Ezekiel, Chapter 21 | എസെക്കിയേൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

കര്‍ത്താവിന്റെ വാള്‍

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;3 ഇസ്രായേല്‍ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ ഭവനത്തോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണ്. ഉറയില്‍ നിന്നു വാളൂരി നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്നു ഞാന്‍ വെട്ടിമാറ്റും.4 നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്ന് വെട്ടിമാറ്റാനായിത്തന്നെയാണ് തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവര്‍ക്കുമെതിരായി ഞാന്‍ ഉറയില്‍നിന്നു വാളൂ രുന്നത്.5 കര്‍ത്താവായ ഞാന്‍ ഉറയില്‍നിന്നു വാള്‍ ഊരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അത് ഇനി ഒരിക്കലും ഉറയിലിടുകയില്ല.6 മനുഷ്യപുത്രാ, അവരുടെ മുമ്പില്‍ കഠിനദുഃഖത്തോടെ, ഹൃദയം പൊട്ടുമാറു നെടുവീര്‍പ്പിടുക.7 നീ എന്തിനാണ് നെടുവീര്‍പ്പി ടുന്നതെന്ന് അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണ്; അത് ശ്രവിക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും. എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാ മനസ്‌സുകളും തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.8 എനിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:9 മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയ വാള്‍.10 വധത്തിനായി അതിനു മൂര്‍ച്ച കൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാന്‍ അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്ക് ഉല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു.11 ആകയാല്‍ ഉടനെ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയില്‍ കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.12 മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക.13 നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.14 മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്ഗം വീണ്ടും വീണ്ടും അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന കൊലവാളാണിത്.15 അവരുടെ ധൈര്യം കെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനും വേണ്ടി ഓരോ കവാടത്തിലും ഞാന്‍ സ്ഥാപിച്ചിരിക്കുന്ന വാളാണത്. ഇടിവാള്‍പോലെ തിളങ്ങുന്നതിന് മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതും ആണ് അത്.16 ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക.17 ഞാനും കൈകൊട്ടും. എന്റെ ക്രോധത്തിനു തൃപ്തി വരുത്തും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.18 കര്‍ത്താവ് എന്നോട് വീണ്ടും അരുളിച്ചെയ്തു:19 മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവിന്റെ വാള്‍ കടന്നുവരുന്നതിനു രണ്ടു വഴികള്‍ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തു ഒരു ചൂണ്ടുപലക നാട്ടുക.20 അങ്ങനെ അമ്മോന്യരുടെ റബ്ബായിലേക്കും യൂദായിലേക്കും കോട്ടകളാല്‍ സുരക്ഷിതമായ ജറുസലെമിലേക്കും ആ വാള്‍ കടന്നുവരുന്നതിനു നീ വഴി അടയാളപ്പെടുത്തുക.21 എന്തെന്നാല്‍ ബാബിലോണ്‍രാജാവ് വഴിത്തിരി വില്‍ ശകുനം നോക്കി നില്‍ക്കുന്നു. അവന്‍ അസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരള്‍നോട്ടം നടത്തുകയും ചെയ്യുന്നു.22 അവന്റെ വലംകൈയില്‍ ജറുസലെമിലേക്ക് എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്ക്ക് ആജ്ഞ നല്‍കാനും പോര്‍വിളി മുഴക്കാനും പ്രവേശനകവാടങ്ങളില്‍യന്ത്രമുട്ടി സ്ഥാപിക്കാനും മണ്‍തിട്ടകളുയര്‍ത്താനും പ്രതിരോധ ഗോപുരങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‍കുന്നതായിരുന്നു അത്.23 ജറുസലെം നിവാസികള്‍ക്ക് ഇതു നിരര്‍ഥകമായ ഒരു ശകുനമായിത്തോന്നും. അവര്‍ സഖ്യത്തിലായിരുന്നല്ലോ. എന്നാല്‍, അവരെ പിടിച്ചടക്കാനിടവരുത്തിയ അവരുടെ അകൃത്യങ്ങള്‍ അവന്‍ അവരെ ഓര്‍മിപ്പിക്കും.24 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പരസ്യമായ അതിക്രമങ്ങള്‍ നിമിത്തം നിങ്ങളുടെ അപരാധങ്ങള്‍ എന്നെ അനുസ്മ രിപ്പിച്ചതു കൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും, നിങ്ങള്‍ എന്റെ ഓര്‍മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും.25 ദുഷ്ടനും അധര്‍മിയുമായ ഇസ്രായേല്‍ രാജാവേ, നിന്റെ ദിനം, നിന്റെ അവസാന ശിക്ഷയുടെ ദിനം വരുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:26 നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്ന്നവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും.27 നാശക്കൂമ്പാരം! ഞാന്‍ അതിനെ നാശക്കൂമ്പാരമാക്കും.യഥാര്‍ഥ അവകാശി വരുന്നതുവരെ അതിന്റെ പൊടിപോലും അവശേഷിക്കുകയില്ല. അവന് ഞാന്‍ അതു നല്‍കും.28 മനുഷ്യപുത്രാ, പ്രവചിക്കുക: അമ്മോന്യരെപ്പറ്റിയും അവരുടെ ധിക്കാരത്തെപ്പറ്റിയും ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാള്‍ ഊരിയിരിക്കുന്നു. മിന്നല്‍പോലെ വെട്ടിത്തിളങ്ങാന്‍ അതു തേച്ചുമിനുക്കിയിരിക്കുന്നു.29 നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധര്‍മികളുടെ കഴുത്തില്‍ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാന ശിക്ഷയുടെ സമയം! അത് ഉറയിലിടുക.30 നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത് നിന്റെ ജന്‍മദേശത്തുവച്ച് നിന്നെ ഞാന്‍ വിധിക്കും.31 എന്റെ രോഷം ഞാന്‍ നിന്റെ മേല്‍ ചൊരിയും. എന്റെ ക്രോധാഗ്‌നിജ്വാലകള്‍ നിന്റെ മേല്‍ വീശും. നിഷ്ഠുരന്‍മാരായ സംഹാരവിദഗ്ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും.32 നീ അഗ്‌നിക്കിരയാകും. നിന്റെ രക്തം ദേശത്തൂടെ ഒഴുകും. നിന്റെ സ്മരണപോലും അവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment