Ecclesiastes, Chapter 6 | സഭാപ്രസംഗകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

1 സൂര്യനു കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു.2 ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു, എങ്കിലും അവിടുന്ന് അവന് അവ അനുഭവിക്കാനുള്ള കഴിവു നല്‍കുന്നില്ല. അന്യന്‍ അവ അനുഭവിക്കുന്നു. ഇതു മിഥ്യയും തീവ്രവേദനയും ആണ്.3 ഒരുവന്‍ നൂറു മക്കളോടുകൂടെ ദീര്‍ഘായുഷ്മാനായിരുന്നാലും അവനു ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ ഒടുക്കം സംസ്‌കാരംപോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനെക്കാള്‍ ഭേദം ചാപിള്ളയായി പിറക്കുകയായിരുന്നുവെന്ന് ഞാന്‍ പറയും.4 കാരണം, അതു മിഥ്യയില്‍ ജനിച്ച് അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ നാമം അവിടെ തിരോഭവിക്കുന്നു.5 അതു വെളിച്ചം കാണുകയോ എന്തെങ്കിലും അറിയുകയോ ചെയ്തിട്ടില്ല; എങ്കിലും അത് മുന്‍പറയപ്പെട്ടവനെപ്പോലെയല്ല, അതിന് സ്വസ്ഥതയുണ്ട്.6 അവന്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കില്‍ ഇരുവരും ഒരിടത്തല്ലേ ചെന്നടിയുന്നത്?7 ഉദരപൂരണത്തിനാണ് മനുഷ്യന്റെ അധ്വാനം മുഴുവന്‍, എങ്കിലും, അവനു വിശപ്പടങ്ങുന്നില്ല.8 ജ്ഞാനിക്കു മൂഢനെക്കാള്‍ എന്തു മേന്‍മയാണുള്ളത്? മറ്റുള്ളവരുടെ മുന്‍പില്‍ ചമഞ്ഞുനടക്കാന്‍ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്തു നേട്ടം?9 കണ്‍മുന്‍ പിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് സങ്കല്‍പങ്ങളില്‍ അലയുന്നതിനെക്കാള്‍ നല്ലത്. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.10 ഉണ്ടായിട്ടുള്ളതിനെല്ലാം പേരിട്ടുകഴിഞ്ഞു. മനുഷ്യന്‍ ആരാണെന്നും തന്നെക്കാള്‍ ശക്തനോടു മല്ലിടാന്‍ അവനു കഴിവില്ലെന്നും വ്യക്തമായിക്കഴിഞ്ഞു.11 വാക്കുകളുടെ പെരുപ്പം മിഥ്യയുടെ പെരുപ്പംതന്നെ; മനുഷ്യന് ഇതിലെന്തു മേന്‍മ?12 നിഴല്‍പോലെ കടന്നുപോകുന്ന ഈ വ്യര്‍ഥമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യന് നന്‍മയായിട്ടുള്ളതെന്താണെന്ന് ആര് അറിയുന്നു? സൂര്യനു കീഴെ തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് അവനോടു പറയാന്‍ ആര്‍ക്കു കഴിയും?

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment