Wisdom, Chapter 4 | ജ്ഞാനം, അദ്ധ്യായം 4 | Malayalam Bible | POC Translation

1 ഇതിനെക്കാള്‍ നന്ന് സന്താനരഹിതനായി നന്‍മയോടുകൂടെ ജീവിക്കുന്നതാണ്. നന്‍മയുടെ സ്മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു.2 നന്‍മ കാണുമ്പോള്‍ മനുഷ്യര്‍ അതിനെ മാതൃകയാക്കുന്നു; അപ്രത്യക്ഷമാകുമ്പോള്‍ അതിനെ തീവ്രമായി കാംക്ഷിക്കുന്നു. എല്ലായ്‌പോഴും അതു വിജയകിരീടമണിഞ്ഞു മുന്നേറുന്നു; കളങ്കമേശാത്ത സമ്മാനങ്ങള്‍ക്കുവേണ്ടിയുള്ള മത്‌സരത്തില്‍ വിജയം വരിക്കുന്നു.3 അധര്‍മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല.4 അല്‍പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റില്‍ ഉലയും; കൊടുങ്കാറ്റില്‍ കടപുഴകി വീഴും.5 വളര്‍ച്ചയെത്തുംമുന്‍പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്ത തിനാല്‍ ഭക്ഷണയോഗ്യമല്ല, ഒന്നിനും ഉപയുക്തവുമല്ല.6 ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്‍മയുടെ സാക്ഷികളാകും.

അകാലമരണം

7 നീതിമാന്‍ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തി ആസ്വദിക്കും.8 വാര്‍ധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല.9 മനുഷ്യര്‍ക്കു വിവേകമാണ് നരച്ചമുടി, കറയറ്റ ജീവിതമാണ് പക്വതയാര്‍ന്ന വാര്‍ധക്യം.10 ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരുവനുണ്ടായിരുന്നു; അവനെ അവിടുന്ന് സ്‌നേഹിച്ചു. പാപികളുടെ ഇടയില്‍ വസിക്കുമ്പോള്‍ അവന്‍ സംവഹിക്കപ്പെട്ടു.11 തിന്‍മ അവന്റെ വിവേകത്തെ മാറ്റിമറിക്കാതെ, വഞ്ചന മനസ്‌സിനെ പ്രലോഭിപ്പിക്കാതെ, അവന്‍ സംവഹിക്കപ്പെട്ടു.12 തിന്‍മയുടെ വശീകരണശക്തിയില്‍ നന്‍മയ്ക്കു മങ്ങലേല്‍ക്കുന്നു; ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്കഹൃദയത്തെ വഴിതെറ്റിക്കുന്നു.13 ഹ്രസ്വകാലം കൊണ്ടു പൂര്‍ണത കൈവരിച്ചതിനാല്‍, നീതിമാന്‍ ദീര്‍ഘകാലം പിന്നിട്ടു;14 കര്‍ത്താവിനു പ്രീതികരനാകയാല്‍ തിന്‍മയുടെ മധ്യത്തില്‍നിന്ന് കര്‍ത്താവ് അവനെ വേഗം രക്ഷിച്ചു.15 ജനതകള്‍ കണ്ടു, പക്‌ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയും അനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്‌സിലാക്കിയില്ല.16 മരിച്ച നീതിമാന്‍ ജീവിച്ചിരിക്കുന്ന അധര്‍മികളെ വിധിക്കും; വേഗം പൂര്‍ണത നേടിയയുവാവ് നീണ്ട വാര്‍ധക്യം ബാധിച്ച അധര്‍മികളെയും.17 വിവേകിയുടെ മരണം അവര്‍ കാണും, കര്‍ത്താവ് അവനു നല്‍കാന്‍പോകുന്നത് എന്തെന്നോ അവനെ സുരക്ഷിതനായി കാത്തുപോന്നത് എന്തിനെന്നോ അവര്‍ ഗ്രഹിക്കുകയില്ല.18 അവര്‍ അവനോട് അവജ്ഞയോടെ വര്‍ത്തിക്കും; എന്നാല്‍, കര്‍ത്താവ് അവരെ പരിഹസിച്ചു ചിരിക്കും. അവര്‍ മാനിക്കപ്പെടാത്ത ജഡങ്ങളായിത്തീരും; മൃതരുടെ ഇടയില്‍ അവര്‍ എന്നേക്കും നിന്ദാപാത്രങ്ങളാകും.19 കര്‍ത്താവ് അവരെ നിലത്തടിച്ചു നിശ്ശബ്ദരാക്കും. അവരുടെ അടിത്തറ ഇളക്കിമറിക്കും; അവര്‍ വരണ്ടു ശൂന്യമാകും, അവര്‍യാതനകള്‍ക്ക് ഇരയാകും, അവരുടെ സ്മരണ ഇല്ലാതാകും.

അവസാനവിധി

20 തങ്ങളുടെ പാപങ്ങളുടെ കണക്കെടുക്കുമ്പോള്‍ അവര്‍ ഭയചകിതരായെത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ അവരെ മുഖത്തുനോക്കി കുറ്റപ്പെടുത്തും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment