Amos, Chapter 9 | ആമോസ്, അദ്ധ്യായം 9 | Malayalam Bible | POC Translation

1 : ബലിപീഠത്തിനരികേ കര്‍ത്താവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന് അരുളിച്ചെയ്തു: പൂമുഖം കുലുങ്ങുമാറ് പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും; ഒരുവനും ഓടിയൊളിക്കുകയില്ല. ഒരുവനും രക്ഷപെടുകയില്ല.   

2 : അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ പിടിക്കും. ആകാശത്തിലേക്ക് അവര്‍ കയറിപ്പോയാലും അവിടെ നിന്നു ഞാന്‍ അവരെ വലിച്ചുതാഴെയിറക്കും.   

3 : കാര്‍മല്‍ ശൃംഗത്തില്‍ ഒളിച്ചാലും അവിടെനിന്ന് ഞാനവരെ തിരഞ്ഞുപിടിക്കും. എന്റെ കണ്ണില്‍പ്പെടാത്തവിധം ആഴിയുടെ അഗാധത്തില്‍ അവര്‍ ഒളിച്ചിരുന്നാലും, സര്‍പ്പത്തിനു ഞാന്‍ കല്‍പന കൊടുക്കും. അത് അവരെ ദംശിക്കും.   

4 : ശത്രുക്കള്‍ അവരെ പ്രവാസികളായി പിടിച്ചുകൊണ്ടു പോയാലും ഖഡ്ഗങ്ങളോടു ഞാന്‍ ആജ്ഞാപിക്കും, അത് അവരെ വധിക്കും. അവരുടെമേല്‍ ഞാന്‍ ദൃഷ്ടി പതിക്കും. നന്‍മയ്ക്കല്ല തിന്‍മയ്ക്ക്.   

5 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ അത് ഉരുകിപ്പോകുന്നു. അതിലെ നിവാസികള്‍ ആര്‍ത്തരായി കേഴുന്നു. അതു മുഴുവന്‍ നൈല്‍പോലെ, അതേ, ഈജിപ്തിലെ നൈല്‍പോലെ പതഞ്ഞുപൊങ്ങുകയും താഴുകയും ചെയ്യും.   

6 : ആകാശങ്ങളില്‍ തന്റെ ഉന്നതമന്ദിരം തീര്‍ക്കുകയും ഭൂമിയുടെമേല്‍ കമാനം നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ച് ഭൂതലത്തില്‍ വര്‍ഷിക്കുകയുംചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ് എന്നാണ്.   

7 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക് എത്യോപ്യാക്കാരെപ്പോലെ അല്ലയോ? ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നും ഫിലിസ്ത്യരെ കഫ്‌ത്തോറില്‍ നിന്നും സിറിയാക്കാരെ കീറില്‍ നിന്നും കൊണ്ടുവന്നതു ഞാനല്ലയോ?   

8 : ഇതാ, പാപപങ്കിലമായരാജ്യത്തിന്റെ മേല്‍ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്നു ഞാന്‍ അതിനെ നശിപ്പിക്കും. എന്നാല്‍, യാക്കോബിന്റെ ഭവനത്തെ പൂര്‍ണമായും നശിപ്പിക്കുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.   

9 : ജനതകള്‍ക്കിടയില്‍ ഇസ്രായേല്‍ ഭവനത്തെ ഞാന്‍ അടിച്ചു ചിതറിക്കും. അരിപ്പകൊണ്ടെന്നപോലെ അവരെ ഞാന്‍ അരിക്കും. ഒരു മണല്‍ത്തരിപോലും താഴെ വീഴുകയില്ല.   

10 : എന്റെ ജനത്തിനിടയിലുള്ള പാപികള്‍ മുഴുവന്‍ വാളാല്‍ നിഹനിക്കപ്പെടും. തിന്‍മ തങ്ങളെ കീഴടക്കുകയോ എതിര്‍ക്കുക പോലുമോ ചെയ്യുകയില്ലെന്ന് അവര്‍ പറഞ്ഞു. 

ഇസ്രായേലിന്റെ പ്രതീക്ഷ  

11 : അന്നു ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും.   

12 : അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്റെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ജനതകളെയും അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.   

13 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിനങ്ങള്‍ ആസന്നമായി. അന്ന് ഉഴവുകാരന്‍ കൊയ്ത്തുകാരനെയും മുന്തിരി മെതിക്കുന്നവന്‍ വിതക്കാരനെയും പിന്നിലാക്കും. പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും. മലകളില്‍ അതു കവിഞ്ഞൊഴുകും.   

14 : എന്റെ ജന മായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.   

15 : അവര്‍ക്കു നല്‍കിയ ദേശത്ത് ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല – ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment