Ezekiel, Chapter 12 | എസെക്കിയേൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

പ്രവാസത്തിന്റെ പ്രതീകം

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്.2 അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.3 എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്‍ഡം തയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരുപക്‌ഷേ അവര്‍ കാര്യം മനസ്‌സിലാക്കിയേക്കും.4 നിന്റെ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്ത് അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം.5 അവര്‍ കാണ്‍കേ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം.6 അവര്‍ നോക്കി നില്‍ക്കെത്തന്നെ നീ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.7 എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ ചെയ്തു. പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ എന്റെ ഭാണ്ഡം പകല്‍ സമ യത്ത് ഞാന്‍ പുറത്തു കൊണ്ടുവന്നു. സായം കാലത്ത് എന്റെ കൈകൊണ്ടുതന്നെ ഭിത്തി തുരന്ന് ഭാണ്‍ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.8 പ്രഭാതത്തില്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:9 മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീചെയ്യുന്നതെന്നു ചോദിച്ചില്ലേ?10 നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഈ അരുളപ്പാട് ജറുസലെമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേല്‍ഭവനം മുഴുവനെയും കുറിച്ചുള്ളതാണ്.11 നീ അവര്‍ക്ക് ഒരടയാളമാണ്; നീ ഈ ചെയ്തതുപോലെ അവര്‍ക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവര്‍ വിധേയരാകും എന്ന് അവരോടു പറയുക.12 അവരുടെ രാജാവ് തന്റെ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്ത് പുറപ്പെടും. അവന്‍ ഭിത്തി തുരന്ന് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാന്‍ അവന്‍ മുഖം മറച്ചിരിക്കും.13 എന്റെ വല ഞാന്‍ അവന്റെ മേല്‍ വീശും. അവന്‍ എന്റെ കെണിയില്‍പ്പെടും. കല്‍ദായരുടെ ദേശമായ ബാബിലോണിലേക്കു ഞാന്‍ അവനെ കൊണ്ടുപോകും. അവന്‍ അതു കാണുകയില്ല. അവിടെവച്ച് അവന്‍ മരിക്കും.14 അവനു ചുറ്റുമുള്ളവരെയെല്ലാം, അവന്റെ സഹായകരെയും സൈന്യത്തെയും, നാലുദിക്കിലേക്കും ഞാന്‍ ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും.15 ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ അവരെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.16 തങ്ങള്‍ എത്തിച്ചേരുന്നിടത്തെ ജനതകളുടെയിടയില്‍ സ്വന്തം മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി വാളില്‍നിന്നും ക്ഷാമത്തില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും അവരില്‍ കുറച്ചുപേര്‍ രക്ഷപെടാന്‍ ഞാന്‍ ഇടയാക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.17 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:18 മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്ഷിക്കുകയും ഭയത്തോടും ഉത്കണ്ഠയോടും കൂടെ വെള്ളം കുടിക്കുകയും ചെയ്യുക.19 ആ ദേശത്തു വസിക്കുന്നവരോടു പറയുക: ഇസ്രായേലില്‍, ജറുസലെമില്‍, പാര്‍ക്കുന്നവരെപ്പറ്റി ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ വിറയലോടെ അപ്പം ഭക്ഷിക്കും; സംഭ്രമത്തോടെ വെള്ളം കുടിക്കും. എന്തെന്നാല്‍, അവിടെ വസിക്കുന്നവരുടെ അക്രമം നിമിത്തം അവരുടെ നാട്ടില്‍നിന്ന് എല്ലാം അപഹരിക്കപ്പെടും.20 ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാക്കപ്പെടും. ദേശം നിര്‍ജ്ജനമായിത്തീരും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.

പ്രവചനം നിറവേറും

21 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:22 മനുഷ്യപുത്രാ, നാളുകള്‍ നീളുന്നു; ദര്‍ശനം നിറവേറുന്നില്ല എന്ന് ഇസ്രായേലില്‍ നിലവിലിരിക്കുന്ന പഴമൊഴിയുടെ അര്‍ഥമെന്താണ്?23 അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ പഴമൊഴിക്ക് വിരാമമിടും. ഇനി അത് ഇസ്രായേലില്‍ പഴമൊഴിയായിരിക്കുകയില്ല. എന്തെന്നാല്‍ സമയമായി; എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാകാന്‍ പോകുന്നു എന്ന് അവരോടു പറയുക.24 ഇസ്രായേല്‍ ഭവനത്തില്‍ ഇനി വ്യര്‍ഥ ദര്‍ശനങ്ങളോ, മുഖസ്തുതിക്കുവേണ്ടിയുള്ള വ്യാജപ്രവചനങ്ങളോ ഉണ്ടാവുകയില്ല.25 കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവനിറവേറ്റുകയും ചെയ്യും. താമസമുണ്ടാവുകയില്ല. ധിക്കാരികളുടെ ഭവനമേ, നിങ്ങളുടെ നാളില്‍ത്തന്നെ ഞാന്‍ സംസാരിക്കുകയും അതു നിറവേറ്റുകയും ചെയ്യുമെന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.26 കര്‍ത്താവ് എന്നോടു വീണ്ടും അരുളിച്ചെയ്തു:27 മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം പറയുന്നു, ഇവന്റെ ദര്‍ശനങ്ങള്‍ അടുത്തെങ്ങും സംഭവിക്കാത്തവയും ഇവന്റെ പ്രവചനങ്ങള്‍ വിദൂരഭാവിയെക്കുറിച്ചുള്ളവയുമാണ്.28 ആകയാല്‍ നീ അവരോടു പറയുക: ഞാന്‍ പറഞ്ഞകാര്യങ്ങള്‍ക്ക് ഇനി ഒട്ടും വിളംബം സംഭവിക്കുകയില്ല; അവനിറവേറ്റുകതന്നെ ചെയ്യും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment