Wisdom, Chapter 16 | ജ്ഞാനം, അദ്ധ്യായം 16 | Malayalam Bible | POC Translation

ജന്തുക്കളിലൂടെ ശിക്ഷ

1 മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു.2 സ്വജനത്തെ ശിക്ഷിക്കുന്നതിനു പകരം അങ്ങ് അവരോടു കാരുണ്യം കാണിച്ചു. അവര്‍ക്കു വിശപ്പടക്കാന്‍ രുചികരമായ കാടപ്പക്ഷികളെ നല്‍കി.3 ഭക്ഷണംകൊതിച്ച വൈരികള്‍ക്കാകട്ടെ, അരോചകമായ വിചിത്രജീവികളെ അയച്ചു. സ്വജനത്തിന്റെ അല്‍പകാലത്തെ ദാരിദ്ര്യത്തിനുശേഷം അങ്ങ് അവര്‍ക്കു വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി.4 ആ മര്‍ദകര്‍ക്കു കഠിനദാരിദ്ര്യം നല്‍കുക ആവശ്യകമായിരുന്നു. ശത്രുക്കളെ എത്രമാത്രം അങ്ങ് പീഡിപ്പിച്ചുവെന്ന് അങ്ങയുടെ ജനത്തെ ഇതുവഴി കാണിച്ചുകൊടുത്തു.5 അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സര്‍പ്പദംശനമേറ്റു നശിക്കുകയും ചെയ്തപ്പോള്‍ അങ്ങയുടെ ക്രോധം നീണ്ടു നിന്നില്ല.6 അവര്‍ അല്‍പകാലം, താക്കീതെന്ന നിലയില്‍, പീഡനമേറ്റു; അങ്ങയുടെ നിയമത്തിലെ അനുശാസനങ്ങള്‍ ഓര്‍മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്‍കി.7 അതിലേക്കു നോക്കിയവര്‍ രക്ഷപ്പെട്ടു; അവര്‍കണ്ട വസ്തുവിനാലല്ല, എല്ലാറ്റിന്റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു.8 അങ്ങാണു ഞങ്ങളെ തിന്‍മയില്‍നിന്നു രക്ഷിക്കുന്നതെന്ന് ഞങ്ങളുടെ ശത്രുക്കളെ അങ്ങ് ഇതുവഴി ബോധ്യപ്പെടുത്തി;9 വെട്ടുകിളികളുടെയും ഈച്ചകളുടെയും ഉപദ്രവത്താല്‍ അവര്‍ മരിച്ചുവീണു. അവര്‍ക്ക് ഉപശാന്തി ലഭിച്ചില്ല. ഇത്തരത്തിലുള്ള ശിക്ഷയ്ക്ക് അവര്‍ അര്‍ഹരായിരുന്നു.10 അങ്ങയുടെ മക്കളെ വക വരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി.11 അങ്ങയുടെ കല്‍പനകള്‍ അനുസ്മരിപ്പിക്കാന്‍ അവര്‍ ദംശിക്കപ്പെട്ടു. എന്നാല്‍, അവിടുന്ന് അവരെ അതിവേഗം രക്ഷിച്ചു. അല്ലെങ്കില്‍ ആഴമുള്ള വിസ്മൃതിയിലാണ്ട്, അങ്ങയുടെ കാരുണ്യം അനുഭവിക്കാന്‍ അവര്‍ക്ക് ഇടയാകാതെ പോകുമായിരുന്നു.12 കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.13 ജീവന്റെയും മരണത്തിന്റെയും മേല്‍ അങ്ങേക്ക് അ ധികാരമുണ്ട്, മനുഷ്യരെ പാതാളകവാടത്തിലേക്ക് ഇറക്കുന്നതും അവിടെനിന്നു വീണ്ടെ ടുക്കുന്നതും അവിടുന്നാണ്.14 ഒരുവന്‍ തന്റെ ദുഷ്ടതയില്‍ മറ്റൊരുവനെ വധിക്കുന്നു. എന്നാല്‍, വേര്‍പെട്ടു പോയ ജീവനെ തിരിയെക്കൊണ്ടുവരാനോ ബന്ധിതമായ ആത്മാവിനെ മോചിപ്പിക്കാനോ അവനു കഴിവില്ല.

കന്‍മഴയും മന്നായും

15 അങ്ങയുടെ ശിക്ഷയില്‍നിന്ന് ഓടിയൊളിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.16 അങ്ങയെ അറിയാന്‍ കൂട്ടാക്കാത്ത ധിക്കാരികള്‍ അങ്ങയുടെ ശക്തമായ പ്രഹരമേറ്റു; അവരെ അതിവൃഷ്ടിയും ഹിമപാതവും കൊടുങ്കാറ്റും പിന്തുടര്‍ന്നു; അഗ്‌നി അവരെ നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്തു. എത്ര അവിശ്വസനീയം!17 എല്ലാറ്റിനെയും ശമിപ്പിക്കുന്ന ജലത്തില്‍ അഗ്‌നി കൂടുതല്‍ ശക്തിയോടെ ജ്വലിച്ചു; പ്രപഞ്ചം നീതിമാന്‍മാര്‍ക്കു വേണ്ടി പോരാടുമല്ലോ.18 അധര്‍മികള്‍ക്കെതിരേ അയയ്ക്കപ്പെട്ട ജീവികള്‍ നശിക്കാതിരിക്കാനും, ഇതുകണ്ട്, തങ്ങളെ ദൈവത്തിന്റെ ശിക്ഷാവിധി പിന്‍തുടരുകയാണെന്ന് അവര്‍ മനസ്‌സിലാക്കാനും വേണ്ടി ഒരു ഘട്ടത്തില്‍ അഗ്‌നി അടങ്ങി.19 വീണ്ടും ഒരിക്കല്‍ അധര്‍മം നിറഞ്ഞദേശത്തെ വിള വു നശിപ്പിക്കാന്‍ ജലമധ്യത്തില്‍ അത് അ ഗ്‌നിയെക്കാളും തീക്ഷ്ണമായി ജ്വലിച്ചു.20 അങ്ങയുടെ ജനത്തിന് ദൈവദൂതന്‍മാരുടെ അപ്പം അങ്ങ് നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്ഷണം സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്ക് അങ്ങ് നല്‍കി. അങ്ങ് നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്ക്കുള്ള വാത്‌സല്യം പ്രകടമാക്കി.21 ഭക്ഷിക്കുന്നവന്റെ രുചിക്കൊത്ത് അത് രൂപാന്തരപ്പെട്ടു.22 ഹിമപാതത്തില്‍ ആളിക്കത്തിയതും വര്‍ഷധാരയില്‍ ഉജ്ജ്വലിച്ചതുമായ അഗ്‌നി, ശത്രുക്കളുടെ വിള നശിപ്പിച്ചെന്ന് അവര്‍ അറിയാന്‍ തക്കവിധം മഞ്ഞും മഞ്ഞുകട്ടിയും അഗ്‌നിയിലുരുകിയില്ല.23 നീതിമാന്‍മാരെ പോറ്റിരക്ഷിക്കാന്‍ അഗ്‌നി സ്വഗുണം മറന്നു.24 സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്ന സൃഷ്ടി അധര്‍മികളെ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയും അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവരോടു കരുണകാണിക്കുകയും ചെയ്യുന്നു.25 കര്‍ത്താവേ, അങ്ങയെ ആശ്രയിക്കുന്നവരെ പോററുന്നത്26 വിവിധ ധാന്യവിളകളല്ല, അങ്ങയുടെ വചനമാണെന്ന് അങ്ങയുടെ വത്‌സലമക്കള്‍ ഗ്രഹിക്കാന്‍വേണ്ടി, സൃഷ്ടികള്‍ ആവശ്യക്കാരുടെ ആഗ്രഹത്തിനൊത്ത് രൂപാന്തരം പ്രാപിച്ച് എല്ലാറ്റിനെയും പോറ്റുന്ന അങ്ങയുടെ ഔദാര്യത്തെ വെളിപ്പെടുത്തി.27 അഗ്‌നിയില്‍ നശിക്കാത്തത് അരുണോദയത്തില്‍ ഉരുകി.28 ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന് പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്ഞാപനമായിരുന്നു.29 കൃതഘ്‌നന്റെ പ്രത്യാശ ശീതകാലത്തെ മൂടല്‍മഞ്ഞുപോലെ ഉരുകും; ഉപയോഗശൂന്യമായ ജലം പോലെ ഒഴുകിപ്പോകും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment