1 ഞങ്ങളുടെ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.2 ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്; ഞങ്ങള്‍ അവിടുത്തെ ശക്തി അറിയുന്നു. അങ്ങ് ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന് അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;3 അങ്ങയെ അറിയുന്നതാണ് നീതിയുടെ പൂര്‍ണ ത. അങ്ങയുടെ ശക്തി അറിയുന്നതാണ് അമര്‍ത്യതയുടെ ആരംഭം.4 മനുഷ്യന്റെ കരവേലയുടെ ദുഷ്‌പ്രേരണയോ, ചിത്രകാരന്റെ നിഷ്ഫലയത്‌നമായ നാനാവര്‍ണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.5 അവയുടെ രൂപം മൂഢരെ ആവേശം കൊള്ളിക്കുന്നു. നിര്‍ജീവവിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.6 അവനിര്‍മിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവര്‍ തിന്‍മയുടെ കമിതാക്കളാണ്; അവയില്‍ കവിഞ്ഞഒന്നിലും ആശ്രയിക്കാന്‍ അവര്‍ക്ക് അര്‍ഹ തയില്ല.7 കുശവന്‍ കളിമണ്ണു കുഴച്ച്, കിണഞ്ഞു പരിശ്രമിച്ച്, ഉപയോഗയോഗ്യമായ പാത്രങ്ങളുണ്ടാക്കുന്നു. ഒരേ മണ്ണില്‍ നിന്ന് ഒരേ രീതിയില്‍ അവന്‍ ശുദ്ധവും അശുദ്ധവുമായ ഉപയോഗങ്ങള്‍ക്കു പാത്രങ്ങളുണ്ടാക്കുന്നു; ഓരോന്നിന്റെയും ഉപയോഗം അവനാണ് നിര്‍ണയിക്കുന്നത്.8 അല്‍പകാലം മുന്‍പ് മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ടവനും, അല്‍പകാലം കഴിയുമ്പോള്‍, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചേല്‍പിച്ച് മണ്ണിലേക്ക് മടങ്ങേണ്ടവനുമായ മനുഷ്യനാണ് വിഫലമായി അതേ മണ്ണില്‍നിന്ന് വ്യാജദൈവത്തെ മെനയുന്നത്.9 തനിക്കു മരണമുണ്ടെന്നോ തന്റെ ജീവിതം ഹ്രസ്വമെന്നോ അവന്‍ ചിന്തിക്കുന്നില്ല. എന്നാല്‍ അവന്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ പണിയുന്നവരോടു മത്‌സരിക്കുന്നു; ചെമ്പുപണിക്കാരെ അനുകരിക്കുന്നു. വ്യാജദൈവങ്ങളെ ഉണ്ടാക്കുന്നതില്‍ അഭിമാനിക്കുന്നു.10 അവന്റെ ഹൃദയം ചാ മ്പലും, പ്രത്യാശ കുപ്പയെക്കാള്‍ വിലകുറഞ്ഞതും, ജീവിതം കളിമണ്ണിനെക്കാള്‍ നിസ്‌സാരവുമാണ്.11 തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയാന്‍ അവന്‍ വിസമ്മതിച്ചു.12 നമ്മുടെ അസ്തിത്വത്തെ അലസവിനോദമായും ജീവിതത്തെ ആദായകരമായ ഉത്‌സവമായും പരിഗണിച്ചു. ഹീനമാര്‍ഗങ്ങളിലൂടെപ്പോലും മനുഷ്യന്‍ കഴിയുന്നത്ര പണം സമ്പാദിക്കണമെന്നാണ് അവന്‍ പറയുന്നത്.13 ജഡപദാര്‍ഥത്തില്‍നിന്നു ദുര്‍ബ ലപാത്രങ്ങളും കൊത്തുവിഗ്രഹങ്ങളും നിര്‍മിക്കുമ്പോള്‍ താന്‍ പാപം ചെയ്യുകയാണെന്ന് അവന്‍ എല്ലാവരെയുംകാള്‍ നന്നായി അറിയുന്നുണ്ട്.14 ശിശുക്കളുടേതിനെക്കാളും ബുദ്ധിഹീനവും ശോചനീയവുമാണ്, അങ്ങയുടെ ജനത്തെ മര്‍ദിക്കുന്ന ശത്രുക്കളുടെ നില.15 കാ ഴ്ചയില്ലാത്ത കണ്ണുകളും ശ്വസിക്കാത്തനാസാരന്ധ്രങ്ങളും കേള്‍ക്കാത്ത ചെവികളും സ്പര്‍ശനം സാധ്യമല്ലാത്ത വിരലുകളും നടക്കാന്‍ ഉപകരിക്കാത്ത പാദങ്ങളും ഉള്ളമ്ലേച്ഛവിഗ്രഹങ്ങള്‍ ദേവന്‍മാരാണെന്ന് അവര്‍ വിചാരിക്കുന്നു.16 വായ്പ വാങ്ങിയചൈതന്യം മാത്രമുള്ള മനുഷ്യന്‍ ഉണ്ടാക്കിയതാണ് അവ. തന്നെപ്പോലെതന്നെയുള്ളദൈവത്തെ സൃഷ്ടിക്കുക ഒരുവനും സാധ്യമല്ലല്ലോ. അവന്‍ മര്‍ത്യനാണ്,17 അവന്റെ അനുസരണമില്ലാത്ത കരങ്ങള്‍ നിര്‍മിക്കുന്നതും മൃതമാണ്. അവന്‍ ആരാധിക്കുന്ന വസ്തുക്കളെക്കാള്‍ അവന്‍ ഉത്കൃഷ്ടനാണ്; അവനു ജീവനുണ്ട്, അവയ്ക്ക് അതില്ല.18 അങ്ങയുടെ ജനത്തിന്റെ വൈരികള്‍ നികൃഷ്ട ജന്തുക്കളെപ്പോലും ആരാധിക്കുന്നു. ബുദ്ധിഹീനതനോക്കുമ്പോള്‍ അവ മറ്റുള്ള എല്ലാറ്റിനെയുംകാള്‍ മോശമാണ്.19 മൃഗങ്ങള്‍ എന്ന നിലയ്ക്കുപോലും അവ കാഴ്ചയില്‍ അനാകര്‍ഷകമാണ്. ദൈവത്തിന്റെ മതിപ്പോ അനുഗ്രഹമോ അവയെ സ്പര്‍ശിച്ചിട്ടില്ല.
Advertisements
Advertisements
Advertisements
Discover more from Nelson MCBS
Subscribe to get the latest posts sent to your email.
Posted in: POC Malayalam Bible


Leave a comment