Perseverance… സ്ഥിരോൽസാഹം. ഈ സംഭവം ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലതാ അല്ലേ? ഇന്ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിനെ പറ്റി ആലോചിച്ചപ്പോഴും ഞാൻ പിന്നങ്ങോട്ട് ഓർത്തു, ദൈവം വിളിച്ചപ്പോൾ മുതൽ, അതുവരെ ഉണ്ടായിരുന്നതെല്ലാം വിട്ടെറിഞ്ഞ്, കഷ്ടപ്പെട്ടാലും വിശ്വസ്തരായിരുന്ന്, കൃപയിൽ ഉത്തരോത്തരം പുരോഗമിച്ച് സ്വർഗ്ഗത്തിലെത്തിയ കുറേ പേരെ, ദൈവകൃപയാൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്നും ജീവിക്കുന്ന കുറേ പേരെ .. വിജയിച്ചവരായി, വിജയിക്കാൻ പോകുന്നവരായി , നമ്മുടെ കണ്ണിൽ പലരെയും നമുക്ക് തോന്നണമെന്നില്ല, നമുക്ക് തോന്നുന്ന പലരും ദൈവത്തിന്റെ കണ്ണിൽ വിശ്വസ്തരായിരിക്കണമെന്നുമില്ല. വിജയികളെ അല്ല ദൈവം ആഗ്രഹിക്കുന്നത്, വിശ്വസ്തരെയാണ്.
വിശ്വസ്തരുടെ ജീവിതം നമുക്ക് ഇൻസ്പിരേഷനാണ്. ‘അവനും അവൾക്കും കഴിയുന്നുണ്ടല്ലോ. പിന്നെന്തുകൊണ്ട് എനിക്ക് പറ്റില്ല?’ എന്ന ചിന്ത. അതുപോലെ തന്നെ നമ്മുടെ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാം, പിന്നെ എന്താകും എന്ന ചിന്ത, അതുള്ളവരെ, അത് പറയുന്നവരെ നെഗറ്റീവോളികൾ എന്ന് വിളിക്കണ്ട കേട്ടോ. സ്നേഹം നമ്മളെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നില്ലെങ്കിൽ പിന്നെ, ഇത്തിരി ഭയമുള്ളതും വിശുദ്ധിക്ക് അല്ലെങ്കിൽ ദൈവത്തോടുള്ള വിശ്വസ്തതക്ക് ഗുണകരമാണ്. കരുണയിൽ ആനന്ദിക്കുന്ന, വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ അല്ലാതെ, നീതിമാനായ ദൈവത്തെ എപ്പോൾ വേണമെങ്കിലും നേർക്കുനേരെ മീറ്റ് ചെയ്യാനായി നമ്മൾ ഒരുങ്ങിയിട്ടുണ്ടോ? അങ്ങനെ ഒരു നിമിഷം എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഉണ്ടാകുമെന്ന് നൂറ്റമ്പത് ശതമാനം ഉറപ്പുണ്ടെങ്കിലും.
“എല്ലാ വസ്തുക്കളും എപ്രകാരം വ്യർത്ഥമായിരിക്കുന്നെന്നും എല്ലാം എത്ര വേഗം അവസാനത്തിലെത്തുന്നു എന്നും നിരന്തരം മനസ്സിൽ ഓർക്കുകയെന്നത് നിങ്ങളുടെ മനസ്സിനെതിരെ നിലകൊള്ളാനുള്ള വലിയൊരു സമയമാണ്. നിസ്സാരവസ്തുക്കളോടുള്ള ഒട്ടിച്ചേരൽ അവസാനിപ്പിക്കാനും അനശ്വരമായതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കും. ഈ അഭ്യാസം ദുർബ്ബലമാർഗ്ഗമാണെന്ന് തോന്നിയേക്കാം, പക്ഷേ ആത്മാവിനെ ഇത് വലിയ തോതിൽ ശക്തിപ്പെടുത്തും. ആത്മാവ് നിസ്സാര കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുകയും ചെയ്യും. നമ്മൾ ഒരു വസ്തുവിനോട് ഒട്ടിച്ചേരാൻ തുടങ്ങുമ്പോൾ നമ്മുടെ ചിന്തയെ അതിൽ നിന്ന് തിരിക്കാനും അതിനെ ദൈവത്തിലേക്ക് തിരികെ കൊണ്ടുവരാനും പരിശ്രമിക്കണം. മഹോന്നതനായ ദൈവം നമ്മെ അതിന് സഹായിക്കും”… ആവിലായിലെ അമ്മത്രേസ്സ്യയുടെ വാക്കുകൾ.
‘ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!’ സങ്കീര്‍ത്തനങ്ങള്‍ 90 : 12
പാപത്തിനെതിരെയുള്ള സമരത്തിൽ നിരന്തരം തുടരണമെങ്കിൽ, നന്മയുടെ പ്രവൃത്തികൾ കൂടുതലായി ചെയ്യാൻ, ദൈവേഷ്ടം മാത്രം പ്രവർത്തിക്കാൻ, perseverance ആവശ്യമാണ്. പക്ഷെ നമ്മുടെ ആഗ്രഹമോ പ്രയത്നമോ അതിനു മതിയാവുകയുമില്ല. ഓരോ കുമ്പസാരം കഴിയുമ്പോഴും ഇനി ദൈവത്തെ വേദനിപ്പിക്കില്ല, അവനിൽ നിന്ന് അകന്നുപോകാതെ കൂടുതൽ ശ്രദ്ധിക്കും, കൂടുതൽ പ്രാർത്ഥിക്കും എന്നൊക്കെ മനസ്സിൽ വിചാരിക്കുന്നവരാകും നമ്മൾ അല്ലേ?
പരദൂഷണം, നുണ പറച്ചിൽ, പൊട്ടിത്തെറിക്കൽ, ആക്രോശം, സാധിക്കുന്ന നന്മ ചെയ്യാതിരിക്കൽ, അനുസരണക്കേട്… ഇതൊക്കെ ഒരുപക്ഷേ ഉപേക്ഷിക്കേണ്ട തിന്മകളായി നമ്മളിൽ ചിലർ വിചാരിക്കുന്നു പോലും ഉണ്ടാവില്ല.
ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ അനിയന്റെ കൂടെ കുറച്ച് ദിവസം ഒരു ജിമ്മിൽ പോയിരുന്നു. അവിടെ പരിചയപ്പെട്ട ഒരു ക്രിസ്ത്യൻ ദമ്പതികളുടെ കൂടെ സംസാരിച്ചപ്പോൾ ഞങ്ങളുടെ സംഭാഷണം ഒരിക്കൽ ചെന്നെത്തിയത് ചില പുരോഹിതരുടെ കുറ്റം പറയുന്നതിൽ ആയിരുന്നു. അവർ ഞങ്ങളുടെ ഇടവക അല്ല. ഞാനും മൂളിക്കേട്ടു. കുറച്ചൊക്കെ ഞാനും പറഞ്ഞു. പിന്നീട് ആലോചിച്ചു, അത് പറഞ്ഞിട്ട് ആർക്ക് എന്ത് ഗുണമുണ്ടായി? ദുബായിലെ എന്റെ ഏകാന്തത നല്ലതാണെന്ന് തോന്നാറുണ്ട് ചിലപ്പോൾ. സംസാരത്തിലൂടെയുള്ള പാപം കുറയുമല്ലോ. കൂട്ടത്തിൽ കൂടുമ്പോൾ ചിലപ്പോൾ പലരെയും കുറിച്ച് കുറ്റം പറയാൻ തോന്നിയെന്ന് വരും. അവർ അത് സത്യത്തിൽ ചെയ്ത കാര്യങ്ങൾ ആയിരിക്കാം, എങ്കിലും പരദൂഷണം ആണല്ലോ അവിടെ നടക്കുന്നത്. എന്റെ നാവ് കൊണ്ട് ഞാൻ പാപം ചെയ്യില്ലെന്ന് ദൃഡനിശ്ചയം ചെയ്യുകയേ നിവൃത്തിയുള്ളു. പ്രാക്റ്റിക്കൽ ആക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് കേട്ടോ. എന്തായാലും ലഘുപാപങ്ങൾ എന്ന് നമ്മൾ കരുതുന്നവ നിസ്സാരങ്ങളല്ല. ദൈവത്തോടുള്ള സൗഹൃദത്തിൽ നിന്നും സ്നേഹത്തിൽ നിന്നും അവ കുറേശെയായി അകറ്റുന്നു, നമ്മുടെ ശുദ്ധീകരണം ആവശ്യമാക്കുന്നു. അധികമായാൽ മാരകപാപത്തോളം തന്നെ ഉപദ്രവം ചെയ്യുന്നു. അതിനെപ്പറ്റി ബോധവാന്മാരാകാം.

നമ്മുടെ ജീവിതകാലം മുഴുവൻ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ വിശുദ്ധീകരണപ്രക്രിയ. “നമ്മുടെ അപൂർണ്ണതകൾ മൂലം അസ്വസ്ഥരാകരുത്. എന്തെന്നാൽ അവക്കെതിരെ പടപൊരുതുന്നതിലാണ് നമ്മുടെ വിശുദ്ധീകരണം നിലകൊള്ളുന്നത് “. പാപത്തോടുള്ള വെറുപ്പെന്നത് പോലെ തന്നെ ദൈവത്തിന്റെ കാരുണ്യത്തിലുള്ള ആശ്രയവും പ്രധാനമാണ്.
നാവു കൊണ്ടുള്ള പാപങ്ങൾ പോലെ തന്നെ, തഴക്കദോഷങ്ങൾ, മദ്യപാനം, ചില ആസക്തികൾ എന്നിവയിൽ വീണ്ടും വീണ്ടും വീണുപോകുന്നുണ്ടായിരിക്കാം, വിശുദ്ധിയിൽ മുന്നേറാൻ തടസ്സങ്ങളുണ്ടായിരിക്കാം. സെമിനാരി വിദ്യാർത്ഥികളെയും സമർപ്പിതരേയും പുരോഹിതരേയും പോലും അൽമായരെപ്പോലെ തന്നെ പലപ്പോഴും പ്രലോഭനങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. അവരും മനുഷ്യരല്ലേ. പ്രത്യാശ വെടിയാതിരിക്കാം. തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള, വിശുദ്ധിയിൽ പുരോഗമിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം പ്രധാനമാണല്ലോ. പാപബോധമില്ലാതിരിക്കുക, വിശുദ്ധിക്കുള്ള ആഗ്രഹം ഇല്ലാതിരിക്കുക എന്നത് വളരെ ശോചനീയമാണ്.
കുമ്പസാരം, വിശുദ്ധ കുർബ്ബാന, ബൈബിൾ വായന.. ഇവക്കൊപ്പം ദിവസേനയുള്ള ജപമാല, പാപത്തിനെതിരെയുള്ള വലിയൊരു കോട്ടയാണ്. പാപത്തിലേക്കുള്ള ചായ്‌വും ചിന്തയും പോലും അത് ഇല്ലാതാക്കും. സന്തോഷ, ദുഃഖ, മഹത്വ, പ്രകാശ രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിനൊപ്പം, പ്രലോഭനത്തിൽ പെടുന്നവർക്കായി, പാപബോധം ഇല്ലാത്തവർക്കായി, മാനസാന്തരം ഉണ്ടാകാനായി, പ്രത്യേകിച്ച് യുവതി യുവാക്കൾക്കായി, പുരോഹിതർക്കായി സന്യസ്തർക്കായി, ദുശീലങ്ങൾക്ക് അടിമപ്പെട്ടവർക്കായി, നിലനിൽപ്പിന്റെ വരത്തിനായി ഒക്കെ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത് നമ്മുടെ വിശുദ്ധിക്കും വളരെ സഹായകരമാണ്. പാപത്തിൽ വീഴാൻ പ്രേരണ ഉണ്ടാകുമ്പോൾ എല്ലാം, ഇതുപോലെ പ്രലോഭനത്തിൽ പെടുന്ന, വീണ്ടും വീണ്ടും വീഴുന്ന മറ്റുള്ളവർക്കായി, അവരെയൊക്കെ യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകാനായി മധ്യസ്ഥ പ്രാർത്ഥന ചൊല്ലുക. പിശാച് നമ്മളിൽ നിന്ന് ഓടി അകന്നുകൊള്ളും. അതുപോലെ തന്നെ നമുക്ക് ഇപ്പോൾ പ്രലോഭനം അനുഭവപ്പെടുന്ന പാപങ്ങളിൽ പെട്ട് ഇപ്പോൾ ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നവരുടെ മോചനത്തിനായി പ്രാർത്ഥിക്കുക. ഇതെല്ലാം വിശുദ്ധിയിൽ പുരോഗമിക്കാൻ സഹായകരമാണ്.
‘ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ’. ഫിലിപ്പി 3 : 8-9.
‘സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു’ ഫിലിപ്പി 3 :13- 14
അശുദ്ധിയുടെ ഒരു ലാഞ്ചന പോലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലല്ലോ. നമ്മുടെ മരണസമയത്ത് പിശാചുക്കളും മാലാഖമാരും നമ്മുടെ മേലുള്ള അവകാശത്തിനായി പോരടിക്കും എന്നല്ലേ കേൾക്കുന്നത്. നമ്മൾ മരിക്കുമ്പോൾ മാലാഖമാർക്ക് മേൽക്കോയ്മ കിട്ടാനും സന്തോഷത്തോടെ ദൈവസമക്ഷം നമ്മുടെ ആത്മാവിനെ കൊണ്ടെത്തിക്കാനും ഇടയാവട്ടെ. എന്നിട്ടും ശുദ്ധീകരണം ആവശ്യമില്ലാതെ സ്വർഗത്തിലേക്ക് നേരെ കരേറ്റപ്പെടണമെങ്കിൽ എത്രയേറെ വിശുദ്ധി ആവശ്യമാണ്. (ഈശോയോടുള്ള അഭേദ്യമായ സ്നേഹത്തിൽ, സൗഹൃദത്തിൽ ജീവിക്കുന്ന ആത്മാക്കൾക്ക് വേണ്ടിയല്ല ഈ എഴുതിയത്. മരണത്തെ പറ്റിയുള്ള ചിന്തയില്ലാതെ, പാപബോധമില്ലാതെ ലൗകിക ചിന്തകളിൽ, ജീവിതവ്യഗ്രതയിൽ, ദിവസങ്ങൾ കഴിക്കുന്നവർക്ക് വേണ്ടിയാണ്, ഞാനും മിക്കപ്പോഴും അതിൽ പെടുന്ന ഒരാളുമാണ്)
ദൈവം വിളിച്ച സാവൂൾ പൗലോസ് ആയതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. നമുക്കും നിലനിൽപ്പിന്റെ, സ്ഥിരോൽസാഹത്തിന്റെ കൃപക്കായി പ്രാർത്ഥിക്കാം. കർത്താവിനോട് സദാ വിശ്വസ്തരാകുന്നതിൽ സമയം എടുക്കുന്നതിൽ നിരാശരാകരുത്. “അനേകം ദിവസങ്ങളും വർഷങ്ങളും കാത്തിരിക്കാൻ അവിടുത്തേക്ക് അറിയാം- പ്രത്യേകിച്ച് നമ്മുടെ സ്ഥിരോത്സാഹവും ആഗ്രഹവും കാണുമ്പോൾ “ പക്ഷേ എത്ര വേഗം നമുക്ക് പ്രത്യുത്തരിക്കാൻ കഴിയുമോ അത്രയും നല്ലത്. ഭയം അല്ല സ്നേഹം ആണ് വേണ്ടത് എന്ന് നമ്മൾ കേൾക്കും. ഒരുപക്ഷേ നീതിപൂർവ്വകമായ ശിക്ഷയെക്കുറിച്ചുള്ള ഭയം മാനസാന്തരത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായേക്കാം. പോകേപ്പോകെ ഭയം ഇല്ലാതാകും. സ്നേഹം ശക്തി പ്രാപിക്കും. നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ബാക്കിയുള്ള കഷ്ടതകളെല്ലാം നിസ്സാരമാണല്ലോ.
ജിൽസ ജോയ് ![]()



Leave a comment