Job, Chapter 27 | ജോബ്, അദ്ധ്യായം 27 | Malayalam Bible | POC Translation

1 ജോബ് തുടര്‍ന്നു:
2 എന്റെ അവകാശം എടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനം വരുത്തിയസര്‍വശക്തനാണേ,
3 എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം,
4 എന്റെ അധരം വ്യാജം പറയുകയില്ല; എന്റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല.
5 നിങ്ങള്‍ പറയുന്നതു ശരിയാണെന്നു ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കതകൈവെടിയുകയില്ല.
6 നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരുദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല.
7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയുംആയിരിക്കട്ടെ.
8 ദൈവം അധര്‍മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവന്‍ എടുത്തുകളയുമ്പോള്‍,അവന്റെ പ്രത്യാശ എന്തായിരിക്കും?
9 കഷ്ടത അവന്റെ മേല്‍ വന്നുകൂടുമ്പോള്‍ ദൈവം അവന്റെ നിലവിളി ശ്രവിക്കുമോ?
10 അവന്‍ സര്‍വശക്തനില്‍ ആനന്ദം കണ്ടെണ്ടത്തുമോ? അവന്‍ എല്ലായ്‌പ്പോഴും ദൈവത്തെവിളിച്ചപേക്ഷിക്കുമോ?
11 ദൈവത്തിന്റെ കരത്തെക്കുറിച്ചു ഞാന്‍ നിന്നെ പഠിപ്പിക്കും. സര്‍വശക്തന്റെ ഉദ്‌ദേശ്യം ഞാന്‍ മറച്ചു വയ്ക്കുകയില്ല.
12 നിങ്ങളെല്ലാവരും അതു കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടും, നിങ്ങള്‍ വ്യര്‍ഥഭാഷണത്തില്‍ഏര്‍പ്പെടുന്നത് എന്തുകൊണ്ട്?
13 ദുഷ്ടനു ദൈവത്തില്‍നിന്നു ലഭിക്കുന്ന ഓഹരിയും മര്‍ദകര്‍ക്കു സര്‍വശക്തനില്‍നിന്നുലഭിക്കുന്ന അവകാശവും ഇതത്രേ.
14 അവന്റെ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍ അവര്‍ വാളിന് ഇരയാകാന്‍ വേണ്ടിയാണ്. അവന്റെ സന്തതികള്‍ക്ക് വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
15 അവനെ അതിജീവിക്കുന്നവരെ മഹാമാരി പിടികൂടും. അവരുടെ വിധവകള്‍ വിലപിക്കുകയുമില്ല.
16 അവന്‍ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും കളിമണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 അവന് കുന്നുകൂട്ടാമെന്നേയുള്ളു. നീതിമാന്‍മാര്‍ അതു ധരിക്കും; നിഷ്‌കളങ്കര്‍ വെള്ളി പങ്കിടും.
18 അവന്റെ ഭവനം ചിലന്തിവലപോലെയും കാവല്‍ക്കാരന്റെ മാടംപോലെയും ആണ്.
19 ഇപ്പോള്‍ അവന്‍ സമ്പന്നനായി ഉറങ്ങാന്‍ പോകുന്നു; എന്നാല്‍ ഇനിയൊരിക്കലും അവന്അങ്ങനെ കഴിയുകയില്ല. ഉണരുമ്പോഴേക്കും അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും.
20 വെള്ളപ്പൊക്കംപോലെ ഭീതി അവനെ കീഴ്‌പ്പെടുത്തും. രാത്രിയില്‍ ചുഴലിക്കാറ്റ് അവനെവഹിച്ചുകൊണ്ടുപോകുന്നു.
21 കിഴക്കന്‍കാറ്റ് അവനെ പൊക്കിയെടുത്തു; അവന്‍ പൊയ്‌പ്പോയി. സ്വസ്ഥാനത്തുനിന്ന് അവനെ അതു നീക്കിക്കളയുന്നു.
22 അത് നിര്‍ദയം അവന്റെ മേല്‍ ചുഴറ്റി അടിക്കുന്നു; അതിന്റെ ശക്തിയില്‍നിന്ന് അവന്‍ പ്രാണഭയത്തോടെ ഓടുന്നു.
23 അത് അവന്റെ നേരേ കൈകൊട്ടുകയും അവന്റെ നേരേ സീല്‍ക്കാരംപുറപ്പെടുവിക്കുകയും ചെയ്യുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment