എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

‘പ്രാണൻ പോവോളം ജീവൻ തന്നോനേ..

ഭൂവിൽ ആരിലും കാണാത്ത സ്നേഹമേ…’

കുറച്ച് നാളുകളായി എന്റെ ഉള്ളിലുള്ള പരാതിയായിരുന്നു എനിക്ക് ഈശോയെ തീക്ഷ്‌ണമായി സ്നേഹിക്കാൻ പറ്റുന്നില്ല, എത്ര ആഗ്രഹമുണ്ടെങ്കിലും. ഉള്ളിൽ ഒരു ശൂന്യതയോ മരുഭൂമിയോ ഒക്കെ പോലെ. ഉൽക്കടമായ ഒരു സ്നേഹത്തിൽ പൊതിയാൻ പറ്റുന്നില്ല. ഈശോയെ ശരിക്കും സ്നേഹിക്കണമെങ്കിൽ അവന്റെ മനോഭാവങ്ങളുമായി, ഹൃദയവുമായി അനുരൂപപ്പെട്ടേ പറ്റൂ അല്ലേ. അവന്റെ മനോഭാവങ്ങൾ നമ്മിൽ രൂപപ്പെട്ടില്ലെങ്കിൽ എങ്ങനെ അവന്റെ സഹനത്തിന്റെ ആഴം നമ്മളറിയും? അവന്റെ പീഡകൾ നമ്മെ നൊമ്പരപ്പെടുത്തിയില്ലെങ്കിൽ എങ്ങനെ നമ്മൾ അവന്റെ സ്നേഹം മനസ്സിലാക്കും?

നമുക്ക് മറ്റൊരാളെ ഏറ്റവും നന്നായി മനസ്സിലാകണമെങ്കിൽ അവരുടേത് പോലുളള സങ്കട അനുഭവങ്ങളിലൂടെ, വേദനയിലൂടെ കുറച്ചെങ്കിലും കടന്നുപോയിട്ടുണ്ടെങ്കിൽ എളുപ്പം പറ്റുമല്ലേ. അതേ, അവനെ പ്രാണനായി സ്നേഹിച്ച ഓരോരുത്തരും അതനുഭവിച്ചിട്ടുണ്ട്.

‘അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹന്നാന്‍ 2 : 6).

കഴിഞ്ഞ ദിവസങ്ങളിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഹൃദയത്തെ ഞെക്കിപ്പിഴിയുന്ന കുറച്ച് അനുഭവങ്ങളുണ്ടായി ചിലരിൽ നിന്ന്. എങ്ങോട്ട് തിരിയുമ്പോഴും മുറിപ്പെടുന്ന അവസ്ഥ..എന്തേ ഇപ്പോൾ ഇവർ എന്നോടിങ്ങനെ? ഇത് കിട്ടാൻ ഞാൻ എന്ത് ചെയ്തു എന്നു പോലും മനസ്സിലാകുന്നില്ല.. ‘കുരിശിന്റെ വഴി’ ഓരോ ദിവസവും ചൊല്ലുമ്പോൾ അതിൽ ജീവിച്ചു ചൊല്ലേണ്ടി വരുന്നു.. മറ്റുള്ളവരുടെ തെറ്റിദ്ധാരണ, കുറ്റപ്പെടുത്തൽ, വിമർശനം, മുറിവേൽപ്പിക്കൽ…എന്റെ ഈഗോ മുറിവേറ്റതുകൊണ്ടായിരിക്കാം അത്രത്തോളം വേദനിച്ചത്.. അവരുടെ ഭാഗം ചിന്തിക്കുന്നതിനേക്കാൾ എന്റെ വേദനയിൽ ആയിരുന്നിരിക്കാം ഞാൻ concentrate ചെയ്തത്..

പക്ഷേ മനുഷ്യരോട് പരാതി പറയുന്നതിനേക്കാൾ… ഞാൻ മുൻപ് translate ചെയ്തിട്ടുള്ള, ഒരു ദിവസം മുൻപ് repost ഇട്ട ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ കവിതയിലെ പോലെ, ദൈവത്തോട് നേരിട്ട് പറയുന്ന പരാതികൾക്ക് കൂടുതൽ ഗുണമുണ്ട്. കാരണം നമ്മെ മുറിപ്പെടുത്തിയ ആൾക്കാണല്ലോ നമ്മെ കൂടുതൽ സുഖപ്പെടുത്തുവാൻ കഴിയുക. നമ്മുടെ സഹനങ്ങളെ മറ്റുള്ളവരോടുള്ള സഹാനുഭൂതി ആക്കി മാറ്റാനും കഴിയുമവന്.

(പിന്നൊരു കാര്യം ഓർമ്മ വന്നത്.… നിങ്ങൾക്ക് ചില പ്രലോഭനമുണ്ടാകുന്നു, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ കാര്യമായി മുറിപ്പെടുത്തിയ സംഭവങ്ങൾ ഓർമ്മ വന്ന് പെട്ടെന്ന് മനസ്സിൽ ദേഷ്യം ഇരച്ചു കയറുന്നു.. നിങ്ങളിലെ കൃപ ചോർത്തിക്കളയാൻ പോരുന്ന ചിന്തകൾ ആണതെന്ന് നിങ്ങൾക്കറിയാം. പക്ഷേ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇതിനെ മറികടക്കാൻ പറ്റുന്നില്ല.. അപ്പോൾ ആ ചിന്തകളോട് പടവെട്ടിയിട്ട് കാര്യമില്ല. അപ്പോൾ കുരിശിന്റെ വഴിയിലെ ഏതെങ്കിലും കുറച്ച് സ്റ്റേഷനുകളിലെ ഗാനം, പ്രാർത്ഥന പെട്ടെന്ന് മനസ്സിലോർക്കുക.. ചൊല്ലുക. ഇത്തിരി ആവുമ്പോഴേക്കും നിങ്ങളുടെ mind ok ആയിട്ടുണ്ടാവും.. ഉറപ്പ്)

അങ്ങനെ ഇന്നലെ ഓശാന ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ മനസ്സാകെ മുറിപ്പെട്ട് വിങ്ങുന്ന പരുവത്തിൽ ആയിരുന്നു. തിരക്ക് കാരണം വണ്ടിക്ക് പാർക്കിങ് കിട്ടാതെ നോക്കി നോക്കി പോയി അവസാനം കുറേ അകലെ പാർക്ക് ചെയ്ത് പള്ളിയിലേക്ക് നടക്കേണ്ടി വന്ന് വിശുദ്ധ കുർബ്ബാനക്ക് കുറച്ച് ലേറ്റ് ആയതിന്റെ സങ്കടവുമുണ്ടായിരുന്നു. കുറേ ക്രിസ്ത്യൻ പള്ളികളും അമ്പലവും സിഖ് ഗുരുദ്വാരയുമൊക്കെ അടുത്തടുത്തായതുകൊണ്ട് Holy Week ൽ ഭയങ്കര തിരക്ക്. പാർക്കിങ് കിട്ടാതെ തിരിച്ചു പോകേണ്ടി വരുമോ എന്ന് പേടിച്ചപ്പോഴും ഈശോയെ കുറ്റപ്പെടുത്തികൊണ്ടിരുന്നു. അങ്ങനെ വന്നാൽ ഈശോയെ, നിന്റെയാവും കുറ്റം എന്നത് പോലെ വരെ ഉള്ളിൽ പറഞ്ഞു. എന്തോ, എല്ലായിടത്തു നിന്നും മുറിവായിട്ടിരിക്കുമ്പോൾ ഈശോയും പണി തരുന്ന പോലെ. അവനും കൈവിടുവാണോ? കുറച്ച് കൂടി നേരത്തെ എനിക്കിറങ്ങാമായിരുന്നു എന്ന ചിന്തക്ക് ഞാൻ പ്രസക്തി നൽകിയില്ല. ഒരു തരത്തിൽ പാർക്ക് ചെയ്തു കുറേ നടന്നു പള്ളിയിലെത്തി. പക്ഷേ ഇന്നലെ ചെന്നു കേറിയത് മുതൽ ഈശോയുടെ വേദനകളെ അവൻ എന്നെ മനസ്സിലാക്കിക്കുന്ന പോലെയായിരുന്നു…ഇന്നലെ ഞങ്ങളുടെ പള്ളിയിൽ മലയാളം ലത്തീൻ കുർബ്ബാനയായിരുന്നു. (ഇവിടെ സിറോ മലബാർ ക്രമവും ലത്തീനും മാറി മാറിയാണ് ഓരോ ശനിയും ഞായറും). അപ്പോൾ പ്രതിവചന സങ്കീർത്തനം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു .

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു, അവർ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു….

പിന്നെ പീഡാനുഭവ ചരിത്രവും ഇന്നലെ വായിച്ചു…ഈശോയുടെ സങ്കടങ്ങളിലൂടെ കടന്നുപോയി.. ‘ആരും എന്റെയത്ര സഹിച്ചിട്ടില്ല.. കാരണം ആരും എന്റെയത്ര സ്നേഹിച്ചിട്ടില്ല’ എന്ന് ഈശോ പറഞ്ഞത് വായിച്ചത് ഓർമ്മ വന്നു…വെറും ഒരു പുഴുവായ ഞാൻ ഈഗോ മുറിപ്പെട്ട് ചെറുതാക്കപ്പെട്ട വേദന സഹിച്ചത് എവിടെ…സർവ്വശക്തനും ആൽഫയും ഒമേഗയുമായ ദൈവം തന്റെ വെറും സൃഷ്ടികളുടെ കയ്യിൽ നിന്ന് സഹിച്ച അവഹേളനവും വേദനവും പീഡയും എവിടെ…അവൻ നമ്മെ അത്രയും സ്നേഹിച്ചു എന്നുള്ളതുകൊണ്ടാണ് അവന്റെ സഹനം അത്രയും പാരമ്യത്തിലായത്. ഞാൻ എന്റെ സ്നേഹിതമാരെ അത്രയും കരുതിയിരുന്നത് കൊണ്ടാണല്ലോ അവരിൽ നിന്നുള്ള വേദന എന്നെ അത്രക്ക് മുറിപ്പെടുത്തിയത്..

പൂന്തേൻ തുളുമ്പുന്ന നാട്ടിൽ ഞാൻ നിങ്ങളെ ആശയോടാനയിച്ചു..

എന്തേയിദം നിങ്ങളെല്ലാം മറന്നെന്റ ആത്മാവിനാതങ്കമേറ്റി…

അനാദികാലം മുതൽക്ക് നമ്മെ സ്നേഹിക്കുന്ന, എന്നും മറുതലിക്കുന്ന തന്റെ സൃഷ്ടികളെ വീണ്ടെടുക്കാനായി അവരെപ്പോലെ ചെറുതായി ഈ ഭൂമിയിൽ വന്ന് പിറന്ന …ഓരോ നിമിഷവും എളിമപ്പെട്ട് ജീവിച്ച്, താൻ സ്നേഹിക്കുന്നവരുടെ നിന്ദനവും പരിഹാസവും അവജ്ഞയും എതിർപ്പും സഹിച്ചുകൊണ്ട് അത്രയും കൊല്ലങ്ങൾ ജീവിച്ച്…പിന്നെ അവരുടെ കൈ കൊണ്ടുള്ള താഡനങ്ങളേറ്റ് ശരീര വേദനയെക്കാൾ, സ്നേഹം കൊണ്ട് ചങ്കു പൊട്ടി, മരിച്ച ഈശോ.

ഇത്രയും നമ്മെ സ്നേഹിച്ച സൃഷ്ടാവും രക്ഷകനുമായ ഈശോ ഓരോ നിമിഷത്തിലും അനുഭവിച്ച വേദന എന്താകുമെന്ന് നമുക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ? ഇന്നലെ പള്ളിയിൽ ഓശാന ഗീതങ്ങൾ ഉയരുമ്പോഴും മനസ്സ് ഈശോയെ ഓർത്തു വിങ്ങുകയായിരുന്നു. ജനം മരച്ചില്ലകൾ കയ്യിലെടുത്തു ഓശാന പാടുമ്പോൾ, ‘അടുത്തു തന്നെ, ‘അവനെ ക്രൂശിക്കുക’ എന്ന ആരവങ്ങൾ ഉയരുമല്ലോ ഇതിലും വലുതായി’.. എന്ന് ആ ഹൃദയം തേങ്ങിയിട്ടുണ്ടാവില്ലേ?.. തനിക്കായി വസ്ത്രങ്ങൾ വഴിയിൽ വിരിക്കുന്നവരെ കണ്ടപ്പോൾ തന്റെ വസ്ത്രങ്ങൾ പരസ്യമായി ഉരിഞ്ഞെടുക്കപ്പെടാൻ പോകുവാണല്ലോ തന്റെ ജനങ്ങളെ ക്കൊണ്ട് തന്നെ എന്ന് വേദനിച്ചിട്ടുണ്ടാവില്ലേ? അവനിലുള്ള ദൈവത്വത്തിന്റെ പ്രിവിലേജുകൾ തന്നെ( നടക്കാൻ പോകുന്നത് മുൻകൂട്ടി അറിയുക എന്നുള്ളത്), വർത്തമാനകാലത്തിൽ അപൂർവ്വമായി കിട്ടിയ വാഴ്ത്തലുകൾ പോലും മുഴുവനായി ആസ്വദിക്കാൻ പറ്റാതെ അവന്റെ സഹനത്തിന്റെ ആഴംകൂട്ടിക്കൊടുത്തു.. അല്ലെങ്കിൽ, ‘ആരെല്ലാം നിന്നെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല കർത്താവേ’ എന്ന് പത്രോസ് പറഞ്ഞപ്പോൾ അവന് സന്തോഷിക്കാൻ പറ്റിയേനില്ലേ. പക്ഷേ വരാനിരിക്കുന്ന സംഭവങ്ങൾ കണ്ണിലൂടെ പോകുമ്പോൾ തന്നെ, അവന് ഒറ്റിക്കൊടുക്കാനുള്ളവരെയും തള്ളിപ്പറയാനുള്ളവരെയും അത്താഴമേശയിൽ ഹൃദയം പറിയുന്ന വേദനയോടെ അടുത്തിരുത്തേണ്ടി വന്നു. ഭക്ഷണം പങ്കിടേണ്ടി വന്നു.കൂടെ കൊണ്ടുനടക്കേണ്ടി വന്നു.

അതിലൊക്കെ അവൻ അനുഭവിച്ച വേദന…നമുക്ക് ഊഹിക്കാൻ പറ്റില്ല. കാരണം അവനെപ്പോലെ സ്നേഹിക്കാൻ നമുക്കറിയില്ലല്ലോ. ആ സ്നേഹത്തിന്റെ ആഴം അവനേ അറിയാവൂ… അത് അവന് നൽകിയ സഹനത്തിന്റെ ആഴവും..നമ്മൾ കൂടെയിരിക്കുമ്പോഴും അവനറിയാം ഭാവിയിൽ നമ്മൾ കൊടുക്കാൻ പോകുന്ന വേദന, എങ്കിലും അവൻ നമ്മെ ചേർത്തു പിടിക്കുന്നു.

അവന്റെ വേദന ഇന്നലെ എന്നെ സുഖപ്പെടുത്തി.. അവന്റെ ദുഃഖങ്ങൾ എന്റെ മുറിവുണക്കി…അവന്റെ ദുഃഖം എങ്ങനെയായിരിക്കുമെന്ന് തിരിച്ചറിയാൻ കുറച്ചെങ്കിലും യോഗ്യത തന്നതിൽ ഞാൻ നന്ദി പറഞ്ഞു…അതെ, സഹനങ്ങളില്ലെങ്കിൽ എങ്ങനെ നമ്മൾ അവന്റെ ദുഖത്തോട്, സ്നേഹത്തോട് അനുരൂപപ്പെടും? ഈഗോ പോലെ നമ്മിൽ ആവശ്യമില്ലാത്തതെല്ലാം cut ചെയ്ത് മിനുക്കി അവനിലേക്ക് അനുരൂപപ്പെടുത്തുന്ന അവന്റെ ശിക്ഷണത്തിൽ വിശ്വസിക്കാം. ശരണപ്പെടാം.

paschal mystery യുടെ ഈ വിശുദ്ധ വാരത്തിൽ നമുക്ക് നിശബ്ദരാവാം..നമ്മുടെ മോചനദ്രവ്യമായിരുന്നു അവന്റെ പീഡകൾ. ഇത്ര ചെറുതാവാൻ എത്ര വളരേണം എന്നോർക്കാം.. അവനിലേക്ക്, അവന്റെ സ്നേഹത്തിലേക്ക്, സഹനത്തിലേക്ക്.. മനസ്സിനെ തിരിക്കാം. അവന്റെ അവസാന മണിക്കൂറുകളിൽ ഉണർവ്വുള്ളവരായി അവനോട് ചേർന്നിരിക്കാം. കുരിശിന്റെ വഴി പ്രാർത്ഥനകൾ ഹൃദയം കൊണ്ട് ചൊല്ലാം.. ലഭിക്കുന്ന സഹനങ്ങൾ അവന്റെ ഇഷ്ടം പോലെ സ്വീകരിക്കാനുള്ള കൃപക്കായി ആഗ്രഹിക്കാം..അവനോട് ഏറ്റവും അനുരൂപപ്പെട്ട സൃഷ്ടികളായ പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും പിന്നെ വിശുദ്ധരോടും മാലാഖമാരോടും അതിനായി മാധ്യസ്ഥം യാചിക്കാം..

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment