ഇത്രയെങ്കിലും അനുഗ്രഹിച്ചതിന് നന്ദി എന്നുള്ള ആഹ്ലാദത്തോടെ ചെറിയ കാര്യങ്ങളിലും സന്തോഷിക്കുമ്പോൾ

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.”
(ജറെമിയാ 29 : 11)

നമ്മുടെ ദിവസത്തിന്റെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തി കൂടെയുള്ള ഈശോ സന്തോഷിക്കുമല്ലോ.

ആത്മീയ ശിശുത്വം ഒരു ചെറിയ കാര്യമല്ല, വിശുദ്ധ കൊച്ചു ത്രേസ്യയെ പോലെയുള്ള വേദപാരംഗതർ പോലും ഈശോയെ സ്നേഹിക്കാൻ, സ്നേഹത്തോടെ സമീപിക്കാൻ ധൈര്യപ്പെട്ടിരുന്ന കൊച്ചു വഴിയാണത്.

വിശുദ്ധ മർക്കോസ്എഴുതിയ സുവിശേഷം പത്താം അധ്യായത്തിന്റെ 13-16 വചനങ്ങളിൽ രണ്ടാമതൊരു ചിന്ത കൂടി വരുന്നുണ്ട്.

ഈശോയുടെ ചാരെ നമ്മോടൊപ്പം വരാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിനെ പോലും നിരസിക്കരുത് എന്ന പാഠമാണത്.

ഈശോയുടെ ശിഷ്യന്മാർ എപ്പോഴും ഈശോയുടെ ചാരെ നിന്നു അവിടുത്തെ സ്നേഹത്തിന്റെ പങ്കു പറ്റിയവർ ആയിരുന്നു

ജനങ്ങൾ ദൈവവചനം കേൾക്കാൻ ചുറ്റും കൂടിയപ്പോഴും ശിഷ്യന്മാർ ഈശോയെ വിട്ടു പിരിയാതെ നിന്നു.

എന്നാൽ ഏതാനും ശിശുക്കളെ ഈശോയുടെ ചാരെ കൊണ്ട് വരാനും ഈശോയുടെ അനുഗ്രഹം തേടാനും അമ്മമാർ ശ്രമിച്ചപ്പോൾ കൊച്ചു കുട്ടികൾ ഒരു പക്ഷെ ഈശോയ്ക്ക് ശല്യമായേക്കും എന്നോർത്തായിരിക്കും അവർ തടഞ്ഞത്.

എന്നാൽ ഓരോ ആത്മാവിനെയും ഈശോ അതിയായി സ്നേഹിക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ ദിവസങ്ങളിൽ ഓരോ ആത്മാവിന്റെയും അമ്മമാരെ പോലെയുള്ള കാവൽ മാലാഖാമാർ നമ്മുടെ ചാരെയുള്ള ഈശോയുടെ സമീപത്തേയ്ക്ക് അവരുടെ ചുമതലയുള്ള ആത്മാക്കളെ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കാതെ, നമ്മിലുള്ള ഈശോയെ നമ്മുടെ വാക്കുകളിലൂടെ, ദൈവവചനമായും, നമ്മുടെ പ്രവൃത്തികളിലൂടെ ദൈവകാരുണ്യമായും നമ്മുടെ ചിന്തകളിൽ അവർക്കായുള്ള അനുഗ്രഹപ്രാർത്ഥനയായും പകരാൻ നമുക്ക് ശ്രമിക്കാം.

ഒരർത്ഥത്തിൽ നോക്കിയാൽ ഓരോ ദിവസവും എത്രയധികമായി ഈശോയെ മറ്റുള്ളവർക്ക് നൽകാൻ നമുക്ക് സാധിക്കും.

ദിവ്യകാരുണ്യമുയർത്തി വാഴ്ത്തി വിഭജിച്ചു ദൈവജനത്തിന് നൽകാൻ അഭിഷിക്തരായ വൈദികർക്കേ സാധിക്കുകയുള്ളൂ….

എന്നാൽ നമ്മുടെ കൈവശമുള്ള ബൈബിളിൽ നിന്നും എത്ര വേണമെങ്കിലും ദൈവവചനം മറ്റുള്ളവർക്ക് ധാരാളമായി നൽകാൻ നമുക്ക് അനുദിനം സാധിക്കും.

നമ്മുടെ വാക്കുകളിലൂടെ, അക്ഷരങ്ങളിലൂടെ, നമ്മൾ തയ്യാറാക്കുന്ന കൊച്ചു പോസ്റ്ററുകളിലൂടെ…

ലഭിക്കുന്ന ഓരോ ദൈവവചനവും ശ്രദ്ധിക്കുകയും കേട്ട് അനുസരിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്താൽ ആ വചനം നമ്മുടെ ഹൃദയനിലത്തിൽ വീണു മുളപൊട്ടി ഫലം പുറപ്പെടുവിച്ചു തുടങ്ങി എന്ന് കരുതാം.

ഉദാഹരണത്തിനു….

“ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.”
(യാക്കോബ്‌ 4 : 17)

ഈ വചനം മനസ്സിൽ പതിഞ്ഞത് കൊണ്ട് മാത്രം ചെയ്യാൻ സാധിക്കുന്ന നന്മകൾ ഒക്കെയും ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ എങ്കിൽ ആ വചനത്തിൽ ഞാൻ ജീവിക്കുന്നു എന്നെനിക്ക് തോന്നുന്നു.

ദൈവവചനമായ ഈശോ സ്നേഹിക്കുക മാത്രമല്ല, നമ്മെ ശാസിക്കുകയും തിരുത്തുകയും ചെയ്യും.

നമ്മുടെ ജീവിതത്തിൽ ഒത്തിരി അദ്ധ്യാപകർ വന്നു പോയിട്ടുണ്ട്. എന്നാൽ ദൈവവചനം എന്ന അദ്ധ്യാപകൻ പറഞ്ഞു തന്ന കാര്യങ്ങളോളം മനസ്സിൽ തറച്ച പാഠങ്ങൾ കുറവാണ്‌.

ദൈവവചനം മുറിവേറ്റ, ഭയചകിതമായ മനസിന്‌ തന്ന ആശ്വാസം മറ്റൊന്നിനു പകരം വയ്ക്കാനാവില്ല.

“നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)

ജീവിതത്തിന്റെ അറിയാത്ത വഴിയേ ഈ ദൈവവചനം തന്ന ധൈര്യത്തിൽ മാത്രം ആശ്രയിച്ചു എത്ര തവണ നാം മുന്നോട്ട് പോയിട്ടുണ്ട്.

“യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്‌. “
(യോഹന്നാന്‍ 21 : 7)

ഇനിയും ഓരോ തവണയും നാം ദൈവവചനം കാണുമ്പോൾ, എവിടെ നിന്നെങ്കിലും കേൾക്കുമ്പോൾ, മനസിൽ ദൈവവചനം അലയടിക്കുമ്പോൾ തിരിച്ചറിയാം.

അത് ഈശോയാണ്.

ആമേൻ

💕


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment