മരണത്തോടടുത്ത മകളോട്, സ്വർഗ്ഗത്തിൽ അവൾ ആദ്യം മാതാവിനെ കാണുമെന്നും ഇരുകരങ്ങളും നീട്ടി അവളെ സ്വീകരിക്കാൻ മാതാവുണ്ടാകുമെന്നും പറഞ്ഞു സമാധാനിപ്പിച്ച അമ്മയോട് ക്യാര പറഞ്ഞു, “സ്വർഗ്ഗത്തിൽ ചെല്ലുമ്പോഴുള്ള സർപ്രൈസ് ഇപ്പോഴേ പൊളിക്കാതെ മമ്മി “
വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷം, റുഗെറോ ബദാനോക്കും 37 വയസ്സുള്ളപ്പോൾ മരിയ തെരേസ കവിലിയാക്കും വളരെയേറെ ആഗ്രഹിച്ചുണ്ടായ മകൾ.. അവളാണ് ക്യാൻസർ ബാധിച്ച്, 1990 ഒക്ടോബർ 7 ന്, പത്തൊൻപതാം വയസ്സിൽ, ഈ ലോകത്തോട് യാത്ര പറഞ്ഞത്. ആദ്യ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ “എന്തുകൊണ്ട് ?” എന്ന് ഈശോയോട് ചോദിച്ച തന്റെ ചോദ്യത്തെ ക്യാരാ ബദാനോ ഇങ്ങനെ തിരുത്തി, “നിനക്കിത് വേണമെന്നുണ്ടെങ്കിൽ ഈശോയെ, അങ്ങനെ തന്നെ ആയിക്കൊള്ളട്ടെ. എനിക്ക് സന്തോഷമേയുള്ളൂ“.
രണ്ടായിരത്തിലധികം ആളുകളാണ്, ‘വിശുദ്ധ’ എന്ന് അവർ കരുതുന്ന, അവളുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കുകൊണ്ടത്. തന്റെ മണവാളനെ കാണാൻ ‘കുങ്കുമ നിറമുള്ള ബെൽറ്റുള്ള, വെള്ള’ വിവാഹവസ്ത്രമണിഞ്ഞു യാത്രയായ അവൾ പറഞ്ഞിരുന്നു, ആരും കരയരുതെന്നും ആനന്ദഗാനങ്ങളാണ് തന്റെ മരണവേളയിൽ പാടേണ്ടതെന്നും, കാരണം “ഈശോയുടെ അരികിലേക്കാണ് ഞാൻ പോകുന്നത്. പുതിയൊരു ജീവിതത്തിലേക്ക്”. അവൾ പറഞ്ഞു. അന്ന് മുഖ്യ കാർമ്മികനായ ബിഷപ്പ് മരിത്താനോ പറഞ്ഞു, “ ഇവൾ ഒരു നല്ല ക്രിസ്തീയ കുടുംബത്തിന്റെ സമ്മാനമാണ് “.
2010 സെപ്റ്റംബർ 25 ആവുമ്പോഴേക്കും ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ക്യാരായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. നടപടി ക്രമങ്ങൾ എന്തേ ഇത്ര വേഗത്തിലാക്കി എന്ന ചോദ്യത്തിന് മറുപടി ആയി ബിഷപ്പ് മരിത്താനോ പറഞ്ഞു, “ഇന്നത്തെ യുവതലമുറക്ക് സാക്ഷ്യങ്ങൾ ആണ് ആവശ്യം. അവരുടെ സമാധാനത്തെ കെടുത്തുന്ന രോഗത്തിൽ നിന്നും ഏകാന്തതയിൽ നിന്നും സുരക്ഷിതത്വമില്ലായ്മയിൽ നിന്നും വലിയ സാക്ഷ്യം യുവതലമുറ അന്വേഷിക്കുന്നു. ക്യാരാ അത്തരം ഒരു സാക്ഷ്യമാണ് “.
പക്ഷേ,ഇന്നത്തെ യുവതലമുറ ക്യാര എന്ന വിശുദ്ധയായ ടീനേജ് പെൺകുട്ടിയെപ്പറ്റി കേൾക്കുമ്പോൾ, അവൾക്ക് വിശുദ്ധയായി ജീവിക്കാനുള്ള സ്വപ്‌നങ്ങൾ കൊടുത്ത അവളുടെ മാതാപിതാക്കളെക്കുറിച്ച് ഇന്നത്തെ മാതാപിതാക്കൾക്കും ഏറേ പഠിക്കാനുണ്ട്.
കുഞ്ഞിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന വർഷങ്ങളിൽ, ‘ദൈവഭയത്തിൽ ജീവിക്കുന്ന ഒരു കുഞ്ഞ്’, അതിനായാണ് അവർ പ്രാർത്ഥിച്ചത്. ഇറ്റലിയിലെ സസെല്ലോ ഗ്രാമത്തിൽ 1971 ഒക്ടോബർ 29ന് ആയിരുന്നു ക്യാരായുടെ ജനനം. ദൈവത്തിന്റെ മകളായിക്കഴിഞ്ഞേ അവൾ തങ്ങളുടെ മകൾ ആകുന്നുള്ളു എന്ന് അവളുടെ മാതാപിതാക്കൾ വിശ്വസിച്ചു. ദൈവാലയത്തിൽ വിശുദ്ധ കുർബ്ബാനക്ക് പോകുമ്പോഴെല്ലാം അവർ ക്യാരായെ കൊണ്ടുപോയി. ചെറുതാണെങ്കിലും, വിശ്വാസകാര്യങ്ങൾ കുഞ്ഞുനാളിലേ അറിയണമെന്ന് അവർക്ക് നിർബന്ധമായിരുന്നു.
“എല്ലാം കാണുന്നവനായ സ്വർഗ്ഗസ്ഥനായ ഒരു പിതാവ് നിനക്കുണ്ട്“, അവൾക്ക് മാതാപിതാക്കളിൽ നിന്ന് കിട്ടിയ ആദ്യപാഠം. നാല് വയസുള്ളപ്പോൾ പ്രാർത്ഥനകളെല്ലാം പഠിപ്പിച്ചു.
മരിയ ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധയോടെ കേട്ട്, കൂടെ ക്യാരാ ഉണ്ടാകും. കൊച്ചു കൊച്ചു ചോദ്യങ്ങളിലൂടെയാണ് അവൾ ബൈബിൾ പഠിച്ചിരുന്നത്. ഭക്ഷണമേശ വൃത്തിയാക്കാൻ അമ്മ പറഞ്ഞപ്പോഴും കളിപ്പാട്ടങ്ങൾ അയല്പക്കത്തെ കുട്ടികളുമായി ഷെയർ ചെയ്യാൻ പറഞ്ഞപ്പോഴും, ഇല്ലെന്ന് പറഞ്ഞ് പോയ അവൾ ..മുന്തിരിതോപ്പിലേക്ക് പോവാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് പിന്നീട് പോയി പണിയെടുത്ത ബൈബിളിലെ പുത്രനെ ഓർത്ത് വേഗം വന്ന് അമ്മ പറഞ്ഞ പോലെ ചെയ്തു. മോശമായ കളിപ്പാട്ടങ്ങൾ അവൾ തനിക്ക് വേണ്ടി വെച്ച്, നല്ലത് മറ്റ് കുട്ടികൾക്ക് കൊടുത്തു. ചോദിക്കാതെ അപ്പുറത്തെ വീട്ടിൽ നിന്ന് ആപ്പിൾ പറിച്ചതിന്, പോയി മാപ്പ് ചോദിച്ചു വരാൻ പറഞ്ഞയച്ച അമ്മയായിരുന്നു അവളുടേത്.
എവിടെയും കുടുംബത്തോടൊപ്പം പോകാനായിരുന്നു ക്യാരക്ക് ഇഷ്ടം. മാതാപിതാക്കൾ അവളുടെ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. ക്യാരക്ക് 8 വയസുള്ളപ്പോഴാണ് അവൾ ഫൊക്കലാരെ പ്രസ്ഥാനത്തെക്കുറിച്ചു കേൾക്കുന്നത്. ദൈവവുമായുള്ള വലിയ അടുപ്പത്തിന്, ഇറ്റലിയിലെ ട്രെന്റിൽ ക്യാരാ ലുബിക് തുടക്കമിട്ട ആ പ്രസ്ഥാനം കാരണമായി എന്നവൾ പറയാറുണ്ട്. പ്രായത്തിൽ കവിഞ്ഞ ജ്ഞാനം ആത്മീയ കാര്യങ്ങളിൽ അവൾ കാണിച്ചു. “അമ്മേ, ഞാൻ എനിക്ക് വേണ്ടിയല്ലല്ലോ ജീവിക്കേണ്ടത്? ഈശോക്ക് വേണ്ടിയല്ലേ?” കൊച്ചു ക്യാരായിൽ നിന്ന് അങ്ങനെ കേൾക്കുന്നത് റുഗെറോക്കും മരിയക്കും സന്തോഷമായിരുന്നു.
പരിത്യക്തനായ ഈശോ, അതായിരുന്നു ഫൊക്കലാരെ പ്രസ്ഥാനത്തിന്റെ പ്രധാന ആത്മീയ ചിന്ത. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ക്യാര തീരുമാനിച്ചു, ജീവിതത്തിലെ ഏതവസ്ഥയിലും, പരിത്യക്തനായ ഈശോ തന്റെ ജീവിതത്തിന്റെ കേന്ദ്രം ആയിരിക്കുമെന്ന്. പോപ്പ് മ്യൂസിക്കും ഡാൻസും ടെന്നീസും നീന്തലുമൊക്കെ ഏറെ ഇഷ്ടമുള്ള കുട്ടിയായിരുന്നു അവളും. അവളുടെ ലളിതമായ ജീവിതമാണ് പുറമെയുള്ളവർ കണ്ടത്.
ഒരിക്കൽ മരിയ തെരേസ മകളോട് ചോദിച്ചു, “കോഫി ഷോപ്പിലിരിക്കുമ്പോൾ ഈശോയെക്കുറിച്ച് പറയാറുണ്ടോ? “
“ഇല്ല”, ക്യാരാ പറഞ്ഞു.
“ദൈവത്തെ ക്കുറിച്ചു പറയാറുണ്ടോ?/”
“ഇല്ല”.
“ഈശോയെക്കുറിച്ച്, ദൈവത്തെക്കുറിച്ച്, പറയാൻ കിട്ടുന്ന നല്ല അവസരങ്ങളൊന്നും നീ ഉപയോഗിക്കുന്നില്ല!!”
“ദൈവത്തെക്കുറിച്ചു ‘പറയുന്നതിൽ’ വലിയ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. ദൈവത്തെ നമ്മൾ കൊടുക്കുകയാണ് വേണ്ടത് “. ക്യാരയുടെ മറുപടി.
ടെന്നീസ് കളിക്കുമ്പോൾ ഷോൾഡറിൽ തോന്നിയ വേദനയുടെ പരിശോധനയാണ് ക്യാൻസർ എന്ന രോഗനിർണ്ണയത്തിലേക്ക് എത്തിച്ചത്. മാതാപിതാക്കൾ ആകെ തകർന്നു പോയെങ്കിലും, വളരെ സംയമനത്തോടെയാണ് ആ വാർത്ത ക്യാര കേട്ടത്. രോഗത്തെ അവൾ ഈശോയുടെ വലിയ സമ്മാനമായാണ് കണ്ടത്..
ആശുപത്രിവാസക്കാലത്ത് അവളുടെ കിടക്കക്കരികിൽ നിന്നുകൊണ്ടാണ് അവർ കുടുംബപ്രാർത്ഥന നടത്തിയിരുന്നത്. അതവൾക്ക് നിർബന്ധമായിരുന്നു. പ്രാർത്ഥന ചൊല്ലാതെ അവൾ അത്താഴം കഴിക്കില്ലായിരുന്നു. ഒരിക്കൽ ആശുപത്രികിടക്കയിൽ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കെ അവൾ പറഞ്ഞു, “ഈശോ നമ്മുടെ ഇടയിലുള്ളപ്പോൾ നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കുടുംബം”. കുറെയേറെ ഈശോ സ്തുതികൾ അവൾ അന്ന് ആലപിച്ചു.
ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ മരിയ മകളുടെ കയ്യിൽ ജപമാല വച്ചു കൊടുത്തു.ക്യാര പറഞ്ഞു, “ഈശോ ഉണ്ടല്ലോ കൂടെ. ഓപ്പറേഷൻ ചെയ്യുന്നത് ഈശോയല്ലേ “. അന്ന് ദിവ്യമായ ഒരനുഭവം ക്യാരാക്കുണ്ടായി. കയ്യിൽ ജപമാലയുള്ള, സുന്ദരിയായ ഒരു സ്ത്രീ അരികിൽ വന്നു അവളെ ആശ്വസിപ്പിക്കുന്നതായി അവൾ കണ്ടു. അത് പരിശുദ്ധ അമ്മയാണെന്നവൾക്ക് മനസ്സിലായി. തന്റെ അരികിൽ വന്നിരിക്കാൻ ഈശോ തന്റെ അമ്മയെ പറഞ്ഞു വിട്ടതാണെന്ന് അവൾ വിശ്വസിച്ചു.
റുഗെറോ പറഞ്ഞു, മകളുടെ രോഗത്തിൽ ദൈവത്തിന്റെ പ്രത്യേക കരങ്ങൾ കാണുന്നു എന്ന്. “ക്യാരയുടെ ഈശോയുമായുള്ള സ്നേഹം ഒരു പ്രത്യേക ആത്മീയാന്തരീക്ഷമാണ് ഞങ്ങളുടെ കുടുംബത്തിന് നൽകിയത്. അവളുടെ രോഗം കൂടി വരും തോറും ഞങ്ങൾക്ക് ഒരിക്കലും നിരാശയും വേദനയും തോന്നിയില്ല, കാരണം അവളിൽ ഈശോ ഉണ്ടായിരുന്നു “.
രോഗം മൂർച്ഛിച്ചു ക്ഷീണിച്ച് നന്നേ അവശയായെങ്കിലും വേദന പുറത്തു കാണിക്കാതെ പുഞ്ചിരിക്കുന്ന ക്യാരാ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി. ഈശോയെ കാണാൻ എത്രയും പെട്ടെന്ന് സ്വർഗത്തിൽ പോകാൻ അവൾ ആഗ്രഹിച്ചു. കുത്തിവെയ്പ്പെടുക്കാൻ നഴ്‌സുമാർ വരുമ്പോൾ ക്യാരാ പറയും, “ഇനി ഇതൊന്നും ആവശ്യമില്ല, ഇനി ആവശ്യം ഈശോയെ മാത്രമാണ്. എന്നെ കൂട്ടിക്കൊണ്ട് പോകാൻ ഈശോ വരാറായി”. ഒന്ന് നടക്കാനോ ചരിഞ്ഞിരിക്കാനോ പറ്റാത്ത അവസ്ഥയിലും മാതാപിതാക്കളുടെ സാമീപ്യം അവൾക്ക് ആശ്വാസമായി. അവർ അവളുടെ കിടക്ക വിട്ടുമാറിയിരുന്നില്ല.
കൂട്ടുകാർക്കായി ക്യാരാ എഴുതി, “സ്നേഹത്തോടെ യാത്രയാവുന്നു ഒത്തിരിയേറെ ആഗ്രഹങ്ങളും പദ്ധതികളും ബാക്കി വെക്കുന്നു. മറ്റൊരു ലോകം എനിക്കായി കാത്തിരിക്കുന്നു. ഇനി ഞാൻ ചെയ്യേണ്ടത് ഒന്ന് മാത്രം – എന്നെത്തന്നെ ഉപേക്ഷിക്കുക “.
അവസാന നിമിഷങ്ങളിൽ, കൂട്ടുകാരൊക്കെ ക്യാരയെ നോക്കി കരയുമ്പോൾ അവൾ എല്ലാവരുടെയും മുഖത്തുനോക്കി ചിരിച്ചു. വലതുകരമുയർത്തി വീശിക്കാണിച്ചു. അവർ നൽകിയ ബൊക്കെ കണ്ട് അവൾ പറഞ്ഞു, “ എത്ര മനോഹരമാണ്. ഇതെനിക്കുള്ള വിവാഹസമ്മാനമാകട്ടെ”. അവൾ അവളുടെ മണവാളനെ കാണാൻ പോകുകയാണല്ലോ.
‘യേശുവേ വരിക’ എന്ന് ക്യാര ഉരുവിടുന്ന കേട്ട് ഇടവക വികാരിയെ അവർ വിളിപ്പിച്ചു. കുമ്പസാരിച്ചു വിശുദ്ധ കുർബ്ബാന സ്വീകരിച്ച അവൾ വളരെ സന്തോഷവതിയായി. അവസാനമായി അവൾ പറഞ്ഞു, “സന്തോഷമായിരിക്കൂ….”. മരിയയും റുഗെറോയും അവളുടെ ഇരുകരങ്ങളും പിടിച്ചു. അവൾ സ്വർഗത്തിലേക്ക് പോയി. അവളുടെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമായി.
അവളുടെ വലിയ സവിശേഷതയായിരുന്നു ഈശോയിൽ വിശ്വസിക്കാത്തവരെ പ്രത്യേകം കണ്ടുപിടിച്ചു ഈശോയിലേക്ക് അടുപ്പിക്കുക എന്നത്. അവളെ ചികിൽസിച്ച ഒരു ഡോക്ടർ നാമമാത്രക്രിസ്ത്യാനി ആയിരുന്നു. ക്ഷീണിതയായി കിടക്കുമ്പോഴും ക്യാരാ ഈശോയെ കുറിച്ച് ഡോക്ടർക്കെഴുതി. പിന്നീട് ഡോക്ടർ ഫബിയോ ഡി മാർസി പറഞ്ഞു, “ക്രിസ്തുവിനെക്കുറിച്ചും സഭയെകുറിച്ചും ഞാൻ കൂടുതൽ അറിഞ്ഞത് ക്യാരയിലൂടെയും ക്യാരായുടെ മാതാപിതാക്കളിൽ കൂടിയുമാണ്. ഇന്ന് ഞാൻ യേശുവിൽ ഉറച്ചു വിശ്വസിക്കുന്നു “.
അസാധാരണ കാര്യങ്ങൾ അവൾ ചെയ്തില്ല, പറഞ്ഞില്ല.. പക്ഷേ ഈശോയെ ഒത്തിരി സ്നേഹിച്ചു കൊണ്ടിരുന്നു. അവളെ ചികിൽസിച്ചിരുന്ന ഡോക്ടർ അന്തോണിയോ ദെലോഗ് പറഞ്ഞത് എപ്പോഴും അവളുടെ ചുണ്ടിൽ ചിരിയുണ്ടായിരുന്നെന്നാണ്. തിളങ്ങുന്ന കണ്ണുകളിൽ ഒരു പ്രത്യേക ശക്തിയും. അവളുടെ വിളിപ്പേരായ ലൂച്ചേയുടെ അർത്ഥം തന്നെ പ്രകാശം എന്നാണല്ലോ.
സഹനത്തെ സ്നേഹമാക്കി മാറ്റിയ ക്യാരായും സഹനക്കാസ മട്ടോളം കുടിച്ചിട്ടും സ്നേഹത്തിൽ ജീവിക്കാൻ അവളെ പ്രാപ്തയാക്കിയ അവളുടെ മാതാപിതാക്കളും നമുക്ക് വഴികാട്ടികളാവട്ടെ.
Happy Feast of Blessed Chiara Badano Luce
ജിൽസ ജോയ് ![]()
(Ref. Fr. ജോൺ പുതുവയുടെ പുസ്തകം)


Leave a comment