Ezekiel, Introduction | എസെക്കിയേൽ, ആമുഖം | Malayalam Bible | POC Translation

ബാബിലോണില്‍ കേബാര്‍ നദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് എസെക്കിയേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ക്രി.മു. 597-ല്‍ നബുക്കദ്‌നേസര്‍ തടവുകാരായി കൊണ്ടുപോയവരുടെകൂടെ എസെക്കിയേലും ഉണ്ടായിരുന്നു. ഏശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് എസെക്കിയേലിനെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത് (1-3). പുരോഹിതനും കൂടിയായിരുന്ന എസെക്കിയേല്‍ പ്രവാചകപാരമ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും ആരാധനാവിധികളോടും പ്രതിപത്തി കാട്ടിയിരുന്നു. പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്റെ കേന്ദ്രമായി പരിണമിച്ചതില്‍ എസെക്കിയേലിന്റെ സ്വാധീനം കുറച്ചൊന്നുമല്ല. എസെക്കിയേലിന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗം (1-33) പൊതുവേ ശിക്ഷയെപ്പറ്റിയാണ്. യൂദായുടെയും ജറുസലെമിന്റെയും അകൃത്യങ്ങളെയും അവിശ്വസ്തതയെയും തുറന്നു കാട്ടുകയും അവയ്ക്കു കഠിനമായ ശിക്ഷ കിട്ടുമെന്നും അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ലെന്നും തറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ടു പ്രവാചകന്‍. ആദിനം, ശിക്ഷയുടെ ദിനം, ഇതാ, വരുന്നു എന്ന് ആവര്‍ത്തിച്ചു കേള്‍ക്കാം; ജറുസലെം പൂര്‍ണമായും നശിപ്പിക്കപ്പെടും; കര്‍ത്താവിന്റെ മഹത്വം നഗരം വിട്ടു പോകും. ഇസ്രായേലിനെ ഞെരുക്കിയ ജനതകള്‍ക്കും ഭയാനകമായ ശിക്ഷയുണ്ടാകും. രക്ഷയുടെ വാഗ്ദാനമാണ് രണ്ടാം ഭാഗത്ത് (34-48) പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. തന്റെ അജഗണമായ ജനത്തെ കര്‍ത്താവ് നേരിട്ടു മേയിക്കും; ചിതറിപ്പോയതിനെ ഒരുമിച്ചു കൂട്ടുകയും മുറിവേറ്റതിനെ വച്ചുകെട്ടുകയും ചെയ്യും. ശത്രുക്കളെയെല്ലാം തകര്‍ത്ത് ഇസ്രായേലിനു സുരക്ഷിതത്വവും ഐശ്വര്യവും നല്‍കും. വിജനമായ നഗരങ്ങള്‍ അധിവസിക്കപ്പെടും. ദൈവം തന്റെ ജനത്തിന് ഒരു പുതിയ ഹൃദയവും ചൈതന്യവും പ്രദാനം ചെയ്യും. പുതിയ ദേവാലയം ജീവജലത്തിന്റെ ഉറവിടമായിരിക്കും. ശിക്ഷയുടെയും രക്ഷയുടെയും സന്‌ദേശം വളരെയേറെ പ്രതീകാത്മക പ്രവര്‍ത്തനങ്ങളിലൂടെ പ്രവാചകന്‍ വ്യക്തമാക്കുന്നതു ശ്രദ്‌ധേയമാണ്. വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള എസെക്കിയേലിന്റെ ദര്‍ശനം സുപ്രധാനമാണ്. ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിനു സന്തോഷമില്ല. അവന്‍ പാപമാര്‍ഗം ഉപേക്ഷിച്ച് ജീവന്‍ പ്രാപിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. പുത്രന്റെ തെറ്റിനു പിതാവോ, പിതാവിന്റെ തെറ്റിനു പുത്രനോ ശിക്ഷിക്കപ്പെടുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം ലഭിക്കും.

ഘടന

1, 1 – 3, 27:പ്രവാചകന്റെ വിളി

4, 1 – 24, 27: യൂദായ്ക്കും ജറുസലെമിനുമെതിരേ വിധിപ്രസ്താവന

25, 1 – 32, 32:ചുറ്റുമുള്ള ജനതകള്‍ക്കു ശിക്ഷ

33, 1 – 33 :പ്രവാചകന്‍ ജനത്തിന്റെ കാവല്‍ക്കാരന്‍

34, 1 – 39, 29:രക്ഷയുടെ വാഗ്ദാനം

40, 1 – 48, 35:പുതിയ ദേവാലയവും സമൂഹവും

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment