The Book of Habakkuk | ഹബക്കുക്ക് | Malayalam Bible | POC Translation

ആമുഖം

ഇസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന്‍ ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അസ്‌സീറിയാക്കാരെയാണ് ഉദ്‌ദേശിക്കുന്നതെങ്കില്‍ നാഹുമിന്റെ സമകാലികനായിരിക്കണം ഹബക്കുക്ക്. പ്രവാചകനെപ്പറ്റി മറ്റു വിവരണങ്ങളൊന്നും ലഭ്യമല്ല. പ്രവാചകന്റെ രണ്ടു ചോദ്യങ്ങളും കര്‍ത്താവ് അവയ്ക്കു നല്‍കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു വിലാപഗാനമാണ് ആദ്യഭാഗം (1, 1-2, 4). നാടാകെ അനീതിയും അക്രമവും നിറഞ്ഞിട്ടും കര്‍ത്താവ് രക്ഷ നല്‍കുന്നില്ല; ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നു- ഇതാണ് പ്രവാചകന്റെ പ്രശ്‌നം. കര്‍ത്താവ് പ്രവര്‍ത്തിക്കാന്‍ പോകുന്നു, ദുഷ്ടനു ശിക്ഷയും നീതിമാനു സമ്മാനവും ഉണ്ടാകും എന്നു മറുപടി ലഭിക്കുന്നു. മറ്റുള്ളവരെ വെട്ടിവിഴുങ്ങി ശക്തനായിത്തീര്‍ന്ന ദുഷ്ടശത്രുവിനെതിരേയുള്ള അഞ്ചു ശാപങ്ങളാണ് തുടര്‍ന്നു കാണുന്നത് (2, 5-20). തന്റെ ജനത്തെയും അഭിഷിക്തനെയും രക്ഷിക്കാന്‍ ആഗതനാകുന്ന കര്‍ത്താവിനെ ദര്‍ശിച്ച പ്രവാചകന്‍ ഉതിര്‍ക്കുന്ന പ്രാര്‍ഥനാഗാനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത് (3, 1-19).

പ്രവാചകന്റെ ആവലാതി

1 : ഹബക്കുക്ക് പ്രവാചകന് ദര്‍ശനത്തില്‍ ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്.   

2 : കര്‍ത്താവേ, എത്രനാള്‍ ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങ് അത് കേള്‍ക്കാതിരിക്കുകയും ചെയ്യും? എത്രനാള്‍, അക്രമം എന്നു പറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും.   

3 : തിന്‍മകളും ദുരിതങ്ങളും കാണാന്‍ എനിക്ക് അങ്ങ് എന്തുകൊണ്ട് ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കണ്‍മുന്‍പില്‍! കലഹവും മത്‌സരവും തല ഉയര്‍ത്തുന്നു.   

4 : നിയമം നിര്‍വീര്യമാക്കപ്പെടുന്നു. നീതി നിര്‍വഹിക്കപ്പെടുന്നില്ല. ദുഷ്ടന്‍ നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു.   

ദൈവത്തിന്റെ മറുപടി

5 : ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.   

6 : ഇതാ, ഞാന്‍ തിക്തവും വേഗമേറിയതുമായ കല്‍ദായജനതയെ ഇളക്കിവിടുന്നു. തങ്ങളുടേതല്ലാത്ത വസതികള്‍ സ്വന്തമാക്കാന്‍ അവര്‍ ഭൂതലമാകെ മുന്നേറുന്നു.   

7 : ഭയവും ഭീകരതയും വിതയ്ക്കുന്നവരാണ് അവര്‍. നീതിയുംന്യായവും അവര്‍ തീരുമാനിക്കുന്നതുതന്നെ.   

8 : അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലികളെക്കാള്‍ വേഗതയുണ്ട്. അവയ്ക്ക് ഇരതേടുന്ന ചെന്നായെക്കാള്‍ ഭീകരതയുണ്ട്. അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ വിദൂരത്തുനിന്നു വരുന്നു. ഇരയെ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുന്ന കഴുകനെപ്പോലെ അവര്‍ പറന്നടുക്കുന്നു.   

9 : അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കു മുന്‍പേ അവരെക്കുറിച്ചുള്ള ഭീതിനീങ്ങുന്നു. അവരുടെ തടവുകാര്‍ മണല്‍ത്തരിപോലെ അസംഖ്യമാണ്.   

10 : അവര്‍ രാജാക്കന്‍മാരെ പരിഹസിക്കുന്നു; പ്രഭുക്കന്‍മാരെ അവഹേളിക്കുന്നു. കോട്ടകളെ അവര്‍ നിസ്‌സാരമായി തള്ളുന്നു. മണ്‍തിട്ട ഉയര്‍ത്തി അവര്‍ അതു പിടച്ചെടുക്കുന്നു.   

11 : കാറ്റുപോലെ അവര്‍ വീശിക്കടന്നുപോകുന്നു; സ്വന്തം ശക്തിയെ ദൈവമായി കരുതിയിരുന്നവര്‍ പരിഭ്രാന്തരാകുന്നു.   

ആവലാതി

12 : എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കര്‍ത്താവും പരിശുദ്ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ് അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു.   

13 : അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യംനോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനംദീക്ഷിക്കുന്നതും എന്തുകൊണ്ട്?   

14 : അങ്ങ് മനുഷ്യരെ കടലിലെ മത്‌സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്?   

15 : അവന്‍ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയില്‍ക്കുടുക്കി വലിച്ചെടുക്കുന്നു. തന്റെ കോരുവലയില്‍ അവയെ ശേഖരിക്കുന്നു. അപ്പോള്‍ അവന്‍ സന്തോഷിച്ചുല്ലസിക്കുന്നു.   

16 : തന്നിമിത്തം അവന്‍ തന്റെ വലയ്ക്കു ബലികളും തന്റെ കോരുവലയ്ക്കു ധൂപവും അര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന്‍ സമൃധിയില്‍ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും.   

17 : ജനതകളെ നിരന്തരം നിര്‍ദയമായി വധിച്ചു കൊണ്ട് അവന്‍ വല കുടഞ്ഞ് ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?   

മറുപടി

1 : ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന് എന്നോട് എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്തു മറുപടി നല്‍്കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.   

2 : കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക.   

3 : ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.   

4 : ഹൃദയപരമാര്‍ത്ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്റെ വിശ്വസ്തതമൂലം ജീവിക്കും.   

ദുഷ്‌കര്‍മികള്‍ക്കു ശാപം

5 : വീഞ്ഞു വഞ്ചന നിറഞ്ഞതാണ്. ഗര്‍വിഷ്ഠന്‍ നിലനില്‍ക്കുകയില്ല. അവന്റെ അത്യാഗ്രഹം പാതാളംപോലെ വിസ്താരമുളളതാണ്. മൃത്യുവിനെപ്പോലെ അവന് ഒരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന്‍ തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്‍േറ തെന്നപോലെ അവന്‍ പെറുക്കിക്കൂട്ടുന്നു.   

6 : ഇവര്‍ നിന്ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേ തിരിഞ്ഞ് പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന് എത്രനാളത്തേക്കാണത്; പണയവസ്തുക്കള്‍ വാരിക്കൂട്ടുന്നവന്, ഹാ! ക്ഷടം.   

7 : നിന്റെ കടക്കാര്‍ പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയും ചെയ്യുകയില്ലേ? അപ്പോള്‍ നീ അവര്‍ക്കു കൊള്ള വസ്തുവായിത്തീരും.   

8 : നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണിച്ച തിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ കൊള്ളയടിക്കുകയും ചെയ്യും.   

9 : അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേ ടുന്നവനു ഹാ! കഷ്ടം.   

10 : പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനം വരുത്തിവച്ചു; നിന്റെ ജീവന്‍ നഷ്ടപ്പെടുത്തി.   

11 : ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്ന് തുലാം മറുപടി പറയും.   

12 : രക്തംകൊണ്ടു നഗരം പണിയുകയും അകൃത്യംകൊണ്ടു പട്ടണം സ്ഥാപിക്കുകയും ചെയ്യുന്നവന് ഹാ! കഷ്ടം.   

13 : അഗ്‌നിക്ക് ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്ക്കുവേണ്ടി ജനതകള്‍ ബദ്ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഹിതമനുസരിച്ചാണല്ലോ.   

14 : ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും.   

15 : അയല്‍ക്കാരുടെ നഗ്‌നത കാണാന്‍വേണ്ടി അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിച്ച് ഉന്‍മത്തരാക്കുന്നവര്‍ക്കു ഹാ! കഷ്ടം.   

16 : മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്‍മത്തനാവുക. കര്‍ത്താവ് തന്റെ വലത്തുകൈയിലെ പാനപാത്രം നിന്റെ നേരേ നീട്ടും, ലജ്ജ നിന്റെ മഹത്വത്തെ മറയ്ക്കും.   

17 : ലബനോനോടു നീ ചെയ്ത അക്രമം നിന്നെ അടിപ്പെടുത്തും. നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമം കാണിക്കുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും.   

18 : വിഗ്രഹംകൊണ്ട് എന്തു പ്രയോജനം? ശില്‍പി തീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്ടാവും അല്ലേ അത്? മൂകവിഗ്രഹങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശില്‍പി സ്വന്തം കരവിരുതിലാണ് ആശ്രയിക്കുന്നത്.   

19 : തടിക്കഷണത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‍ക്കുക എന്നും പറയുന്നവനു ഹാ! കഷ്ടം. അതിനു വെളിപാടു നല്‍കുവാന്‍ കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസം ഇല്ല.   

20 : എന്നാല്‍, കര്‍ത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ മൗനം ഭജിക്കട്ടെ.   

പ്രവാചകന്റെ പ്രാര്‍ഥന

1 : ഹബക്കുക്ക് പ്രവാചകന്‍ വിലാപരാഗത്തില്‍ രചിച്ച പ്രാര്‍ഥനാഗീതം.   

2 : കര്‍ത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയും കേട്ട് ഞാന്‍ ഭയന്നു. ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! ക്രുദ്ധനാകുമ്പോള്‍ അങ്ങയുടെ കരുണയെ അനുസ്മരിക്കണമേ!   

3 : ദൈവം തേമാനില്‍ നിന്ന്, പരിശുദ്ധന്‍ പാരാന്‍പര്‍വതത്തില്‍നിന്ന്, വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്തുതികളാല്‍ ഭൂമി നിറഞ്ഞു.   

4 : അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് രശ്മികള്‍ വീശുന്നു. അവിടെ തന്റെ ശക്തി മറച്ചുവച്ചിരിക്കുന്നു.   

5 : പകര്‍ച്ചവ്യാധി അവിടുത്തെ മുന്‍പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്.   

6 : അവിടുന്ന് എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന് ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗങ്ങള്‍ പണ്ടത്തേതുപോലെ തന്നെ.   

7 : കുഷാന്റെ കൂടാരങ്ങള്‍ ദുരിതത്തിലാഴുന്നതു ഞാന്‍ കണ്ടു. മിദിയാന്‍ ദേശത്തിന്റെ തിരശ്ശീലകള്‍ വിറയ്ക്കുന്നു.   

8 : കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ് കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയും ആയിരുന്നുവോ?   

9 : അങ്ങ് വില്ലു പുറത്തെടുത്ത് ഞാണില്‍ അമ്പു തൊടുത്തു. നദികളാല്‍ അങ്ങ് ഭൂമിയെ പിളര്‍ക്കുന്നു.   

10 : പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. മഹാപ്രവാഹങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ആഴി ഗര്‍ജിച്ചു. ഉയരത്തിലേക്ക് അതിന്റെ കൈകള്‍ ഉയര്‍ത്തി.   

11 : അങ്ങയുടെ ചീറിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ തിളങ്ങുന്ന കുന്തത്തിന്റെ മിന്ന ലിലും സൂര്യനും ചന്ദ്രനും തങ്ങളുടെ സ്ഥാനത്തു നിശ്ചലമായി.   

12 : അങ്ങ് ക്രോധത്തോടെ ഭൂമിയെ ചവിട്ടി. കോപത്തോടെ ജനതകളെ മെതിച്ചു.   

13 : അങ്ങയുടെ ജനത്തിന്റെ, അങ്ങയുടെ അഭിഷിക്തന്റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്ടന്റെ ഭവനം തകര്‍ത്തു; അതിന്റെ അടിത്തറവരെ അനാവൃതമാക്കി.   

14 : അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്റെ യോദ്ധാക്കളുടെ തല അങ്ങ് കുന്തംകൊണ്ട് പിളര്‍ന്നു.   

15 : സമുദ്രത്തെ, അതിന്റെ ഇളകിമറിയുന്നതിരമാലകളെ, അശ്വാരൂഢനായി അങ്ങ് ചവിട്ടിമെതിച്ചു.   

16 : ഞാന്‍ കേട്ടു; എന്റെ ശരീരം വിറയ്ക്കുന്നു. മുഴക്കം കേട്ട് എന്റെ അധരങ്ങള്‍ ഭയന്നു വിറയ്ക്കുന്നു. എന്റെ അസ്ഥികള്‍ ഉരുകി. എന്റെ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്ടകാലം ഞാന്‍ നിശ്ശബ്ദനായി കാത്തിരിക്കും.   

17 : അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.   

18 : എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.   

19 : കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment