പുറപ്പാട് 23:20-26 | യോനാ 4:1-11 | റോമാ 15:14-21 | ലൂക്കാ 9:1-6
“യാത്രയ്ക്കായി ഒന്നും കൊണ്ടുപോകരുത്…” (ലൂക്കാ 9:3).
ശ്ലീഹാക്കാലം മൂന്നാം ഞായർ
മിശിഹായിൽ സ്നേഹം നിറഞ്ഞവരേ,
നാം ജീവിക്കുന്നത് വളരെ advanced ആയ ഒരു കാലഘട്ടത്തിലാണ്. മനുഷ്യചരിത്രത്തിൽ ഒരിക്കലും ഇല്ലാതിരുന്നത്രയും വിവരങ്ങളും സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇന്ന് നമ്മുടെ കൈവശമുണ്ട്. എന്നിട്ടും, മനുഷ്യഹൃദയം ഓരോ ദിവസവും കൂടുതൽ കൂടുതൽ അസ്വസ്ഥവും അശാന്തവും ബലഹീനവുമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രശ്നം സൗകര്യങ്ങളുടെ കുറവല്ല; മറിച്ച്, നാം ചുമക്കുന്ന ഭാരങ്ങളുടെ കനമാണ്. ശരീരത്തേക്കാൾ മനസ്സാണ് ഇന്ന് കൂടുതൽ ഭാരം ചുമക്കുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, വിജയത്തെക്കുറിച്ചുള്ള സമ്മർദ്ദങ്ങൾ, മറ്റുള്ളവരുമായി നടത്തുന്ന നിരന്തര താരതമ്യങ്ങൾ, അംഗീകാരത്തിനായുള്ള ആഗ്രഹം, മായാത്ത മുറിവുകൾ, ക്ഷമിക്കപ്പെടാത്ത വിരോധങ്ങൾ; ഇവയെല്ലാം ചേർന്ന് നമ്മുടെ മനസ്സിനെ, ആത്മാവിനെ തളർത്തുന്നു. ഇത്തരം ഒരു ലോകത്തിലേക്കാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ വിപ്ലവകരമായ ഒരു ആഹ്വാനം നൽകുന്നത്: “യാത്രയ്ക്കായി നിങ്ങൾ ഒന്നും കൊണ്ടുപോകരുത്” എന്ന്. ഇത് യാത്രയ്ക്കായുള്ള ഒരു നിർദ്ദേശം മാത്രമല്ല; മറിച്ച്, അവിടുന്ന് ഒരു ജീവിതദർശനം നൽകുകയാണ്. ദാരിദ്രാരൂപിയോടെ ജീവിക്കണം എന്ന സന്ദേശമല്ല ഈശോ നൽകുന്നത്. മറിച്ച്, ജീവിതത്തിന്റെ യഥാർത്ഥ സത്തയെ തിരിച്ചറിയാൻ നമ്മെ ഓരോരുത്തരെയും അവിടുന്ന് ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ഇതാണ്: “നിങ്ങളുടെ ശക്തി നിങ്ങൾ ചുമക്കുന്നതിലല്ല; നിങ്ങളെ അയക്കുന്നവനിലാണ്” എന്ന്.
ഒന്നാമത്തെ വായനയിൽ (പുറപ്പാട് 23:20-26), ദൈവം ഇസ്രായേൽ ജനത്തിന് വലിയ ഒരു ഉറപ്പ് നൽകുകയാണ്: “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു” (23:20) എന്ന്. വിശ്വാസത്തിന്റെ ചരിത്രം മുഴുവൻ ഈ വാഗ്ദാനത്തിന്റെ പ്രതിധ്വനിയാണ്. അബ്രാഹം തന്റെ നാടുവിട്ട് പുറപ്പെടുമ്പോൾ ലക്ഷ്യസ്ഥാനത്തിന്റെ വ്യക്തമായ ഒരു ചിത്രവും അവന്റെ മുന്നിലുണ്ടായിരുന്നില്ല. ‘കർത്താവായ ദൈവം കൂടെയുണ്ട്’ എന്ന ഒരു വാഗ്ദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ വാഗ്ദാനത്തിൽ വിശ്വസിച്ചതിനാൽ അബ്രാഹം ജനതകളുടെ പിതാവായി. മോശെ ചെങ്കടലിന്റെ മുന്നിൽ നിൽക്കുമ്പോൾ ഒരു വഴി പോലും മനസ്സിൽ ഉണ്ടായിരുന്നില്ല; പക്ഷേ ദൈവം മുമ്പേ വഴി ഒരുക്കിയിരുന്നു. പരിശുദ്ധ അമ്മ നസറത്തിൽ “അതെ” എന്നു പറയുമ്പോൾ ഭാവിയെക്കുറിച്ചുള്ള വിശദമായ ഉറപ്പുകളൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. എന്നാൽ അമ്മയ്ക്കറിയാമായിരുന്നു, ദൈവം മുമ്പേ നടക്കുന്നവനാണെന്ന്. സുവിശേഷത്തിലെ ശിഷ്യന്മാരും അതേ പാഠമാണ് പഠിക്കുന്നത്. സമ്പത്തിനെക്കാളും ഭക്ഷണത്തേക്കാളും യാത്രാസൗകര്യങ്ങളേക്കാളും വലിയൊരു സമ്പത്ത് അവർക്ക് ഉണ്ടായിരുന്നു, അവരെ അയച്ച ഈശോയുടെ സാന്നിധ്യം. ഇന്ന് നാം സുരക്ഷ തേടുന്നത് പലപ്പോഴും സമ്പാദ്യങ്ങളിലും, പദവികളിലും, ബന്ധങ്ങളിലുമാണ്. അവയ്ക്കെല്ലാം സ്ഥാനമുണ്ട്. എന്നാൽ ക്രൈസ്തവ വിശ്വാസം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: സുരക്ഷ എന്നത് നാം എന്ത് കൈവശം വയ്ക്കുന്നു എന്നതിലല്ല; ആരാണ് നമ്മോടൊപ്പം നടക്കുന്നത് എന്നതിലാണ്.
“യാത്രയ്ക്കായി ഒന്നും കൊണ്ടുപോകരുത്” എന്ന് ഈശോ പറയുമ്പോൾ, ആ വാക്കുകൾ ഭൗതിക വസ്തുക്കളെ മാത്രം സംബന്ധിക്കുന്നതല്ല. അതിന് ആഴത്തിലുള്ള ആത്മീയ അർത്ഥമുണ്ട്. രണ്ടാം വായനയിലെ (യോനാ 4:1-11) യോനായെ നോക്കൂ. നിനവേക്കാരോട് ദൈവം കരുണ കാണിച്ചതിൽ യോനാ സന്തോഷിക്കുന്നില്ല. ദൈവത്തിന്റെ കരുണ അവന്റെ നീതിബോധത്തോട് പൊരുത്തപ്പെടുന്നില്ല. അതുകൊണ്ട് അവൻ അസ്വസ്ഥനാകുന്നു. യോനായുടെ പ്രശ്നം നിനവേ അല്ലായിരുന്നു; അവന്റെ സ്വന്തം ഹൃദയമായിരുന്നു. അവൻ ചുമക്കുന്നത് വിരോധവും അഹങ്കാരവും സ്വാർത്ഥതയുമായിരുന്നു. നമ്മുടെ ജീവിതങ്ങളിലേക്ക് ഒന്നു തിരിഞ്ഞ് നോക്കാം. ഇന്നും പലരും വർഷങ്ങളായി പഴയ മുറിവുകൾ ചുമക്കുകയാണ്. ഒരു വാക്ക്, ഒരു നിരാശ, ഒരു അവഗണന; സംഭവം അവസാനിച്ചെങ്കിലും അതിന്റെ ഭാരമോ ഇന്നും നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ തുടരുന്നു. പഴയനിയമത്തിലെ ജോസഫിന്റെ ജീവിതം ഇവിടെ ഒരു മനോഹരമായ മറുപടിയാണ്. സഹോദരന്മാർ അവനെ അടിമയായി വിറ്റു; അവൻ ഒത്തിരി അനീതികൾ സഹിച്ചു. എന്നാൽ അവൻ വിരോധം വച്ചുപുലർത്തിയില്ല. ക്ഷമ തിരഞ്ഞെടുക്കുകയായിരുന്നു. കാരണം, ക്ഷമ എന്നത് മറ്റൊരാൾക്കു നൽകുന്ന സമ്മാനമല്ല; സ്വന്തം ഹൃദയത്തിന് നൽകുന്ന സ്വാതന്ത്ര്യമാണ്. ഈശോ ശിഷ്യരോട് പറയുന്നതും ഇതു തന്നെ. തന്‍റെ സുവിശേഷം ലോകമെങ്ങും പോയി നൽകണമെങ്കിൽ അവർ അനാവശ്യ ഭാരം ഇറക്കിവയ്ക്കേണ്ടിയിരിക്കുന്നു എന്ന്. അത് നാം ചുമക്കുന്ന വസ്തുക്കളുടെ ഭാരം മാത്രമല്ല, നമ്മുടെ മനസ്സിൽ നാം അനാവശ്യമായി ചുമക്കുന്നവയുടെ ഭാരവും.
മൂന്നാം വായനയിൽ (റോമാ 15:14-21) വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ജീവിതത്തിന്റെ കേന്ദ്രത്തെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ സുഖസൗകര്യങ്ങളിലോ വ്യക്തിപരമായ നേട്ടങ്ങളിലോ അല്ല; ഈശോ ഏൽപിച്ച ദൗത്യത്തിലാണ്. അദ്ദേഹം ചോദിക്കുന്നത്: “ഇനിയും ആരാണ് ക്രിസ്തുവിനെ അറിയാത്തത്?” എന്നാണ്. ഇന്നത്തെ സംസ്കാരം നമ്മോട് നമ്മുടെ പേരും പ്രശസ്തിയും ഉയർത്തുന്ന കാര്യങ്ങൾ ചെയ്യാനായി ആവശ്യപ്പെടുമ്പോൾ, പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്: ക്രിസ്തുവിന്റെ നാമം ഉയർത്തുന്ന പ്രവർത്തികൾ ചെയ്യാനാണ്. ലോകം വിജയത്തെ അളക്കുന്നത് നാം സ്വന്തമാക്കിയ, നാം സമ്പാദിച്ച കാര്യങ്ങളാൽ ആണെങ്കിൽ, സുവിശേഷം അതിനെ അളക്കുന്നത് സമർപ്പണത്താലാണ്. ജീവിതത്തിന്റെ മൂല്യം നാം എത്ര നേടിയെടുത്തു എന്നതിലല്ല; എത്ര പങ്കുവെച്ചു എന്നതിലാണ്.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി സമ്പത്തും പദവിയും ഉപേക്ഷിച്ചപ്പോൾ ലോകം കരുതിയത് അദ്ദേഹം എല്ലാം നഷ്ടപ്പെടുത്തി എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം സ്വാതന്ത്ര്യം കണ്ടെത്തുകയായിരുന്നു. വിശുദ്ധ മദർ തെരേസയ്ക്ക് വലിയ സമ്പത്തുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവൾ ലോകത്തിന്‍റെ ഹൃദയത്തെ സ്പർശിച്ചു. കാരണം അവൾ വഹിച്ചത് ക്രിസ്തുവിന്റെ സ്നേഹമായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ജീവിതത്തിൽ വേദനയും രോഗവും അക്രമവും അനുഭവിച്ചു. പക്ഷേ അവ ഒന്നും അദ്ദേഹത്തിന്റെ ഹൃദയത്തെ വിരോധത്തിന്‍റെ തടവറയാക്കിയില്ല. അദ്ദേഹം വേദനകൾ സഹിച്ചു ഈശോയെപ്രതി; വിരോധത്തിന് തന്‍റെ ഹൃദയത്തിൽ ഇടം നൽകിയില്ല. ഈ വിശുദ്ധരുടെയൊക്കെ ജീവിതം നമ്മെ ഒരു സത്യം പഠിപ്പിക്കുന്നു: ദൈവം അന്വേഷിക്കുന്നത് നിറഞ്ഞ കൈകളെയല്ല; തുറന്ന, വിശുദ്ധമായ ഹൃദയങ്ങളെയാണ്.
ഇന്നത്തെ കാലത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തവർ ആരുമുണ്ടാകില്ല. ഇന്ന് നമ്മുടെ ഫോണുകളിൽ “Storage Full” എന്ന സന്ദേശം വന്നാൽ നാം എന്താണ് ചെയ്യാറുള്ളത്, അനാവശ്യ ഫയലുകൾ നീക്കം ചെയ്യാൻ നാം തയ്യാറാകും. എന്നാൽ ഞാൻ വേറൊരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുകയാണ്: നമ്മുടെ ഹൃദയത്തിലെ സ്റ്റോറേജ് അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്? പഴയ വിരോധങ്ങൾ, അനാവശ്യ ഭയങ്ങൾ, അമിതമായ ആസക്തികൾ, അഹങ്കാരങ്ങൾ ഇവയൊക്കെ. ഇവയെല്ലാം നിറഞ്ഞിരിക്കുമ്പോൾ ദൈവത്തിന്റെ പുതിയ കൃപയ്ക്ക് ഇടം എങ്ങനെ ലഭിക്കും? ദൈവം പലപ്പോഴും നമ്മുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആദ്യം അവിടുന്ന് നമ്മോട് ചോദിക്കുന്നത്: അവിടുത്തേക്കായി നമ്മുടെ ഹൃദയത്തിൽ ഇടമുണ്ടോ എന്നാണ്
ഇന്നത്തെ നാല് വായനകളും നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: പുറപ്പാട് പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു: ദൈവം നമുക്കുമുമ്പേ നടക്കുന്നു എന്ന്. യോനായുടെ ജീവിതം പറയുന്നു: ഹൃദയത്തിലെ വിരോധവും അഹങ്കാരവും ഇറക്കിവെക്കുക എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു: ജീവിതം സുഖത്തിനല്ല, ഈശോ ഏൽപിച്ച ദൗത്യത്തിനുള്ളതാണ് എന്ന്. സുവിശേഷത്തിൽ ഈശോ നമ്മെ വെല്ലുവിളിക്കുന്നു: “യാത്രയ്ക്കായി ഒന്നും കൊണ്ടുപോകരുത് എന്ന്. ഈ നാല് വായനകളും ചേർന്ന് ഒരു മഹത്തായ സത്യം നമ്മോട് പറയുന്നു: ദൈവം ആവശ്യപ്പെടാത്ത ഭാരങ്ങൾ ഇറക്കിവെക്കുമ്പോഴാണ് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന വഴികൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്. അതിനാൽ, ഈ ആഴ്ച നമുക്ക് ഓരോരുത്തർക്കും സ്വയം ചോദിക്കാം: ഞാൻ ഇപ്പോഴും ചുമക്കുന്ന, യേശു എന്നോട് ചുമക്കാൻ പറഞ്ഞിട്ടില്ലാത്ത ഭാരം എന്താണ്? അത് നമുക്ക് ഈശോയ്ക്ക് വിട്ടുകൊടുക്കാം. കാരണം, ഭാരം കുറയുമ്പോൾ കൂടുതൽ ദൂരം ഈശോയ്ക്കായി, ഈശോയെ വഹിച്ച് യാത്ര ചെയ്യാനാകും; ഹൃദയം സ്വതന്ത്രമാകുമ്പോൾ ദൈവം അതിലൂടെ കൂടുതൽ പ്രവർത്തിക്കും. അപ്പോൾ നാം വെറും യാത്രക്കാരല്ലാതാകും. നാം ഒരു സന്ദേശമായി മാറും.
ഈശോ നമ്മെ അനുഗ്രഹിക്കട്ടെ!
✍ Fr Mathew Kodappanamkunnel, CMI


Leave a Reply