Lamentations, Chapter 4 | വിലാപങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

1 സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു.2 സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ മണ്‍പാത്രങ്ങള്‍ പോലെ ഗണിക്കപ്പെട്ടതെങ്ങനെ?3 കുറുനരികള്‍പോലും കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായി.4 മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹം കൊണ്ടു വരണ്ട്, അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു. കുട്ടികള്‍ ഭക്ഷണം ഇരക്കുന്നു.പക്‌ഷേ, ആരും നല്‍കുന്നില്ല.5 സ്വാദിഷ്ഠഭോജനം ആസ്വദിച്ചിരുന്നവര്‍ തെരുവുകളില്‍ പട്ടിണികൊണ്ടു നശിക്കുന്നു. പട്ടുവസ്ത്രം ധരിച്ചുവളര്‍ന്നവര്‍ ചാരക്കൂമ്പാരത്തിന്‍മേല്‍ കിടക്കുന്നു.6 എന്റെ ജനത്തിന്റെ പുത്രിക്കു ലഭിച്ച ശിക്ഷ ഒരു നിമിഷംകൊണ്ട് ആരും കൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട സോദോമിന്‍േറതിനെക്കാള്‍ വലുതാണ്.7 അവളുടെ പ്രഭുക്കന്‍മാര്‍ മഞ്ഞിനെക്കാള്‍ നിര്‍മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരും ആയിരുന്നു. അവരുടെ ശരീരം പവിഴത്തെക്കാള്‍ തുടുത്തതും അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു.8 ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോട് ഒട്ടിയിരിക്കുന്നു. അത് ഉണങ്ങിയ വിറകുപോലെ ആയിരിക്കുന്നു.9 വാളേറ്റുമരിച്ചവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ്. അവര്‍ വയലിലെ ഫലങ്ങള്‍ ലഭിക്കാതെവിശന്നു തളര്‍ന്നു നശിച്ചു.10 കരുണാമയികളായ സ്ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു. എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളില്‍, അവര്‍ അവരുടെ ഭക്ഷണമായിത്തീര്‍ന്നു.11 കര്‍ത്താവ് തന്റെ ക്രോധം അഴിച്ചുവിട്ടു. അവിടുന്ന് ജ്വലിക്കുന്ന കോപംവര്‍ഷിച്ചു. സീയോനില്‍ അവിടുന്ന് ഒരു അഗ്‌നിജ്വലിപ്പിച്ചു. അതിന്റെ അടിസ്ഥാനങ്ങളെ അതു ദഹിപ്പിച്ചു.12 ശത്രുവിനോ വൈരിക്കോ ജറുസലെമിന്റെ കവാടങ്ങള്‍ കടക്കാനാവുമെന്ന് ഭൂമിയിലെ രാജാക്കന്‍മാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.13 അവരുടെ മധ്യേ നീതിമാന്‍മാരുടെ രക്തം ചൊരിഞ്ഞ അവളുടെ പ്രവാചകന്‍മാരുടെ പാപങ്ങളും പുരോഹിതന്‍മാരുടെ തിന്‍മകളും നിമിത്തമാണ് ഇതു സംഭവിച്ചത്.14 അവര്‍ തെരുവീഥികളിലൂടെ അന്ധരായി അലഞ്ഞു നടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രം ആരും സ്പര്‍ശിക്കുകയില്ല.15 അശുദ്ധരേ, അകന്നുമാറുവിന്‍, അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടു വിളിച്ചു പറയുന്നു. അതുകൊണ്ട് അവര്‍ നാടുകടത്തപ്പെട്ട് അലയുന്നവരായി. അവര്‍ നമ്മോടുകൂടെ ഇനി താമസിക്കരുത് എന്നു ജനതകള്‍ പറയുന്നു.16 കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്കരുതലില്ല. പുരോഹിതന്‍മാര്‍ക്കു ബഹുമാനവും ശ്രേഷ്ഠന്‍മാര്‍ക്കു പരിഗണനയും ലഭിച്ചില്ല.17 സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. രക്ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ നോക്കിയിരുന്നത്.18 തെരുവീഥികളിലൂടെ ഞങ്ങള്‍ക്കു നടക്കാനാവാത്തവിധം ആളുകള്‍ ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.19 ഞങ്ങളെ അനുധാവനം ചെയ്തിരുന്നവര്‍ ആകാശത്തിലെ കഴുകന്‍മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്‍തുടര്‍ന്നു മലകളിലൂടെ ഓടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു.20 ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്റെ അഭിഷിക്തന്‍, അവരുടെ കുഴിയില്‍ പതിച്ചു. അവന്റെ തണലില്‍ ഞങ്ങള്‍ ജനതകളുടെ ഇടയില്‍ വസിക്കും എന്ന് അവനെപ്പറ്റിയാണു ഞങ്ങള്‍ പറഞ്ഞിരുന്നത്.21 ഊസ്‌ദേശത്തു പാര്‍ക്കുന്ന ഏദോംപുത്രീ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക! എന്നാല്‍, നിന്റെ കൈയിലും ഈപാനപാത്രം എത്തും. നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.22 സീയോന്‍പുത്രീ, നിന്റെ പാപത്തിന്റെ ശിക്ഷ പൂര്‍ത്തിയായി. നിന്റെ പ്രവാസം തുടരാന്‍ ഇനി അവിടുന്ന് അനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്റെ അകൃത്യങ്ങള്‍ക്ക് അവിടുന്ന്‌ നിന്നെ ശിക്ഷിക്കും. അവിടുന്ന് നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment