Wisdom, Chapter 13 | ജ്ഞാനം, അദ്ധ്യായം 13 | Malayalam Bible | POC Translation

വിഗ്രഹാരാധന

1 ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്‍മകളില്‍ നിന്ന് ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല.2 അഗ്‌നി, വായു, കാറ്റ് നക്ഷത്രവലയങ്ങള്‍, ക്‌ഷോഭിച്ച സമുദ്രം, ആകാശതേജസ്‌സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദേവന്‍മാരായി അവര്‍ കരുതി.3 അവയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് മനുഷ്യര്‍ അവയെ ദേവന്‍മാരായി സങ്കല്‍പിച്ചെങ്കില്‍, അവയെക്കാള്‍ ശ്രേഷ്ഠനാണ് അവയുടെ കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്.4 അവയുടെ ശക്തിയും പ്രവര്‍ത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന് അവയില്‍നിന്ന് അവര്‍ ധരിക്കട്ടെ!5 സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം.6 ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താന്‍ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യാ.7 അവിടുത്തെ സൃഷ്ടികളുടെ മധ്യേ ജീവിച്ച് അവര്‍ അന്വേഷണം തുടരുകയാണ്, ദൃശ്യവസ്തുക്കള്‍ മനോഹരമാകയാല്‍ അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു;8 എങ്കിലും, അവര്‍ക്കുന്യായീകരണമില്ല.9 ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത് എന്തുകൊണ്ട്?10 സ്വര്‍ണം, വെള്ളി ഇവയില്‍ നിര്‍മിച്ച രൂപങ്ങളെയോ മൃഗങ്ങളുടെ രൂപങ്ങളെയോ, പണ്ടെങ്ങോ നിര്‍മിച്ച നിരുപയോഗമായ ശിലയെയോ ദേവന്‍മാരാക്കി നിര്‍ജീവമായ അവയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ നില ശോചനീയമാണ്.11 മരത്തില്‍ പണിയുന്ന വിദഗ്ധശില്‍പി എളുപ്പം മുറിക്കാവുന്ന മരം അറുത്ത് തൊലി നീക്കി ഉപയോഗപ്രദമായ പാത്രങ്ങള്‍ ഉണ്ടാക്കുന്നു.12 തള്ളിക്കളഞ്ഞകഷണങ്ങള്‍ കത്തിച്ച് ഭക്ഷണം പാകം ചെയ്ത്, നിറയെ തിന്നുന്നു.13 നിരുപയോഗമായി ശേഷിക്കുന്ന വളഞ്ഞു പിരിഞ്ഞമുട്ടുകള്‍ നിറഞ്ഞകഷണം എടുത്ത് സൂക്ഷ്മതയോടെ കൊത്തുപണിചെയ്ത് വിശ്രമസമയംപോക്കുന്നു. അങ്ങനെ അതിനു മനുഷ്യരൂപം നല്‍കുന്നു.14 അഥവാ, ഏതെങ്കിലും ക്ഷുദ്രമൃഗത്തിന്റെ രൂപം കൊത്തി ചായം പൂശി ചെമപ്പിച്ച്, കുറവുകള്‍ ചായംകൊണ്ടു മറയ്ക്കുന്നു.15 അവന്‍ അത് ഉചിതമായ സ്ഥാനത്ത് ഭിത്തിയില്‍ ആണികൊണ്ട് ഉറപ്പിക്കുന്നു.16 അത് അതിനെത്തന്നെ സംരക്ഷിക്കാന്‍ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവന്‍ അതു വീണുപോകാതെശ്രദ്ധിക്കുന്നു.17 എങ്കിലും സമ്പത്തിനും വിവാഹത്തിനും മക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ നിര്‍ജീവമായ അതിനെ വിളിച്ചപേക്ഷിക്കാന്‍ അവനു ലജ്ജയില്ല.18 ആരോഗ്യത്തിന് ദുര്‍ബലവസ്തുവിനോടും, ജീവന് നിര്‍ജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തതിനോടും,യാത്രാമംഗളത്തിന് അചരവസ്തുവിനോടും, അവന്‍ പ്രാര്‍ഥിക്കുന്നു.19 ധനസമ്പാദനത്തിനും ജോലിക്കും പ്രവൃത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്, ശക്തിഹീനമായ കരത്തോടു പ്രാര്‍ഥിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment