ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 23

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യകാല സഹോദരന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. ആഴത്തിലുള്ള വിനയം, മഹത്തായ സ്നേഹം, ലളിതഹൃദയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകൾ. ലോകത്തെ പൂർണ്ണമായി ജയിച്ചവൻ സഹോദരൻ ജൂണിപ്പറാണെന്ന് ഒരിക്കൽ ഫ്രാൻസിസ് പറയുന്നു അതിനുള്ള കാരണം ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമൊഴികെ മറ്റൊന്നും ജൂണിപ്പറിനറിയത്തില്ലായിരുന്നു

ഒരു ദിവസം സഹോദരൻ ജൂണിപ്പർ മാലാഖമാരുടെ രാജ്ഞിയുടെ ദൈവവാലയത്തിലെ രോഗിയായ ഒരു സഹോദരനെ സന്ദർശിച്ചു. കരുണയും ആർദ്രതയും നിറഞ്ഞ് ജൂണിപ്പർ ചോദിച്ചു: “നിനക്കായി ഞാൻ എന്തെങ്കിലും ചെയ്യണമോ?” അതിന് രോഗിയായ സഹോദരൻ ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു പന്നിയുടെ കാൽ ഭക്ഷിക്കാൻ കിട്ടിയാൽ എനിക്ക് വളരെ ആശ്വാസമാകും.” യാതൊരു മടിയും കൂടാതെ സഹോദരൻ ജൂണിപ്പർ അത് ഉടൻ കൊണ്ടുവരാമെന്ന് അവനോടു വാഗ്ദാനം ചെയ്തു.

ഉടൻ തന്നെ ജൂണിപ്പർ അടുക്കളയിൽ കയറി ഒരു കത്തി എടുത്ത് പുറത്തേക്കു പോയി. അവിടെ മേയുന്ന പന്നികളിൽ ഒന്നിനെ പിടിച്ച് അതിന്റെ ഒരു കാൽ മുറിച്ച്, ഉടൻ തന്നെ മഠത്തിലേക്ക് മടങ്ങി. അദ്ദേഹം ആ കാൽ വൃത്തിയായി കഴുകി, പാകം ചെയ്ത് രോഗിയായ സഹോദരന് നൽകി. ആ സഹോദരൻ സന്തോഷത്തോടെ അത് ഭക്ഷിച്ചു. താൻ വലിയ സ്നേഹപ്രവർത്തി ചെയ്തുവെന്ന് കരുതി സഹോദരൻ ജൂണിപ്പർ അതീവ സന്തോഷത്തിലായിരുന്നു.

എന്നാൽ പന്നിയുടെ ഉടമ സംഭവമറിഞ്ഞപ്പോൾ വളരെ കുപിതനായി. അദ്ദേഹം മഠത്തിലേക്ക് വന്ന് സഹോദരന്മാരെ കള്ളന്മാരെന്നും കപടന്മാരെന്നും വിളിച്ച് ചീത്തപ്പറയാൻ തുടങി. വിശുദ്ധ ഫ്രാൻസിസും സഹോദരന്മാരും വിനയത്തോടെ അദ്ദേഹത്തെ ശമിപ്പിക്കാൻ ശ്രമിച്ചു; നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം അത് അംഗീകരിക്കാതെ വലിയ കോപത്തോടെ അവിടെ നിന്ന് പോയി.

പിന്നീട് ഫ്രാൻസിസ്, സഹോദരൻ ജൂണിപ്പറിനെ വിളിച്ച് കാര്യം ചോദിച്ചു. സന്തോഷത്തോടെ ജൂണിപ്പർ തന്റെ പ്രവൃത്തി സമ്മതിക്കുകയും രോഗിയായ സഹോദരനോടുള്ള സ്നേഹമാണ് ഇപ്രകാരം ചെയ്യാൻ തന്നെ പ്രേരിപ്പിതെന്നും അവൻ വിശദീകരിച്ചു. ഒരാൾക്കു നന്മ ചെയ്യാനായി അനവധി പന്നികളുടെ കാലുകൾ മുറിച്ചിലും ദൈവത്തിനു സന്തോഷമായിരിക്കും എന്നും ജൂണിപ്പർ കൂട്ടിചേർത്തു.

ജൂണിപ്പറിൻ്റെ കാരുണ്യത്തെ ഫ്രാൻസീസ് ആദരിച്ചെങ്കിലും നീതിയും മറ്റുള്ളവർക്ക് ഉണ്ടാകുന്ന ഇടർച്ചയും കണക്കിലെടുത്ത് ഫ്രാൻസിസ് അവനോട് ആ മനുഷ്യനെ കണ്ടെത്തി കുറ്റം സമ്മതിച്ച് ക്ഷമ ചോദിക്കാൻ കല്പിച്ചു. ജൂണിപ്പർ ഉടൻ അനുസരിച്ചു. ആ മനുഷ്യനെ കണ്ടപ്പോൾ സന്തോഷത്തോടെയും എളിമയോടെയും എല്ലാം വിശദീകരിച്ചു, ജൂണിപ്പറിനെ കണ്ട പന്നിയുടെ ഉമസ്ഥൻ ആദ്യം കോപിതനായെങ്കിലും അവൻ്റെ വിനയവും സഹനവും സ്നേഹവും ഉടമസ്ഥൻ്റെ ഹൃദയം ഉരുക്കി.

അവസാനം കണ്ണീരോടെ ജൂണിപ്പർ സ്വന്തം തെറ്റിനെ ഓർത്തു പശ്ചാത്തപിക്കുകും, സഹോദരന്മാരോട് ക്ഷമ ചോദിക്കുക ചെയ്തു, പന്നിയുടെ ഉടമസ്ഥൻ മുഴുവൻ പന്നിയെയും സമ്മാനമായി അവർക്കു നൽകി. ഇതുകണ്ട് ഫ്രാൻസിസ് സഹോദരൻ ജൂനിപ്പറിന്റെ ശുദ്ധഹൃദയശുദ്ധിയെ പ്രശംസിച്ച് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇത്തരം ജൂണിപ്പർമാർ നിറഞ്ഞ ഒരു കാട് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേ!”

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 23”

  1. Brother Juniper’s innocence is almost disarming — his love is so immediate that he never pauses. But what I appreciate most is how St. Francis honors that love while still guiding it toward justice. The story doesn’t dim compassion; it refines it.

    That balance makes the ending even more beautiful.

    Liked by 1 person

    1. Thanks for your Kind compliments 👍😊🙏

      Liked by 2 people

Leave a reply to Livora Gracely Cancel reply