Wisdom, Chapter 2 | ജ്ഞാനം, അദ്ധ്യായം 2 | Malayalam Bible | POC Translation

1 അവര്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.2 നമ്മുടെ ജനനംയാദൃച്ഛികമാണ്, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്, ഹൃദയ സ്പന്ദനംകൊണ്ടു ജ്വലിക്കുന്നതീപ്പൊരിയാണു ചിന്ത.3 അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്മാവ് ശൂന്യമായ വായുപോലെ അലിഞ്ഞ് ഇല്ലാതാകും.4 ക്രമേണ നമ്മുടെ നാമം വിസ്മൃതമാകും, നമ്മുടെ പ്രവൃത്തികള്‍ ആരും ഓര്‍മിക്കുകയില്ല; ജീവിതം മേഘശകലംപോലെ മാഞ്ഞുപോകും; സൂര്യകിരണങ്ങളേറ്റു ചിതറുന്ന, വെയിലേറ്റ് ഇല്ലാതാവുന്ന മൂടല്‍മഞ്ഞുപോലെ അതു നശിക്കും.5 നമുക്കു നിശ്ചയിച്ചിരിക്കുന്ന കാലം നിഴല്‍പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ട് ഉറപ്പിച്ചതാണ്, ആരും തിരിച്ചുവരുകയില്ല.6 വരുവിന്‍, ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കള്‍ ആസ്വദിക്കാം.യുവത്വത്തിന്റെ ഉന്‍മേഷത്തോടെ ഈ സൃഷ്ടികള്‍ അനുഭവിക്കാം.7 മുന്തിയ വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.8 വാടുംമുന്‍പേ പനിനീര്‍മൊട്ടുകൊണ്ട് കിരീടമണിയാം.9 സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരി; ഇതാണു നമ്മുടെ അവകാശം.10 നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാം; വിധവയെ വെറുതെ വിടേണ്ടാ. വൃദ്ധന്റെ നരച്ച മുടിയെ മാനിക്കരുത്.11 കരുത്താണ് നമ്മുടെ നീതിയുടെ മാനദണ്‍ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.12 നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്; അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച് അവന്‍ നമ്മെ ശാസിക്കുന്നു.13 തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.14 അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.15 അവനെ കാണുന്നതുതന്നെ നമുക്കു ദുസ്‌സഹമാണ്. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്; മാര്‍ഗങ്ങള്‍ അസാധാരണവും.16 അവന്‍ നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്ധമെന്നപോലെ അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നു; ദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.17 അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം.18 നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്ന് അവനെ തുണയ്ക്കും, ശത്രുകരങ്ങളില്‍ നിന്നുമോചിപ്പിക്കും.19 നിന്ദനവും പീഡ നവുംകൊണ്ട് അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.20 അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.21 അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി.22 ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.23 നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.24 പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment