Ezekiel, Chapter 9 | എസെക്കിയേൽ, അദ്ധ്യായം 9 | Malayalam Bible | POC Translation

ജറുസലെമിനു ശിക്ഷ

1 അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍.2 ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവന്‍ അവരുടെകൂടെ ഉണ്ടായിരുന്നു. അവന്റെ പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു.3 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം കെരൂബുകളില്‍നിന്നുയര്‍ന്ന് ആലയത്തിന്റെ വാതില്‍പടിക്കലെത്തി; അവിടുന്ന് ചണവസ്ത്രം ധരിച്ച് പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുമായി നിന്ന വനെ വിളിച്ചു. കര്‍ത്താവ് അവനോട് അരുളിച്ചെയ്തു:4 ജറുസലെം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്ത് കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക.5 അവിടുന്നു മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കേ ആജ്ഞാപിച്ചു; അവന്റെ പിന്നാലെ പട്ടണത്തില്‍ സഞ്ചരിച്ച് സംഹാരം തുടങ്ങുവിന്‍. നിങ്ങളുടെ കണ്ണില്‍ അലിവുണ്ടാകരുത്; കരുണ കാണിക്കരുത്.6 വൃദ്ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ് ശേഷം വധിക്കുവിന്‍. എന്നാല്‍ അടയാളമുള്ളവരെയാരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തില്‍ത്തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠന്‍മാരില്‍തന്നെ ആരംഭിച്ചു.7 അവിടുന്ന് അവരോടു കല്‍പിച്ചു: ഈ ആലയത്തെ അശുദ്ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്ക്കുക. മുന്നേറുക. അവര്‍ മുന്നേറി, നഗരത്തില്‍ സംഹാരം നടത്തി.8 അവര്‍ സംഹാരം തുടരുകയും ഞാന്‍ ഒറ്റയ്ക്കാവുകയും ചെയ്തപ്പോള്‍ ഞാന്‍ കമിഴ്ന്നു വീണു നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ജറുസലെമിനുമേല്‍ അങ്ങയുടെ കോപം കോരിച്ചൊരിയുന്നതിനിടയില്‍, ഇസോയേലില്‍ അവശേഷിക്കുന്നവരെയെല്ലാം അങ്ങു നശിപ്പിക്കുമോ?9 അവിടുന്ന് അരുളിച്ചെയ്തു: ഇസ്രായേല്‍ ഭവനത്തിന്റെയും യൂദായുടെയും അപരാധം അത്യധികമാണ്. ദേശം മുഴുവന്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. പട്ടണം അനീതികൊണ്ടു നിറഞ്ഞു. കര്‍ത്താവ് ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; കര്‍ത്താവ് ഇതൊന്നും കാണുന്നില്ല എന്ന് അവര്‍ പറയുന്നു.10 എന്നാല്‍ എന്റെ കണ്ണില്‍ അലിവുണ്ടായിരിക്കുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവരുടെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ അവരുടെ തലയില്‍ത്തന്നെ ഞാന്‍ വീഴ്ത്തും.11 പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുള്ള ചണ വസ്ത്രധാരി തിരിച്ചുവന്നു പറഞ്ഞു: അങ്ങയുടെ കല്‍പന ഞാന്‍ നിറവേറ്റി.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment