Baruch, Chapter 1 | ബാറൂക്ക്, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Baruch

ബാബിലോണിലെ സമ്മേളനം

1 നേരിയായുടെ പുത്രന്‍ ബാറൂക്ക് ബാബിലോണില്‍ വച്ച് എഴുതിയ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നേരിയാ മാസെയായുടെയും മാസെയാ സെദെക്കിയായുടെയും സെദെക്കിയാ ഹസാദിയായുടെയും ഹസാദിയാ ഹില്‍ക്കിയായുടെയും പുത്രനാണ്.2 അഞ്ചാം വര്‍ഷം, മാസത്തിന്റെ ഏഴാം ദിവസം കല്‍ദായര്‍ ജറുസലെം പിടിച്ചടക്കി അഗ്‌നിക്കിരയാക്കിയപ്പോഴാണ് ഇത് എഴുതിയത്.3 യൂദാരാജാവായയഹോയാക്കിമിന്റെ പുത്രന്‍യക്കോനിയായും ഈ ഗ്രന്ഥം വായിച്ചു കേള്‍ക്കാന്‍ എത്തിയ ജനവും കേള്‍ക്കേ ബാറൂക്ക് ഇതു വായിച്ചു.4 പ്രഭുക്കന്‍മാരും രാജകുമാരന്‍മാരും ശ്രേഷ്ഠന്‍മാരും ഉള്‍പ്പെടെ, ബാബിലോണില്‍ സൂദ്‌നദിയുടെ തീരത്ത് വസിച്ചിരുന്ന വലിയവരും ചെറിയവരുമായ എല്ലാ ജനവും കേള്‍ക്കേ ഇതു വായിച്ചു.5 അപ്പോള്‍ അവര്‍ വിലപിക്കുകയും ഉപവസിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്തു.6 ഓരോരുത്തരും കഴിവനുസരിച്ചു കൊടുത്ത പണം അവര്‍ ശേഖരിച്ചു.7 അവര്‍ അതു ഷല്ലൂമിന്റെ മകനായ ഹില്‍ക്കിയായുടെ മകനും പ്രധാനപുരോഹിതനുമായയഹോയാക്കിമിനും അവനോടൊത്ത് ജറുസലെമിലുണ്ടായിരുന്ന പുരോഹിതന്‍മാര്‍ക്കും ജനങ്ങള്‍ക്കുമായി അയച്ചുകൊടുത്തു.8 അതേസമയം ബാറൂക്ക് സീവാന്‍മാസം പത്താം ദിവസം യൂദാദേശത്തേക്ക് തിരികെ കൊണ്ടുപോകാനായി ദേവാലയത്തില്‍ നിന്നു കൊള്ള ചെയ്യപ്പെട്ട പാത്രങ്ങള്‍ എടുത്തു. യൂദാരാജാവായ ജോസിയായുടെ മകന്‍ സെദെക്കിയാ നിര്‍മിച്ച വെള്ളിപ്പാത്രങ്ങളായിരുന്നു അവ.9 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യക്കോണിയായെയും, രാജകുമാരന്‍മാരെയും, ലോഹപ്പണിക്കാരെയും, കുലീനരെയും, ദേശത്തെ ജനങ്ങളെയും ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയതിനുശേഷമാണ് ഈ പാത്രങ്ങള്‍ സെദെക്കിയാ നിര്‍മിച്ചത്.10 അവര്‍ പറഞ്ഞു: ഇതോടൊപ്പം ഞങ്ങള്‍ നിങ്ങള്‍ക്കു പണവും അയയ്ക്കുന്നു. ഈ പണം കൊണ്ടു ദഹനബലിക്കും പാപപരിഹാരബലിക്കും ധാന്യബലിക്കും വസ്തുക്കളും സുഗന്ധദ്രവ്യവും വാങ്ങി നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തില്‍ അര്‍പ്പിക്കണം.11 ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും, അവന്റെ പുത്രന്‍ ബല്‍ഷാസറിന്റെയും ആയുസ്‌സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വര്‍ഗീയ ജീവിതംപോലെയാകുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുവിന്‍.12 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെയും അവന്റെ മകന്‍ ബല്‍ഷാസറിന്റെയും സംരക്ഷണത്തില്‍ ജീവിച്ച്, അവരെ ദീര്‍ഘ കാലം സേവിക്കുന്നതിനും അവരുടെ സംപ്രീതി നേടുന്നതിനുമായി കര്‍ത്താവ് ഞങ്ങള്‍ക്കു ശക്തിയും കണ്ണുകള്‍ക്കു പ്രകാശവും നല്‍കും.13 ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഞങ്ങള്‍ പാപം ചെയ്തു. അവിടുത്തെ കോപവും ക്രോധവും ഞങ്ങളില്‍ നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി അവിടുത്തോടു പ്രാര്‍ഥിക്കുവിന്‍.14 ഉത്‌സവദിവസങ്ങളിലും നിര്‍ദിഷ്ട കാലങ്ങളിലും കര്‍ത്താവിന്റെ ആലയത്തില്‍ വച്ച് നിങ്ങള്‍ ഏറ്റു പറയുന്നതിനുവേണ്ടി ഞങ്ങള്‍ അയച്ചുതരുന്ന ഈ പുസ്തകം വായിക്കണം.

തെറ്റുകള്‍ ഏററുപറയുന്നു

15 നിങ്ങള്‍ പറയണം: നീതി നമ്മുടെ ദൈവമായ കര്‍ത്താവിന്‍േറതാണ്.16 യൂദായിലെ ജനവും ജറുസലെം നിവാസികളും നമ്മുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പിതാക്കന്‍മാരും ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്.17 എന്തെന്നാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ പാപം ചെയ്തു.18 ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്ന് നല്‍കിയ കല്‍പനകള്‍ അനുസരിക്കുകയോ ചെയ്തില്ല.19 ഈജിപ്തുദേശത്തുനിന്നു ഞങ്ങളുടെ പിതാക്കന്‍മാരെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതില്‍ ഉദാസീനരും ആണ്.20 തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാന്‍ വേണ്ടി ഞങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തുദേശത്തുനിന്നുകൊണ്ടുവന്ന നാളില്‍ തന്റെ ദാസനായമോശവഴി കര്‍ത്താവ് അരുളിച്ചെയ്ത ശാപങ്ങളും അനര്‍ഥങ്ങളും ഇന്നും ഞങ്ങളുടെമേല്‍ ഉണ്ട്.21 ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളുടെ അടുത്തേക്ക് അയച്ച പ്രവാചകന്‍മാര്‍ അറിയിച്ച അവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്‍മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്‍മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്ടംപോലെ നടന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment