Ezekiel, Chapter 4 | എസെക്കിയേൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍

1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടികയെടുത്തു മുമ്പില്‍വച്ച് അതില്‍ ജറുസലെം പട്ടണത്തിന്റെ പടം വരയ്ക്കുക.2 അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും പാളയം പണിയുക. എല്ലായിടത്തുംയന്ത്രമുട്ടി സ്ഥാപിക്കുക.3 ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും പട്ടണത്തിനും മധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിന് അഭിമുഖമായി നില്‍ക്കുക. നീ അതിനെ ആക്രമിക്കാന്‍ പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇത് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും.4 നീ ഇടത്തുവശം ചരിഞ്ഞു കിടക്കുക. ഇസ്രായേല്‍ ഭവനത്തിന്റെ പാപം ഞാന്‍ നിന്റെ മേല്‍ ചുമത്തും. അങ്ങനെ നീ കിടക്കുന്നിടത്തോളംനാള്‍ അവരുടെ പാപഭാരം നീ ചുമക്കും.5 ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്‌സരങ്ങള്‍ക്കനുസരിച്ചാണ് – മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ ഭവനത്തിന്റെ പാപഭാരം അത്രയും നാള്‍ നീ വഹിക്കണം.6 അതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടക്കുക.യൂദാഭവനത്തിന്റെയും പാപഭാരം നീ വഹിക്കണം. ഒരു വര്‍ഷത്തിന് ഒരു ദിവസംവച്ച് നാല്‍പതു ദിവസം നിനക്കായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.7 നീ ജറുസലെമിന്റെ ഉപരോധത്തിനുനേരേ മുഖം തിരിക്കുക. നിന്റെ കൈ നഗ്‌നമാക്കിക്കൊണ്ട് നഗരത്തിനെതിരായി പ്രവചിക്കണം.8 നിന്റെ ഉപരോധത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്ന് മറുവശത്തേക്കു തിരിയാതിരിക്കാന്‍ ഇതാ, നിന്നെ ഞാന്‍ കയറുകൊണ്ടു വരിഞ്ഞുകെ ട്ടുന്നു.9 ഗോതമ്പ്, ബാര്‍ലി, പയര്‍, തുവര, തിന, ചോളം എന്നിവ ഒരു പാത്രത്തിലെടുത്ത് അതുകൊണ്ട് അപ്പമുണ്ടാക്കുക. നീ വശം ചരിഞ്ഞുകിടക്കുന്ന കാലം മുഴുവന്‍, മുന്നൂറ്റിത്തൊണ്ണൂറു ദിവസവും, അതു ഭക്ഷിക്കണം.10 ഒരു ദിവസം നീ ഇരുപതു ഷെക്കല്‍ മാത്രമേ ഭക്ഷിക്കാവൂ. അതു പലപ്രാവശ്യമായി കഴിക്കണം.11 വെള്ളവും അളവനുസരിച്ചേ കുടിക്കാവൂ. ഒരു ഹിന്നിന്റെ ആറിലൊന്ന് പലപ്രാവശ്യമായി കുടിക്കുക.12 ബാര്‍ലിയപ്പംപോലെ വേണം നീ അതു ഭക്ഷിക്കാന്‍. അവരുടെ കണ്‍മുമ്പില്‍വച്ച് മനുഷ്യമലം കൊണ്ടുവേണം അതു ചുട്ടെടുക്കാന്‍.13 കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ ചിതറിക്കുന്ന ഇടങ്ങളില്‍, വിജാതീയരുടെ ഇടയില്‍, ഇസ്രായേല്‍ മക്കള്‍ ഇതുപോലെ അശുദ്ധ മായ അപ്പം ഭക്ഷിക്കും.14 ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതല്‍ ഇന്നുവരെ ഞാനൊരിക്കലും ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ ഒന്നിനെയും ഭക്ഷിച്ചിട്ടില്ല; ചീഞ്ഞമാംസം ഞാന്‍ ഒരിക്കലും രുചിച്ചിട്ടില്ല.15 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇതാ, അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം പശുവിന്‍ ചാണകം ഉപയോഗിക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുന്നു:16 അവിടുന്ന് തുടര്‍ന്നു: മനുഷ്യപുത്രാ, ജറുസലെമില്‍ അപ്പത്തിന്റെ അളവു ഞാന്‍ കുറയ്ക്കും. അവര്‍ ഭയത്തോടെ അപ്പം തൂക്കി ഭക്ഷിക്കുകയും പരിഭ്രാന്തിയോടെ വെള്ളം അളന്നു കുടിക്കുകയും ചെയ്യും.17 അങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവും ഇല്ലാതാവുകയും അവര്‍ പരിഭ്രാന്തിയോടെ പരസ്പരം നോക്കുകയും അവരുടെ ദുഷ്‌കൃത്യങ്ങള്‍മൂലം നശിച്ചുപോവുകയും ചെയ്യും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment