ലൂക്കാ 17:1–6 | തിരികല്ലിന്റെ ഭാരമോ, കരുണയുടെ ചിറകുകളോ?


കേൾപ്പിൻ, ഭൂമിയുടെ പൊടിയിൽ നിന്നു രൂപപ്പെട്ട മനുഷ്യ മക്കളേ!
ഇടിമുഴങ്ങുമ്പോൾ ആരാണ് ഭയപ്പെടാതിരിക്കുക?
കർത്താവ് സംസാരിക്കുമ്പോൾ ആരാണ് കേൾക്കാതിരിക്കുക?
അതുകൊണ്ടു കേൾപ്പിൻ—
ഇത് മനുഷ്യന്റെ വാക്കല്ല; ഇത് കർത്താവിന്റെ അരുളപ്പാടാണ്.
“ അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ് പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ലൂക്കോസ് 17:1
വീഴ്ചകൾ ഭൂമിയിൽ ഉണ്ടാകും— കാരണം മനുഷ്യഹൃദയം ദുർബലമാണ്. എന്നാൽ വീഴ്ച വരുത്തുന്നവന് കഷ്ടം!
ഈ ചെറിയവരുടെ വഴിയിൽ നീ തടസം വെച്ചാൽ,
നീ നീതിയുടെ കാറ്റിൽ ചിതറിപ്പോകും.
മനുഷ്യന്റെ കണ്ണ് മൂടപ്പെട്ടിരിക്കുന്നു;
എന്നാൽ അന്ധത വിതയ്ക്കുന്നവന് കഷ്ടം!
നിഷ്കളങ്കരുടെ ചുവടുകൾക്കുമുമ്പിൽ നീ മുള്ളുകൾ വിതറിയാൽ,
നിന്റെ കൈകൾ നീതിയുടെ അഗ്നിയിൽ കത്തിപ്പോകും.
മാംസം ദുർബലമാണ്; എന്നാൽ തളർച്ചയെ ആയുധമാക്കുന്നവന് കഷ്ടം!
ചെറിയവരുടെ വിശ്വാസത്തിൽ നീ സംശയത്തിന്റെ വിഷം കലർത്തിയാൽ, നിന്റെ നാവ് അവന്റെ അഗ്നിയിൽ ചാരമാകും.
ലോകം കഠിനമാണ്; എന്നാൽ ഇടർച്ച പണിയുന്നവന് കഷ്ടം!
നിസ്സഹായന്റെ പ്രാർത്ഥനകളുടെ നടുവിൽനീ പരിഹാസം വിതച്ചാൽ,
നിന്റെ ശബ്ദം ഇടിയുടെ ശബ്ദത്തിൽ മുങ്ങിപ്പോകും.
ദുർബലർ വളരുമ്പോൾ
അവന്റെ ചിറകുകൾ നീ അരിഞ്ഞാൽ,
അവരുടെ ദീപങ്ങൾ നീ ഊതിക്കെടുത്താൽ— കഷ്ടം!
നിന്റെ ദിനങ്ങൾ പ്രകാശമില്ലാതെ ഇരുണ്ടുപോകും.
കാരണം കർത്താവ് നീതിമാനാകുന്നു—
അവൻ കാണുന്നു, — അവൻ കേൾക്കുന്നു, — അവൻ അന്വേഷിക്കുന്നു.
ഇടർച്ച വിതച്ച കൈയെ അവൻ വെളിച്ചത്തിലേക്ക് വിളിച്ചുവരുത്തും.
അതുകൊണ്ടു കർത്താവ് അരുളിച്ചെയ്യുന്നു:
“ ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്”. ലൂക്കോസ് 17:2
കാരണം എന്റെ ക്രോധം അഗാധം ആകുന്നു.
ഉതുപ്പ് നൽകുന്നതിനേക്കാൾ നിനക്കു നല്ലത് ഒരു തിരികല്ല് നിന്റെ കഴുത്തിൽ കെട്ടപ്പെടുന്നത്.
ഉതുപ്പ് നൽകുന്നതിനേക്കാൾ നിനക്കു നല്ലത്
നിന്റെ ശ്വാസം സമുദ്രത്തിന്റെ ആഴങ്ങളിൽ മാഞ്ഞുപോകുന്നത്.
ഒരു ചെറിയവന്റെ ആത്മാവിനെ വീഴ്ത്തിയവൻ എന്റെ സന്നിധിയിൽ നിൽക്കുന്നതിനെക്കാൾ ആഴത്തിന്റെ ഇരുട്ടിൽ മറഞ്ഞിരിക്കുക നന്നാണ്.
കാരണം എന്റെ ക്രോധം അഗാധം ആകുന്നു.
കർത്താവ് അരുളിച്ചെയ്യുന്നു:
നിഷ്കളങ്കരുടെ കണ്ണുനീർ എന്റെ സിംഹാസനത്തിൻ മുമ്പിൽ വീഴും;
അവരുടെ നിലവിളി എന്റെ ചെവികളിൽ ഇടിമുഴക്കമാകും.
അപ്പോൾ ഞാൻ ചോദിക്കും—
“ആരാണ് അവരുടെ വഴിയിൽ വിഘ്‌നം വെച്ചത്?”
നിഷ്കളങ്കരുടെ കണ്ണുനീർ എന്റെ യാഗപീഠത്തിന്റെ അടിയിൽ ശേഖരിക്കപ്പെടും; അവരുടെ നിശ്ശബ്ദ കരച്ചിൽ എന്റെ സന്നിധിയിൽ ശബ്ദമാകും.
അവരുടെ വിങ്ങുന്ന ശ്വാസം ആകാശം കേൾക്കും;
അവരുടെ മുറിവേറ്റ ഹൃദയം എന്റെ നീതിയെ വിളിച്ചുണർത്തും.
അപ്പോൾ ഞാൻ എഴുന്നേൽക്കും. ഞാൻ ചോദിക്കും:
ആരാണ് അവരുടെ വെളിച്ചം അണച്ചത്?
ആരാണ് അവരുടെ പാതയിൽ മുള്ളുകൾ വിതച്ചത്?
അവരുടെ കണ്ണുനീർ ഭൂമിയിൽ വീണാലും അത് എന്റെ കൈകളിൽ സൂക്ഷിക്കപ്പെടുന്നു.
അവരുടെ നിലവിളി മനുഷ്യർ കേൾക്കാതിരുന്നാലും അത് എന്റെ സിംഹാസനത്തെ നടുക്കുന്നു.
ഞാൻ ആരായും— ആരാണ് അവരുടെ പാതയിൽ മുള്ളുകൾ വിതച്ചത്?
ഞാൻ വിധിക്കും—
അവന്റെ പ്രവൃത്തികൾ വെളിച്ചത്തിലാക്കപ്പെടും; അവന്റെ രഹസ്യങ്ങൾ നിഴലിൽ മറയുകയില്ല.
അവൻ നിത്യ അഗ്നിയുടെ ചൂടറിയും.
ഇത് നീതിയുടെ ദൈവത്തിന്റെ അരുളപ്പാടാകുന്നു.
അതുകൊണ്ടു അറിയുക— കർത്താവ് അരുളിച്ചെയ്യുന്നു:
“ നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കു വിന്‍. നിന്റെ സഹോദരന്‍ തെറ്റു ചെയ് താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ”ലൂക്കോസ്” 17:3
നിന്റെ സഹോദരൻ പാപം ചെയ്‌താൽ നീ മിണ്ടാതിരിക്കരുത്.
മിണ്ടാതിരിക്കുന്ന നാവുകൾ അഴുക്കിന്റെ കൂട്ടാളികളാണ്.
സത്യം പറക— ഇടിമിന്നൽ ആകാശത്തെ പിളർക്കുന്നതുപോലെ.
എന്നാൽ അവൻ മടങ്ങിവന്ന് പറഞ്ഞാൽ: “ഞാൻ പശ്ചാത്തപിക്കുന്നു,”
നീ ഹൃദയം അടച്ചിടരുത്.
അവൻ ചാരമണിഞ്ഞ നെറ്റിയോടെ നിന്റെ മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞാൽ: “ഞാൻ തെറ്റിച്ചു,” നീ വാതിൽ പൂട്ടരുത്.
അവൻ കണ്ണുനീരിന്റെ പാടുകളോടെ പറഞ്ഞാൽ: “എനിക്ക് ക്ഷമ വേണം,” നീ ഹൃദയം കല്ലാക്കരുത്.
കർത്താവ് ഓർമിപ്പിക്കുന്നു:
“ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം .”ലൂക്കോസ് 17:4
ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ വീണാലും— ഏഴു പ്രാവശ്യം നീ അവനെ ഉയർത്തണം.
കാരണം ക്ഷമ ദുർബലരുടെ ഭാഷയല്ല— അത് ശക്തരുടെ യാഗമാണ്.
അപ്പോൾ ശിഷ്യന്മാർ നിലവിളിച്ചു:
“അപ്പോള്‍ അപ്പസ്‌തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ! ” ലൂക്കോസ് 17:5
എന്നാൽ കർത്താവ് അരുളിച്ചെയ്തു:
“ കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസ മുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.ലൂക്കോസ് 17:6
വിശ്വാസം— നിങ്ങൾ കണക്കുകൂട്ടുന്ന ധനം അല്ല.
വിശ്വാസം— ഒരു കടുകുമണിയുടെ വിത്തുപോലെയാണ്—
ചെറുത്, എന്നാൽ ജീവൻ നിറഞ്ഞത്.
വിശ്വാസം— വിപണിയിൽ വിലപേശുന്ന സാധനവും അല്ല.
വിശ്വാസം— കയ്യിൽ കെട്ടിപ്പിടിക്കുന്ന ഉറപ്പല്ല— ഹൃദയത്തിൽ മുളയ്ക്കുന്ന രഹസ്യമാണ്.
വിശ്വാസം— ഗോപുരംപോലെ വലുതാകേണ്ടതില്ല; അത് വിത്തുപോലെ മണ്ണിൽ മറഞ്ഞിരിക്കാം— ചെറുത്,
എന്നാൽ ആകാശത്തെ തൊടുന്ന ശക്തിയുള്ളത്.
കാരണം വിശ്വാസത്തിന്റെ അളവ് മനുഷ്യന്റെ കൈയിൽ അല്ല—
എന്റെ ശക്തിയുടെ വാതിൽ തുറക്കുന്നതിലാണ്.
അതുകൊണ്ടു കർത്താവ് അരുളിച്ചെയ്യുന്നു:
നിന്റെ നോമ്പ് ഇങ്ങനെ ആകട്ടെ—
മറ്റുള്ളവർ നടക്കേണ്ട പാതകൾ നീ വൃത്തിയാക്കുക.
ഇടർച്ചയുടെ കല്ലുകൾ നീ എടുത്തെറിയുക.
നിന്റെ അഹങ്കാരം ചാരമായി മാറട്ടെ.
നിന്റെ ഹൃദയം കരുണയുടെ തീയിൽ ഉരുകട്ടെ.
ക്രോധത്തിന്റെ വാൾ നീ താഴെയിടുക; ക്ഷമയുടെ വസ്ത്രം ധരിക്കുക.
അപ്പോൾ കർത്താവ് നിന്നോട് ചോദിക്കുന്നു— നിന്റെ കഴുത്തിൽ തിരികല്ലിന്റെ ഭാരമോ?
അല്ലെങ്കിൽ എന്റെ കരുണയുടെ ചിറകുകളോ?
തിരഞ്ഞെടുപ്പ് നിനക്കുള്ളതാണ്— ഭാരം ചുമക്കണമോ,
അല്ലെങ്കിൽ കൃപയിൽ പറക്കണമോ?
ആമേൻ.

✍ Fr. തകിടിയിൽ CM)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment