Job, Chapter 29 | ജോബ്, അദ്ധ്യായം 29 | Malayalam Bible | POC Translation

ജോബ് ഉപസംഹരിക്കുന്നു.

1 ജോബ് തുടര്‍ന്നു:
2 ദൈവം എന്നെ പരിപാലിച്ചിരുന്നപഴയകാലങ്ങളിലെപ്പോലെ ഞാന്‍ ആയിരുന്നെങ്കില്‍!
3 അക്കാലത്ത് അവിടുന്ന് തന്റെ ദീപം എന്റെ ശിരസ്‌സിനു മുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ പ്രകാശത്താല്‍അന്ധകാരത്തിലൂടെ നടക്കുകയും ചെയ്തു.
4 ഞാന്‍ എന്റെ ശരത്കാലദിനങ്ങളിലെപ്പോലെ ആയിരുന്നെങ്കില്‍! അന്ന് ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിന്‍മേല്‍ ഉണ്ടായിരുന്നു.
5 സര്‍വശക്തന്‍ എന്നോടൂകൂടെ ഉണ്ടായിരുന്നു. എന്റെ സന്താനങ്ങള്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു.
6 എന്റെ പാദങ്ങള്‍ പാലുകൊണ്ടു കഴുകി. പാറ എനിക്കുവേണ്ടി എണ്ണ പകര്‍ന്നുതന്നു.
7 ഞാന്‍ നഗരകവാടത്തിനു പുറത്തുവന്നു. പൊതുസ്ഥലത്തു ഞാന്‍ എന്റെ ഇരിപ്പിടം ഒരുക്കി.
8 യുവാക്കള്‍ എന്നെക്കണ്ടു പിന്‍വാങ്ങി,വൃദ്ധര്‍ എഴുന്നേറ്റുനിന്നു.
9 പ്രഭുക്കള്‍ വാപൊത്തി മൗനം ഭജിച്ചു.
10 ശ്രേഷ്ഠര്‍ ശബ്ദമടക്കുകയും അവരുടെ നാവ് അണ്ണാക്കിനോട് ഒട്ടിച്ചേരുകയും ചെയ്തു.
11 എന്നെക്കുറിച്ചു കേട്ടവര്‍ എന്നെ പുകഴ്ത്തി, എന്നെക്കണ്ടവര്‍ അതു സ്ഥിരീകരിച്ചു.
12 എന്തെന്നാല്‍, നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു.
13 നശിക്കാറായിരുന്നവര്‍ എന്നെ അനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്ദഗീതംആലപിക്കാന്‍ ഞാന്‍ ഇടയാക്കി.
14 ഞാന്‍ നീതിയണിഞ്ഞു.അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു.
15 ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു.
16 ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്റെ വ്യവഹാരം ഞാന്‍ നടത്തി.
17 ഞാന്‍ ദുഷ്ടന്റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയും ചെയ്തു.
18 അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്റെ വസതിയില്‍വച്ച് മരിക്കുകയും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍വര്‍ധിപ്പിക്കുകയും ചെയ്യും.
19 എന്റെ വേരുകള്‍ നീരുറവകളില്‍ എത്തിയിരിക്കുന്നു. രാത്രിമുഴുവന്‍ എന്റെ ശാഖകളില്‍മഞ്ഞുതുള്ളികള്‍ പൊഴിയുന്നു.
20 എന്റെ മഹത്ത്വം എന്നും പുതുമ നശിക്കാത്തതും എന്റെ വില്ല് എന്റെ കൈയില്‍ എന്നും പുതിയതുമാണ്.
21 എന്റെ വാക്കുകേള്‍ക്കാന്‍ ആളുകള്‍ആകാംക്ഷയോടെ കാത്തിരുന്നു; എന്റെ ഉപദേശത്തിനുവേണ്ടിനിശ്ശബ്ദരായി നിന്നു.
22 ഞാന്‍ സംസാരിച്ചുകഴിഞ്ഞാല്‍ അവര്‍ക്കു കൂടുതല്‍ ഒന്നും പറയാനുണ്ടാവുകയില്ല. എന്റെ മൊഴികള്‍ അവരുടെമേല്‍ ഇറ്റിറ്റു വീണു.
23 മഴയ്‌ക്കെന്നപോലെ അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു. വസന്തവൃഷ്ടിക്കുവേണ്ടി എന്നപോലെ അവര്‍ വായ് തുറന്നിരുന്നു.
24 ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്റെ മുഖപ്രസാദം അവര്‍ അവഗണിച്ചില്ല.
25 ഞാന്‍ അവര്‍ക്കു വഴികാട്ടിയും നേതാവുമായി. സൈന്യമധ്യത്തില്‍ രാജാവിനെപ്പോലെയും, വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ അവരുടെ ഇടയില്‍ വസിച്ചു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment