Ezekiel, Chapter 47 | എസെക്കിയേൽ, അദ്ധ്യായം 47 | Malayalam Bible | POC Translation

ദേവാലയത്തില്‍ നിന്നു നീര്‍ച്ചാല്‍

1 പിന്നെ അവന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു.2 പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.3 കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു.4 പിന്നെയും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്‌ക്കൊപ്പം വെള്ള മുണ്ടായിരുന്നു.5 പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് – നടന്ന് അക്കരെപറ്റാന്‍ വയ്യാത്ത ഒരു നദി.6 അവന്‍ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീ ഇതു കണ്ടോ? പിന്നെ അവന്‍ എന്നെ നദീതീരത്തൂടെ തിരിച്ചു കൊണ്ടുവന്നു.7 ഞാന്‍ തിരിച്ചു പോന്നപ്പോള്‍ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു.8 അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു.9 നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്‌സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീക രിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും.10 മീന്‍പിടുത്തക്കാര്‍ ആ കടല്‍ക്കരെ നില്‍ക്കും. എന്‍ഗേദിമുതല്‍ എന്‍എഗ്‌ളായിംവരെ വലവീശാന്‍ പറ്റിയ സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം മത്‌സ്യങ്ങളുണ്ടായിരിക്കും.11 എന്നാല്‍ നദിയുടെ സമീപത്തുള്ള ചേറ്റുനിലങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാക്കപ്പെടുകയില്ല. ഉപ്പിനുവേണ്ടി അവ മാറ്റിവച്ചിരിക്കുന്നു.12 നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.

ദേശത്തിന്റെ അതിരുകള്‍

13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍ നീ ദേശം വിഭജിക്കുന്നത് ഇപ്രകാരമായിരിക്കണം. ജോസഫിന് രണ്ടു പങ്കുണ്ടായിരിക്കണം.14 നിങ്ങള്‍ അതു തുല്യമായിവേണം ഭാഗിക്കാന്‍. ഈ ദേശം നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കുമെന്ന് ഞാന്‍ ശപഥം ചെയ്തു. പൈതൃകാവകാശമായി നിങ്ങള്‍ക്ക് ഇതു ലഭിക്കും.15 ദേശത്തിന്റെ അതിര്‍ത്തി ഇതായിരിക്കണം; വടക്കോട്ട് മഹാസമുദ്രംമുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ അതിര്‍ത്തിവരെ.16 അവിടെ നിന്ന് സെദാദ്, ബറോത്ത, ദമാസ്‌ക്കസിന്റെയും ഹമാത്തിന്റെയും ഇടയ്ക്കുള്ള അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സിബ്രായിം, ഹൗറാന്റെ അതിര്‍ത്തിയിലുള്ള ഹാസ്‌സെര്‍ ഹത്തിക്കോന്‍ എന്നിവവരെയും.17 അങ്ങനെ വടക്കേ അതിര്‍ത്തി സമുദ്രംമുതല്‍ ദമാസ്‌ക്കസിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും അതിനു വടക്കുള്ള ഹമാത്തിന്റെ അതിര്‍ത്തിവരെയും. ഇതാണ് വടക്കേ അതിര്.18 കിഴക്കേ അതിര്‍ത്തി: ദമാസ്‌ക്കസിന്റെയും ഹൗറാന്റെയും ഇടയ്ക്കുള്ള ഹസാര്‍ഏനോന്‍മുതല്‍ ഇസ്രായേല്‍ദേശത്തിനും ഗിലയാദിനും ഇടയ്ക്ക് ജോര്‍ദ്ദാന്‍വഴി കിഴക്കേക്കടലും താമാറുംവരെയും.19 ഇതായിരിക്കണം കിഴക്കേ അതിര്. തെക്കേ അതിര്‍ത്തി: താമാര്‍മുതല്‍ മെരിബാത്കാദെഷിലെ ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയും. ഇതായിരിക്കണം തെക്കേ അതിര്‍ത്തി.20 ഹമാത്തിന്റെ കവാടത്തിനു നേരേ വരെ മഹാസമുദ്രമായിരിക്കണം പടിഞ്ഞാറേ അതിര്‍ത്തി.21 അങ്ങനെ ഇസ്രായേല്‍ഗോത്രങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ ഈ ദേശം വിഭജിച്ചെടുക്കണം.22 നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ താമസിക്കവേ കുട്ടികള്‍ ജനിച്ച് അവിടെ പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അതു പങ്കുവയ്ക്കണം. അവര്‍ നിങ്ങള്‍ക്കു സ്വദേശീയരായ ഇസ്രായേല്‍മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ ഗോത്രങ്ങളുടെയിടയില്‍ നിങ്ങളോടൊപ്പം അവര്‍ക്കും ഒരവകാശം ലഭിക്കണം.23 പരദേശി പാര്‍ക്കുന്ന ഗോത്രം ഏതോ ആ ഗോത്രത്തില്‍ത്തന്നെ അവന് ഓഹരികൊടുക്കണം, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment