Ezekiel, Chapter 30 | എസെക്കിയേൽ, അദ്ധ്യായം 30 | Malayalam Bible | POC Translation

ഈജിപ്തിനു ശിക്ഷ

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.3 ദിവസം അടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണത്.4 ഈജിപ്തിന്റെ മേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനം തകര്‍ക്കപ്പെടുകയും ചെയ്യും.5 അപ്പോള്‍ എത്യോപ്യാ, പുത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.6 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിനെ പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.7 നിര്‍ജനരാജ്യങ്ങളുടെ മധ്യേ അവളും നിര്‍ജനമാകും; ശൂന്യനഗരങ്ങളുടെ മധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.8 ഈജിപ്തിനെ ഞാന്‍ അഗ്‌നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.9 അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍ ദൂതന്‍മാര്‍ എന്റെ അടുത്തുനിന്ന് കപ്പലുകളില്‍ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്ത് അവര്‍ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.10 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കരങ്ങളാല്‍ ഈജിപ്തിന്റെ സമ്പത്ത് ഞാന്‍ ഇല്ലാതാക്കും.11 ഈജിപ്ത് നശിപ്പിക്കേണ്ടതിന് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളില്‍വച്ച് ഏറ്റവും ഭീകരന്‍മാരെത്തന്നെ, ഞാന്‍ കൊണ്ടുവരും. ഈജിപ്തിനെതിരേ അവര്‍ വാളൂരും. മൃതശരീരങ്ങളാല്‍ ദേശം നിറയും.12 ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാട് ദുഷ്ടന്‍മാര്‍ക്ക് വില്‍ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണ് പറഞ്ഞിരിക്കുന്നത്.13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകള്‍ ഉടച്ചുകളയും. ഈജിപ്തില്‍ ഇനിമേല്‍ ഒരു രാജാവ് ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്തില്‍ ഭീതി ഉളവാക്കും.14 ഞാന്‍ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്‌നിക്കിരയാക്കും. തേബെസില്‍ന്യായവിധി നടത്തും.15 ഈജിപ്തിന്റെ ശക്തിദുര്‍ഗമായ സിനിന്റെ മേല്‍ ഞാന്‍ ക്രോധം വര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.16 ഈജിപ്തിനെ ഞാന്‍ അഗ്‌നിക്കിരയാക്കും. സിന്‍ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്റെ കോട്ടകള്‍ തകര്‍ക്കപ്പെടും.17 ഓനിലെയും പിബേസത്തിലെയുംയുവാക്കള്‍ വാളിനിരയാകും; ആ നഗരങ്ങള്‍ അടിമത്തത്തില്‍ നിപതിക്കും.18 തെഹഫ്‌നെഹസില്‍വച്ച് ഈജിപ്തിന്റെ ആധിപത്യം ഞാന്‍ തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടു പോകും. അവളുടെ ശക്തിഗര്‍വ്വം അവസാനിക്കും. അവളെ മേഘം മൂടും; അവളുടെ പുത്രിമാര്‍ അടിമകളാകും.19 ഇപ്രകാരം ഈജിപ്തില്‍ ഞാന്‍ ന്യായവിധി നടത്തും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.20 പതിനൊന്നാംവര്‍ഷം ഒന്നാംമാസം, ഏഴാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:21 മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയുടെ കരം ഞാന്‍ തകര്‍ത്തിരിക്കുന്നു. വാളെടുക്കാന്‍ വീണ്ടും ശക്തിലഭിക്കത്തക്കവിധം സുഖപ്പെടാന്‍ അതു വച്ചുകെട്ടിയിട്ടുമില്ല.22 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോയ്ക്കു ഞാന്‍ എതിരാണ്. അവന്റെ ബലിഷ്ഠമായ കരവും ഒടിഞ്ഞകരവും രണ്ടും ഞാന്‍ ഒടിക്കും. അവന്റെ കൈയില്‍നിന്നു വാള്‍ താഴെവീഴും.23 ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഞാന്‍ ചിതറിക്കും.24 ബാബിലോണ്‍രാജാവിന്റെ കരം ഞാന്‍ ശക്തമാക്കും. എന്റെ വാള്‍ അവന്റെ കൈയില്‍ ഞാന്‍ ഏല്‍പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ തകര്‍ക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പില്‍ ഞരങ്ങും.25 ബാബിലോണ്‍രാജാവിന്റെ കരങ്ങള്‍ ഞാന്‍ ശക്തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും. ബാബിലോണ്‍ രാജാവിന്റെ കൈയില്‍ ഞാന്‍ എന്റെ വാള്‍ ഏല്‍പിക്കുമ്പോള്‍ അവന്‍ അത് ഈജിപ്തിനെതിരേ ഉയര്‍ത്തും.26 ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഈജിപ്തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment