ലൂക്കാ 12:29–34 | തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം

അവൻ പോകുമ്പോൾ— “ജനക്കൂട്ടം അവനെ ഞെരുക്കി.” (8:42)
തിരമാലകൾ പോലെ നിങ്ങൾ ഇരച്ചുകയറുന്നു,
ഞെരുക്കി, പൊതിഞ്ഞ്, ചവിട്ടിമെതിച്ചു—
കടൽക്കാറ്റുപോലെ നിങ്ങൾ പ്രവഹിക്കുന്നു ,
അലകളായി കൂട്ടംകൂടി ഇടിക്കുന്നു,
പൊടിപടലമായി ഉയർന്ന് മറയ്ക്കുന്നു—
അവസാനമില്ലാത്ത തിരക്കായി തള്ളിനീങ്ങുന്നു,
ശബ്ദത്തിന്റെ ഭാരം കൊണ്ട് ഞെരുക്കുന്നു—
വിപണിയുടെ ആരവമായി നിങ്ങൾ നിറയുന്നു,
ലാഭത്തിന്റെ കണക്കായി നിങ്ങൾ ഓടുന്നു,
അവസരത്തിന്റെ പേരിൽ തള്ളിക്കയറി കടക്കുന്നു—
അവിടെ ചോദ്യം ഉയരുന്നു —
ആരാണ് വിശ്വാസത്തിന്റെ മിന്നലായി ഈ തിരക്കിനെ ഭേദിക്കുന്നത്?
ആരാണ് വിശ്വാസത്തിന്റെ ജ്വാലയായി ഈ ഇരുട്ടിനെ പിളർക്കുന്നത്?
ആരാണ് മിണ്ടാതെയുള്ള വിശ്വാസമായിഅവന്റെ ഹൃദയത്തെ സ്പർശിക്കുന്നത്?
ആരാണ് അനുതാപത്തിന്റെ നിശ്ശബ്ദതയായി അവന്റെ വസ്ത്രത്തിന്റെ അരികിൽ മുറുകെപ്പിടിക്കുന്നത്?
ആരാണ് ഒറ്റപ്പെട്ട നിലവിളിയായ വിശ്വാസമായി ശക്തി പുറപ്പെടുന്ന നിമിഷം പിടിച്ചെടുക്കുന്നത്?
ആരാണ് ഏകകിരണമായി തിരക്കിന്റെ ഹൃദയം കീറുന്നത്?
ഉത്തരം— ഒരു സ്ത്രീ. “പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ…”
അവളെക്കുറിച്ചു അറിയുക:
“പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു; അവൾ തന്റെ സകല സമ്പത്തും വൈദ്യന്മാർക്കു ചെലവഴിച്ചു; ആരാലും സുഖപ്പെടുത്തപ്പെടാൻ കഴിഞ്ഞില്ല.” (8:43)
കേൾക്കുവിൻ, ജനമേ—
വൈദ്യരുടെ വിദ്യകൾ ഫലരഹിതം, —ലോകത്തിന്റെ ആശ്വാസം പൊള്ള, — ധനം ഒഴുകി തീർന്നു — രക്തം ഒഴുകിക്കൊണ്ടിരുന്നു!
മരുന്നുകളുടെ കുപ്പികൾ ശബ്ദിച്ചു,— പ്രതീക്ഷയുടെ വാഗ്ദാനങ്ങൾ പരാജയത്തിലെത്തി, — സമ്പത്ത് മണലായി ചിതറി— വേദന മാത്രം ഉറച്ചു നിന്നു!
മനുഷ്യരുടെ ജ്ഞാനം മുട്ടുകുത്തി,— വൈദ്യശാസ്ത്രം നിശ്ശബ്ദമായി,
കൈവശം ഉണ്ടായത് ശൂന്യംമായി — വർഷങ്ങൾ ഒഴുകി പോയി— വേദന മാത്രം കൂടെ ഒഴുകി! — ലോകം ചികിത്സ വാഗ്ദാനം ചെയ്തു,— പക്ഷേ മുറിവ് മായ്ച്ചില്ല;
യെങ്കിലും അവനിലുള്ള പ്രതീക്ഷ മാത്രം അവളിൽ അസ്തമിച്ചില്ല.
അതിനാൽ അവൾ —
“അവൾ പിന്നിൽ നിന്നു വന്നു അവന്റെ വസ്ത്രത്തിന്റെ അരികിൽ തൊട്ടു;
ഉടനെ അവളുടെ രക്തസ്രാവം നിർത്തപ്പെട്ടു.” (8:44)
ഒരു നീളൽ— ഒരു സ്പർശനം— ഒരു നിമിഷം—വർഷങ്ങൾ നീണ്ട രക്തയൊഴുക്ക് നിശ്ചലമായി!
ഒരു വിറയൽ— ഒരു ധൈര്യം— ഒരു സ്പർശം— പന്ത്രണ്ട് വർഷത്തെ വേദന അസ്തമിച്ചു!
ഒരു നീക്കം— ഒരു പിടിത്തം— ഒരു വിശ്വാസം— ഒഴുകിയ രക്തംനിലച്ചു!
ഒരു കൈ നീണ്ടു—വസ്ത്രം തൊട്ടു— ഒരു ശക്തി പുറപ്പെട്ടു— വർഷങ്ങളുടെ വേദന ഒലിച്ചുപോയി!
ഒരു മിണ്ടാതെയുള്ള പ്രാർത്ഥന— ഒരു മറഞ്ഞുനിന്ന സ്പർശം— ഒരു ദൈവിക പ്രതികരണം— ഒരു വിശ്വാസത്തിന്റെ ജ്വാല— അവസാനമെന്നു തോന്നിയ കഥ പുതുതായി തുടങ്ങി!
അവൻ ചോദിച്ചു : “ആരാണ് എന്നെ സ്പർശിച്ചത്?” (8:45)
എല്ലാവരും നിഷേധിക്കുമ്പോൾ— പത്രോസ് പറഞ്ഞു:
“ഗുരോ, ജനക്കൂട്ടം നിന്നെ ചുറ്റിയും ഞെരുക്കിയും നിൽക്കുന്നു!” (8:45)
എന്നാൽ അവൻ മറുപടി പറഞ്ഞു: “ ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നു ശക്തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.” (8:46)
കഠിനഹൃദയരേ—
നിങ്ങൾ ഞെരുക്കുന്നു,— പക്ഷേ സ്പർശിക്കുന്നില്ല!
നിങ്ങൾ തൊടുന്നു,— പക്ഷേ വിശ്വസിക്കുന്നില്ല!
തിരക്കിൽ നിൽക്കുന്നു,— പക്ഷേ ശക്തി അനുഭവിക്കുന്നില്ല!
നിങ്ങൾ അടുക്കുന്നു,— പക്ഷേ അടുപ്പമില്ല!
നിങ്ങൾ കൈ നീട്ടുന്നു,— പക്ഷേ ഹൃദയം അടച്ചിരിക്കുന്നു!
സന്നിധിയിൽ നിൽക്കുന്നു,— പക്ഷേ സാന്നിധ്യം അറിയുന്നില്ല!
നിങ്ങൾ ശബ്ദിക്കുന്നു,— പക്ഷേ കേൾക്കുന്നില്ല!
നിങ്ങൾ പ്രാർത്ഥിക്കുന്നു,— പക്ഷേ പരിവർത്തനപ്പെടുന്നില്ല !
നിങ്ങൾ തിരക്കായി വരുന്നു,— പക്ഷേ വിശ്വാസമായി വരുന്നില്ല!
നിങ്ങൾ വസ്ത്രം തൊടുന്നു,— പക്ഷേ ശക്തി തേടുന്നില്ല!
നിങ്ങൾ അടുക്കുന്നു,— പക്ഷേ അനുതപിക്കുന്നില്ല!
നിങ്ങൾ ഞെരുക്കുന്നു,— പക്ഷേ സമർപ്പിക്കുന്നില്ല!
ആചാരഭാരമുള്ള ജനമേ— നിങ്ങൾ ആരാധിക്കുന്നു,— പക്ഷേ മാറുന്നില്ല!
നിങ്ങൾ സങ്കീർത്തനം പാടുന്നു,— പക്ഷേ നീതി നടപ്പാക്കുന്നില്ല!
തിരക്കിന്റെ വിശ്വാസികളേ— നിങ്ങൾ കാണുന്നു,— പക്ഷേ തിരിച്ചറിയുന്നില്ല! നിങ്ങൾ കേൾക്കുന്നു,— പക്ഷേ അനുസരിക്കുന്നില്ല!
പക്ഷെ അവൾ വിശ്യാസത്തിൽ നേടിയെടുത്തത്
“മറയ്ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിറയലോടെ വന്ന് അവന്റെ കാല്‍ക്കല്‍വീണ്, താന്‍ അവനെ എന്തിനു സ്പര്‍ശിച്ചു എന്നും എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്താവിച്ചു” (8:47)
വിറയൽ— വീഴ്ച— സാക്ഷ്യം!— മറച്ചുവെച്ച വേദന— പൊതു സാക്ഷ്യമായി മാറി!
വിറയൽ— വീഴ്ച— വിമോചനം!— അടച്ചുവെച്ച കണ്ണീർ— സ്തുതിഗാനമായി പൊട്ടിപ്പുറപ്പെട്ടു!
ഭയം— മുട്ടുകുത്തൽ— പ്രഖ്യാപനം!— മറഞ്ഞുനിന്ന കഥ ജനത്തിന്റെ മുമ്പിൽ ജ്വലിച്ചു! — സാക്ഷ്യത്തിന്റെ കിരീടമായി മാറി!
നിശ്ശബ്ദം— വിലാപം— വെളിപ്പെടുത്തൽ!— അന്ധകാരത്തിലെ വർഷങ്ങൾ— പ്രകാശത്തിന്റെ വേദിയായി ഉയർന്നു!
കണ്ണീർ— താഴ്മ— ഒറ്റപ്പെട്ട വേദന— ജനക്കൂട്ടത്തിന്റെ നടുവിൽ— ദൈവമഹത്വമായി തെളിഞ്ഞു!— സാക്ഷ്യത്തിന്റെ കിരീടമായി മാറി!
“അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക”.(8:48)
ഒരു വിളി— “മകളേ!”
വിറയൽ— വീഴ്ച— സാക്ഷ്യം! ജനക്കൂട്ടം നിശ്ശബ്ദമായി… ആകാശം കാത്തുനിന്നു… അപ്പോൾ— ഒരു ശബ്ദം, ഇടിമുഴക്കം അല്ല— കരുണയുടെ മൃദുസ്വരം: “മകളേ…”
ആ വാക്കിൽ അവന്‍ അവളുടെ പന്ത്രണ്ട് വർഷങ്ങൾ ഉരുകി!
ആ വിളിയിൽ അവന്‍ അവളുടെ ഏകാന്തത അവസാനിച്ചു!
വിറച്ച് വീണ ശരീരം— വിതുമ്പുന്ന അധരം— തുറന്നുപറഞ്ഞ സത്യം.
അപ്പോൾ അവൻ അവളെ നോക്കി.— ആൾ കൂട്ടത്തെ അല്ല— അവളുടെ കുറവുകളെ അല്ല— അവളെ.
“മകളേ…”
നിരാകരിക്കപ്പെട്ടവൾ— ബന്ധപ്പെട്ടവളായി! തള്ളപ്പെട്ടവൾ— സ്വീകരിക്കപ്പെട്ടവളായി! മറഞ്ഞുനിന്ന വേദന— പൊതു സാക്ഷ്യമായി മാറിയ നിമിഷം.
അവൻ അവളുടെ പേര് — ചോദിച്ചില്ല,— അവളുടെ രോഗം ഓർത്തില്ല,
അവളുടെ അപമാനം തുറന്നുകാട്ടിയില്ല — അവൻ പറഞ്ഞു: “മകളേ…”
ആ വാക്ക്— രക്ത ബന്ധത്തേക്കാൾ ത്തേക്കാൾ ശക്തമായിരുന്നു!
ആ വിളി— വർഷങ്ങളേക്കാൾ ആഴമായിരുന്നു!
ഭ്രഷ്ടയായവൾ— സീകരിക്കപ്പെട്ടവളായി! ഒറ്റപ്പെട്ടവൾ— അവകാശിയായ്! ഒരു വാക്ക് — “മകളേ… അപമാനം അകന്നു!
വിശ്വാസം— പന്ത്രണ്ടു വർഷത്തെ അന്ധകാരം—ഒരുനിമിഷത്തിൽ അകന്നു!
“മകളേ!” — ഇതു കരുണയുടെ വിളി മാത്രമല്ല— ഇത് അവകാശത്തിന്റെ പ്രഖ്യാപനം!—
അവൻ തുടർന്നു പറയുന്നു:
“നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു!”(8:48)
ഇത് ഒരു ആശ്വാസവാക്കല്ല— ഇത് രാജാധികാരത്തിന്റെ വിധിന്യായം!
രോഗം — പിന്മാറി! അപമാനം — വീണുപോയി! മരണം — നിശ്ശബ്ദമായി!
“നിന്റെ വിശ്വാസം…” തിരക്കിനെ ഭേദിച്ച ധൈര്യം! “നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു!”
കാലത്തെ മറികടന്ന ശക്തി!
ഇത് അപേക്ഷയല്ല— ഇത് പ്രഖ്യാപനം!
ഇത് പ്രാർത്ഥനയല്ല— ഇത് പൂർത്തീകരണം!
അവസാനമായി— ശബ്ദം വീണ്ടും മുഴങ്ങുന്നു:
“സമാധാനത്തോടെ പോവുക!”
യുദ്ധം അവസാനിച്ചു.— വേദന അവസാനിച്ചു.— അപമാനം അവസാനിച്ചു.—
വിശ്വാസം ജയിച്ചു.“സമാധാനത്തോടെ പോവുക!”
രക്തത്തിന്റെ ഒഴുക്ക് നിർത്തപ്പെട്ടു.— കണ്ണീരിന്റെ പ്രവാഹം ശാന്തമായി.— ഏകാന്തതയുടെ രാത്രി അവസാനിച്ചു.— “സമാധാനത്തോടെ പോവുക!”
ശത്രുവിന്റെ ശബ്ദം മങ്ങിപ്പോയി.— കുറ്റാരോപണത്തിന്റെ വിരൽ താഴ്ന്നു.— ലജ്ജയുടെ മറ അകന്നു .—“സമാധാനത്തോടെ പോവുക!”
നിന്റെ കഥ ഇനി വേദനയല്ല— സാക്ഷ്യം
“മകളേ!” — “സമാധാനത്തോടെ പോവുക!”
ഇത് യാത്രയുടെ അവസാനം അല്ല— പുതിയ ജീവിതത്തിന്റെ ആരംഭം.
ഇത് പരാജയത്തിന്റെ പിന്മാറ്റമല്ല— വിജയത്തിന്റെ പ്രവേശനം.
സമാധാനം— മുറിവുകളിൽ പൂത്തു.
സമാധാനം— വിശ്വാസത്തിൽ ജനിച്ചു.
സമാധാനം— “തിരക്കിനിടയിൽ വിശ്വാസം ജയിച്ച ദിനം!”— അതിനാൽ “മകളേ!” — “സമാധാനത്തോടെ പോവുക!”
അതിനാൽ നോമ്പുകാലത്തിന്റെ ഇടിമുഴക്കം കേൾക്കുവിൻ!
തിരക്കിന്റെ ഞെരുക്കത്തിൽ നിൽക്കരുത്— വിശ്വാസത്തിന്റെ സ്പർശം അന്വേഷിക്കുവിൻ!
ആചാരങ്ങളുടെ തിരക്കിൽ നിൽക്കരുത്— ശക്തി പുറപ്പെടുന്ന നിമിഷം തേടുവിൻ!
വാക്കുകളുടെ കോലാഹലത്തിൽ മുങ്ങരുത്— നിശ്ശബ്ദത്തിന്റെ ഹൃദയം കേൾക്കുവിൻ!
മുഖംമൂടിയുള്ള ഭക്തി— അവിടുന്ന് ഭേദിച്ചുകാണുന്നു—
എന്നാൽ—
വിറയ്ക്കുന്ന വിശ്വാസം— അവിടുന്ന് സ്വീകരിക്കുന്നു!
മറഞ്ഞുനിന്ന നിലവിളി— അവിടുന്ന് കേൾക്കുന്നു!
ജനക്കൂട്ടം ഞെരുക്കുമ്പോഴും— ഒറ്റപ്പെട്ട സ്പർശം അവിടുന്ന് തിരിച്ചറിയുന്നു!
മടങ്ങിവരുവിൻ!
തിരക്കായി അല്ല— വിശ്വാസമായി വരുവിൻ.
ഞെരുക്കമായി അല്ല— സ്പർശമായി വരുവിൻ.
ശബ്ദമായി അല്ല— നിശ്ശബ്ദ സമർപ്പണമായി വരുവിൻ!
ആചാരമായി അല്ല— അനുതാപമായി വരുവിൻ!
കൂട്ടത്തിന്റെ ധൈര്യമായി അല്ല— ഒറ്റപ്പെട്ട വിശ്വാസമായി വരുവിൻ!
കാണപ്പെടാൻ അല്ല— സ്പർശിക്കാൻ വരുവിൻ!
ഞെരുക്കാൻ അല്ല— ശക്തി സ്വികരിക്കുവാൻ !
തിരക്കിന്റെ പേരിൽ അല്ല,— വിശ്വാസത്തിന്റെ പേരിൽ!
അപ്പോൾ— ഒരൊറ്റ സ്പർശം— നിങ്ങളെ മാറ്റിമറിക്കും.

ഇത് തിരക്കിനെ ഭേദിച്ച വിശ്വാസം— ഇത് വിറച്ച കൈയുടെ വിജയം— ഇത് “തിരക്കിനിടയിൽ വിശ്വാസം ജയിച്ച ദിനം!”
ആമേൻ.

🪶 Fr. തകിടിയിൽ CM


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment