Job, Chapter 42 | ജോബ്, അദ്ധ്യായം 42 | Malayalam Bible | POC Translation

ജോബിന്റെ നീതീകരണം

1 ജോബ് കര്‍ത്താവിനോടു പറഞ്ഞു:
2 അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്‌ദേശ്യവുംതടയാനാവുകയില്ലെന്നുംഞാനറിയുന്നു.
3 അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്കു മനസ്‌സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി.
4 കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും, നീ ഉത്തരം പറയണം എന്ന് അങ്ങ് പറഞ്ഞു.
5 അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.
6 അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
7 കര്‍ത്താവ് ജോബിനോട് ഇങ്ങനെ സംസാരിച്ചതിനുശേഷം തേമാന്യനായ എലിഫാസിനോട് അരുളിച്ചെയ്തു: എന്റെ ക്രോധം നിനക്കും നിന്റെ രണ്ടു സ്‌നേഹിതന്‍മാര്‍ക്കും എതിരേ ജ്വലിക്കുന്നു. എന്തെന്നാല്‍, നിങ്ങള്‍ എന്നെപ്പറ്റി എന്റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്.
8 അതിനാല്‍, ഇപ്പോള്‍ത്തന്നെ ഏഴുകാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ട് ജോബിന്റെ അടുക്കല്‍ച്ചെന്ന് നിങ്ങള്‍ക്കുവേണ്ടി ദഹനബലി അര്‍പ്പിക്കുവിന്‍; എന്റെ ദാസനായ ജോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ അവന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല. നിങ്ങള്‍ എന്റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല.
9 തേമാന്യനായ എലിഫാസും ഷൂഹ്യനായ ബില്‍ദാദും, നാമാത്യനായ സോഫാറും കര്‍ത്താവ് പറഞ്ഞപ്രകാരം ചെയ്തു. കര്‍ത്താവ് ജോബിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു.
10 ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായിക്കൊടുത്തു.
11 അവന്റെ സഹോദരന്‍മാരും സഹോദരിമാരും മുന്‍പരിചയക്കാരും അവന്റെ വീട്ടില്‍ വന്ന് അവനോടൊത്ത് ഭക്ഷണം കഴിച്ചു. കര്‍ത്താവ് അവന്റെ മേല്‍ വരുത്തിയ എല്ലാ അനര്‍ഥങ്ങളെയും കുറിച്ച് അവര്‍ സഹതപിക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ ഓരോരുത്തരും പണവും ഓരോ സ്വര്‍ണമോതിരവും അവനു സമ്മാനിച്ചു.
12 കര്‍ത്താവ് അവന്റെ ശേഷിച്ച ജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന് പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി.
13 അവന് ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായി.
14 മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്.
15 ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്‍മാര്‍ക്കൊപ്പം അവകാശം കൊടുത്തു.
16 അതിനുശേഷം ജോബ് നൂറ്റിനാല്‍പതുവര്‍ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണുകയും ചെയ്തു.
17 അങ്ങനെ ജോബ് പൂര്‍ണായുസ്‌സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment