സന്യാസജീവിതത്തിൽ വലിയ താല്പര്യമൊന്നുമില്ലാതെ മുന്നോട്ടു പോകവേ, തന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി, കൂടെക്കൂടെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ വന്ന് സന്ദർശിച്ചുകൊണ്ടിരുന്ന ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, കുന്തത്താൽ മുറിപ്പെട്ട തന്റെ തിരുഹൃദയത്തിൽ നിന്ന് ജ്വാലകൾ പുറപ്പെടുന്ന പോലെ പ്രകാശിതമായ ശരീരവുമായി ഈശോ ലുട്ട്ഗാർഡിന് മുൻപിൽ പ്രത്യക്ഷപ്പെട്ടു, വിസ്മയഭരിതയായി വിറച്ചുപോയ അവളെ തന്റെ പാർശ്വത്തിലെ മുറിവ് കാണിച്ചുകൊണ്ട് പറഞ്ഞു,
“ഈ സ്നേഹത്തിലെ ആനന്ദം ഇനിമേൽ നീ അന്വേഷിക്കരുത്. ഇതാ, ഇവിടെയുണ്ട്, എന്നേക്കും നീ സ്നേഹിക്കേണ്ടത്, എങ്ങനെ സ്നേഹിക്കണം എന്നത്: ഇവിടെ, ഈ മുറിവിൽ ഏറ്റവും നിർമ്മലമായ സന്തോഷം നിനക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു…”
ഓരോ മനുഷ്യാത്മാവിനോടും ഈശോക്ക് പറയാനുള്ളത്…
ഈശോയുടെ മുറിവിൽ നിർന്നിമേഷയായി നോക്കിയ അവൾ ഈശോയോടുള്ള സ്നേഹത്തിൽ ആമഗ്നയായി. ലോകമോഹങ്ങളെല്ലാം ഉപേക്ഷിച്ചു. “I found him whom my soul loves…” ഉത്തമഗീതത്തിലെ വരികൾ അവളുടെ ഹൃദയം പറഞ്ഞു.
ഈശോയുടെ തിരുഹൃദയഭക്തിയോട് ചേർന്ന് നമ്മൾ സാധാരണയായി കേൾക്കാറുള്ള വിശുദ്ധരുടെ പേരുകൾ വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്ക്, വിശുദ്ധ മെക്ടിൽഡ്, വിശുദ്ധ ജെർത്രൂദ് തുടങ്ങിയവയാണ്. പക്ഷെ ഈശോയുടെ തിരുഹൃദയം തനിക്കായി വാങ്ങി, തന്റെ ഹൃദയം അങ്ങോട്ട് കൊടുക്കുന്ന ഒരു മിസ്റ്റിക്കൽ കൈമാറ്റം ആദ്യമായി നടത്തിയത്, സ്ത്രീകളിൽ സഭയിലെ ആദ്യത്തെ പഞ്ചക്ഷതധാരിയായി അറിയപ്പെടുന്ന വിശുദ്ധ ലുട്ട്ഗാർഡ് (ലുട്ട്ഗാർഡിസ്) ആണ്. വലിയ ആത്മീയ അനുഭവങ്ങളാണ്, വിവാഹത്തിനായി കരുതിവെച്ച സ്ത്രീധനം നഷ്ടപ്പെട്ടു പോയതുകൊണ്ട് മാത്രം ചെറു പ്രായത്തിൽ തന്നെ മനസ്സില്ലാമനസ്സോടെ ബെനഡിക്റ്റൻ ആശ്രമത്തിൽ ചേർന്ന്, പിന്നീട് സിസ്റ്റേർഷ്യൻ ആശ്രമത്തിലേക്ക് അയക്കപ്പെട്ട ഈ മിസ്റ്റിക്കിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അനേകം അത്ഭുതങ്ങളാണ് ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അവളുടെ മാധ്യസ്ഥം വഴിയായി നടന്നിട്ടുള്ളത്.
ചെറിയ രോഗങ്ങൾ സുഖപ്പെടുത്താനുള്ള അവളുടെ സിദ്ധി അറിഞ്ഞ് കോൺവെന്റിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ കാരണം, തനിക്ക് ഈശോയുടെ കൂടെ ഇരിക്കാൻ സമയം കിട്ടുന്നില്ലെന്നു പരാതിപ്പെട്ട അവളോട് പിന്നെന്ത് കൃപയാണ് നിനക്ക് വേണ്ടതെന്നു ഈശോ ചോദിച്ചപ്പോൾ, ലാറ്റിൻ മനസ്സിലാക്കാനുള്ള കൃപ മതി എന്നവൾ പറഞ്ഞു. കോൺവെന്റിലെ ക്വയറിലുണ്ടായിരുന്ന അവൾക്ക്, ചൊല്ലുന്ന പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലായിരുന്നില്ല. അങ്ങനെയാവട്ടെ എന്ന് ഈശോയും പറഞ്ഞു. സങ്കീർത്തനങ്ങളിലും മറ്റു പ്രാർത്ഥനകളിലുമൊക്കെ മറഞ്ഞിരിക്കുന്ന വലിയ സ്വർഗീയ രഹസ്യങ്ങൾ പോലും വിവേച്ചിച്ചറിയാൻ പാകത്തിന് അവളുടെ ബുദ്ധി പ്രകാശിക്കപ്പെട്ടെങ്കിലും, ശരിയായ സന്തോഷമില്ലാതെ വീണ്ടും ഉള്ളിൽ ശൂന്യത നിറയും പോലെ അവൾക്ക് തോന്നി.
ഒരിക്കൽ കൂടി പരാതിയുമായെത്തിയ അവളോട് ഇനിയും എന്ത് വരമാണ് നിനക്ക് പകരം വേണ്ടതെന്നു ചോദിച്ചപ്പോൾ, ഇപ്രാവശ്യം അവൾക്കറിയാമായിരുന്നു യഥാർത്ഥത്തിൽ തനിക്ക് എന്താണ് വേണ്ടതെന്ന്. “നാഥാ, എനിക്ക് നിന്റെ ഹൃദയം തരൂ” എന്ന് പറഞ്ഞ ലുട്ട്ഗാർഡിനോട് ഈശോ ചോദിച്ചു, “നിനക്ക് എന്റെ ഹൃദയം വേണമെന്നോ? എങ്കിൽ എനിക്ക് നിന്റെ ഹൃദയം വേണം!”.
ലുട്ട്ഗാർഡ് പറഞ്ഞു, “എടുത്തോളൂ പ്രിയനാഥാ. പക്ഷേ, ഇങ്ങനെ വേണം എടുക്കാൻ, നിന്റെ ഹൃത്തിലെ സ്നേഹം എന്റെ ഹൃദയവുമായി ഒന്നായി ചേരണം… അങ്ങനെ അങ്ങയുടെ പക്കൽ എന്റെ ഹൃദയം ഉണ്ടാവും, അങ്ങയുടെ സംരക്ഷണത്തിൽ എപ്പോഴും അത് ഭദ്രമായിരിക്കുകയും ചെയ്യും “.
ലുട്ട്ഗാർഡ് ഈശോയിൽ ഒരു പുതിയ ജീവിതം തുടങ്ങി. എല്ലാ കൃപകളുടെയും, സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ തന്റെ കുത്തിത്തുറക്കപ്പെട്ട തിരുഹൃദയം, ഈശോ അവളെ കാണിച്ചു. തന്നോട് ഒന്നിപ്പിച്ചു. അവളുടെ ഹൃദയത്തിന് പകരമായി തന്റേത് നൽകി. മറ്റൊരിക്കൽ, കുരിശിൽ കിടക്കുന്ന രൂപത്തിൽ ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ട നേരം, ആണിപ്പഴുതുള്ള ഒരു കൈ കുരിശിൽ നിന്ന് വലിച്ചെടുത്ത് അവളെ വാരിപ്പുണർന്ന് തന്നിലേക്കടുപ്പിച്ചു. പാർശ്വത്തിലെ രക്തമൊഴുകുന്ന മുറിവിലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി, ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് രക്തവും വെള്ളവും അവൾ സ്നേഹത്തോടെ പാനം ചെയ്തു.
ഈ ലോകത്തിലെ സ്നേഹത്തിനും പ്രസിദ്ധിക്കും, ജനങ്ങളുടെ ആരാധനക്കും, അഗാധമായ പാണ്ഡിത്യത്തിനും തൃപ്തിപ്പെടുത്താൻ കഴിയാതിരുന്ന അവളുടെ ഹൃദയം ഈശോയിൽ മാത്രമാണ് സംതൃപ്തി കണ്ടെത്തിയതെന്ന തിരിച്ചറിവ് വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു…
“ദൈവമേ നീയെന്നെ അങ്ങേക്കായി സൃഷ്ടിച്ചു. നിന്നിൽ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും…”
AD മൂന്നാം നൂറ്റാണ്ടു മുതല്‍തന്നെ തിരുഹൃദയഭക്തി തിരുസഭയുടെ പാരമ്പര്യത്തിൽ നിലനിന്നിരുന്നെങ്കിലും പതിനേഴാം നൂറ്റാണ്ട് മുതൽക്കാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്.
1673ൽ, ഈശോ, വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്കിന് പ്രത്യക്ഷപെടാൻ തുടങ്ങി. പരിശുദ്ധ കുർബ്ബാനയുടെ തിരുന്നാൾ ദിവസം തന്റെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു .”മനുഷ്യമക്കളോടുള്ള സ്നേഹത്താൽ തുടിക്കുന്ന എന്റെ ഹൃദയം കണ്ടാലും. ഞാൻ മനുഷ്യരെ എത്രയധികമായി സ്നേഹിക്കുന്നു. എന്നാൽ അവർ എന്നെ എത്ര തുച്ചമായി മാത്രം സ്നേഹിക്കുന്നു?”, തന്റെ ഹൃദയത്തിൽ നിന്ന് അവസാന തുള്ളി രക്തം വരെ മനുഷ്യർക്കായി ചിന്തിയിട്ടും മനുഷ്യർ അതിനെകുറിച്ച് ബോധവാന്മാരാവുകയോ അവിടത്തോട് നന്ദിയുള്ളവരോ ആകാത്തതിൽ കണ്ണീർ വാർത്ത് അവിടുന്നു പറഞ്ഞു.. കുരിശിൽ കിടക്കവേ കുന്തം കൊണ്ട് കുത്തിയ മുറിവോടെ കാണപ്പെട്ട ഈശോയുടെ ഹൃദയത്തെ ചുറ്റി മുൾമുടിയും അഗ്നിനാളവും ഉണ്ടായിരുന്നു. തിരുഹൃദയതിരുന്നാൾ ആചരിക്കാൻ ഈശോ അവളോട് പറഞ്ഞു. തിരുഹൃദയഭക്തിയുള്ളവർക്കായി 12 വാഗ്ദാനങ്ങൾ ഈശോ അവൾക്ക് പറഞ്ഞു കൊടുത്തു.
18 മാസത്തോളം ചില ഇടവേളകളുമായി പ്രത്യക്ഷപ്പെടലുകൾ നീണ്ടു നിന്നു. ഒലിവുമലയിലെ തന്റെ യാതനയോട് ചേർന്നുകൊണ്ട് എല്ലാ വ്യാഴാഴ്ചയിലും തിരുമണിക്കൂർ ആചരിക്കാനും എല്ലാ മാസാദ്യവെള്ളിയാഴ്ചയും പാപങ്ങൾക്ക് പ്രായശ്ചിത്തമായി ദിവ്യസ്കാരുണ്യസ്വീകരണം നടത്താനും ഈശോ അവളെ ക്ഷണിച്ചു.
1856-ല്‍ ഒന്‍പതാം പീയൂസ് പാപ്പയാണ് ആഗോള കത്തോലിക്കാസഭയിൽ തിരുഹൃദയ തിരുന്നാള്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തത്. അപ്പോൾ മൂതലാണ് തിരുഹൃദയതിരുന്നാള്‍ എല്ലാവര്‍ഷവും ആഘോഷിക്കാനും തുടങ്ങിയത്. 1899 ജൂണ്‍ 11-ന് ലെയോ പതിമൂന്നാമന്‍ പാപ്പാ മാനവകുലത്തെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. 1995-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തിരുഹൃദയതിരുനാള്‍ ദിനത്തെ ‘പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിന’മായി പ്രഖ്യാപിച്ചു.
“സമൂഹത്തിൽ, ഗ്രാമങ്ങളിൽ, അയല്പക്കങ്ങളിൽ, ഫാക്ടറികളിൽ, ഓഫീസുകളിൽ, ആളുകൾ ഒത്തുകൂടുന്ന മീറ്റിങ്ങുകളിൽ… എല്ലായിടത്തും, കല്ലുകൊണ്ടുള്ള ഹൃദയം… വരണ്ട ഹൃദയം… മാംസളഹൃദയമാകണം. തന്റെസഹോദരീസഹോദരന്മാരിലേക്ക് തുറന്നുകൊണ്ട്, ദൈവത്തിലേക്ക് തുറന്നുകൊണ്ട്. മനുഷ്യരുടെ നിലനിൽപ്പ് തന്നെ അതിനെ ആശ്രയിച്ചാണ്. നമ്മുടെ കഴിവിനും അപ്പുറത്താണത്. അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്, അവന്റെ സ്നേഹസമ്മാനം” ഫ്രാൻസിലെ പാരലിമോണിയായിൽ ഈശോ മാർഗ്ഗരറ് മേരി അലക്കോക്കിനു പ്രത്യക്ഷപ്പെട്ട, അവളുടെ ശരീരം അൾത്താരയിൽ കിടത്തിയിരിക്കുന്ന അതേ ദേവാലയത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ സന്ദർശനം നടത്തിയ വേളയിൽ പറഞ്ഞതാണിത്. എസെക്കിയേൽ 36, 26 ഉദ്ദേശിച്ചാണ് പാപ്പ അന്നത് പറഞ്ഞത്.
“ഈശോ നമ്മിൽ നിന്നാവശ്യപ്പെടുന്നത് എത്ര തുച്ഛമാണെന്ന് നോക്കുക. നമ്മുടെ ചെയ്തികളൊന്നും അവിടുത്തേക്ക് ആവശ്യമില്ല. നമ്മുടെ സ്നേഹം മാത്രം മതി…” വിശുദ്ധ കൊച്ചുത്രേസ്സ്യ.
ഈശോയുടെ തിരുഹൃദയതിരുന്നാൾ ഒരിക്കൽ കൂടി നമ്മൾ ആഘോഷിക്കുമ്പോൾ…
നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കാം. ശരിയായ സ്നേഹം, ആനന്ദം എവിടെയാണെന്ന്, ആരിലാണെന്ന് തിരിച്ചറിയാം.
എന്റെ അതിക്രമങ്ങൾക്കു വേണ്ടി മുറിവേൽപ്പിക്കപ്പെട്ട എന്റെ രക്ഷകാ, ഇതിലും കൂടുതലായി ആരെന്നെ സ്നേഹിക്കും? എന്റെ പാപങ്ങൾക്കായി പരിഹാരം ചെയ്തവനെ, എന്റെ പ്രാണപ്രിയനേ…
കർദ്ദിനാൾ തിമോത്തി M ഡോളൻ ഒരിക്കൽ ഈശോയുടെ പ്രിയശിഷ്യൻ യോഹന്നാനെപ്പറ്റി പറയുകയായിരുന്നു. പാത്മോസ് ദ്വീപിൽ ഈശോയുടെ പ്രിയശിഷ്യൻ യോഹന്നാൻ നാടുകടത്തപ്പെട്ട് അനേകവർഷങ്ങൾ ജീവിക്കേണ്ടി വന്നപ്പോൾ നൂറുകണക്കിനാളുകൾ അപ്പംമുറിക്കൽ ശുശ്രൂഷക്കായും യോഹന്നാന്റെ പ്രഭാഷണം കേൾക്കാനായും വരുമായിരുന്നത്രെ. അപ്പോഴൊക്കെയും യോഹന്നാൻ പറഞ്ഞിരുന്നത് ഒറ്റ കാര്യമാണ്. “കുഞ്ഞുമക്കളെ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു. അവനെ സ്നേഹിക്കുക, നിങ്ങൾ പരസ്പരം സ്നേഹിക്കുക”. ഒരു ദിവസം ജനക്കൂട്ടത്തിൽ നിന്നൊരാൾ വിളിച്ചു ചോദിച്ചു, “പിതാവേ, എല്ലാ ആഴ്ചയും എന്തുകൊണ്ടാണ് ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്?“ യോഹന്നാൻ പറഞ്ഞു , “ഗുരു പിന്നെയും പിന്നെയും അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു എന്നതിനാൽ…”
ജിൽസ ജോയ് ![]()


Leave a comment