1 ഇതാ, കര്‍ത്താവ് തന്റെ കോപത്തില്‍ സീയോന്‍പുത്രിയെ മേഘം കൊണ്ടുമൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തില്‍ അവിടുന്ന് തന്റെ പാദപീഠത്തെ ഓര്‍മിച്ചില്ല.2 കര്‍ത്താവ് യാക്കോബിന്റെ കൂടാരങ്ങളെ നിഷ്കരുണം നശിപ്പിച്ചു. തന്റെ ക്രോധത്തില്‍ യൂദാപുത്രിയുടെശക്തിദുര്‍ഗങ്ങളെ അവിടുന്ന് തകര്‍ത്തു. രാജ്യത്തെയും ഭരണാധിപന്മാരെയും അവമാനം കൊണ്ടു നിലംപറ്റിച്ചു.3 തന്റെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്റെ സര്‍വശക്തിയും അവിടുന്ന് വെട്ടിവീഴ്ത്തി. ശത്രുക്കളുടെ മുമ്പില്‍വച്ച് അവിടുന്ന് തന്റെ വലത്തുകൈയ് അവരില്‍നിന്നു പിന്‍വലിച്ചു. സംഹാരാഗ്നിപോലെ അവിടുന്ന് യാക്കോബിനെതിരേ ജ്വലിച്ചു.4 ശത്രുവിനെപ്പോലെ അവിടുന്ന് വില്ലു കുലച്ചു. വൈരിയെപ്പോലെ അവിടുത്തെ വലത്തുകൈയില്‍ അമ്പെടുത്തു. സീയോന്‍പുത്രിയുടെ കൂടാരത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് അഭിമാനം പകര്‍ന്ന എല്ലാവരെയുംഅവിടുന്ന് വധിച്ചു. അവിടുന്ന് അഗ്നിപോലെ ക്രോധംചൊരിഞ്ഞു.5 കര്‍ത്താവ് ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു. അതിന്റെ കൊട്ടാരങ്ങളെല്ലാം അവിടുന്ന് തകര്‍ത്തു. അതിന്റെ ശക്തിദുര്‍ഗങ്ങള്‍ നാശക്കൂമ്പാരമായി, യൂദാപുത്രിക്കു കരച്ചിലും വിലാപവും പെരുകാന്‍ ഇടയാക്കി.6 അവിടുന്ന് തന്റെ കൂടാരത്തെ തോട്ടത്തിലെ കുടിലെന്നപോലെ തകര്‍ത്തു. നിര്‍ദിഷ്ടോത്സവങ്ങള്‍ ആഘോഷിക്കേണ്ട സ്ഥലത്തെ അവിടുന്ന് നാശക്കൂമ്പാരമാക്കി. കര്‍ത്താവ് സീയോനില്‍ നിര്‍ദിഷ്ടോത്സവവും സാബത്തുംഇല്ലാതാക്കി. തന്റെ ഉഗ്രമായ രോഷത്തില്‍ രാജാവിനെയും പുരോഹിതനെയും വെറുത്തു.7 കര്‍ത്താവ് തന്റെ ബലിപീഠത്തെവെറുത്തുതള്ളി. തന്റെ വിശുദ്ധമന്ദിരത്തെ തള്ളിപ്പറഞ്ഞു. അവളുടെ കൊട്ടാരങ്ങളുടെ മതിലുകളെശത്രുകരങ്ങളില്‍ ഏല്പിച്ചു കൊടുത്തു. കര്‍ത്താവിന്റെ ഭവനത്തില്‍, നിര്‍ദിഷ്ടോത്സവത്തിലെന്നപോലെ ആരവം ഉയര്‍ന്നു.8 സീയോന്‍പുത്രിയുടെ മതിലുകള്‍ നശിപ്പിക്കാന്‍ കര്‍ത്താവ് ഉറച്ചു. അതിനെ അവിടുന്ന് അളവുനൂല്‍കൊണ്ട് അടയാളപ്പെടുത്തി. അതിനെ നശിപ്പിക്കുന്നതില്‍ നിന്നുതന്റെ കരത്തെ അവിടുന്ന് തടഞ്ഞില്ല. കോട്ടയും മതിലും വിലപിക്കാനിടയാക്കി. അവ രണ്ടും ഒപ്പം തളര്‍ന്നുപോയി.9 അവളുടെ കവാടങ്ങള്‍ ധൂളിയിലമര്‍ന്നു. അവിടുന്ന് അവളുടെ ഓടാമ്പലുകളെഒടിച്ചുതകര്‍ത്തു; അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകളുടെയിടയിലായി; നിയമം ഇല്ലാതായി. അവളുടെ പ്രവാചകന്മാര്ക്ക് കര്‍ത്താവില്‍നിന്നു ദര്‍ശനം ലഭിക്കുന്നില്ല.10 സീയോന്‍പുത്രിയുടെ ശ്രേഷ്ഠന്‍മാര്‍മൂകരായി നിലത്തിരിക്കുന്നു. അവര്‍ തങ്ങളുടെ തലയില്‍ പൂഴി വിതറി; അവര്‍ ചാക്കുടുത്തു. ജറുസലെംകന്യകമാര്‍ നിലംപറ്റെതലകുനിച്ചു.11 കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകള്‍ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി; എന്തെന്നാല്‍, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും, നഗരവീഥികളില്‍ മയങ്ങിവീഴുന്നു.12 മുറിവേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന് വാര്‍ന്നുപോകുമ്പോള്‍ അവര്‍ തങ്ങളുടെ അമ്മമാരോടുകരഞ്ഞുകൊണ്ട് അപ്പവും വീഞ്ഞുംഎവിടെ എന്നു ചോദിക്കുന്നു.13 ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാന്‍ എന്തുപറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന്‍പുത്രീ, നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും? നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്. ആര്‍ക്ക് നിന്നെ പുനരുദ്ധരിക്കാനാവും? 14 നിന്റെ പ്രവാചകന്മാര് നിനക്കുവേണ്ടികണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറ നീക്കി കാണിച്ചില്ല. അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയും വഞ്ചനാത്മകവുമായിരുന്നു.15 കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു. അവര്‍ ജറുസലെംപുത്രിയെ നോക്കിചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു. സൗന്ദര്യത്തികവെന്നും ഭൂമിമുഴുവന്റെയും ആനന്ദമെന്നുംവിളിക്കപ്പെട്ട നഗരമാണോ ഇത് എന്ന് അവര്‍ ചോദിക്കുന്നു.16 നിന്റെ സകലശത്രുക്കളും നിന്നെനിന്ദിക്കുന്നു; അവര്‍ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. നമ്മള് അവളെ തകര്‍ത്തു, ഇതാണ് നമ്മള് ആശിച്ചിരുന്ന ദിവസം. ഇപ്പോള്‍ അതു വന്നുചേര്‍ന്നു; നാം അതു കാണുന്നു എന്ന് അവര്‍അട്ടഹസിക്കുന്നു.17 കര്‍ത്താവ് തന്റെ നിശ്ചയം നിറവേറ്റി. അവിടുന്ന് തന്റെ ഭീഷണി നടപ്പിലാക്കി. പണ്ടു നിര്‍ണയിച്ചതുപോലെ നിഷ്കരുണം അവിടുന്ന് നശിപ്പിച്ചു. ശത്രു നിന്റെ മേല്‍ സന്തോഷിക്കാന്‍അവിടുന്ന് ഇടയാക്കി. നിന്റെ ശത്രുക്കളുടെ ശക്തിയെ ഉയര്‍ത്തി.18 സീയോന്‍പുത്രീ, കര്‍ത്താവിനോട്ഉറക്കെ നിലവിളിക്കുക. രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്.19 രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്ക്കവലകളില് വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക.20 കര്‍ത്താവേ, നോക്കിക്കാണണമേ! ആരോടാണ് അവിടുന്ന് ഇപ്രകാരംപ്രവര്‍ത്തിച്ചത്? സ്ത്രീകള്‍ തങ്ങളുടെ മക്കളെ, തങ്ങള്‍ താലോലിച്ചു വളര്‍ത്തുന്നകുഞ്ഞുങ്ങളെ, തിന്നണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍വച്ച് പുരോഹിതനും പ്രവാചകനും വധിക്കപ്പെടണമോ?21 യുവാക്കളും വൃദ്ധരുംതെരുവീഥികളിലെ പൊടിമണ്ണില്‍ വീണു കിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു. അങ്ങയുടെ കോപത്തിന്റെ ദിനത്തില്‍അവിടുന്ന് അവരെ വധിച്ചു. കരുണ കൂടാതെ കൊന്നു.22 നിര്‍ദിഷ്ടോത്സവത്തിനെന്നപോലെ അവിടുന്ന് ഭീകരതകളെ എനിക്കുചുറ്റും വിളിച്ചുവരുത്തി. കര്‍ത്താവിന്റെ കോപത്തിന്റെ ദിനത്തില്‍ ആരും രക്ഷപെടുകയോ അവശേഷിക്കുകയോ ചെയ്തില്ല. ഞാന്‍ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രു നിഗ്രഹിച്ചു.
Advertisements
Advertisements
Advertisements
Discover more from Nelson MCBS
Subscribe to get the latest posts sent to your email.
Posted in: POC Malayalam Bible
Posted in: വിലാപങ്ങൾ, Bible, Lamentations, Malayalam Bible, Old Testament, POC Bible, POC Malayalam Bible


Leave a comment