ആമുഖം
പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുന്‍പായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിര്‍ണയം എളുപ്പമല്ല. ദേവാലയപുനര്‍നിര്‍മാണത്തിനുശേഷവും വരള്‍ച്ചയ്ക്കും വിളനാശത്തിനും തുടരെത്തുടരെ ഇരയായിക്കൊണ്ടിരുന്ന ജനം ദൈവവിശ്വാസത്തിന്റെയും ദൈവസേവനത്തിന്റെയും പ്രസക്തിയെത്തന്നെ ചോദ്യംചെയ്യാന്‍ തുടങ്ങി. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്നേഹത്തെപ്പറ്റി സംശയിക്കരുത്. അവിടുത്തെനാമം അശുദ്ധമാക്കാതെ നിര്‍മലമായ ബലിയര്‍പ്പിക്കുക (1,1-2,9). ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ അവിടുത്തെ അസ ഹ്യപ്പെടുത്തുകയോ അരുത് (2, 10-3, 9). ദൈവത്തിങ്കലേക്കു തിരിച്ചുവരുക, അവിടുത്തെ സേവിക്കുന്നവര്‍ക്കു പ്രതിഫലം ലഭിക്കും (3, 6-4, 4). കര്‍ത്താവിന്റെ ദിനം ആഗതമാകുന്നതിനു മുന്‍പ് അവിടുന്ന് ഏലിയായെ വീണ്ടും അയയ്ക്കും (4, 5-6). ഇത്രയുമാണ് ആറു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുംവഴി ഗ്രന്ഥകാരന് നല്കുന്ന സന്ദേശം. ജനത്തിനിടയിലെ അനീതിയും ചൂഷണവും, ജനത്തിനു നേതൃത്വം നല്കുന്നതിനു പകരം അവരെ വഴിതെറ്റിക്കുന്ന ഇടയന്മാരുടെ ഉത്തരവാദിത്വമില്ലായ്മയും പ്രവാചകന്റെ രൂക്ഷമായ വിമര്‍ശനത്തിനു പാത്രമാകുന്നുണ്ട്.
അദ്ധ്യായം 1
ദൈവവും ജനവും
1 : കര്‍ത്താവ് മലാക്കിയിലൂടെ ഇസ്രായേലിനു നല്കിയ അരുളപ്പാട്. കര്‍ത്താവ് അരുളിച്ചെയ്യുന്നു:
2 : ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്നേഹിച്ചത്? കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏസാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്നേഹിക്കുകയും
3 : ഏസാവിനെ വെറുക്കുകയും ചെയ്തു. ഞാന്‍ അവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു.
4 : ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ നഷ്ട ശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കും എന്ന് ഏദോം പറഞ്ഞാല്‍, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ. ദുഷ്ടജനമെന്നും കര്‍ത്താവിന്റെ കോപം എന്നേക്കും വഹിക്കുന്ന ജനപദമെന്നും അവര്‍ വിളിക്കപ്പെടുന്നതുവരെ ഞാന്‍ അത് ഇടിച്ചുതകര്‍ക്കും.
5 : സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട് നിങ്ങള്‍ പറയും: ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് കര്‍ത്താവ് അത്യുന്നതനാണ്.
6 : പുത്രന് പിതാവിനെയും ദാസന്‍യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെനിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു.
7 : മലിനമായ ഭക്ഷണം നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ അര്‍പ്പിച്ചു. എങ്ങനെയാണ് ഞങ്ങള്‍ അത് മലിനമാക്കിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്റെ ബലിപീഠത്തെനിസ്സാരമെന്നു നിങ്ങള്‍ കരുതി.
8 : കാഴ്ചയില്ലാത്ത മൃഗങ്ങളെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്മയല്ലേ? മുടന്തുള്ളതിനെയും രോഗം ബാധിച്ചതിനെയും അര്‍പ്പിച്ചാല്‍ അത് തിന്മയല്ലേ? അത് നിങ്ങളുടെ ഭരണാധികാരിക്കു കാഴ്ചവച്ചാല്‍ അവന് സന്തുഷ്ടനാവുകയോ നിങ്ങളോടു പ്രീതികാണിക്കുകയോ ചെയ്യുമോ? – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
9 : കര്‍ത്താവിന്റെ പ്രീതി ലഭിക്കാന്‍ നിങ്ങള്‍ കാരുണ്യംയാചിക്കുന്നു. ഇത്തരം കാഴ്ച അര്‍പ്പിച്ചാല്‍ നിങ്ങളില്‍ ആരോടെങ്കിലും കര്‍ത്താവ് കൃപകാണിക്കുമോ? സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10 : നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്ചയും സ്വീകരിക്കുകയില്ല – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
11 : സൂര്യോദയംമുതല്‍ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ കാഴ്ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെ ഇടയില്‍ എന്റെ നാമം ഉന്നതമാണ് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
12 : കര്‍ത്താവിന്റെ ബലിപീഠത്തെനിന്ദിക്കാം, നിന്ദ്യമായ ഭോജനം അതില്‍ അര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങള്‍ അതിനെ മലിനമാക്കുന്നു.
13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നു പറഞ്ഞ് നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങള്‍ കാഴ്ചയായി അര്‍പ്പിക്കുന്നു! നിങ്ങളുടെ കൈകളില്‍നിന്നു ഞാന്‍ അതു സ്വീകരിക്കണമോ?- കര്‍ത്താവുചോദിക്കുന്നു.
14 : തന്റെ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാട് ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്തിട്ട് ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായരാജാവാണ്. ജനതകള്‍ എന്റെ നാമം ഭയപ്പെടുന്നു.
അദ്ധ്യായം 2
പുരോഹിതന്മാര്ക്കു താക്കീത്
1 : പുരോഹിതന്മാരേ, ഇതാ, ഈ കല്പന നിങ്ങള്‍ക്കു വേണ്ടിയാണ്.
2 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്വം നല്‍കാന്‍മനസ്സു വയ്ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്സു വയ്ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു.
3 : ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്ക്കും. എന്റെ സന്നിധിയില്‍ നിന്നു നിങ്ങളെ ഞാന്‍ നിഷ്കാസനം ചെയ്യും.
4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ലേവിയുമായുള്ള എന്റെ ഉടമ്പടി നിലനില്ക്കേണ്ടതിനാണ് ഈ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങള്‍ അറിയും.
5 : അവനോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു. അവന് ഭയപ്പെടേണ്ടതിന് ഞാന്‍ അവ അവനു നല്കി. അവന് എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാല്‍ നിറയുകയും ചെയ്തു.
6 : അവന്റെ നാവില്‍യഥാര്‍ഥ പ്രബോധനം ഉണ്ടായിരുന്നു. അവന്റെ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല. സമാധാനത്തിലും സത്യസന്ധതയിലും അവന് എന്നോടുകൂടെ വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളില്‍നിന്ന് അവന് പിന്തിരിപ്പിച്ചു.
7 : പുരോഹിതന് അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന് സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്.
8 : എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
9 : നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്കുമ്പോള് എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്പില് നിന്ദിതരും നികൃഷ്ടരും ആക്കും.
10 : നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവം തന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? എങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട് നാം എന്തിനു പരസ്പരം അവിശ്വസ്തത കാണിക്കുന്നു?
11 : യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു.
12 : ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു കര്‍ത്താവ് വിച്ഛേദിക്കട്ടെ.
13 : നിങ്ങള്‍ ഇതും ചെയ്യുന്നു. അവിടുന്ന് നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ് കര്‍ത്താവിന്റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.
14 : എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.
15 : ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
16 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന് തന്റെ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തത കാണിക്കരുത്.
17 : വാക്കുകള്‍കൊണ്ടു നിങ്ങള്‍ കര്‍ത്താവിനു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും കര്‍ത്താവിന്റെ മുന്പില് നല്ലവനാണ്, അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്.
അദ്ധ്യായം 3
1 : ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന് ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
2 : എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്പില് നില്ക്കാന് ആര്‍ക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ് അവിടുന്ന്.
3 : വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവിപുത്രന്മാര് യുക്തമായ ബലികള്‍ കര്ത്താവിന് അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും.
4 : അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്നപോലെ കര്ത്താവിന് പ്രീതികരമാകും.
5 : നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്ഷ്യം നല്കാന് ഞാന്‍ വേഗം വരും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
6 : കര്‍ത്താവായ എനിക്ക് മാറ്റമില്ല. അതുകൊണ്ട് യാക്കോബിന്റെ സന്തതികളേ, നിങ്ങള്‍ പൂര്‍ണമായി സംഹരിക്കപ്പെട്ടില്ല.
7 : നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ എന്റെ കല്പനകളില്നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്ഠിച്ചില്ല. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങള്‍ മടങ്ങിവരേണ്ടത്?
8 : മനുഷ്യന് ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ.
9 : നിങ്ങള്‍ – ജനം മുഴുവനും – എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്തരാണ്.
10 : ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
11 : ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
12 : അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
13 : കര്‍ത്താവ് അരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകള്‍ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങള്‍ ചോദിക്കുന്നു.
14 : നിങ്ങള്‍ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥമാണ്, അവിടുത്തെ കല്പനകള് അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്പില് വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം?
15 : ഇനിമേല്‍ അഹങ്കാരികളാണു ഭാഗ്യവാന്മാര് എന്നു ഞങ്ങള്‍ കരുതും. ദുഷ്കര്‍മികള്‍ അഭിവൃദ്ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോള്‍ അവര്‍ രക്ഷപെടുകയും ചെയ്യുന്നു.
16 : അന്നു കര്‍ത്താവിനെ ഭയപ്പെട്ടിരുന്നവര്‍ പരസ്പരം സംസാരിച്ചു; അവര്‍ പറഞ്ഞത് കര്‍ത്താവ് ശ്രദ്ധിച്ചു കേട്ടു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയുംചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുന്പില് എഴുതപ്പെട്ടു.
17 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്‍േറതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്റെ പ്രത്യേക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാന്‍ അവരെ രക്ഷിക്കും.
18 : അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും.
അദ്ധ്യായം 4
കര്‍ത്താവിന്റെ ദിനം ആസന്നം
1 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്ക്കോല് പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്ത വിധം ദഹിപ്പിച്ചുകളയും.
2 : എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന് ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
3 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്ക്കീഴില് ചാരംപോലെ ആയിരിക്കും.
4 : എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ ഇസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ച് ഞാന്‍ അവനു നല്കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍.
5 : കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.
6 : ഞാന്‍ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന് പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും.


Leave a comment