Ezekiel, Chapter 29 | എസെക്കിയേൽ, അദ്ധ്യായം 29 | Malayalam Bible | POC Translation

ഈജിപ്തിനെതിരേ

1 പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തു രാജാവായ ഫറവോയുടെനേരേ മുഖം തിരിച്ച് അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്‍േറതാണ്, ഞാനാണ് അത് നിര്‍മിച്ചത് എന്നു പറഞ്ഞുകൊണ്ട് നദികളുടെ മധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണ്.4 നിന്റെ കടവായില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും. നിന്റെ നദികളിലെ മത്‌സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാന്‍ ഒട്ടിക്കും. എന്നിട്ട്, അവയോടു കൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചു പുറത്തിടും.5 നിന്നെയും നിന്റെ നദികളിലെ മത്‌സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; അവിടെ തുറസ്‌സായ സ്ഥലത്തു നീ ചെന്നുവീഴും. ആരും നിന്നെ ഒന്നിച്ചു കൂട്ടുകയോ മറവു ചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും നിന്നെ ഞാന്‍ ഇരയാക്കും.6 ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന് നീ ഒരു ഞാങ്ങണവടിയായിരുന്നു.7 അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി; അവര്‍ നിന്റെ മേല്‍ ചാരിയപ്പോള്‍ നീ ഒടിഞ്ഞു; അവരുടെ നടുവ് ഇളകിപ്പോയി.8 ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്റെ മേല്‍ വാള്‍ അയയ്ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍ നിന്നു ഞാന്‍ വിച്‌ഛേദിക്കും. ഈജിപ്ത് വിജനവും ശൂന്യവുമാകും.9 ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും. നൈല്‍ എന്‍േറതാണ്, ഞാനാണ് അതുണ്ടാക്കിയത് എന്നു നീ പറഞ്ഞു.10 അതിനാല്‍ ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കും എതിരാണ്; മിഗ്‌ദോല്‍മുതല്‍ സെവേനെഗോപുരംവരെ എത്യോപ്യയുടെ അതിര്‍ത്തിയോളം ഈജിപ്തിനെ ഞാന്‍ ശൂന്യവും വിജനവുമാക്കും.11 മനുഷ്യനോ മൃഗങ്ങളോ അതിലൂടെ സഞ്ചരിക്കുകയില്ല; നാല്‍പതു വര്‍ഷത്തേക്ക് അതില്‍ ആരും വസിക്കുകയില്ല.12 നിര്‍ജനദേശങ്ങളുടെ മധ്യേ ഈജിപ്തിനെയും ഞാന്‍ നിര്‍ജനമാക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെകൂടെ നാല്‍പതു വര്‍ഷത്തേക്ക് അവളുടെ നഗരങ്ങളും ശൂന്യമായിക്കിടക്കും. ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഞാന്‍ ചിതറിക്കും.13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍ നിന്ന് നാല്‍പതുവര്‍ഷം കഴിയുമ്പോള്‍ ഞാന്‍ ഈജിപ്തുകാരെ ഒന്നിച്ചുകൂട്ടും.14 അവരുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. തങ്ങളുടെ ജന്‍മദേശമായ പാത്രോസിലേക്കു ഞാന്‍ അവരെ തിരിയെക്കൊണ്ടു വരും, അവിടെ അവര്‍ ഒരു എളിയരാജ്യമാകും.15 അത് മറ്റെല്ലാ രാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനി ഒരിക്കലും അതു മറ്റു ജനതകളുടെമേല്‍ ഉയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാന്‍ അതിനെ ചെറുതാക്കും.16 ഇസ്രായേല്‍ ഇനിമേല്‍ ഈജിപ്തിനെ ആശ്രയിക്കുകയില്ല; എന്തെന്നാല്‍, സഹായത്തിന് അങ്ങോട്ടു തിരിയുമ്പോള്‍ തങ്ങളുടെ തെറ്റിനെക്കുറിച്ച് അവര്‍ക്ക് ഓര്‍മ വരും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.17 ഇരുപത്തേഴാം വര്‍ഷം ഒന്നാംമാസം ഒന്നാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:18 മനുഷ്യപുത്രാ, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ടയിറിനെതിരേ തന്റെ സൈന്യത്തെക്കൊണ്ട് കഠിനമായി പൊരുതിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാ തോളിലെയും തൊലി ഉരിഞ്ഞുപോയി. എന്നിട്ടും അവനോ അവന്റെ സൈന്യത്തിനോ ടയിറിനെതിരേ ചെയ്ത വേലയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചില്ല.19 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുദേശം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിനു ഞാന്‍ നല്‍കും; അവന്‍ അവിടത്തെ സമ്പത്തെല്ലാം തട്ടിയെടുക്കും. അവന്‍ അവിടം കൊള്ളയടിക്കുകയും കുത്തിക്കവരുകയും ചെയ്യും. ഇതായിരിക്കും അവന്റെ സൈന്യത്തിനു പ്രതിഫലം.20 അവന്റെ കഠിനാദ്ധ്വാനത്തിന് പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ കൊടുത്തിരിക്കുന്നു. എന്തെന്നാല്‍, അവന്‍ എനിക്കുവേണ്ടി അദ്ധ്വാനിച്ചു. ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു.21 അന്ന് ഇസ്രായേല്‍ഭവനത്തിനു ഞാന്‍ ഒരു കൊമ്പു മുളപ്പിക്കും. അവരുടെ മധ്യേ ഞാന്‍ നിന്റെ വായ് തുറക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment