Job, Chapter 1 | ജോബ്, അദ്ധ്യായം 1 | Malayalam Bible | POC Translation

സാത്താന്‍ ജോബിനെ പരീക്ഷിക്കുന്നു

1 ഉസ്‌ദേശത്ത് ജോബ് എന്നൊരാള്‍ ഉണ്ടായിരുന്നു. തിന്‍മയില്‍നിന്ന് അകന്ന്, ദൈവ ഭക്തനായി ജീവിച്ച അവന്‍ നിഷ്‌കളങ്കനും നീതിനിഷ്ഠനും ആയിരുന്നു.
2 അവന് ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു.
3 പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന് ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു ജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്‍മാരും ഉണ്ടായിരുന്നു.
4 അവന്റെ പുത്രന്‍മാര്‍ തവണവച്ചു നിശ്ചിതദിവസങ്ങളില്‍ തങ്ങളുടെ വീടുകളില്‍ വിരുന്നുസത്കാരങ്ങള്‍ നടത്തുകയും തങ്ങളുടെ മൂന്നു സഹോദരിമാരെയും അതിന് ക്ഷണിച്ചുവരുത്തുകയും ചെയ്യുക പതിവായിരുന്നു.
5 സത്കാരദിനങ്ങള്‍ കഴിയുമ്പോള്‍ പുത്രന്‍മാര്‍ പാപം ചെയ്ത് ദൈവത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ടാവാം എന്നു വിചാരിച്ച് ജോബ് അവരെ വിളിച്ചുവരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് ഓരോ പുത്രനുംവേണ്ടി ദഹനബലി അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
6 ഒരുദിവസം ദൈവപുത്രന്‍ മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു; സാത്താനും അവരോടുകൂടെ വന്നു.
7 കര്‍ത്താവ് സാത്താനോട്, നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ ഭൂമിയിലാകെ ചുററിസഞ്ചരിച്ചിട്ടു വരുകയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു.
8 കര്‍ത്താവ് വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്‍മയില്‍നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?
9 സാത്താന്‍ ചോദിച്ചു: ജോബ് ദൈവത്തെ ഭയപ്പെടുന്നത് വെറുതെയാണോ?
10 അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു.
11 അവന്റെ സമ്പത്തിന്‍മേല്‍ കൈവച്ചാല്‍ അവന്‍ അങ്ങയെ ദുഷിക്കുന്നതു കാണാം.
12 കര്‍ത്താവ് സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിന്‍മേലും ഞാന്‍ നിനക്ക് അധികാരം നല്‍കുന്നു. എന്നാല്‍ അവനെ മാത്രം ഉപദ്രവിക്കരുത്. അതുകേട്ടു സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു പോയി.
13 ഒരുദിവസം ജോബിന്റെ മക്കള്‍ തങ്ങളുടെ മൂത്ത സഹോദരന്റെ വീട്ടില്‍ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു.
14 അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെമേഞ്ഞുകൊണ്ടിരുന്നു.
15 പെട്ടെന്നു ഷേബാക്കാര്‍ വന്ന് വേലക്കാരെ വാളിനിരയാക്കി, അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ മാത്രമേ അങ്ങയോടു വിവരം പറയാന്‍ രക്ഷപെട്ടുള്ളു.
16 അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പു മറ്റൊരുവന്‍ വന്നു പറഞ്ഞു: ദൈവത്തിന്റെ അഗ്‌നി ആകാശത്തില്‍നിന്നിറങ്ങി ആടുകളെയും ദാസന്‍മാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോടു പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.
17 അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പ്, മറ്റൊരുവന്‍ വന്ന് അറിയിച്ചു: കല്‍ദായര്‍ മൂന്നുകൂട്ടമായി വന്ന് വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.
18 അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മറ്റൊരുവന്‍ കടന്നുവന്നു പറഞ്ഞു: നിന്റെ പുത്രന്‍മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടില്‍ സത്കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
19 പെട്ടെന്ന് മരുഭൂമിയില്‍നിന്നു വീശിയ കൊടുങ്കാറ്റ് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു. അതു തകര്‍ന്നുവീണ് അവര്‍ മരിച്ചുപോയി. ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.
20 ജോബ് എഴുന്നേറ്റ് അങ്കി വലിച്ചുകീറി; ശിരസ്‌സു മുണ്‍ഡനം ചെയ്തു;
21 സാഷ്ടാംഗം വീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍നിന്ന് നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നു; കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
22 ഇതുകൊണ്ടൊന്നും ജോബ് പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോചെയ്തില്ല.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment