ജാസന്റെ മരണം
1 ഇക്കാലത്ത് അന്തിയോക്കസ് രണ്ടാമതും ഈജിപ്തിനെ ആക്രമിച്ചു.2 ജറുസലെംനഗരത്തിനു മുകളില്‍ നാല്പതു ദിവസം ദര്‍ശനമുണ്ടായി, സുവര്ണകവചം ധരിച്ച അശ്വസേന കുന്തങ്ങളും ഊരിയ വാളുമേന്തി ആ കാശത്തിലൂടെ സംഘങ്ങളായി പായുന്നതു ദൃശ്യമായി.3 കുതിരപ്പട അണിനിരന്നു; ആക്രമണവും പ്രത്യാക്രമണവും എല്ലായിടത്തും; പരിചകള്‍ വീശി, കുന്തങ്ങളും ശൂലങ്ങളും ചുഴറ്റിയെറിഞ്ഞു; സ്വര്ണവിഭൂഷകള് തിളങ്ങി, പടച്ചട്ടകള്‍ മിന്നി.4 ആദൃശ്യം ശുഭശകുനമായിത്തീരാന്‍ എല്ലാവരും പ്രാര്‍ഥിച്ചു.5 അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു; ജാസന്‍ ആയിരത്തില്‍ കുറയാത്ത സൈന്യത്തെ ശേഖരിച്ച് നഗരത്തില്‍ മിന്നലാക്രമണം നടത്തി. അവര്‍ കോട്ടയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സേനയെ തോല്പിച്ചു നഗരം പിടിച്ചടക്കി. മെനെലാവൂസ് കോട്ടയില്‍ അഭയം തേടി.6 ജാസന്‍ സഹപൗരന്മാരെ ഇടവിടാതെ കൊന്നൊടുക്കി. സ്വജനങ്ങളെ വധിച്ചു നേടുന്ന വിജയം ഏറ്റവും വലിയ നിര്‍ഭാഗ്യമാണെന്ന് അവന് മനസ്സിലാക്കിയില്ല. ശത്രുക്കളുടെമേലാണ് സ്വജനത്തിന്റെ മേലല്ല വിജയക്കൊടിനാട്ടുന്നതെന്ന് അവന് സങ്കല്പിച്ചു.7 പക്ഷേ, ഭരണം കൈക്കലാക്കാന്‍ അവനു കഴിഞ്ഞില്ല; ഉപജാപംകൊണ്ട് അപമാനം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അവന് അമ്മോന്യരുടെ ദേശത്തേക്കു വീണ്ടും പലായനം ചെയ്യേണ്ടിവന്നു.8 അവന്റെ അവസാനം അതിദയനീയമായിരുന്നു. അറേത്താസ് എന്ന അറബിരാജാവിന്റെ മുന്പില് അവനെതിരേ കുറ്റം ആരോപിക്കപ്പെട്ടു. ജനങ്ങളാല്‍ അനുധാവനം ചെയ്യപ്പെട്ട് അവന് നഗരത്തില്‍നിന്നു നഗരത്തിലേക്കു പലായനം ചെയ്തു. നിയമലംഘക നായ അവനെ സര്‍വരും വെറുത്തു. സ്വരാജ്യത്തിന്റെയും സ്വസഹോദരരുടെയും ഘാതകനായ അവന്റെ നേരേ എല്ലാവര്ക്കും അറപ്പു തോന്നി. ഒടുവില്‍, അവന് ഈജിപ്തിലേക്കു നിഷ്കാസിതനായി.9 സ്പാര്‍ത്താക്കാരുമായുള്ള ചാര്‍ച്ചനിമിത്തം അവിടെ അഭയം ലഭിക്കുമെന്നു പ്രത്യാശിച്ച്, അങ്ങോട്ട് അവന് കപ്പല്‍ കയറി. വളരെപ്പേരെ നാടുകടത്തിയ അവന് പ്രവാസിയായിത്തന്നെ മരിച്ചു.10 പല മൃതര്‍ക്കും സംസ്കാരം നിഷേധിച്ച അവന് വിലപിക്കാനാരുമില്ലാതെ മരിച്ചു; സംസ്കാരമോ പിതാക്കന്മാരുടെ ശവകുടീരത്തില്‍ ഇടമോ അവനു ലഭിച്ചില്ല.
ദേവാലയം കൊള്ളയടിക്കപ്പെടുന്നു
11 സംഭവങ്ങള്‍ കേട്ട രാജാവ്,യൂദയാ കലാപത്തിലാണെന്നു ധരിച്ച് ജ്വലിക്കുന്ന കോപത്തോടെ ഈജിപ്തില്‍നിന്നു വന്നു മിന്നലാക്രമണം നടത്തി നഗരം പിടിച്ചടക്കി.12 വഴിയില്‍ കാണുന്നവരെയും വീടുകളില്‍ അഭയം തേടുന്നവരെയും നിര്‍ദയം വധിക്കാന്‍ അവന് ഭടന്മാര്ക്കു കല്പന നല്കി.13 അങ്ങനെയുവാക്കളും വൃദ്ധരും വധിക്കപ്പെട്ടു. ബാല കരും സ്ത്രീകളും കുട്ടികളും വാളിനിരയായി. കന്യകകളും ശിശുക്കളും കൊല്ലപ്പെട്ടു.14 മൂന്നു ദിവസംകൊണ്ട് എണ്‍പതിനായിരംപേരെ അവന് നാമാവശേഷരാക്കി. നേര്‍ക്കുനേരേയുള്ള പോരാട്ടത്തില്‍ നാല്പതിനായിരത്തെ കൊലപ്പെടുത്തി; അത്രയും പേരെ അടിമകളായി വിറ്റു.15 ഇതുകൊണ്ടും തൃപ്തിവരാത്ത അന്തിയോക്കസ് നിയമലംഘകനും രാജ്യദ്രോഹിയുമായ മെനെലാവൂസിന്റെ സഹായത്തോടെ ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ദേവാലയത്തില്‍ പ്രവേശിക്കാന്‍ ധൈര്യപ്പെട്ടു.16 അവന് തന്റെ മലിനകരംകൊണ്ട് വിശുദ്ധപാത്രങ്ങളെടുത്തു; വിശുദ്ധസ്ഥലത്തിന്റെ മഹിമയും പൂജ്യതയും വര്‍ധിപ്പിക്കാന്‍ രാജാക്കന്മാര് അര്‍പ്പിച്ചിരുന്ന സ്വാഭീഷ്ടക്കാഴ്ചകള്‍ പങ്കില കരങ്ങളാല്‍ അവന് തൂത്തുവാരി.17 നഗരവാസികളുടെ പാപം നിമിത്തം കര്‍ത്താവ് അല്പനേരത്തേക്കു കുപിതനായി സ്ഥലത്തെ അവഗണിച്ചതാണെന്ന് അഹങ്കാരത്തള്ള ലാല്‍ അന്തിയോക്കസിനു ഗ്രഹിക്കാനായില്ല.18 അവര്‍ അനവധി പാപങ്ങളില്‍ മുഴുകിയിരുന്നില്ലെങ്കില്‍ അന്തിയോക്കസ് വന്നയുടനെ കര്‍ത്താവ് അവനെ പ്രഹരിച്ച് അവിവേകത്തില്‍നിന്നു പിന്തിരിപ്പിക്കുമായിരുന്നു. അങ്ങനെയാണല്ലോ ഭണ്ഡാരപരിശോധനയ്ക്കു സെല്യൂക്കസ് നിയോഗിച്ച ഹെലിയോദോറസിനു സംഭവിച്ചത്.19 കര്‍ത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലം തിരഞ്ഞെടുക്കുകയാണു ചെയ്തത്.20 അതിനാല്‍, ജനത്തിന്റെ കഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവും പങ്കുചേര്‍ന്നു. സര്വശക്തന് ക്രോധത്താല്‍ പുറംതള്ളിയതിനെ പരമോന്നതനായ അവിടുന്ന് ജനത്തോട് അനുരഞ്ജനപ്പെട്ടപ്പോള്‍ അതിന്റെ സര്‍വ മഹത്വത്തിലും പുനഃസ്ഥാപിച്ചു.21 അഹങ്കാരോന്മത്തനായ അന്തിയോക്കസ് കരയില്‍ നീന്താനും കടലില്‍ ഓടാനും കഴിയുമെന്നു കരുതി. ദേവാലയത്തില്‍നിന്നു ആയിരത്തിയെണ്ണൂറു താലന്ത് കൈക്കലാക്കി.22 അന്ത്യോക്യായിലേക്കു തിടുക്കത്തില്‍ പോയി. ജനങ്ങളെ പീഡിപ്പിക്കാന്‍ അവന് ദേശാധിപതികളെ നിയോഗിച്ചു. ഫ്രീജിയാക്കാരനും സ്വഭാവത്തില്‍ തന്നെക്കാള്‍ കിരാതനുമായ ഫിലിപ്പിനെ ജറുസലെമിലും23 അന്ത്രോനിക്കൂസിനെ ഗരിസിമിലും നിയോഗിച്ചു. അവര്‍ക്കു പുറമേ, മെനെലാവൂസിനെയും നിയമിച്ചു. അവന് മറ്റാരെയുംകാള്‍ കൂടുതലായി സഹപൗരന്മാരുടെമേല് സ്വേച്ഛാധികാരം പ്രയോഗിച്ചു. യഹൂദപൗരന്മാരുടെ നേരേയുള്ള ദുഷ്ടതനിമിത്തം24 അന്തിയോക്കസ് പ്രായപൂര്‍ത്തിയായ പുരുഷന്മാരെ കൊല്ലാനും, സ്ത്രീകളെയും ബാലകരെയും അടിമകളായി വില്‍ക്കാനും ആജ്ഞാപിച്ച് മിസിയരുടെ നായകനായ അപ്പൊളോണിയൂസിനെ ഇരുപത്തീരായിരം സൈനികരുമായി അയച്ചു.25 ഇവന് ജറുസലെമിലെത്തി വിശുദ്ധ സാബത്തുദിവസംവരെ സഖ്യം നടിച്ചു കാത്തിരുന്നു. അന്ന് യഹൂദര്‍ ജോലിയില്‍നിന്നു വിരമിച്ചിരിക്കുന്നതു കണ്ട്, അവന് സൈനികരോട് ആയുധധാരികളായി അണിനിരന്നു നീങ്ങാന്‍ ആജ്ഞാപിച്ചു.26 അവരെ കാണാന്‍ പുറത്തിറങ്ങിയവരെ വാളിനിരയാക്കിയതിനുശേഷം സായുധഭടന്മാരോടുകൂടെ അവന് നഗരത്തിലേക്കു തള്ളിക്കയറി, വളരെപ്പേരെ വധിച്ചു.27 എന്നാല്‍, യൂദാസ് മക്കബേയൂസ് ഒന്‍പതോളം സുഹൃത്തുക്കളുമായി കാട്ടില്‍ അഭയം തേടി. മലിന രാകാതിരിക്കാന്വേണ്ടി കാട്ടുസസ്യങ്ങള്‍ ഭക്ഷിച്ച് അവര്‍ വന്യമൃഗങ്ങളെപ്പോലെ മലകളില്‍ ജീവിച്ചു.


Leave a comment