Ecclesiastes, Chapter 4 | സഭാപ്രസംഗകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

1 വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദനങ്ങളും വീക്ഷിച്ചു. മര്‍ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദകര്‍ക്കായിരുന്നു; ആരും പ്രതികാരം ചെയ്യാന്‍ ഉണ്ടായിരുന്നില്ല.2 ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ് മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു.3 എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്‍മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്നതിന്‍മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്.4 എല്ലാ അധ്വാനവും എല്ലാ വൈദഗ്ധ്യവും മനുഷ്യരുടെ പരസ്പരസ്പര്‍ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.5 ഭോഷന്‍ കൈയുംകെട്ടിയിരുന്ന് ക്ഷയിക്കുന്നു.6 ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളും ഉത്തമം.7 സൂര്യനു കീഴേ വീണ്ടും ഞാന്‍ മിഥ്യ കണ്ടു.8 പുത്രനോ സഹോദരനോ ആരുമില്ലാത്തവനും അധ്വാനത്തിന് അറുതിയില്ല. ധനം എത്രയായാലും അവനു മതിവരുന്നില്ല. ആര്‍ക്കുവേണ്ടിയാണ് അധ്വാനിക്കുകയും സന്തോഷങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നില്ല. ഇതും മിഥ്യയും പരിതാപകരവുമാണ്.9 രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും.10 അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ്.11 രണ്ടുപേര്‍ ഒരിമിച്ചു കിടന്നാല്‍ അവര്‍ക്കു ചൂടുകിട്ടും, തനിച്ചായാല്‍ എങ്ങനെ ചൂടുകിട്ടും?12 ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല.13 നിര്‍ധനനെങ്കിലും ബുദ്ധിമാനായയുവാവാണ് ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായരാജാവിനെക്കാള്‍ ഭേദം.14 ഒരുവന് കാരാഗൃഹത്തില്‍നിന്ന് സിംഹാസനത്തിലെത്താന്‍ കഴിഞ്ഞേക്കാം. അവന്‍ താനിപ്പോള്‍ ഭരിക്കുന്ന രാജ്യത്ത് ദരിദ്രനായി ജനിച്ചതാവാം.15 അവന്റെ സ്ഥാനത്തു വരേണ്ടിയിരുന്ന ആയുവാവിനെയും സൂര്യനു കീഴിലുള്ള എല്ലാ ജീവികളെയും ഞാന്‍ കണ്ടു.16 അവന്റെ പ്രജകള്‍ക്ക് എണ്ണമില്ല. അവന്‍ എല്ലാവര്‍ക്കും അധിപനുമായിരുന്നു. എങ്കിലും പിന്നീട് വരുന്നവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment