Ezekiel, Chapter 45 | എസെക്കിയേൽ, അദ്ധ്യായം 45 | Malayalam Bible | POC Translation

ദേശത്തു കര്‍ത്താവിന്റെ ഓഹരി

1 നിങ്ങള്‍ സ്ഥലം ഭാഗം വയ്ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്ധഭാഗമായി നീക്കിവയ്ക്കണം. ആ സ്ഥലം മുഴുവനും വിശുദ്ധമായിരിക്കും.2 ഇതില്‍ അഞ്ഞൂറു മുഴം നീളവും വീതിയുമുള്ള സമചതുരം വിശുദ്ധ മന്ദിരത്തിനുള്ളതാണ്. അതിനുചുററും അമ്പതു മുഴം ഒഴിവാക്കിയിടണം.3 വിശുദ്ധമേഖലയില്‍ ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും അളന്നു തിരിക്കുക. അതില്‍ വേണം അതിവിശുദ്ധ മായ ദേവാലയം സ്ഥിതി ചെയ്യാന്‍.4 അതു ദേശത്തിന്റെ വിശുദ്ധഭാഗമായിരിക്കും. ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവരും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍വേണ്ടി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്‍മാര്‍ക്കു വേണ്ടിയായിരിക്കും അത്. അവിടെയായിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും.5 ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന ലേവ്യര്‍ക്കുള്ളതാണ്. അത് അവര്‍ക്കു വസിക്കാനുള്ള നഗരത്തിനുവേണ്ട സ്ഥലമാണ്.6 വിശുദ്ധമേഖലയോടുചേര്‍ന്ന് ഇരുപത്തയ്യായിരം മുഴം നീളത്തിലും അയ്യായിരം മുഴം വീതിയിലും നഗരത്തിനായി സ്ഥ ലം നീക്കി വയ്ക്കണം; അത് ഇസ്രായേല്‍ഭവനത്തിന്റെ പൊതുസ്വത്താണ്.

രാജാവിന്റെ അവകാശവും ചുമതലയും

7 വിശുദ്ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടു ചേര്‍ന്ന് കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി മുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്ഥലം രാജാവിനുള്ളതായിരിക്കും.8 ഇസ്രായേലില്‍ ഇതു രാജാവിന്റെ സ്വത്തായിരിക്കണം. എന്റെ രാജാക്കന്‍മാര്‍ എന്റെ ജനത്തെ ഒരിക്കലും പീഡിപ്പിക്കരുത്; ഇസ്രായേല്‍ഭവനത്തിനു ഗോത്രങ്ങള്‍ക്ക് അനുസൃതമായ സ്ഥലം അവര്‍ വിട്ടുകൊടുക്കണം.9 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍രാജാക്കന്‍മാരേ, മതിയാക്കുക; അക്രമവും പീഡനവും അവസാനിപ്പിച്ച് നീതിയുംന്യായവും നടത്തുവിന്‍. എന്റെ ജനത്തെ കുടിയിറക്കുന്നത് നിര്‍ത്തുവിന്‍ – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.10 ശരിയായ ത്രാസും ഏഫായും ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കണം.11 ഏഫായുടെയും ബത്തിന്റെയും അളവ് ഒന്നായിരിക്കണം. ഹോമറിന്റെ പത്തിലൊന്നാണ് ഏഫാ. ബത്തും ഹോമറിന്റെ പത്തിലൊന്നു തന്നെ. ഹോമറായിരിക്കണം അടിസ്ഥാന അളവ്.12 ഒരു ഷെക്കല്‍ ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ഷെക്കല്‍ അഞ്ചു ഷെക്കലും പത്തു ഷെക്കല്‍ പത്തു ഷെക്കലും ആയിരിക്കണം. നിങ്ങളുടെ മീനാ അമ്പതു ഷെക്കല്‍ ആയിരിക്കണം.13 നിങ്ങള്‍ സമര്‍പ്പിക്കേണ്ട വഴിപാട് ഇതാണ്: ഗോതമ്പും ബാര്‍ലിയും ഹോമറിന് ഏഫായുടെ ആറിലൊന്ന്.14 എണ്ണ കോറിനു ബത്തിന്റെ പത്തിലൊന്നും- കോര്‍, ഹോമര്‍പോലെതന്നെ പത്തു ബത്ത്.15 ഇസ്രായേല്‍ക്കുടുംബങ്ങള്‍ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഇരുനൂറിന് ഒന്ന് എന്ന കണക്കില്‍ സമര്‍പ്പിക്കണം. ഇത് അവര്‍ക്കുവേണ്ടി പരിഹാരംചെയ്യാനുള്ള ധാന്യബലിക്കും ദഹനബലിക്കും സമാധാനബലിക്കും വേണ്ട കാഴ്ചയാണ്. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.16 ഇസ്രായേല്‍രാജാവിന്റെ കൈയില്‍ ജനമെല്ലാം ഈ കാഴ്ചവസ്തുക്കള്‍ ഏല്‍പിക്കണം.17 ഇസ്രായേലിന്റെ എല്ലാ നിശ്ചിതതിരുനാളുകളിലും അമാവാസികളിലും സാബത്തുകളിലും ദഹനബലിക്കും ധാന്യബലിക്കും പാനീയബലിക്കും വേണ്ട വകകള്‍ കൊടുക്കുക രാജാവിന്റെ കടമയാണ്. ഇസ്രായേല്‍ഭവനത്തിന്റെ പാപപരിഹാരത്തിനുവേണ്ടി അവന്‍ പാപപരിഹാരബലികള്‍ക്കും ധാന്യബലികള്‍ക്കും ദഹനബലികള്‍ക്കും സമാധാന ബലികള്‍ക്കും വേണ്ടതു നല്‍കണം.

തിരുനാളുകള്‍

18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം ഊനമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലം ശുദ്ധീകരിക്കണം.19 പുരോഹിതന്‍ പാപപരിഹാരബലിയില്‍ നിന്നു കുറെ രക്തമെടുത്ത് ദേവാലയത്തിന്റെ വാതില്‍പടികളിലും ബലപീഠത്തിന്റെ നാലു കോണുകളിലും അകത്തേ അങ്കണവാതിലിന്റെ തൂണുകളിലും പുരട്ടണം.20 അശ്രദ്ധയോ അജ്ഞതയോമൂലം പാപം ചെയ്തവനുവേണ്ടി മാസത്തിന്റെ ഏഴാംദിവസം ഇതുതന്നെ ചെയ്യണം; അങ്ങനെ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം.21 ഒന്നാംമാസം പതിന്നാലാംദിവസം നിങ്ങള്‍ പെസഹാത്തിരുനാള്‍ ആഘോഷിക്കണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ.22 അന്ന് രാജാവ് തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെ കൊടുക്കണം.23 തിരുനാളിന്റെ ഏഴുദിവസങ്ങളിലും ദഹനബലിക്കായി ഊനമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും പ്രതിദിനം കൊടുക്കണം. ദിവസേന ഒരോ കോലാടിനെയും അവന്‍ കര്‍ത്താവിനു പാപപരിഹാരബലിയായി നല്‍കണം.24 ഓരോ കാളയ്ക്കും ഓരോ മുട്ടാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം.25 ഏഴാം മാസം പതിനഞ്ചാം ദിവസവും തിരുനാളിന്റെ ഏഴു ദിവസങ്ങളിലും പാപപരിഹാരബലിയ്ക്കും ദഹനബലിക്കും അവയ്ക്കുള്ള ധാന്യത്തിനും എണ്ണയ്ക്കും ഇതേ ക്രമം തന്നെ അവന്‍ പാലിക്കണം.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment