The Book of Joel | ജോയേല്‍ | Malayalam Bible | POC Translation

ആമുഖം

ബി.സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിന്റെ പുസ്തകം വിരചിതമായത് എന്നുമാത്രമേ പറയാനാവൂ. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുകിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകന്‍ സംസാരിക്കുന്നത്. പ്രവാചകന്റെ വീക്ഷണത്തില്‍ ഇവ ആസന്നമായ ശിക്ഷയുടെ, കര്‍ത്താവിന്റെ ദിനത്തിന്റെ, പ്രതീകങ്ങളാണ്. മേല്‍പറഞ്ഞവെട്ടുകിളിബാധയുടെയും വരള്‍ച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കാന്‍ ജനത്തിനു നല്‍കുന്ന ആഹ്വാനവുമാണ് ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു കാണുന്നത്. പ്രവാചകന്റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതും (1,1-2,27) കര്‍ത്താവിന്റെ ദിനത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ലഭിക്കാന്‍ പോകുന്ന സൗഭാഗ്യവും ജനതകള്‍ക്കുള്ള ശിക്ഷയുമാണ് രണ്ടാംഭാഗത്തു വിവരിക്കുന്നത് (2,28-3,21). അവസാന നാളുകളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ ആത്മാവിനെ വര്‍ഷിക്കുമെന്ന ജോയേലിന്റെ പ്രവചനം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. 

കൃഷിനാശം

  • 1 : പെഥുവേലിന്റെ മകന്‍ ജോയേലിനു കര്‍ത്താവില്‍ നിന്നു ലഭിച്ച അരുളപ്പാട്: വൃദ്ധരേ, ശ്രവിക്കുവിന്‍.   
  • 2 : ദേശവാസികളെ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പിതാക്കന്‍മാരുടെയോ കാലത്ത് ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?   
  • 3 : ഇതെപ്പറ്റി നിങ്ങളുടെ മക്കളോട് പറയുവിന്‍. അവര്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ അടുത്ത തലമുറയോടും പറയട്ടെ.   
  • 4 : വിട്ടില്‍ ശേഷിപ്പിച്ചതു വെട്ടുകിളി തിന്നു; വെട്ടുകിളി ശേഷിപ്പിച്ചതു പച്ചക്കുതിര തിന്നു; പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴു തിന്നു.   
  • 5 : മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു.   
  • 6 : അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിന്‍േറ തു പോലെയും ദംഷ്ട്രകള്‍ സിംഹിയുടേതുപോലെയുമാണ്.   
  • 7 : അത് എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകള്‍ വെളുപ്പിച്ചു.   
  • 8 : തന്റെ യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍.   
  • 9 : ധാന്യബലിയും പാനീയബലിയും കര്‍ത്താവിന്റെ ഭവനത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ വിലപിക്കുന്നു.   
  • 10 : വയലുകള്‍ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; ഭൂമി വിലപിക്കുന്നു. ധാന്യം നശിച്ചു, വീഞ്ഞ് ഇല്ലാതായി; എണ്ണ വറ്റിപ്പോയി.   
  • 11 : നിലം ഉഴുകുന്നവരേ, പരിഭ്രമിക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, പ്രലപിക്കുവിന്‍; ഗോതമ്പിനെയും ബാര്‍ലിയെയും ചൊല്ലിത്തന്നെ. കാരണം, വയലിലെ വിളവുകള്‍ നശിച്ചിരിക്കുന്നു.   
  • 12 : മുന്തിരിവള്ളിയും അത്തിവൃക്ഷവും വാടിപ്പോകുന്നു. മാതളവും ഈന്തപ്പനയും ആപ്പിളും ഉള്‍പ്പെടെ വയലിലെ എല്ലാ വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യമക്കളില്‍നിന്ന് ആ നന്ദം പോയിമറഞ്ഞു.   

അനുതപിക്കുവിന്‍

  • 13 : പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.   
  • 14 : ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.   
  • 15 : കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആദിനം! ഹാ, കഷ്ടം! സര്‍വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു.   
  • 16 : നമ്മുടെ കണ്‍മുന്‍പില്‍നിന്നു ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്ന് ആഹ്‌ളാദത്തിമിര്‍പ്പും അപ്രത്യക്ഷമായിരിക്കുന്നു.   
  • 17 : വിത്ത് കട്ടകള്‍ക്കിടയില്‍ അമര്‍ന്നു പോയിരിക്കുന്നു. സംഭരണശാലകളും പത്തായങ്ങളും ശൂന്യമായിരിക്കുന്നു.   
  • 18 : ധാന്യം ഇല്ലാതായിരിക്കുന്നു. മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലമില്ലാതെ കന്നുകാലികള്‍ വലയുന്നു; ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു.   
  • 19 : കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുല്‍പു റങ്ങളെ അഗ്‌നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു.   
  • 20 : വനാന്തരങ്ങളിലെ അരുവികള്‍ വറ്റിപ്പോവുകയും പുല്‍പുറങ്ങള്‍ അഗ്‌നിക്കിരയാവുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കേഴുന്നു.   

കര്‍ത്താവിന്റെ ദിനം

  • 1 : സീയോനില്‍ കാഹളം ഊതുവിന്‍. എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു.   
  • 2 : അത് അന്ധ കാരത്തിന്റെയും മനത്തകര്‍ച്ചയുടെയും ദിനമാണ്. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം! ശക്തിയും പ്രതാപവുമുള്ള ഒരു ജനതതി അന്ധകാരംപോലെ പര്‍വതങ്ങളില്‍ വാ്യാപിച്ചിരിക്കുന്നു. ഇതുപോലൊന്ന് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല; തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല.   
  • 3 : അവര്‍ക്കു മുന്നില്‍ വിഴുങ്ങുന്നതീ, പിന്നില്‍ ആളുന്നതീ. അവര്‍ക്കു മുന്നില്‍ ദേശം ഏദന്‍തോട്ടംപോലെ, പിന്നില്‍ മരുഭൂമിപോലെയും. അവരുടെ ആക്രമണത്തില്‍നിന്ന് ഒന്നും രക്ഷപെ ടുന്നില്ല.   
  • 4 : കുതിരകളെപ്പോലെ അവര്‍ വരുന്നു. പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു.   
  • 5 : രഥങ്ങളുടെ ഇരമ്പലെന്നു തോന്നുമാറ് അവര്‍ മലമുകളില്‍ കുതിച്ചുചാടുന്നു. വൈക്കോലിനു തീ പിടിക്കുമ്പോഴുണ്ടാകുന്ന കിരുകിരശബ്ദംപോലെയും ശക്തമായ സൈന്യം മുന്നേറുമ്പോഴുള്ള ആരവംപോലെയും തന്നെ.   
  • 6 : അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു. എല്ലാവരുടെയും മുഖം വിളറുന്നു.   
  • 7 : യുദ്ധവീരരെപ്പോലെ അവര്‍ പാഞ്ഞടുക്കുന്നു; പടയാളികളെപ്പോലെ മതിലുകള്‍ കയറുന്നു. നിരതെറ്റാതെ ഓരോരുത്തരും താന്താങ്ങളുടെ മാര്‍ഗത്തില്‍ അടിവച്ചു നീങ്ങുന്നു.   
  • 8 : പരസ്പരം ഉന്തിമാറ്റാതെ അവരവരുടെ പാതയില്‍ ചരിക്കുന്നു. ശത്രുവിന്റെ ആയുധങ്ങള്‍ക്കിടയിലൂടെ അവര്‍ കുതിച്ചു നീങ്ങി. ആര്‍ക്കും അവരെ തടയാനായില്ല.   
  • 9 : അവര്‍ നഗരത്തിന്‍മേല്‍ ചാടിവീഴുന്നു; മതിലുകളില്‍ ഓടി നടക്കുന്നു; കള്ളനെപ്പോലെ ജാലകങ്ങളിലൂടെ വീട്ടിനുള്ളില്‍ കടക്കുന്നു.   
  • 10 : അവരുടെ മുന്‍പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം വിറകൊള്ളുന്നു; സൂര്യചന്ദ്രന്‍മാര്‍ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുകളയുന്നു.   
  • 11 : തന്റെ സൈന്യത്തിന്റെ മുന്‍പില്‍ കര്‍ത്താവിന്റെ ശബ്ദം മുഴങ്ങുന്നു. അവിടുത്തെ സൈന്യം വളരെ വലുതാണ്. അവിടുത്തെ ആജ്ഞ നടപ്പിലാക്കുന്നവന്‍ ശക്തനാണ്; കര്‍ത്താവിന്റെ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്. ആര്‍ക്ക് അതിനെ അതിജീവിക്കാനാവും?   

പശ്ചാത്തപിക്കുവിന്‍

  • 12 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.   
  • 13 : നിങ്ങളുടെ ഹൃദയമാണ് വസ്ത്ര മല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്; ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്ന ദ്ധനുമാണ് അവിടുന്ന്.   
  • 14 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് മനസ്‌സുമാറ്റി ശിക്ഷ പിന്‍വലിച്ച്, തനിക്ക് ധാന്യബലിയും പാനീയ ബലിയും അര്‍പ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന് ആരറിഞ്ഞു?   
  • 15 : സീയോനില്‍ കാഹളം മുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍, മഹാസഭ വിളിച്ചുകൂട്ടുവിന്‍,   
  • 16 : ജനത്തെ ഒരുമിച്ചുകൂട്ടുവിന്‍, സമൂഹത്തെ വിശുദ്ധീകരിക്കുവിന്‍. ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടുവിന്‍, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍. മണവാളന്‍ തന്റെ മണവറയും, മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!   
  • 17 : കര്‍ത്താ വിന്റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?   

കര്‍ത്താവിന്റെ കാരുണ്യം

  • 18 : അപ്പോള്‍, കര്‍ത്താവ് തന്റെ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും തന്റെ ജനത്തോടു കാരുണ്യം കാണിക്കുകയും ചെയ്തു.   
  • 19 : കര്‍ത്താവ് തന്റെ ജനത്തിന് ഉത്തരമരുളി: ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും തരുന്നു; നിങ്ങള്‍ സംതൃപ്തരാകും. ജനതകളുടെ ഇടയില്‍ ഇനി നിങ്ങളെ ഞാന്‍ പരിഹാസപാത്രമാക്കുകയില്ല.   
  • 20 : വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്തുനിന്ന് ആട്ടിപ്പായിക്കും. വരണ്ടു വിജനമായ ദേശത്തേക്ക് അവനെ ഞാന്‍ തുരത്തും. അവന്റെ സൈന്യത്തിന്റെ മുന്‍നിരയെ കിഴക്കന്‍കടലിലും പിന്‍നിരയെ പടിഞ്ഞാറന്‍കടലിലും ആഴ്ത്തും. തന്റെ ഗര്‍വുനിറഞ്ഞചെയ്തികള്‍ നിമിത്തം അവന്‍ ദുര്‍ഗന്ധം വമിക്കും.   
  • 21 : ദേശമേ, ഭയപ്പെടേണ്ടാ; ആഹ്ലാദിച്ചാനന്ദിക്കുക, കര്‍ത്താവു വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.   
  • 22 : വയ ലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ, മേച്ചില്‍പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷങ്ങള്‍ ഫലം ചൂടുന്നു. അത്തിമരവും മുന്തിരിവള്ളിയും ഫലങ്ങള്‍ സമൃദ്ധമായി നല്‍കുന്നു.   
  • 23 : സീയോന്‍മക്കളേ, ആനന്ദിക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. അവിടുന്ന് നിങ്ങള്‍ക്കു യഥാകാലം ആവശ്യാനുസരണം ശരത്കാലവൃഷ്ടി നല്‍കും. പഴയതുപോലെ അവിടുന്ന് നിങ്ങള്‍ക്കു ശരത്കാലവൃഷ്ടിയും വസന്ത കാലവൃഷ്ടിയും സമൃദ്ധമായി പെയ്യിച്ചുത രും.   
  • 24 : മെതിക്കളങ്ങളില്‍ ധാന്യംനിറയും. ചക്കുകളില്‍ വീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.   
  • 25 : വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയച്ച മഹാസൈന്യങ്ങള്‍ നശിപ്പിച്ച സംവത്‌സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും.   
  • 26 : നിങ്ങള്‍ സമൃദ്ധമായി ഭക്ഷിച്ചു സംതൃപ്തിയടയും; നിങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുകയും ചെയ്യും; എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരുകയില്ല.   
  • 27 : ഞാന്‍ ഇസ്രായേലിന്റെ മധ്യേ ഉണ്ടെന്നും കര്‍ത്താവായ ഞാനാണ് നിങ്ങളുടെ ദൈവമെന്നും ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടി വരുകയില്ല.   

ആത്മാവിനെ വര്‍ഷിക്കും

  • 28 : അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.   
  • 29 : ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.   
  • 30 : ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്‌നിയും ധൂമപടലവും.   
  • 31 : കര്‍ത്താവിന്റെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.   
  • 32 : കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. കര്‍ത്താവ് അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്ഷപെടുന്നവരുണ്ടാകും. കര്‍ത്താവ് വിളിക്കുന്നവര്‍ അതിജീവിക്കും.   

ജനതകളുടെമേല്‍ വിധി

  • 1 : ആ നാളുകളില്‍, ഞാന്‍ യൂദായുടെയും ജറുസലെമിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നാളുകളില്‍,   
  • 2 : ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയുംയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്റെ ജനവും അവകാശ വുമായ ഇസ്രായേലിനെപ്രതി ഞാന്‍ അവരെ അവിടെവച്ച് വധിക്കും. എന്തെന്നാല്‍, അവര്‍ എന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു.   
  • 3 : എന്റെ ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്ക്കു വേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു.   
  • 4 : ടയിര്‍, സീദോന്‍, സകല ഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക് എന്നോടു എന്തുചെയ്യാന്‍ കഴിയും? എന്നോട് പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തന്നെതലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും.   
  • 5 : എന്തെന്നാല്‍, നിങ്ങള്‍ എന്റെ വെള്ളിയും സ്വര്‍ണവും അനര്‍ഘനിധികളും നിങ്ങളുടെ ക്‌ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.   
  • 6 : നിങ്ങള്‍ യൂദായിലെയും ജറുസലെമിലെയും ജനത്തെ അവരുടെ അതിര്‍ത്തികളില്‍നിന്ന് അകറ്റിയവനര്‍ക്കു വിറ്റു.   
  • 7 : നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നുതന്നെ ഞാന്‍ അവരെ ഇളക്കിവിടുകയും നിങ്ങളുടെ പ്രവൃത്തികള്‍ക്കു നിങ്ങളുടെ തന്നെതലയില്‍ പകരംവീട്ടുകയും ചെയ്യും.   
  • 8 : ഞാന്‍ നിങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും യൂദായുടെ സന്തതികള്‍ക്കു വില്‍ക്കും. യൂദാസന്തതികള്‍ അവരെ വിദൂരത്തുള്ള സബേയര്‍ക്കു വില്‍ക്കും – കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.   
  • 9 : ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍,യുദ്ധത്തിന് ഒരുങ്ങുവിന്‍, ശക്തന്‍മാരെ ഉണര്‍ത്തുവിന്‍, സകല യോദ്ധാക്കളും ഒരുമിച്ചു ചേര്‍ന്നു മുന്നേറട്ടെ!   
  • 10 : നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും രൂപാന്തരപ്പെടുത്തുവിന്‍. താന്‍ ഒരു യോദ്ധാവാണെന്നു ദുര്‍ബലന്‍ പറയട്ടെ.   
  • 11 : ചുറ്റുമുള്ള സകല ജനതകളേ, ഓടി വരുവിന്‍, അവിടെ ഒരുമിച്ചു കൂടുവിന്‍. കര്‍ത്താവേ, അങ്ങയുടെ സൈന്യത്തെ അയയ്ക്കണമേ!   
  • 12 : ജനതകള്‍ ഉണര്‍ന്നുയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകും.   
  • 13 : അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്.   
  • 14 : വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനം അടുത്തിരിക്കുന്നു.   
  • 15 : സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.   

ഇസ്രായേലിന് അനുഗ്രഹം

  • 16 : കര്‍ത്താവ് സീയോനില്‍ നിന്നു ഗര്‍ജിക്കുന്നു; ജറുസലെമില്‍ നിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാല്‍, കര്‍ത്താവ് തന്റെ ജനത്തിന് അഭയമാണ്; ഇസ്രായേല്‍ ജനത്തിനു ശക്തിദുര്‍ഗം.   
  • 17 : എന്റെ വിശുദ്ധപര്‍വതമായ സീയോനില്‍ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍ എന്നു നിങ്ങള്‍ അറിയും. ജറുസലെം വിശുദ്ധമായിരിക്കും. അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.   
  • 18 : അന്നു പര്‍വതങ്ങളില്‍നിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളില്‍ നിന്നു പാല്‍ ഒഴുകും. യൂദായിലെ അരുവികളില്‍ ജലം നിറയും. കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് ഒരു നീരുറവ പുറപ്പെട്ട് ഷിത്തിം താഴ്‌വരയെ നനയ്ക്കും.   
  • 19 : യൂദായിലെ ജനത്തോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്‌കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാവുകയും ഏദോം നിര്‍ജനഭൂമിയാവുകയും ചെയ്യും.   
  • 20 : എന്നാല്‍, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും.   
  • 21 : അവരുടെ രക്തത്തിനു ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവു സീയോനില്‍ വസിക്കുന്നു.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment