Wisdom, Chapter 11 | ജ്ഞാനം, അദ്ധ്യായം 11 | Malayalam Bible | POC Translation

1 വിശുദ്ധനായ ഒരു പ്രവാചകന്‍വഴി ജ്ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂര്‍ണമാക്കി.2 അവര്‍ നിര്‍ജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുകയും ആരും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ കൂടാരമടിക്കുകയും ചെയ്തു.3 അവര്‍ ശത്രുക്കളെ ചെറുക്കുകയും, തോല്‍പിച്ചോടിക്കുകയും ചെയ്തു.4 ദാഹിച്ചപ്പോള്‍ ജനം അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവര്‍ക്കു കടുംപാറയില്‍നിന്ന് ജലം നല്‍കി ദാഹശമനം വരുത്തി.5 ശത്രുക്കളെ ശിക്ഷിക്കാന്‍ ഉപയോഗിച്ചവസ്തുക്കള്‍തന്നെ അങ്ങയുടെ ജനത്തിനു ക്ലേശത്തില്‍ ഉപകാരപ്രദമായി.6 ശിശുഹത്യയ്ക്കു കല്‍പന പുറപ്പെടുവിച്ചതിനുള്ള7 പ്രതിക്രിയയായി രക്തരൂക്ഷിതമായി കലങ്ങിമറിഞ്ഞൊഴുകുന്ന നദിക്കുപകരം, അവിടുന്ന് അവര്‍ക്ക് അപ്രതീക്ഷിതമായരീതിയില്‍ സമൃദ്ധമായി ജലം നല്‍കി.8 അവരുടെ ശത്രുക്കളെ അവിടുന്ന് എങ്ങനെ ശിക്ഷിക്കുന്നു എന്ന് അവരുടെ കഠിനദാഹം വഴി അവിടുന്ന് അവര്‍ക്കു കാണിച്ചുകൊടുത്തു.9 കാരുണ്യപൂര്‍വമായ ശിക്ഷണമായിരുന്നെങ്കിലും തങ്ങള്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍,ദൈവഭക്തിയില്ലാത്തവരെ ക്രോധത്തില്‍ ശിക്ഷിക്കുന്നത് എത്ര കഠിനമായിട്ടാണെന്ന് അവര്‍ അറിഞ്ഞു.10 പിതാവ് തെറ്റുതിരുത്താന്‍ ശിക്ഷിക്കുന്നതുപോലെ അങ്ങ് അവരെ ശോധനചെയ്തു. വിട്ടുവീഴ്ചയില്ലാത്ത രാജാവ് കുറ്റവാളികളെ ശിക്ഷിക്കുന്നതുപോലെ അങ്ങ് അധര്‍മികളെ ശിക്ഷിച്ചു.11 അടുത്തോ അകലെയോ ആകട്ടെ, അവര്‍ ഒന്നുപോലെ വേദന അനുഭവിച്ചു.12 രണ്ടു വിധത്തില്‍ ദുഃഖം അവരെ കീഴ്‌പ്പെടുത്തി. പൂര്‍വകാലസംഭവങ്ങള്‍ ഓര്‍ത്ത് അവര്‍ ഞരങ്ങി.13 തങ്ങള്‍ക്കുലഭിച്ച ശിക്ഷയിലൂടെ നീതിമാന്‍മാര്‍ക്കു നന്‍മ ലഭിച്ചെന്നു കേട്ടപ്പോള്‍ അവര്‍ അതു കര്‍ത്താവിന്റെ പ്രവൃത്തിയാണെന്ന് അറിഞ്ഞു.14 പണ്ടേ തങ്ങള്‍ നിരാലംബനായി പുറംതള്ളുകയും പുച്ഛിച്ചുതള്ളുകയും ചെയ്തവനെക്കുറിച്ച്, സംഭവ പരിണാമം കണ്ട് അവര്‍ വിസ്മയിച്ചു; നീതിമാന്‍മാരുടെയും തങ്ങളുടെയും ദാഹം വ്യത്യസ്തമാണെന്ന് അവര്‍ കണ്ടു.

ദൈവത്തിന്റെ കാരുണ്യം

15 സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു.16 പാപം ചെയ്യാന്‍ ഉപയോഗിച്ചവസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്.17 രൂപരഹിതമായ പദാര്‍ഥത്തില്‍നിന്ന് ലോകം സൃഷ്ടിച്ച അങ്ങയുടെ സര്‍വശക്തമായ കരത്തിന് കരടികളുടെ കൂട്ടത്തെയോ, ധീരസിംഹങ്ങളെയോ അവരുടെമേല്‍ അയയ്ക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.18 അല്ലെങ്കില്‍, അജ്ഞാതമായ ക്രൂരജന്തുക്കളെ പുതുതായി സൃഷ്ടിച്ചയയ്ക്കാമായിരുന്നു. അല്ലെങ്കില്‍, അഗ്‌നിമയമായ ശ്വാസം ഊതുന്നതോ, കനത്ത ധൂമപടലം തുപ്പുന്നതോ, കണ്ണില്‍നിന്നു തീപ്പൊരി പാറുന്നതോ ആയവയെ അയയ്ക്കാമായിരുന്നു.19 അവ ആക്രമിക്കേണ്ടാ, അവയുടെ ദര്‍ശനം മതി, മനുഷ്യരെ ഭയപ്പെടുത്തി, നിശ്‌ശേഷം നശിപ്പിക്കാന്‍.20 ശിക്ഷാവിധി പിന്തുടരുന്ന അവരെ അങ്ങയുടെ ഒറ്റശ്വാസത്താല്‍ നിഗ്ര ഹിക്കാമായിരുന്നു; അങ്ങയുടെ ശക്തിയുടെ ശ്വാസത്താല്‍ ചിതറിക്കാമായിരുന്നു. എന്നാല്‍, അങ്ങ് സര്‍വവും എണ്ണിത്തൂക്കി, അളന്നു ക്രമപ്പെടുത്തിയിരിക്കുന്നു.21 മഹത്തായ ശക്തി അവിടുത്തേക്ക് അധീനമാണ്. അങ്ങയുടെ ഭുജബലത്തെ ചെറുക്കാനാര്‍ക്കു കഴിയും?22 ലോകം, അങ്ങയുടെ മുന്‍പില്‍, ത്രാസിലെ തരിപോലെയും, പ്രഭാതത്തില്‍ ഉതിര്‍ന്നു വീഴുന്ന ഹിമകണംപോലെയുമാണ്.23 എന്നാല്‍, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു; അവിടുത്തേക്ക് എന്തും സാധ്യമാണല്ലോ. മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു.24 എല്ലാറ്റിനെയും അങ്ങ് സ്‌നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ്‌ദ്വേഷിക്കുന്നില്ല; ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല.25 അങ്ങ് ഇച്ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്‍ക്കുമോ? അങ്ങ് അസ്തിത്വം നല്‍കിയില്ലെങ്കില്‍, എന്തെങ്കിലും പുലരുമോ?26 ജീവനുള്ളവയെ സ്‌നേഹിക്കുന്ന കര്‍ത്താവേ, സര്‍വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment