Wisdom, Chapter 8 | ജ്ഞാനം, അദ്ധ്യായം 8 | Malayalam Bible | POC Translation

ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടം

1 ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.2 ഞാന്‍ യൗവനംമുതല്‍ അവളെ സ്‌നേഹിക്കുകയും അന്വേഷിക്കുകയും ചെയ്തു. അവളെ വരിക്കാന്‍ ഞാന്‍ അഭിലഷിച്ചു. അവളുടെ സൗന്ദര്യത്തില്‍ ഞാന്‍ മതിമറന്നു.3 ദൈവത്തോടൊത്തു ജീവിച്ച് തന്റെ കുലീനജന്‍മം അവള്‍ മഹത്വപ്പെടുത്തുന്നു. എല്ലാറ്റിന്റെയും കര്‍ത്താവ് അവളെ സ്‌നേഹിക്കുന്നു.4 ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആദ്യത്തെ പടി അവളാണ്; അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയും.5 ധനസമ്പാദനം ജീവിതത്തില്‍ അഭികാമ്യമാണെങ്കില്‍ സര്‍വവും സാധ്യമാക്കുന്ന ജ്ഞാനത്തിലുപരി ധനം എന്തുണ്ട്?6 അറിവ് പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ സകലതും വിരചിക്കുന്നത് അവളല്ലാതെ ആരാണ്?7 നീതിയെ സ്‌നേഹിക്കുന്നവന് അവളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നന്‍മയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവള്‍ പരിശീലിപ്പിക്കുന്നു. ജീവിതത്തില്‍ ഇവയെക്കാള്‍ പ്രയോജനകരമായി ഒന്നുമില്ല.8 വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില്‍ അവള്‍ക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവള്‍ മുന്‍കൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവള്‍ക്കറിയാം.9 വ്യഗ്രതയിലും ദുഃഖത്തിലും അവള്‍ എനിക്കു സദുപദേശവും പ്രോത്‌സാഹനവും തരുമെന്നറിഞ്ഞ് ഞാന്‍ അവളെ എന്റെ സന്തത സഹചാരിണിയാക്കും.10 യുവാവെങ്കിലും എനിക്ക് അവള്‍മൂലം അനേകരുടെ ഇടയില്‍ മഹത്വവും, ശ്രേഷ്ഠന്‍മാരുടെ മുന്‍പില്‍ ബഹുമതിയും ലഭിക്കും.11 ന്യായവിചാരണയില്‍ ഞാന്‍ സൂക്ഷ്മബുദ്ധി ഉള്ളവനായിരിക്കും. നാടുവാഴികള്‍ എന്നെ ശ്ലാഘിക്കും.12 ഞാന്‍ മൗനം ഭജിക്കുമ്പോള്‍ അവര്‍ കാത്തുനില്‍ക്കും; സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുകയും ചെയ്യും; ഞാന്‍ ദീര്‍ഘമായി സംസാരിച്ചാലും നിശ്ശബ്ദരായി കേള്‍ക്കും.13 അവള്‍ മൂലം എനിക്ക് അമര്‍ത്യത കൈവരും. പിന്‍ഗാമികളില്‍ എന്റെ സ്മരണ നിലനില്‍ക്കും.14 ഞാന്‍ ജനതകളെ ഭരിക്കും; രാജ്യങ്ങള്‍ എനിക്ക് അധീനമാകും.15 ഭീകരരായ ഏകാധിപതികള്‍ എന്നെക്കുറിച്ചു കേട്ടു ഭയചകിതരാകും; ജനം എന്നെ കഴിവുറ്റവനെന്നു ഗണിക്കും.യുദ്ധത്തില്‍ ഞാന്‍ ധീരനായിരിക്കും.16 വീട്ടിലെത്തി ഞാന്‍ അവളുടെ സമീപത്ത് വിശ്രമം അനുഭവിക്കും. അവളുടെ മൈത്രിയില്‍ തിക്തതാസ്പര്‍ശമില്ല. അവളോടൊത്തുള്ള ജീവിതം ദുഃഖരഹിതമാണ്; ആഹ്ലാദവും ആനന്ദവും മാത്രം.17 ജ്ഞാനത്തോടുള്ള ബന്ധത്തില്‍ അമര്‍ത്യതയും18 അവളുടെ മൈത്രിയില്‍ നിര്‍മല മായ മോദവും അവളുടെ പ്രവൃത്തികളില്‍ അക്ഷയസമ്പത്തും സംസര്‍ഗത്തില്‍ വിവേകവും അവളുമായുള്ള സംഭാഷണത്തില്‍യശസ്‌സും കുടികൊള്ളുന്നു എന്നു ചിന്തിച്ച് എങ്ങനെ അവളെ സ്വന്തമാക്കാം എന്നു തേടി ഞാന്‍ അലഞ്ഞു.19 ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്;20 അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മലമായ ശരീരം എനിക്കു ലഭിച്ചു.21 ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാന്‍ അറിഞ്ഞു. ആരുടെ ദാനമാണ് അവള്‍ എന്ന് അറിയുന്നത് ഉള്‍ക്കാഴ്ചയുടെ ലക്ഷണമാണ്. അതുകൊണ്ട് ഞാന്‍ കര്‍ത്താവിനോട് ഉള്ളഴിഞ്ഞ് അപേക്ഷിച്ചു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment