സഭയുടെ ആരാധനാവത്സരം വിസ്മയകരമായ ഒരു രഹസ്യമാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ചരിത്രത്തിൽ അരങ്ങേറിയ മിശിഹാനുഭവങ്ങളുടെ സമകാലികരാകുവാൻ നൂറ്റാണ്ടുകൾക്ക് ഇപ്പുറം ജീവിക്കുന്ന നമ്മെ അനുവദിക്കുവാൻ സമയത്തെ കൗദാശികമാക്കുന്ന വിസ്മയം. മംഗളവാർത്തക്കാലം മുതൽ പള്ളിക്കൂദാശാക്കാലം വരെയുള്ള വിവിധ കാലങ്ങളിലൂടെ പെസഹാ രഹസ്യങ്ങളെല്ലാം അനുഭവിക്കാൻ വിശുദ്ധരുടെ അനുസ്മരണങ്ങളും, ഉപവാസ, പ്രാർത്ഥന, പ്രായശ്ചിത്ത , അനുതാപ പരിത്യാഗ കാര്യങ്ങളും കൂട്ടിച്ചേർത്ത് അനുദിന ജീവിതത്തിൽ സഭാ മക്കളുടെ പെസഹാ രഹസ്യ കേന്ദ്രീകൃത സ്വർഗോത്മുഖ തീർത്ഥാടനം വിജയിപ്പിക്കാൻ സഭാ മാതാവ് സംവിധാനം ചെയ്ത മാനുഷിക പദ്ധതിയാണ് ആരാധന വത്സരം. നമ്മുടെ ആരാധനവത്സരത്തിലെ തിരുനാൾ ആചാരണങ്ങളുടെ ക്രമീകരണ രീതികളെക്കുറിച്ചാണ് ഈ ചെറുലേഖനത്തിൽ പ്രതിപാദിക്കുക.
ആരാധനാവത്സരം തിരിയുന്ന ചക്രങ്ങൾ
പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങൾ പിന്തുടരുന്ന സഭകളിലെല്ലാം തന്നെ തങ്ങളുടെ തനതായ ആരാധനവത്സരം കാലികചക്രം, വിശുദ്ധാത്മക ചക്രം എന്നിങ്ങനെ രണ്ടു ചക്രങ്ങളിലൂടെ തിരിയുന്ന വിധത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട നമ്മുടെ സഭയുടെ ആരാധനവത്സര ക്രമീകരണം അനുസരിച്ച് ഈ രണ്ട് ചക്രങ്ങളെ മനസ്സിലാക്കുവാൻ നമുക്ക് ശ്രമിക്കാം.
A. കാലിക ചക്രം (Temporal Cycle)
മിശിഹായുടെ രക്ഷാകര സംഭവങ്ങളുടെ അടിസ്ഥാന ത്തിൽ ക്രമീകരിച്ചിരിക്കുന്ന ആരാധനാവത്സരത്തിലെ 9 കാലങ്ങളുടെ ചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് കാലികചക്രം രൂപീകൃതമായിരിക്കുന്നത്. മിശിഹായുടെ പെസഹാ രഹസ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കാലിക ചക്രത്തിനാണ് പൗരസ്ത്യ സഭകളിൽ പ്രാധാന്യം ലഭിച്ചിട്ടുള്ളത്.
B. വിശുദ്ധാത്മക ചക്രം (Sanctoral Cycle)
വിശുദ്ധരുടെ തിരുനാളുകളെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന വിശുദ്ധാത്മക ചക്രമാണ് പാശ്ചാത്യ സഭയിൽ പ്രാമുഖ്യം നേടിയിരിക്കുന്നത്. ഈ ചക്രമനുസരിച്ച് എല്ലാ ദിവസവും വിശുദ്ധരെ അനുസ്മരിക്കുന്നു. അതേസമയം പെസഹാരഹസ്യങ്ങൾക്കു പ്രാമുഖ്യം നൽകുന്ന കാലങ്ങൾ പാശ്ചാത്യ സഭയിൽ വളരെ പരിമിതമാണ്.
2) സീറോ മലബാർ ആരാധനവത്സര തിരുനാളുകൾ
നമ്മുടെ സഭയിലെ ആരാധനവത്സരം അടിസ്ഥാന പരമായി കാലിക ചക്രമാണെങ്കിലും വിശുദ്ധാത്മക ചക്രത്തിന്റെ സവിശേഷതകളും അതിൽ ചാലിച്ചു ചേർത്തിരിക്കുന്നു. ദിവസാധിഷ്ഠിതവും (Day wise) , തീയതി അധിഷ്ഠിതവുമായ (Date wise) കർത്താവിൻ്റെയും മാതാവിൻ്റെയും തിരുനാളുകളും വിശുദ്ധരുടെ ദുക്റാനകളും (ഓർമ്മ) അതാത് ദിവസങ്ങളിലും (Days) തീയതികളിലും (Dates) സീറോ-മലബാർ സഭയിലും ആഘോഷിക്കപ്പെടുന്നു. കർത്താവിൻ്റെ തിരുനാളുകളെക്കാൾ പ്രാധാന്യം വിശുദ്ധരുടെ തിരുനാളുകൾക്ക് കൊടുക്കാൻ പാടില്ല എന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ അടിസ്ഥാന പ്രമാണം എല്ലാ സഭാപാരമ്പര്യങ്ങളിലും പാലിക്കപ്പെടുന്നുണ്ട്. തൻമൂലം തിരുവുത്ഥാനം സംഭവിച്ച, കർത്താവിൻ്റെ ദിവസമായ (Dies Domini) ഞായറാഴ്ചകളിൽ നാം വിശുദ്ധരുടെ ദുക്റാനകൾ സാമാന്യ ഗതിയിൽ ആചരിക്കാറില്ല. നമ്മുടെ സഭയിൽ ആരാധനവത്സര കാലഘട്ടങ്ങളോടും അവയുടെ ചൈതന്യത്തോടും ചേർന്ന് പോകുന്ന തീയതി അനുസരിച്ചു വരുന്ന തിരുനാളുകളും ഒപ്പം വിശുദ്ധാത്മക ചക്രത്തോട് ചേർന്ന് പോകുന്ന തീയതി അനുസരിച്ചു വരുന്ന തിരുനാളുകളും ആഘോഷിക്കപ്പെടാറുണ്ട്. നമ്മുടെ ആരാധനാവത്സരത്തിൽ ഏകദേശം നൂറിലധികം ദിനങ്ങൾ തിരുനാളുകൾക്കായി മാറ്റി വെച്ചിരിക്കുന്നു. ഈ തിരുനാളുകൾ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന പ്രകാരം 3 ഗണങ്ങളായാണ് തിരിച്ചിരിക്കുന്നത്.
A. മാറാനായ തിരുനാളുകൾ അഥവാ നമ്മുടെ കർത്താവിൻ്റെ തിരുനാളുകൾ
B. പ്രധാനപ്പെട്ട തിരുനാളുകൾ
C. സാധാരണ തിരുനാളുകൾ
തിരുനാളുകളുടെ പ്രാധാന്യമനുസരിച്ച് നമ്മുടെ പ്രാർത്ഥനാസംവിധാനങ്ങളിൽ ആഘോഷഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ദീർഘമായ പ്രാർത്ഥനകൾ, പ്രദക്ഷിണങ്ങൾ, തിരുനാൾ ദിനത്തിൻ്റെ ചൈതന്യം വെളിവാക്കുന്ന ആ ദിവസത്തിൻ്റെ സവിശേഷ പ്രാർത്ഥനകൾ (പ്രോപ്രിയകൾ) എന്നിവ അവയിൽ ഉൾപ്പെടുന്നു. തിരുനാൾ ദിനങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ധൂപാർപ്പണം.
പ്രധാനമായും മൂന്നുഗണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ തിരുനാളുകളെ നമുക്കൊന്ന് പരിചയപ്പെടാം.
A. മാറാനായ (കർത്താവിൻ്റെ) തിരുനാളുകൾ
കർത്താവിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ അനുസ്മരണങ്ങളാണ് ‘മാറാനായ’ തിരുനാളുകളായി ആഘോഷിക്കപ്പെടുക. പ്രധാനമായും 11 തിരുനാളുകളാണ് ഈ ഗണത്തിൽ ഉൾപ്പെടുക.
- നമ്മുടെ കർത്താവിൻ്റെ പിറവിത്തിരുനാൾ (ഡിസംബർ 25)
- നമ്മുടെ കർത്താവിൻ്റെ നാമകരണം (ജനുവരി 1)
- ദനഹാത്തിരുനാൾ (ജനുവരി 6)
- ഓശാന ഞായർ
- പെസഹാ വ്യാഴം
- പീഡാനുഭവ വെള്ളി
- ഉയിർപ്പു തീരുനാൾ
- സ്വർഗാരോഹണ തിരുനാൾ (ഉയിർപ്പ് 6 -ാം വ്യഴം)
- പന്തക്കുസ്താത്തിരുനാൾ
- രൂപാന്തരീകരണത്തിരുന്നാൾ (ആഗസ്റ്റ് 6)
- പരിശുദ്ധ സ്ലീവായുടെ കണ്ടെത്തൽ (സെപ്റ്റംബർ 13) തിരുനാളും പുകഴ്ചയുടെ (സെബ്റ്റംബർ 14) തിരുനാളും
വിവിധ വ്യക്തിസഭകൾ ഇടകലർന്നു ജീവിക്കുന്ന നമ്മുടെ നാട്ടിൽ നമ്മുടെ സഭയുടെ ആചാരാനുഷ്ഠാനങ്ങളിൽ അവരുടെ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്. ഒപ്പം ഇതരസഭാപാരമ്പര്യങ്ങളിൽപ്പെട്ട സന്യാസ – സമർപ്പിത സമൂഹങ്ങളുടെ സാന്നിധ്യവും ആ പാരമ്പര്യങ്ങളിലെ ചില തിരുനാളുകൾ നമ്മുടെ സഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും ചിര പ്രതിഷ്ഠനേടാൻ ഇടയാക്കിയിട്ടുണ്ട്. അവയ്ക്കുദാഹരണങ്ങളായ മാറാനായ തിരുനാളുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.
നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശനം (ഫെബ്രുവരി 2)
പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ (ശ്ലീഹ 2ാം ഞായർ)
പരിശുദ്ധ കുർബാനയുടെ തിരുനാൾ (ശ്ലീഹ 2-ാം വ്യാഴം)
തിരുഹൃദയ തിരുനാൾ (ശ്ലീഹാ 3ാം വെള്ളി)
രാജത്വത്തിരുനാൾ (പള്ളിക്കൂദാശ 4-ാം ഞായർ)
ഈശോയുടെ മാമ്മോദീസാ തിരുനാൾ ജനുവരി ആറാം തീയതി ആഘോഷമായി കൊണ്ടാടുന്ന നമ്മുടെ സഭയിൽ ഫെബ്രുവരി 2-ാം തീയതി ഈശോയെ ദൈവാലയത്തിൽ സമർപ്പിച്ച തിരുനാൾ കൊണ്ടാടുന്നതിൽ തീർച്ചയായും അപാകതയുണ്ട്. ലത്തീൻ സഭയിൽ ജനുവരി ആറിന് പൂജരാജാക്കന്മാർ ഉണ്ണീശോയെ സന്ദർശിച്ച സംഭവമാണ് ‘എപ്പിഫനി’ എന്ന് വിളിക്കുന്ന തിരുനാളിൽ അനുസ്മരിക്കപ്പെടുക. ഫെബ്രുവരി 2ന് മറിയത്തിന്റെ ശുദ്ധീകരണ തിരുനാളും, ഈശോയെ ദേവാലയത്തിൽ സമർപ്പിച്ചതിന്റെ ഓർമ്മയുമൊക്കെ പിന്നീട് സന്യാസ സമർപ്പിതരുടെ തിരുനാളായി വളർന്നു. അതിൻ്റെ സ്വാധീനത്തിൽ നമ്മുടെ സഭയിലും ആ തിരുനാൾ ആഘോഷിക്കുന്ന പതിവുണ്ട്. അപ്രകാരം തന്നെ പരിശുദ്ധത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കപ്പെടേണ്ടത് യഥാർത്ഥത്തിൽ ദനഹാത്തിരുനാളിലാണ് . കാരണം കർത്താവിന്റെ മാമ്മോദീസാവേളയിലാണ് ത്രിത്വം ആദ്യമായി ആവിഷ്കൃതമായത്. പരിശുദ്ധ കുർബാനയ്ക്കായി ഒരു തിരുനാൾ ആഘോഷിക്കണമെങ്കിൽ അത് നമ്മുടെ സഭാപാരമ്പര്യം അനുസരിച്ച് പെസഹാവ്യാഴാഴ്ചയും തിരുഹൃദയ തിരുനാൾ അവിടുത്തെ തിരുവിലാവ് പിളർക്കപ്പെട്ട പീഡാനുഭവവെള്ളിയാഴ്ചയുമാണ് ആഘോഷിക്കപ്പെടേണ്ടത്. എന്നാൽ പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്ന സമർപ്പിത സമൂഹങ്ങളും തിരുഹൃദയത്തിന് പ്രതിഷ്ഠിതമായിരിക്കുന്ന സമർപ്പിത സമൂഹങ്ങളും ഇടവക ദേവാലയങ്ങളുമൊക്കെ ഉള്ള നമ്മുടെ നാട്ടിൽ പരിശുദ്ധ കുർബാനയുടെ തിരുനാളും തിരുഹൃദയത്തിരുനാളുമൊക്കെ ആഘോഷമായി കൊണ്ടാടപ്പെടുന്നുണ്ട്. പള്ളിക്കൂദാശക്കാലം അവസാന ഞായറാഴ്ച ആഘോഷിക്കുന്ന കർത്താവിന്റെ രാജത്വ തിരുനാളും ലത്തീൻ സഭാപാരമ്പര്യത്തിന്റെ സ്വാധീനത്തിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലായ തിരുനാളാണ്. യഥാർത്ഥത്തിൽ കർത്താവിന്റെ രാജത്വ തിരുനാൾ ഉയിർപ്പുകാലം ആറാം വ്യാഴാഴ്ച നാം ആഘോഷിക്കുന്ന അവിടുത്തെ സ്വർഗാരോഹണ തിരുനാൾ ദിനത്തിലാണ് ആചരിക്കപ്പെടേണ്ടത്. ഈ ദിവസത്തിലെ നമ്മുടെ സഭയുടെ യാമ നമസ്ക്കാരങ്ങളിൽ ഈശോ എന്ന വാക്കിനുപകരം മൽക്കാ – രാജാവ് – എന്ന് പലയിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. മിശിഹാ എല്ലാറ്റിനും മേലുള്ള തന്റെ രാജകീയ അധികാരം സ്വർഗാരോഹണത്തിലൂടെ വെളിപ്പെടുത്തി. അതിനാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കേണ്ടത് സ്വർഗാരോഹണ തിരുനാളിലാണ്.
B. പ്രധാനപ്പെട്ട തിരുനാളുകൾ
മാറാനായ തിരുനാളുകൾ കഴിഞ്ഞാൽ വളരെ പ്രാധാന്യം നൽകി നമ്മുടെ സഭയിൽ ആഘോഷിക്കപ്പെടുന്ന തിരുനാളുകളാണ് പ്രധാനപ്പെട്ട തിരുനാളുകൾ എന്ന രണ്ടാം ഗണത്തിൽപ്പെടുക. ഇവിടെ പ്രഥമ സ്ഥാനത്തു വരിക നമ്മുടെ അമ്മയായ മർത്ത് മറിയത്തിന്റെ തിരുനാളുകളാണ്. എല്ലാ ബുധനാഴ്ചകളിലും പരിശുദ്ധ അമ്മയെ സവിശേഷമായ അനുസ്മരിക്കുന്ന നമ്മുടെ സഭയിൽ ഒരു വർഷത്തിൽ 8 പ്രധാന തിരുനാളുകളാണ് അമ്മയുടേതായി കൊണ്ടാടപ്പെടുക.
- അമലോത്ഭവ തിരുന്നാൾ (ഡിസംബർ 8)
- മർത്ത് മറിയത്തിന്റെ ദൈവമാതൃത്വ തിരുന്നാൾ (പിറവി അവസാന വെള്ളി)
- മംഗളവാർത്ത തിരുനാൾ (മാർച്ച് 25)
- വിളവുകളുടെ സംരക്ഷകയായ മാതാവിൻ്റെ തിരുനാൾ (മേയ് 15)
- മർത്ത് മറിയത്തിന്റെ സന്ദർശന തിരുനാൾ (മെയ് 31)
- കർമ്മല മാതാവിൻ്റെ തിരുനാൾ (ജൂലൈ 16 )
- കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ (ആഗസ്റ്റ് 15)
- കന്യാമറിയത്തിന്റെ പിറവിത്തിരുനാൾ (സെപ്റ്റംബർ 8) ഇതിൽ തന്നെ ലത്തീൻ സഭയിലെ വിശുദ്ധാത്മക ചക്രത്തിന്റെ സ്വാധീനത്തിൽ നമ്മുടെ സഭയിൽ പരക്കെ ആഘോഷിക്കപ്പെടുന്ന തിരുനാളുകളാണ് മെയ് 31ന് ആഘോഷിക്കപ്പെടുന്ന സന്ദർശന തിരുനാളും ജൂലൈ 16ന് ആഘോഷിക്കുന്ന കർമ്മല മാതാവിൻ്റെ തിരുനാളും. കന്യാമറിയത്തിന്റെ വിമല ഹൃദയത്തിരുനാളും (ശ്ലീഹാ 3ാം ശനി) ജപമാലരാജ്ഞിയുടെ തിരുനാളുമൊക്കെ (ഒക്ടോബർ 7 ) ചിലയിടങ്ങളിൽ ആഘോഷിക്കപ്പെടു ന്നുണ്ട്.
ചില വിശുദ്ധരുടെ ഓർമ്മ തിരുനാളുകളും (ദുക്റാനകൾ) പ്രധാനപ്പെട്ട തിരുനാളുകളുടെ ഗണത്തിൽ ഉൾപ്പെടുന്നു.
മൂന്നാം നൂറ്റാണ്ടിൽ സഭയിൽ രക്തസാക്ഷികളുടെ അഥവാ സഹദാമാരുടെ ദുക്റാന ആചരിക്കുവാൻ ആരംഭിച്ചു. ഏകദേശം 156 ഫെബ്രുവരി 23 ന് സംഭവിച്ച പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വത്തോടെ ഏഷ്യാമൈനറിൽ നിന്നാണ് സഭയിലെ വിശുദ്ധരുടെ ദുക്റാനകളെക്കുറിച്ചുള്ള ആദ്യത്തെ തെളിവുകൾ നമുക്ക് ലഭിക്കുക. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ വിവരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ക്രിസ്ത്യാനികൾ സഹദായുടെ അവശേഷിക്കുന്ന അസ്ഥികൾ മുത്തുമണികൾ പോലെ ശേഖരിച്ച് സുരക്ഷിതമായ ഒരിടത്ത് കുഴിച്ചുമൂടി ഒരുമിച്ച് പ്രാർത്ഥിച്ചു” ( Martyrium Polycarpi ch 18) ജീവൻ വെടിഞ്ഞുപോലും വിശ്വാസത്തിനു സാക്ഷ്യം വഹിച്ചവരും, വിശ്വാസത്തിനു പ്രതിസന്ധി നേരിട്ട വേളകളിൽ സധൈര്യം ജീവിതം കൊണ്ട് സുവിശേഷത്തിന് ഭാഷ്യം രചിച്ചവരുമായ ഈ സഹദാമാരും വിശുദ്ധരും സഭയുടെ ആദരണീയ സാക്ഷികളായി – മൗദിയാനാമാരായി – നമ്മുടെ സഭയുടെ പീഠത്തിൽ അനുസ്മരിക്കപ്പെടുന്നു. അവരിൽ സവിശേഷ സ്ഥാനം അലങ്കരിക്കുക വിശ്വാസത്തിൽ നമ്മുടെ പിതാവായ മാർ തോമാശ്ലീഹായാണ് . ശ്ലീഹായോട് ബന്ധപ്പെടുത്ത പ്രധാനമായും 5 ദിവസങ്ങളിൽ നാം സവിശേഷ ഓർമ ആചരണങ്ങൾ നടത്തുന്നു.
- ദുക്റാന തിരുനാൾ – മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം – ജൂലൈ 3
- മാർ തോമാ വെള്ളി – ദനഹാ 7ാം വെള്ളി – ഇടവക മധ്യസ്ഥന്റെ അതായത് മലങ്കര ഇടവകയുടെ മധ്യസ്ഥനായ മാർ തോമായുടെ തിരുനാൾ
- മാർ തോമാ ഞായർ – ഉയിർപ്പ് രണ്ടാം ഞായർ – മാർ തോമാ ശ്ലീഹാ ഉത്ഥിതനിലുള്ള തൻ്റെ വിശ്വാസം ” മാർ വാലാഹ് – എൻ്റെ കർത്താവും എൻ്റെ ദൈവവുമേ ” എന്ന് പ്രഘോഷിച്ച ദിനത്തിൻ്റെ ആഘോഷം – പുതുഞായർ
- മാർ തോമായുടെ ഹെന്ദോ (ഇൻഡ്യാ) പ്രവേശന തിരുനാൾ – നവംബർ 21
- മൈലാപ്പൂരിലെ മാർ തോമാശ്ലീഹായുടെ കബറിടപ്പള്ളിയുടെ മദ്ബഹായിലെ അത്ഭുത സ്ലീവാ – മാർ തോമാ സ്ലീവാ – രക്തം വിയർത്തതിൻ്റെ അനുസ്മരണ ത്തിരുനാൾ – ഡിസംബർ 18 ഇതര വിശുദ്ധർ
തോമാശ്ലീഹാ കഴിഞ്ഞാൽ നമ്മുടെ സഭയിൽഏറ്റവും ആദരപൂർവ്വം കൊണ്ടാടുന്ന തിരുനാൾ സുറിയാനി സഭകളുടെ ആദരണീയ മൽപ്പാനും റൂഹാദ്ക്ക്ദശായുടെ കിന്നരമെന്ന അപരനാമത്താൽ വിഖ്യാതനുമായ മാർ അപ്രേം മൽപ്പാന്റെ തിരുനാളാണ്. ജൂൺ 9ാം തീയതി സുറിയാനി സഭയുടെ പരിശുദ്ധ മദ്ബഹായുടെ മുൻപാകെ അദ്ദേഹത്തിൻ്റെ ദുക്റാന കൊണ്ടാടപ്പെടുന്നു.
നമ്മുടെ സഭയിലെ 4 വിശുദ്ധരുടെ തിരുനാളുകളും സവിശേഷ പ്രാധാന്യത്തോടെ അവരുടെ ചരമദിനങ്ങളിൽ സഭ ആഘോഷിക്കുന്നു.
- മാർ ചാവറ കുര്യാക്കോസ് ഏലിയാസ് – ജനുവരി 3
- മർത്ത് അൽഫോൻസാ – ജൂലൈ 28
- മർത്ത് മറിയം ത്രേസ്യാ – ജൂൺ 8
- മർത്ത് എവുപ്രാസ്യാ – ആഗസ്റ്റ് 29
C. സാധാരണ തിരുനാളുകൾ:-
കാലാനുസൃത ദുക്റാനകൾ
കാലിക ചക്രത്തോടു ചേർത്ത് വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്ന പതിവാണ് പൗരസ്ത്യ സഭകൾക്ക് ഉള്ളത്. നമ്മുടെ സഭയും അതിനൊരു അപവാദമല്ല. കർത്താവിന്റെ ദിവസമായ ഞായറാഴ്ച കഴിഞ്ഞാൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ദിനമായിട്ടാണ് വെള്ളിയാഴ്ചകൾ സഭയിൽ കണക്കാക്കപ്പെടുക. അതുകൊണ്ട് പെസഹാ രഹസ്യത്തിനും സാക്ഷ്യം വഹിച്ച് (ഒരുപക്ഷേ അവരുടെ ജീവൻ ബലിയർപ്പിച്ച് അവിടുത്തെ പീഡാസഹനത്തിൽ പങ്കുചേർന്ന് ) ജീവിതവിജയം നേടിയ വിശുദ്ധരെ ഒറ്റയ്ക്കും ഗണമായും വെള്ളിയാഴ്ചകളിൽ നമ്മുടെ സഭ അനുസ്മരിക്കുന്നു. പ്രധാനമായും ദനഹാ, ശ്ലീഹാ, കൈത്ത കാലങ്ങളിലെ വെള്ളിയാഴ്ചകളിലാണ് ഈശോയുടെ പരസ്യജീവിതം ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ, സഭയുടെ വളർച്ച എന്നിവയോടു ബന്ധപ്പെടുത്തി ഈ ദുക്റാനകൾ ക്രമീകരിച്ചിരിക്കുന്നത്.
കാലിക ചക്രത്തോട് ചേർത്ത് അനുസ്മരിക്കുന്ന തിരുനാളുകൾ ചുവടെ ചേർക്കുന്നു:
പിറവിക്കാലം
രണ്ടാം വെള്ളി – മർത്ത് മറിയത്തിന്റെ അനുമോദന തിരുനാൾ
ദനഹാക്കാലം
1-ാം വെള്ളി – യോഹന്നാൻ മംദാന
2-ാം വെള്ളി – മാർകേപ്പാ – മാർ പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുകൾ
3-ാം വെള്ളി – സുവിശേഷകർ
4-ാം വെള്ളി – എസ്തപ്പാനോസ് സഹദാ
5-ാം വെള്ളി – ഗ്രീക്ക് മൽപ്പാന്മാർ (മാർ ദിയദോർ, മാർ തെയദോർ, മാർ നെസ്തോറിയസ് എന്നീ പിതാക്കന്മാരുടെ ദുക്റാന)
6-ാം വെള്ളി – സുറിയാനി മൽപാന്മാർ
7-ാം വെള്ളി – സഭാ മധ്യസ്ഥൻ (മാർ തോമാ ശ്ലീഹ)
8-ാം വെള്ളി – നാൽപതു സഹദാമാർ
9-ാം വെള്ളി – സകല മരിച്ചവർ
( ദനഹാക്കാലത്ത് ആഴ്ചകൾ കുറവാണെങ്കിൽ ചില തിരുനാളുകൾ സംയുക്തമായി ആചരിക്കും. അവസാന വെള്ളി സകല മരിച്ചവരുടെയും തിരുനാളാണ് ആഘോഷിക്കുക.)
നോമ്പുകാലം
6-ാം വെള്ളി – ലാസറിനെ
കർത്താവ് ഉയിർപ്പിച്ചതിന്റെ ഓർമ
ഉയിർപ്പുകാലം
1-ാം വെള്ളി – സകല വിശുദ്ധർ
5-ാം ഞായർ – മാർ അദ്ദായി
ശ്ലീഹാക്കാലം
ആദ്യവെള്ളി – സ്വർണ്ണ വെള്ളി (മുടന്തനു സൗഖ്യം നൽകിക്കൊണ്ട് കേപ്പാ ശ്ലീഹാ ഈശോയുടെ നാമത്തിൽ പ്രവർത്തിച്ച ആദ്യ അത്ഭുതം അനുസ്മരിക്കുന്നു. )
ഏഴാം വെള്ളി – 70/72 ശിഷ്യന്മാരുടെ ദുക്റാന
കൈത്താക്കാലം
1-ാം ഞായർ – 12 ശ്ലീഹന്മാരുടെ തിരുനാൾ
1-ാം വെള്ളി – നിസിബിസിലെ മാർ യാക്കോബ് മെത്രാൻ
2-ാം വെള്ളി – മാർ മാറി
5-ാം വെള്ളി – മർത്ത് ശ്മോനിയും 7 മക്കളും
6-ാം വെള്ളി – മാർ ശിമയോൻ ബർസബായും സഹ രക്തസാക്ഷികളും
7-ാം വെള്ളി – പേർഷ്യൻ സഹദാ മാർ ഖ്വർദാഗ്
ഏലിയാ സ്ലീവാക്കാലം
1-ാം വെള്ളി – പാത്രിയാർക്കാമാർ – പഴയ നിയമ ഗോത്രപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെയും കർത്താവിന്റെ കല്പനപ്രകാരം ഇസ്രായേലിനെ നയിച്ച 12 ഗോത്ര തലവന്മാരെയുമാണ് ഇവിടെ നാം അനുസ്മരിക്കുക
അവസാന വെള്ളി – ഏലിയാ നിവ്യ
പള്ളിക്കൂദാശക്കാലം
ഈ കാലത്തിലെ 4 ഞായറാഴ്ചകൾ പഴയ നിയമത്തിലെ 4 കൂടാര പ്രതിഷ്ഠകളെ അനുസ്മരിപ്പിക്കുന്നു.
a) 1-ാം ഞായർ – മൂശയുടെ കൂടാര പ്രതിഷ്ഠ
b) 2-ാം ഞായർ – ഇസ്രായേലിന്റെ ശീലോയിലെ കൂടാര പ്രതിഷ്ഠ
c) 3-ാം ഞായർ – സോളമന്റെ ദൈവാലയ പ്രതിഷ്ഠ
d) 4-ാം ഞായർ – ജോഷ്വായുടെയും സെറു ബാബേലിന്റെയും കൂടാര പ്രതിഷ്ഠ
ആദ്യത്തെ ഞായർ ഹുദത്ത് ഏത്താ (സഭാനവീകരണം) എന്നു വിളിക്കപ്പെടുന്നു. സഭാ സമർപ്പണത്തെ അതായത് പിതാവായ ദൈവത്തിനു മിശിഹാ സഭയെ അന്തിമമായി സമർപ്പിച്ചതിനെ ഇത് സൂചിപ്പിക്കുന്നു. ഈ ഞായറാഴ്ച പള്ളി പ്രവേശന ഞായറായും കൽദായ സഭയിൽ ആഘോഷിക്കപ്പെടുന്നു. കാരണം സ്വർഗാരോഹണ തിരുനാൾ മുതൽ വേനൽക്കാലത്തെ ചൂട് കാരണം കൽദായർ എല്ലാ ആരാധനക്രമങ്ങളും പള്ളി മുറ്റത്താണ് നടത്തുന്നത്. എന്നാൽ പള്ളിക്കൂദാശക്കാലത്തിൽ ശീത കാലം ആസന്നമായതിനാൽ ആദ്യ ഞായറാഴ്ച റംശായിൽ സകലത്തിന്റെയും നാഥാ / ലാകു മാറാ എന്ന കീർത്തനം പാടിക്കൊണ്ട് എല്ലാവരും പ്രദക്ഷിണമായി ആഘോഷമായി പള്ളി പ്രവേശനം നടത്തുന്നു. അന്നുമുതൽ എല്ലാ ശുശ്രൂഷകളും പള്ളിക്കകത്ത് നടക്കും.
സാർവ്വത്രിക തിരുനാളുകൾ
തീയതിയനുസരിച്ചുള്ള ചില സാർവത്രിക തിരുനാളുകളും നമ്മുടെ ആരാധനാവത്സരത്തിൽ ഉൾചേർത്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
ദനഹാ രണ്ടാം വെള്ളിയാഴ്ച കേപ്പാ – പൗലോസ് ശ്ലീഹന്മാരുടെ ദുക്റാന നാം ഘോഷിക്കുന്നുവെങ്കിലും സാർവത്രിക സഭയോടു ചേർന്ന് ജൂൺ 29-ാം തീയതി ഈ തിരുനാൾ നമ്മുടെ സഭയിലും ആഘോഷിക്കപ്പെടുന്നു.
മാർച്ച് 19-ാം തീയതി മാർ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ എല്ലാ സഭകളിലും ആഘോഷിക്കപ്പെടുന്നു.
മെയ് 1 – തൊഴിലാളി മധ്യസ്ഥനായ മാർ യൗസേപ്പിന്റെ തിരുനാൾ
ജനുവരി 20 – വി. സെബസ്ത്യാനോസ് സഹദാ
ഏപ്രിൽ 24 – മാർ ഗീവർഗീസിൻ്റെ തിരുനാൾ
ഒക്ടോബർ 1 – വി. കൊച്ചു ത്രേസ്യ
ഓഗസ്റ്റ് 4 – വി. മരിയ വിയാനി
ലത്തീൻ സഭയിലെ വിശുദ്ധാത്മക ചക്രമനുസരിച്ചുള്ള പല തിരുനാളുകളും നമ്മുടെ സഭയിലും പ്രാദേശികമായി ഘോഷിക്കപ്പെടുന്നുണ്ട്. ഇടവകകളുടെയും സ്ഥാപനങ്ങളുടെയും പേരുകാരായ വിശുദ്ധരുടെ തിരുനാളുകൾ ഘോഷിക്കപ്പെടുന്നു.
ആരാധനാവത്സരത്തിൽ അനേകം തിരുനാളുകൾ നാം ഘോഷിക്കുമ്പോഴും അനുസ്മരിക്കേണ്ട യാഥാർത്ഥ്യം എല്ലാ തിരുനാളാചരണങ്ങളും ദൈവനാമത്തിന്റെ മഹത്വത്തിനായാണ് ആഘോഷിക്കപ്പെടേണ്ടത്. വിശുദ്ധർക്ക് പ്രസക്തി ലഭിക്കുക അവർ ഈ ലോകത്തിൽ ദൈവത്തിൻ്റെ ശക്തിയുടെ ചാലകങ്ങളും ദൈവമഹത്വത്തിൻ്റെ കിരണങ്ങളുമായിരുന്നു എന്നതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് തിരുനാളുകൾ പല പേരിലും പദവിയിലും ആഘോഷിക്കപ്പെടുമ്പോഴും അതെല്ലാം ദൈവ തിരുനാമത്തിന്റെ പ്രഘോഷണവേദികളായിരിക്കണം എന്നത് നാം മറക്കാൻ പാടില്ല.
🪶 Sr Roselin Aravackal
Bet Toma Dayra


Leave a comment