Wisdom, Chapter 5 | ജ്ഞാനം, അദ്ധ്യായം 5 | Malayalam Bible | POC Translation

1 നീതിമാന്‍ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കും.2 അവര്‍ അവനെ കാണുമ്പോള്‍ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍ വിസ്മയിക്കും.3 അവര്‍ പശ്ചാത്താപവിവശരായി ദീനരോദനത്തോടെ പരസ്പരം പറയും:4 ഭോഷന്‍മാരായ നമ്മള്‍ ഇവനെയാണു പരിഹ സിച്ച് നിന്ദയ്ക്കു പര്യായമാക്കിയത്. അവന്റെ ജീവിതം ഭ്രാന്താണെന്നും അവസാനം മാനം കെട്ടതാണെന്നും നാം ചിന്തിച്ചു.5 അവനെങ്ങനെ ദൈവപുത്രരോടുകൂടെ എണ്ണപ്പെട്ടു? വിശുദ്ധരുടെ ഇടയില്‍ അവനെങ്ങനെ അവകാശം ലഭിച്ചു?6 അതിനാല്‍, സത്യത്തില്‍നിന്ന് വ്യതിചലിച്ചതു നമ്മളാണ്. നീതിയുടെ രശ്മി നമ്മുടെമേല്‍ പ്രകാശിച്ചില്ല, നമ്മുടെമേല്‍ സൂര്യന്‍ ഉദിച്ചില്ല.7 അധര്‍മത്തിന്റെയും വിനാശത്തിന്റെയും പാതയില്‍ നാംയഥേഷ്ടം ചരിച്ചു. വഴിത്താരയില്ലാത്ത മരുഭൂമികളിലൂടെ സഞ്ചരിച്ചു; കര്‍ത്താവിന്റെ മാര്‍ഗത്തെനാം അറിഞ്ഞില്ല.8 അഹങ്കാരംകൊണ്ടു നമുക്ക് എന്തു നേട്ടമുണ്ടായി? ധനവും ഗര്‍വും നമുക്ക് എന്തു നല്‍കി?9 നിഴല്‍പോലെയും കടന്നുപോകുന്ന കിംവദന്തിപോലെയും അവ അപ്രത്യക്ഷമാകും.10 ഇള കിമറിയുന്നതിരമാലകളില്‍ ചരിക്കുന്ന കപ്പല്‍ ഒരു രേഖയും അവശേഷിപ്പിക്കാത്തതുപോലെ അവ അപ്രത്യക്ഷമാകും.11 പറക്കുന്ന പക്ഷിയുടെ മാര്‍ഗം വായുവില്‍ തെളിഞ്ഞുനില്‍ക്കുന്നില്ല; ചിറകടിയേല്‍ക്കുന്ന ലോലവായു പറക്കലിന്റെ വേഗത്താല്‍ മുറിയുന്നു. എന്നാല്‍, അടയാളം അവിടെ ശേഷിക്കുന്നില്ല; ചിറകുകൊണ്ട് വായുവിനെ തുളച്ചുകീറി പക്ഷി മുന്നോട്ടുപോകുന്നു. എന്നാല്‍, അതിന്റെ അടയാളം അവശേഷിക്കുന്നില്ല.12 ലക്ഷ്യത്തിലേക്ക് എയ്യുന്ന അസ്ത്രം വായുവിനെ ഭേദിച്ചാലും ഉടനെ അതു കൂടിച്ചേരുന്നു. അങ്ങനെ അസ്ത്രത്തിന്റെ മാര്‍ഗം ആരും അറിയുന്നില്ല.13 അപ്രകാരം നമ്മളും ജനിച്ച ഉടനെ ഇല്ലാതായി; സുകൃതത്തിന്റെ അടയാളമൊന്നും നമുക്ക് കാണിക്കാനില്ല. നമ്മുടെ ദുഷ്ടതയില്‍ നാം നശിച്ചു.14 അധര്‍മിയുടെ പ്രത്യാശ കാറ്റില്‍പെട്ട പതിരുപോലെയും, കൊടുങ്കാറ്റടിച്ചു പറത്തിയ പൊടിമഞ്ഞുപോലെയുമാണ്; കാറ്റിന്റെ മുന്‍പില്‍ അതു പുകപോലെ ചിതറിപ്പോകും; ഒരുദിവസം മാത്രം താമസിച്ച അതിഥിയുടെ സ്മരണപോലെ അത് അസ്തമിക്കും.15 നീതിമാന്‍മാര്‍ എന്നേക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു.16 അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്ക് കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും.17 കര്‍ത്താവ് തീക്ഷ്ണ തയാകുന്ന കവചമണിയും; തങ്ങളുടെ വൈരികളെ തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും.18 അവിടുന്ന് നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും.19 വിശുദ്ധിയെ അജയ്യമായ പരിചയാക്കും.20 ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കും, നീചന്‍മാര്‍ക്കെതിരേയുദ്ധംചെയ്യാന്‍ സൃഷ്ടി മുഴുവന്‍ കര്‍ത്താവിന്റെ പക്ഷത്ത് അണിനിരക്കും.21 വിദ്യുച്ഛരങ്ങള്‍ നന്നായി കുലച്ച മേഘവില്ലില്‍ നിന്നെന്നപോലെ ലക്ഷ്യത്തിലേക്ക് ഊക്കോടെ കുതിച്ചുപായും.22 കവിണയില്‍ നിന്നെന്നപോലെ ക്രോധത്തിന്റെ കന്‍മഴ അവര്‍ക്കെതിരേ വര്‍ഷിക്കും, കടല്‍ ക്‌ഷോഭിക്കും, നദികള്‍ നിഷ്‌കരുണം അവരെ വിഴുങ്ങും.23 അവര്‍ക്കെതിരേ ശക്തിയായ കാറ്റു വീശും, കൊടുങ്കാറ്റ് അവരെ ചുഴറ്റിയെറിയും. അധര്‍മം ഭൂമിയെ ശൂന്യമാക്കും, ദുഷ്‌കൃത്യം രാജാക്കന്‍മാരുടെ സിംഹാസനങ്ങളെ തകിടം മറിക്കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment